ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു

"യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയിൽകയറി അവിടെ ഇരുന്നു. തത്സമയം മുടന്തർ, വികലാംഗർ, അന്ധർ, ഊമർ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങൾ അവിടെ വന്ന്‌ അവരെ അവന്റെ കാൽക്കൽ കിടത്തി. അവൻ അവരെ സുഖപ്പെടുത്തി. ഊമർ സംസാരിക്കുന്നതും വികലാംഗർ സുഖം പ്രാപിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ച പ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവർ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നോടുകൂടെയാണ്; അവർക്കു ഭക്ഷിക്കാൻ യാതൊന്നുമില്ല. വഴിയിൽ അവർ തളർന്നുവീഴാൻ ഇടയുള്ളതിനാൽ ആഹാരം നല്കാതെ അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സുവരുന്നില്ല. (മത്തായി 15:29-32)

വിചിന്തനം 
ഈശോയുടെ ഭൂമിയിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ പ്രവർത്തികളും, പാപത്തിനടിപ്പെട്ടുപോയ തന്റെ സൃഷ്ടിയോട്‌ ദൈവം  കാണിക്കുന്ന കരുണയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചത് ചതഞ്ഞ ഞാങ്ങണ മുറിക്കാനോ, മങ്ങിയ തിരി കെടുത്താനോ അല്ല (cf. ഏശയ്യാ 42:3); മറിച്ച്, നമ്മുടെ ബലഹീനതകളും രോഗങ്ങളും ഏറ്റെടുക്കുവാനും, യാതന അനുഭവിക്കുന്നവരുടെ വേദനകളിൽ പങ്കുചേർന്ന് അവരുടെ ക്ലേശങ്ങൾ ലഘൂകരിക്കുന്നതിനുമാണ്. ദൈവത്തിന്റെ കരുണ എന്നത് അതിരുകളില്ലാത്തതും അഗ്രാഹ്യവുമായതാണെങ്കിൽ, ഈശോ അതിന്റെ സംക്ഷിപ്തരൂപമാണ്. മിശിഹായുടെ വരവിനായി ഒരുങ്ങുന്ന വിശ്വാസികൾക്ക് അവിടുത്തെ കരുണയുടെ ആഴം വെളിപ്പെടുത്തി തരുന്നതാണ് ഇന്നത്തെ വചനഭാഗം. നീതിമാന്മാരുടെ ഇടയിലല്ല ഈശോ തന്റെ പരസ്യജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത്, പാപികൾക്കൊപ്പമാണ്; അർഹതപ്പെട്ട മനുഷ്യരുടെ ഇടയിൽ അല്ലായിരുന്നു അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത്, തനിക്കു അനുകന്പ തോന്നിയവരുടെ ഇടയിലാണ്. മനുഷ്യന്റെ യാതനയിലും വേദനയിലും ഉരുകിയ ദൈവത്തിന്റെ ഹൃദയത്തിൽനിന്നും പൊട്ടിപ്പുറപ്പെട്ട കരുണയുടെ വറ്റാത്ത ഉറവയാണ് രക്ഷാകരസംഭവത്തിന്റെ കാതൽ.  

