തിരുക്കുടുംബം

"ഹെറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽവച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് അനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്ക് പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു." (മത്തായി 2:19-23)

വിചിന്തനം 
അനാദികാലം മുതൽ മനുഷ്യൻ ഹൃദയത്തിൽ ശ്രവിച്ച ദൈവസ്വരം, മനുഷ്യന്റെ കാതുകൾക്ക് ശ്രവ്യമായപ്പോൾ, അവന്റെ യുക്തിക്ക് ഗ്രാഹ്യമായപ്പോൾ, അതു കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് ജോസഫിനും മറിയത്തിനുമാണ്. മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കുന്നതിനായി ഭൂമിയിൽ ജന്മമെടുത്ത വചനം ആദ്യം ചെയ്തത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനവും മാനുഷികവ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനം വഹിക്കുന്നതുമായ കുടുംബജീവിതത്തിൽ ഭാഗഭാക്കാകുക എന്നതാണ്. യൌസേപ്പിതാവിൽ നിന്ന് ഉപജീവനമാർഗ്ഗവും ഹൃദയകാപട്യമില്ലാത്ത ഒരു സാധാരണകാരനായ യഹൂദന്റെ ജീവിതശൈലിയും ഈശോ പഠിച്ചു. ഗാർഹീകജോലികളിൽ അമ്മയെ സഹായിക്കുക വഴി പുളിമാവിനെക്കുറിച്ചും എന്തുകൊണ്ടാണ് പഴയ തുണിയിൽ പുതിയ തുണി തുന്നി പിടിപ്പിക്കില്ലാത്തതെന്നും എല്ലാം ഈശോ മനസ്സിലാക്കിയെടുത്തു. വിയർത്തും വിശന്നും വേദനിച്ചും ജീവിച്ച ഈശോയുടെ നസ്രത്തിലെ ജീവിതം കുടുംബജീവിതത്തിനു ദൈവം എത്രയധികം പ്രാധാന്യം കല്പ്പിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. 

രക്ഷകനെ ഉദരത്തിൽ വഹിക്കുന്ന മറിയത്തെ ഭാര്യയായി സ്വീകരിച്ച സമയംമുതൽ യൌസേപ്പിതാവായിരുന്നു തിരുക്കുടുംബത്തിന്റെ നാഥൻ. ആ കുടുംബത്തെ സംബന്ധിച്ചുള്ള ദൈവഹിതം പിന്നീട് വിവിധ ദർശനങ്ങളിലൂടെ ദൈവം നൽകിയത് ജോസഫിനാണ്. ശിശുവിന് യേശുവെന്നു പേരിടണമെന്നും, ഹേറോദേസിൽനിന്ന് രക്ഷപെടുന്നതിനായി ഈജിപ്തിലേക്ക് പാലായനം ചെയ്യണമെന്നും, എപ്പോൾ ഇസ്രായേൽദേശത്തേക്ക് തിരികെ വരണമെന്നും, ഇസ്രായേലിൽ എവിടെ താമസിക്കണമെന്നും എല്ലാം ദൈവം അറിയിക്കുന്നത് കുടുംബ നാഥനായ ജോസഫിനെയാണ്. അമ്മയായ മറിയമാകട്ടെ, ദൈവമാതാവായതുമൂലം എന്തെങ്കിലും പ്രത്യേക പരിഗണന വേണമെന്നു ശഠിക്കാതെ, തന്റെ കുടുംബത്തിന്റെ കാര്യങ്ങളിൽ വ്യാപൃതയായി ജീവിച്ചു. നിസ്സാരവും അപ്രധാനവുമെന്നു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുള്ള വീട്ടമ്മയെന്ന സ്ഥാനത്തെ മറിയം തന്റെ സ്നേഹവും എളിമയും സേവന തല്പരതയുംകൊണ്ട് വിശുദ്ധീകരിച്ചു. ദൈവഹിതത്തിനു കീഴ് വഴങ്ങിയതുമൂലം യേശുവിന്റെ നസ്രത്തിലെ കുടുംബത്തിൽ സന്തോഷവും സമാധാനവും വിശുദ്ധിയും മാനുഷിക പുണ്യങ്ങളും നിറയാടിയിരുന്നു. 

