ഒരു പുതിയ തുടക്കം

"ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്കി. അവർ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ച യിൽനിന്നോ അല്ല. ദൈവത്തിൽനിന്നത്രേ." (യോഹന്നാൻ 1:6-13)

വിചിന്തനം 
ജീവിതവ്യാപാരങ്ങളിൽ ഉന്നതി പ്രാപിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ചെയ്യുന്ന ഒന്നാണ് കണക്കെടുപ്പ്. ഒരു നിശ്ചിത കാലയളവ് അവസാനിക്കുന്പോൾ നമ്മുടെ പ്രവർത്തനത്തെ വിലയിരുത്തുന്നത് ആ കാലഘട്ടത്തിൽ നാമെന്തു നേടി എന്നു നമുക്ക് മനസ്സിലാക്കി തരുന്നു. ഒപ്പംതന്നെ, വരുംകാലങ്ങളിലുള്ള നമ്മുടെ പ്രവർത്തനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമോ എന്നു തീരുമാനിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഭൌതീകമേഖലയിൽ മാത്രമല്ല ആത്മീയമേഖലയിലും ഇത്തരത്തിലുള്ള കണക്കെടുപ്പുകൾ ആ മേഖലയിൽ വളരാൻ ആഗ്രഹിക്കുന്നവർ അത്യാവശ്യമായും ചെയ്യേണ്ട ഒന്നാണ്. ഒരു വർഷംകൂടി നമ്മെ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞുപോയ വർഷം നമ്മെ ദൈവത്തിലേക്ക് എത്രമാത്രം കൂടുതൽ അടുപ്പിച്ചുവെന്നും, നമ്മിലെ പാപപ്രകൃതിയെ കീഴടക്കുന്നതിൽ നാമെത്രമാത്രം വിജയിച്ചുവെന്നും ചിന്തിക്കുന്നത് നന്നായിരിക്കും. 

ജീവിതത്തിൽ നാം ഒട്ടേറെത്തവണ ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണ് സുവിശേഷകൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇന്നത്തെ വചനഭാഗത്തിലൂടെ നമുക്ക് വെളിപ്പെടുത്തി തരുന്നത്,"അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല". കഴിഞ്ഞുപോകുന്ന ഈ വർഷത്തിൽ വിവിധ വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയും ദൈവം ഒട്ടേറെത്തവണ സ്വയം നമുക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്. നമ്മുടെ പ്രത്യേക പരിഗണന ആവശ്യമുണ്ടായിരുന്ന കുടുംബാംഗങ്ങൾ; നമ്മിൽനിന്നും സഹായം പ്രതീക്ഷിച്ച ചില പരിചയക്കാർ; കരുണാർദ്രമായ ഒരു നോട്ടമോ, ആശ്വാസം പകരുന്ന ഒരു വാക്കോ, അനുകന്പ നിറഞ്ഞ ഒരു പുഞ്ചിരിയോ നമ്മിൽനിന്നു ആഗ്രഹിച്ച അപരിചിതർ - നമ്മുടെ തിരക്കുകൾ നമ്മെ വീർപ്പുമുട്ടിച്ചപ്പോൾ, എളിയവരിൽ ഒരുവനു നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ അത്യധികം ആഹ്ലാദിക്കുന്ന ദൈവത്തെ നിരവധി തവണ നമ്മൾ മറന്നു. നമ്മെ ദൈവമക്കളാക്കാൻ ഭൂമിയിലേക്ക് വന്ന ദൈവത്തെ കാണാൻ കഴിയാതെ പോയ, അവിടുത്തെ വചനങ്ങൾ ശ്രവിക്കാൻ കഴിയാതെ പോയ, നമ്മുടെ പ്രവർത്തികൾകൊണ്ട് അവിടുത്തെ അനുകരിക്കാൻ കഴിയാതെപോയ അവസരങ്ങളെപ്പറ്റി ഒരു കണക്കെടുപ്പ് ഈ അവസരത്തിൽ തികച്ചും യുക്തമായിരിക്കും.