ദൈവത്തിനു മനുഷ്യരോടുള്ള നിലപാടിൽ ശാശ്വതമായ ഒന്നാണ് കരുണ. "കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു" (സങ്കീർത്തനം 33:5). ഈ കരുണയിൽ നിന്നാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ലഭിക്കുന്നത് - യാതൊരു ഉത്തരവുമില്ല എന്നു കരുതി നാം തള്ളിക്കളഞ്ഞിരിക്കുന്ന സങ്കീർണ്ണമായ നമ്മുടെ എല്ലാ ആധികൾക്കും വ്യാധികൾക്കും ഉത്തരം യേശുവിലൂടെ ലഭ്യമാകുന്ന പിതാവായ ദൈവത്തിന്റെ കരുണയാണ്. പാപികളായ നമ്മുടെ രോഗഗ്രസ്തമായ ആത്മാവിനും ശരീരത്തിനും ഒന്നുപോലെ ദൈവത്തിന്റെ കരുണ സദാ ആവശ്യമുണ്ട്. നമ്മുടെ അനുദിന ജീവിതത്തിൽ ദൈവത്തിന്റെ കരുണ ഏറ്റവും അധികം വെളിപ്പെടുന്നത് കുന്പസാരമെന്ന കൂദാശയിലാണ്. ചെയ്തുപോയ തെറ്റുകൾ ഉത്തമമായ മനസ്താപത്തോടെ ഏറ്റുപറയുന്പോൾ നമ്മോടു ക്ഷമിച്ച്‌, നമ്മൾ നഷ്ടപ്പെടുത്തിക്കളഞ്ഞ ദൈവത്തിന്റെ മകനും മകളും എന്ന സ്ഥാനം തിരികെ നൽകുന്ന സ്നേഹപിതാവായി ദൈവത്തെ മാറ്റുന്നത്, സ്വർഗത്തിലേക്കുള്ള വഴിയിൽ തളർന്നുവീണുകിടക്കുന്ന പാപികളോട് അവിടുത്തേക്ക് തോന്നുന്ന അനുകന്പയാണ്. നമ്മുടെ ആത്മാവിന്റെ വിശപ്പകറ്റാനും മനസ്സിന്റെ മുറിവുണക്കാനും ശരീരത്തിന്റെ ക്ഷീണമകറ്റാനും ഭക്ഷണമായി സ്വന്തം ശരീരവും രക്തവും നമുക്ക് നൽകുന്ന കരുണാമയനാണ് ഈശോ!

"വാഴ്തപ്പെട്ടവനും എകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ" (1 തിമോത്തെയോസ് 6:15) ദൈവം, അന്ധകാരം നെഞ്ചിലേറ്റിയ മാനവരാശിക്ക് അപ്രാപ്യമായ ഒരു വിശുദ്ധ സത്യമാണ്. എങ്കിലും, രണ്ടായിരം വർഷംമുന്പ് ഈ ദൈവം ഒരു ശിശുവായി ഭൂമിയിലേക്ക് വന്നുവെന്നു വിശ്വസിക്കാനും, അവിടുന്ന് സമയത്തിന്റെ പൂർണ്ണതയിൽ വീണ്ടും വരുമെന്നു പ്രത്യാശിക്കാനും നമ്മെ സഹായിക്കുന്നത് മഹത്വപൂർണ്ണനായ ദൈവം കരുണാമയനാണ് എന്ന തിരിച്ചറിവാണ്. വിശുദ്ധ ആഗസ്തീനോസിനോപ്പം "അങ്ങയുടെ കരുണ ഒന്നു മാത്രമാണ് എന്റെ എല്ലാ പ്രത്യാശയുടെയും അടിസ്ഥാനം" എന്നു പറയാൻ നമുക്കാവണം. എല്ലാ ആകുലതകളിൽ നിന്നും വേദനകളിൽനിന്നും രോഗങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കുന്ന ദൈവത്തിന്റെ കരുണ ഇപ്പോഴും എല്ലായ്പ്പോഴും സമൃദ്ധമായി നമ്മിലേക്ക്‌ ചൊരിയണമേ എന്ന് കരുണയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തോടൊപ്പം നമുക്കും യാചിക്കാം.

കർത്താവേ, അങ്ങയുടെ കാരുണ്യം എന്നിലേക്ക്‌ ചൊരിയണമേ, അവിടുത്തെ രക്ഷ എനിക്ക് പ്രദാനം ചെയ്യണമേ. എന്റെ അകൃത്യങ്ങൾ മറന്ന്, എന്റെ പാപങ്ങൾ എന്നോടു ക്ഷമിക്കണമേ. പാപത്താൽ വിരൂപമാക്കപ്പെട്ട എന്റെ ആത്മാവിനെ പുനരുദ്ധരിക്കണമേ, ആസക്തികളാൽ തകർക്കപ്പെട്ട എന്റെ ശരീരത്തിനു നവജീവൻ നൽകണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!