മനുഷ്യനായിപ്പിറന്ന ദൈവം വ്യക്തിമൂല്യങ്ങളുടെ വിലയും അർത്ഥവും മനസ്സിലാക്കാൻ തന്റെ മാതാപിതാക്കളെ എത്രയധികം ആശ്രയിച്ചിരുന്നു എന്ന ബോധ്യത്തോടെ വേണം  ഇന്നത്തെ നമ്മുടെ സമൂഹത്തിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് ചിന്തിക്കാൻ. ഈ അവസരത്തിലാണ്  ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ആവർത്തിച്ച  പോൾ ആറാമൻ മാർപാപ്പയുടെ ചോദ്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്: "നിങ്ങൾ നിങ്ങളുടെ കുട്ടികളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കാറുണ്ടോ? അവരുടെ ബാല്യത്തിൽ, വൈദീകരോടൊപ്പം, കുന്പസാരം കുർബ്ബാനസ്വീകരണം സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളുടെ സ്വീകരണത്തിന് നിങ്ങൾ അവരെ ഒരുക്കാറുണ്ടോ? അവർക്ക് സുഖമില്ലാത്ത സമയങ്ങളിൽ യേശു നമുക്കായി അനുഭവിച്ച പീഡകളെപ്പറ്റിയും, പരിശുദ്ധ അമ്മയോടും മറ്റു വിശുദ്ധരോടും പ്രാർത്ഥനാസഹായം ചോദിക്കുന്നതിനെപ്പറ്റിയും നിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കാറുണ്ടോ? കുടുംബം ഒന്നാകെ ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ടോ? പ്രാർത്ഥനയുടെ പിൻബലത്തോടെ, വിചാരത്തിലും പ്രവർത്തിയിലും നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതയാണ് ശരിയായ ജീവിതത്തെക്കുറിച്ചും തനിമയുള്ള ആരാധനാ രീതിയെക്കുറിച്ചും നിങ്ങളുടെ മക്കളുടെ മുന്പിൽ മാതൃകയായി മാറുന്നത്. അതിനു സാധിക്കുന്പോഴാണ് നിങ്ങൾ നിങ്ങളുടെ ഭവനത്തിൽ സമാധാനം സ്ഥാപിക്കുന്നത്". സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബങ്ങളാണ് സമാധാനവും സന്തോഷവും നിറഞ്ഞ സമൂഹങ്ങളായി മാറുന്നത്.

ഓരോ ഭവനത്തിന്റെയും നാഥനും നാഥയും ആ കുടുംബത്തെ അവരുടെ ജീവിതംകൊണ്ടു വിശുദ്ധീകരിക്കണം എന്ന തീരുമാനമെടുക്കുന്പോഴാണ് ആ കുടുംബം തിരുക്കുടുംബത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങുന്നത്. ഒട്ടേറെ പുണ്യങ്ങളുടെ ഒരു സമാഹാരമാണ് തിരുക്കുടുംബം. അവിടെ സ്വാർത്ഥതയ്ക്കും മിഥ്യാഭിമാനത്തിനും സ്ഥാനമുണ്ടാകാൻ പാടില്ല. വ്യക്തിജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിക്കാതെ, പരസ്പരം ക്ഷമിക്കാനും സഹായിക്കാനും ബഹുമാനിക്കാനും കഴിയുന്ന മാതാപിതാക്കൾ ആ കുടുംബത്തിൽ വളരുന്ന കുട്ടികളിൽ ചെലുത്തുന്ന സകാരാത്മകമായ സ്വാധീനം വളരെ വലുതായിരിക്കും. ഓരോ ഭവനവും വിവേകം, വിശ്വസ്തത, ആത്മാർത്ഥത, എളിമ, വിശ്വാസം, പ്രത്യാശ, സ്നേഹം, സന്തോഷം, സമാധാനം എന്നിങ്ങനെയുള്ള പുണ്യങ്ങളാൽ നിറയുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

അവർണ്ണനീയമായ കൃപകളാൽ കുടുംബ ജീവിതത്തെ പവിത്രീകരിച്ച്,  യൌസേപ്പിതാവിനും കന്യാമറിയത്തിനും വിധേയനായി നസ്രത്തിലെ തിരുക്കുടുംബത്തിൽ ജീവിച്ച ഈശോയെ, അങ്ങയെ ഞങ്ങളുടെ കുടുംബത്തിന്റെയും കേന്ദ്രബിന്ദുവാക്കി, തിരുക്കുടുംബത്തിന്റെ മാതൃകയിൽ ഞങ്ങളുടെ കുടുംബജീവിതത്തെയും കെട്ടിപ്പടുക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്