ഒരു വർഷത്തിന്റെ അവസാനവും പുതിയൊരു വർഷത്തിന്റെ ആഗമനവും വലിയ ആഘോഷത്തിന്റെ അവസരങ്ങളാണ് നമ്മിലേറെപ്പേർക്കും. സന്തോഷിക്കേണ്ട ഈ സമയത്ത്, പോയ വർഷത്തിൽ നമുക്കുണ്ടായ വീഴ്ചകളെപ്പറ്റിയുള്ള ഒരു വിചിന്തനം യുക്തമായ ഒന്നായി പലർക്കും തോന്നണമെന്നും ഇല്ല. എന്നാൽ, വർഷാന്ത്യത്തിൽ നമ്മൾ ചെയ്യുന്ന ആത്മീയ അവലോകനം നമ്മെ വലിയ ഒരു ആഘോഷത്തിലേക്ക് കൊണ്ടെത്തിക്കും എന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയാതെപോയ അവസരങ്ങളെ പറ്റിയുള്ള കണക്കെടുപ്പ് ഒരിക്കലും നമ്മുടെ സന്തോഷം കെടുത്തുന്ന അവസരമായിരിക്കരുത്; നമ്മുടെ പരാജയങ്ങളിൽ നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവവുമായി ഒരു കൂടിക്കാഴ്ചക്ക് അവസരമൊരുക്കുന്ന സന്ദർഭങ്ങളായിരിക്കണം അവ. നമ്മുടെ തെറ്റുകൾ തിരിച്ചറിഞ്ഞ്, പശ്ചാത്താപത്തോടെ ഈശോയെ സമീപിക്കുന്ന അവസരങ്ങളിലെല്ലാം നമ്മൾ ക്രിസ്തുവിന്റെ വെളിച്ചത്തിൽ വ്യാപരിക്കുന്നു, അതുവഴി  ദൈവമക്കളാകാനുള്ള കൃപക്ക് അവകാശികളാകുന്നു.  

പാപാന്ധകാരത്തിൽ കഴിഞ്ഞിരുന്ന ലോകത്തെ പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വന്നതിന്റെ ഓർമ്മ ആചരിക്കുന്നതിനൊപ്പം തന്നെയാണ്, നമുക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നൽകികൊണ്ട് ഒരു പുതിയ വർഷവും വന്നെത്തുന്നത്. പുതിയ വർഷം എന്നത് കേവലം വാക്കുകളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാകരുത്; ദൈവം നമ്മിലേക്ക് ധാരാളമായി ചൊരിയുന്ന കൃപകളുപയോഗിച്ച് ദൈവമക്കളെന്ന നമ്മുടെ സ്ഥാനം തിരിച്ചു പിടിക്കാനുള്ള ഒരവസരമായി അതിനെ കാണാൻ നമുക്കാവണം. "അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ ഉണരുക, മരിച്ചവരിൽനിന്നു എഴുന്നേൽക്കുക, ക്രിസ്തു നിന്റെമേൽ പ്രകാശിക്കും. അതിനാൽ, നിങ്ങൾ അവിവേകളെപ്പോലെയാകാതെ വിവേകികളെ പോലെ ജീവിക്കാൻ ശ്രദ്ധിക്കുവിൻ...നിങ്ങളുടെ സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുവിൻ. ഭോഷരാകാതെ കർത്താവിന്റെ അഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിൻ" (എഫേസോസ് 5:14-17). ഈ പുതുവർഷാരംഭത്തിൽ വിചാരംകൊണ്ടും വാക്കുകൾകൊണ്ടും പ്രവർത്തികൊണ്ടും ഉപേക്ഷകൾകൊണ്ടും ദൈവഹിതമനുസരിച്ചു ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സ്നേഹപിതാവേ, കഴിഞ്ഞുപോകുന്ന ഈ വർഷത്തിൽ എല്ലാറ്റിലും ഉപരിയായി അങ്ങയെയും, എന്നെപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കാൻ പരാജയപ്പെട്ട അവസരങ്ങളെ ഓർത്ത് ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. പരാജയങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട്,  കർത്താവായ യേശുക്രിസ്തുവിലൂടെ അങ്ങയുടെ നാമം മഹത്വപ്പെടുത്താൻ ഒരു വർഷംകൂടി തന്നെന്നെ അനുഗ്രഹിക്കുന്നതിനെപ്രതി ഞാൻ അങ്ങയോടു നന്ദി പറയുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച്, ഈ പുതിയ വർഷത്തിൽ അങ്ങയുടെ വെളിച്ചം ലോകത്തിൽ പ്രകാശിപ്പിക്കുന്ന ഒരു ഉപകരണമാക്കി എന്നെ മാറ്റണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!