പുതിയൊരു തുടക്കം

"സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്നാപക യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്‌. സ്നാപകയോഹന്നാന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാർ അതു പിടിച്ചടക്കുന്നു. യോഹന്നാൻ വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങൾ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ഇവനാണ് വരാനിരിക്കുന്ന എലിയാ. ചെവിയുള്ളവൻ കേൾക്കട്ടെ." (മത്തായി 11:11-15)

വിചിന്തനം 
രക്ഷകന്റെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ, ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള വലിയൊരു രഹസ്യം വെളിപ്പെടുത്തുകയാണ്. നിയമങ്ങളും പ്രവചനങ്ങളുംവഴി ദൈവജനത്തെ രക്ഷക്കായി ഒരുക്കിയ പഴയനിയമത്തിന്റെ അവസാനത്തെ കണ്ണിയാണ് സ്നാപകൻ. സ്വർഗ്ഗരാജ്യം സകല ജനതയ്ക്കുമായി തുറന്നു കൊടുത്ത പുതിയ നിയമത്തിന്റെ പടിവാതിലും യോഹന്നാൻ തന്നെയാണ്. അതുകൊണ്ടാണ് സ്നാപകന്റെ നാളുകൾ മുതൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കേണ്ടതിനു ബലപ്രയോഗത്തിന്റെ ആവശ്യമുള്ളതായി ഈശോ പറയുന്നത്. നാമോരുത്തരുടെയും ഹൃദയത്തിൽ നടക്കുന്ന നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് ഈ  ബലപ്രയോഗം. സ്നാപകയോഹന്നാൻ വരെയുള്ള പ്രവാചകരുടെ കാലത്ത് തിന്മയെ ചെറുത്തുനില്ക്കാൻ നിയമമാണ് നല്കപ്പെട്ടിരുന്നത്. എന്നാൽ, കൃപയുടെ അഭാവത്തിൽ നിയമം പാപത്തെ ചെറുത്തുനിന്നില്ല, നന്മയെ തിന്മയിൽനിന്നും വേർതിരിച്ചു കാണിച്ചുകൊടുക്കുക മാത്രമേ ചെയ്തുള്ളൂ. യേശുവിന്റെ ആഗമനത്തിനും കുരിശുമരണത്തിനുംശേഷം മനുഷ്യൻ തിന്മയെ ചെറുക്കുന്നതും നന്മയെ സ്വീകരിക്കുന്നതും പരിശുദ്ധാത്മാവിലൂടെ ലഭ്യമായ കൃപാവരങ്ങൾ ഉപയോഗിച്ചാണ്. ദൈവകൃപകൾ ഉപയോഗിച്ച് തിന്മയെ കീഴടക്കി തങ്ങളുടെ ആത്മീയബലം തെളിയിക്കുന്നവരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്. നമ്മിലെ ആസക്തികളോടും ബലഹീനതകളോടും മറ്റു തിന്മയുടെ സ്വാധീനങ്ങളോടും പടവെട്ടുന്നവരാണോ നമ്മൾ? അതോ, അവ ജനിപ്പിക്കുന്ന തൃഷ്ണകളോട് മല്ലടിക്കുക അസാധ്യമാണ് എന്ന ചിന്തയോടെ യുദ്ധം അവസാനിപ്പിച്ചവരോ? 

ഭൂമിയിൽ ജീവനോടെ ഇരിക്കുന്ന കാലമെല്ലാം നന്മയും തിന്മയും തമ്മിലുള്ള ബലപ്രയോഗത്തിൽ നാം ഭാഗഭാക്കാകണം എന്നും ഇന്നത്തെ വചനത്തിലൂടെ ഈശോ നിഷ്കർഷിക്കുന്നുണ്ട്. "സ്നാപകയോഹന്നാന്റെ നാളുകൾമുതൽ ഇന്നുവരെ" എന്ന വാക്കുകളിലൂടെ, നമ്മൾ ജീവിച്ചിരിക്കുന്ന ഓരോ "ഇന്നു"കളിലും ഈ ബലപ്രയോഗത്തിന് പ്രസക്തിയുണ്ട് എന്നാണ് ഈശോ പറയുന്നത്. "പിശാച്ച് ഒരിക്കലും ഉറങ്ങുന്നില്ല, മരിക്കുന്നതുവരെ നമ്മിലെ ജഡികാസക്തിയും; അതുകൊണ്ട് പോരാട്ടത്തിനു ഒരുങ്ങുന്നതിൽ നിന്നും ഒരിക്കലും നമ്മൾ വിരമിക്കരുത്; ഒരിക്കലും വിശ്രമിക്കാത്ത ശത്രുക്കളാണ് നമ്മുടെ വലതു ഭാഗത്തും ഇടതു ഭാഗത്തും ഉള്ളത്" (Thomas à Kempis, The Imitation of Christ). 

