നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?

"ശിഷ്യന്മാർ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ എവിടെനിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? അവർ പറഞ്ഞു: ഏഴ്, കുറേ ചെറിയ മത്സ്യവും ഉണ്ട്. ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചിട്ട്‌, അവൻ എഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു. ശിഷ്യന്മാർ അതു ജനക്കൂട്ടങ്ങൾക്കു വിളന്പി. അവർ ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷന്മാരായിരുന്നു. ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവൻ വഞ്ചിയിൽ കയറി മഗദാൻ പ്രദേശത്തേക്കു പോയി." (മത്തായി 15:33-39)

വിചിന്തനം 
അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ഗലീലിക്കടലിന്റെ തീരത്തു സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ച ഈശോയെ വിട്ടുപിരിയാതെ അനുഗമിച്ചവർ ഒട്ടേറെപ്പേരായിരുന്നു. മൂന്നു ദിവസത്തിനുശേഷം യേശു അവിടെനിന്നും മഗദാൻ പ്രദേശത്തേക്ക് പോകുന്നതിനു മുന്നോടിയായി തന്നോടൊപ്പം ഉണ്ടായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആഗ്രഹിച്ചു. എന്നാൽ, ഭക്ഷണത്തിലോ മറ്റൊന്നിലുമോ ശ്രദ്ധിക്കാതെ തന്നോടൊപ്പം ആയിരുന്ന ആ ജനാവലിയോടുള്ള അനുകന്പയാൽ യേശുവിന്റെ മനസ്സ് നിറഞ്ഞു - അവർക്ക് ആഹാരം നൽകാൻ അവിടുന്ന് ആഗ്രഹിച്ചു. നാലായിരത്തോളം  പുരുഷന്മാരും അതിലധികം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആ ജനക്കൂട്ടത്തിനു ആഹാരം നല്കണമെന്ന ഈശോയുടെ ദൈവീകമായ കരുണ നിറഞ്ഞ ആഗ്രഹത്തോട്‌ ശിഷ്യന്മാർ പ്രതികരിച്ചത് തികച്ചും ഭൌതീകമായ രീതിയിലാണ്. ഒരു ബാലന്റെ കൈയിലെ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ഇതിലും വലിയ ഒരു ജനാവലിക്ക് ഈശോ ഭക്ഷണം നൽകിയത് അവർ അവരുടെ കണ്ണുകൊണ്ട് കണ്ടിട്ട് ഏറെക്കാലം ആയിരുന്നില്ല (യോഹന്നാൻ 6:1-14). എന്നിട്ടും തങ്ങളുടെ കൈയിലുള്ള എഴപ്പവും മത്സ്യവും യേശുവിനു മറ്റൊരു മഹാത്ഭുതം പ്രവർത്തിക്കാനുള്ള ഉപകരണമാക്കി അവിടുത്തെ സന്നിധിയിൽ ഉടനടി കൊണ്ടുവരാൻ അവർക്കായില്ല. തങ്ങളുടെ കൈയിലുള്ള അപ്പത്തിന്റെ കാര്യം മറന്ന്, ഈശോയുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തി ആ ജനത്തിനുമുഴുവൻ  എവിടെനിന്നു ഭക്ഷണം നൽകും എന്നു ചിന്തിച്ചു വിഷണ്ണരാകുന്ന ശിഷ്യന്മാരെയാണ് നാം ഇന്നത്തെ വചനഭാഗത്തിൽ കണ്ടുമുട്ടുന്നത്. 

മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും എത്ര വലുതായാലും അതിലും വലുതാണ്‌ അവ അനുഭവിക്കുന്ന മനുഷ്യരോട് ദൈവത്തിനുള്ള അനുകന്പ. ശാരീരികമായും മാനസികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന സഹനങ്ങൾ നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ കാരുണ്യപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്. ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാമും പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. മിശിഹായുടെ വരവിനായി ഒരുങ്ങുന്ന ഈ വേളയിൽ നമുക്കുചുറ്റുമുള്ള വേദനയും വിശപ്പും അനുഭവിക്കുന്നവരെ തിരിച്ചറിയാനും സഹായിക്കാനും നമ്മൾ സമയം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, നമ്മുടെ സഹായം ആവശ്യമുള്ളവരുമായുള്ള കൂടിക്കാഴ്ചാവേളയിൽ, അവരുടെ ആവശ്യങ്ങൾക്കു മുന്പിൽ പലപ്പോഴും പകച്ചു നിൽക്കുന്നവരാണ് നമ്മൾ. അവരുടെ ഇല്ലായ്മയുടെയും വേദനയുടെയും വ്യാപ്തി മനസ്സിലാക്കുന്പോൾ, നമ്മുടെ കൈയിലുള്ള എഴപ്പവും മത്സ്യവും ഒന്നിനും തികയില്ല എന്നു ആകുലപ്പെടുന്നവരാണ് നമ്മൾ. അവരെ സഹായിക്കാൻ സാധിക്കാത്ത നമ്മുടെ അപര്യാപ്തതയെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് ദൈവസന്നിധിയിൽ നെടുവീർപ്പിടുന്നവരോട് ഈശോ ഇന്നും ചോദിക്കുന്നുണ്ട്,"നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?". മറ്റുള്ളവർക്ക് നമ്മുടെ സഹായം ആവശ്യമാകുന്ന വേളകൾ ഒരിക്കലും നമ്മുടെ ഇല്ലായ്മകളെപ്പറ്റി ദൈവസന്നിധിയിൽ പരാതി പറയാനുള്ള അവസരങ്ങളാക്കി നമ്മൾ മാറ്റരുത്. യാതൊന്നിനും തികയില്ല എന്നറിയാമെങ്കിൽകൂടിയും, നമുക്ക് ലഭ്യമായിട്ടുള്ള നിസ്സാരങ്ങളായ വിഭവങ്ങൾ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, അവിടുത്തെ മഹത്വം അഭിലഷിച്ചുകൊണ്ട്, മറ്റുള്ളവർക്കായി ചിലവഴിക്കുന്പോൾ, നമ്മുടെ പ്രതീക്ഷകൾക്കും ഉപരിയായുള്ള സംതൃപ്തി അവ മൂലം പ്രദാനം ചെയ്യാൻ ദൈവത്തിനാകും. 

ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ പ്രവൃത്തി മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതാണ്, എന്ന് വിശുദ്ധ ജോണ്‍ ക്രിസൊസ്റ്റം നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം തുടർന്നു പറയുന്നു, " നീ എത്രയധികം ഉപവസിച്ചാലും, പരിഹാരപ്രവർത്തികൾ അനുഷ്ടിച്ചാലും, നിന്റെ അയൽക്കാരന്റെ ഇല്ലായ്മകളെക്കുറിച്ചു ബോധവാനല്ലെങ്കിൽ നീ ചെയ്തതെല്ലാം തുലോം നിസ്സാരം മാത്രം; ക്രിസ്തുവിന്റെ പ്രതിരൂപം ആകുന്നതിൽനിന്നും നീ ഇപ്പോഴും വളരെ അകലെയാണ്" (St. John Chrysostom, Commentary on the 1st Epistle to the Corinthians). യേശുവിന്റെ വരവിനായി ലോകം ഒരുങ്ങുന്ന ഈ സമയത്ത്, വിവിധ കാരണങ്ങൾകൊണ്ട് ആ സന്തോഷത്തിൽ പങ്കുചേരാൻ സാധിക്കാത്തവരെ നാം ഓർമ്മിക്കണമെന്നു കരുണാമയനായ ദൈവം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. രോഗികളെയും അനാഥരെയും വൃദ്ധരെയും അസൗകര്യമായിക്കണ്ട് വ്യക്തികളും, സാന്പത്തിക ഭാരമായിക്കരുതി സമൂഹങ്ങളും തള്ളിക്കളയുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. അവരുടെ ഏകാന്തതയിൽ ഒരല്പം ആശ്വാസമാകാൻ, അവരുടെ കദനങ്ങളിൽ ഒരിറ്റു സാന്ത്വനമാകാൻ, അവരെ നമ്മുടെ സന്തോഷത്തിന്റെ ഒരു ഭാഗമാക്കിമാറ്റാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയത്തിന്റെ മാധ്യസ്ഥവും നമുക്കപേക്ഷിക്കാം. 

കരുണാമയനായ കർത്താവേ, പാപിയായ എനിക്കുവേണ്ടി സ്വർഗ്ഗരാജ്യത്തിന്റെ സകല സൌഭാഗ്യങ്ങളും വിട്ടുപേക്ഷിച്ച് നരനായി പിറന്ന് അവിടുത്തെ കരുണയുടെ ആഴം എനിക്കു വെളിപ്പെടുത്തി തന്നതിനെയോർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.  ലഭിക്കുന്നതിലധികം കൊടുക്കുവാനും, സ്നേഹിക്കപ്പെടുന്നതിലധികം സ്നേഹിക്കുവാനും എന്നെ പഠിപ്പിക്കണമേ. ക്ലേശങ്ങൾ അനുഭവിക്കുന്ന എന്റെ അയൽക്കാരിൽ അങ്ങയെ കാണാനും, അവരുടെ ദുരിതങ്ങളിൽ അവരെ സഹായിക്കാനും, അനുകന്പാർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാക്കിയെന്നെ മാറ്റണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!