സ്വർഗ്ഗരാജ്യത്തിലേക്കുള്ള യാത്രയിൽ നാം നടത്തുന്ന ഈ പോരാട്ടത്തിൽ എപ്പോഴും നമ്മൾ വിജയിക്കും എന്ന് കരുതുകയും അരുത്. എത്രയൊക്കെ കരുതലോടെ ഇരുന്നാലും നിരന്തരം വേഷം മാറിവരുന്ന പ്രലോഭനങ്ങൾക്കു മുന്പിൽ നമ്മൾ വീണുപോകാറുണ്ട്. നമ്മുടെ വീഴ്ച്ചകളേക്കാൾ ഉപരിയായി വീഴ്ചകൾക്കു ശേഷമുള്ള നമ്മുടെ പ്രതികരണങ്ങളെയാണ് ദൈവം കാര്യമാക്കുന്നത്. വീണുപോകുന്പോൾ നിരാശപ്പെട്ട് പരാജയം സമ്മതിച്ച് വീണിടതുതന്നെ കിടക്കുന്നവർ അവരുടെതന്നെ അഹങ്കാരത്തിന്റെ ബാക്കിപത്രങ്ങളാണ്. വീണുപോകുന്നതു വരെയുള്ള  എല്ലാ പ്രലോഭനങ്ങളെയും ചെറുത്തുനിന്നത് അവരുടെ തന്നെ ശക്തികൊണ്ടാണ് എന്നവർ കരുതുന്നു. എന്നാൽ, വീഴ്ച്ചക്കിടയാക്കിയ തങ്ങളുടെ ബലഹീനതകളെ ഏറ്റുപറഞ്ഞു പശ്ചാത്താപത്തോടെ വീണ്ടും എണീക്കാൻ ശ്രമിക്കുന്നവരെ താങ്ങിയെഴുന്നേൽപ്പിക്കാൻ സദാ സന്നദ്ധനായ യേശുവിനെ കണ്ടെത്തണമെങ്കിൽ നമ്മൾ എളിമപ്പെടണം. 

നമ്മുടെ വീഴ്ചകളെ പുതിയൊരു തുടക്കതിനുള്ള അവസരമായി കാണാൻ കഴിയുന്പോഴാണ് നാം ആത്മീയ ജീവിതത്തിൽ പുരോഗതി കൈവരിക്കുന്നത്. "കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്" (വിലാപങ്ങൾ 3:22,23). എത്ര വലിയ വീഴ്ചകൾക്കൊടുവിലും നമ്മോടു ക്ഷമിക്കാൻ തയ്യാറുള്ള ദൈവത്തിലായിരിക്കണം നമ്മുടെ പ്രത്യാശ. വീഴ്ചകൾ തിരിച്ചറിഞ്ഞ്, നമ്മുടെ ബലഹീനതകളെപ്രതി എളിമപ്പെട്ട്, കുന്പസാരത്തിലൂടെ ഒരു പുതിയ തുടക്കത്തിനായി ഈ ആഗമന കാലത്ത് നമുക്കൊരുങ്ങാം. എണീറ്റുനിൽക്കുന്നവർ മാത്രമേ വീഴുന്നുള്ളൂ; ബലപ്രയോഗത്തിൽ പങ്കെടുക്കുന്നവർക്കു മാത്രമേ പരിക്കേൽക്കുന്നുള്ളൂ. ചെളിക്കുഴിയിൽ വീണുപോകുന്പോൾ അതിൽകിടന്ന് ഉരുളാതെ നമുക്ക് പുറത്തേക്കുള്ള വഴി അന്വേഷിക്കുന്നവരാകാം. നമ്മുടെ മാലിന്യങ്ങൾ കഴുകിക്കളഞ്ഞ്, മുറിവുകൾ വച്ചുകെട്ടി, നമ്മെ ആലിംഗനം ചെയ്യാൻ തയ്യാറായി ദൈവം കാത്തിരിപ്പുണ്ട്‌ എന്നു നമുക്കോർക്കാം. നമ്മുടെ വീഴ്ചകളും വേദനകളും സ്വർഗ്ഗരാജ്യത്തിലേക്കുള്ള യാത്രയിലെ ഒരു പുതിയ തുടക്കത്തിനായി ഉപയോഗിക്കാൻ സഹായിക്കണമേ എന്ന് കാരുണ്യവാനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.

കർത്താവേ, എന്റെ യാത്രകളിൽ എന്നെ വീഴ്ത്തുന്ന എന്നിലെ ബലഹീനപ്രകൃതിയെയും, നിരാശാപൂർവം വീണിടത്തുതന്നെ കിടക്കാൻ പ്രേരിപ്പിക്കുന്ന എന്നിലെ പാപവസ്ഥയെയും തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ അനന്തമായ കരുണയിൽ ആശ്രയിച്ച്, പ്രലോഭനങ്ങളുമായി നിരന്തരം പോരടിക്കുവാനും, എന്റെ ബലഹീനതകളെ അങ്ങയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുള്ള അവസരങ്ങളായി മാറ്റുവാനും എന്നെ സഹായിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!