തകർച്ചകളെ ദൈവത്തിൽ ആശ്രയിക്കാനുള്ള അവസരങ്ങളാക്കണം
"ഫനുവേലിന്റെ പുത്രിയും ആഷേർവംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവൾ കന്യകാപ്രായം മുതൽ ഏഴു വർഷം ഭർത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നു. അവൾ അപ്പോൾത്തന്നെ മുന്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്ക് മടങ്ങി. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെമേൽ ഉണ്ടായിരുന്നു." (ലൂക്കാ 2:36-40)
വിചിന്തനം
നിരവധി പദ്ധതികൾ നമ്മുടെ ഭാവിജീവിതത്തിനായി വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന അർത്ഥങ്ങൾ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യം നമ്മുടെയെല്ലാം മനസ്സിന്റെ പിന്നാന്പുറങ്ങളിൽ ഭീതി വിതച്ചുകൊണ്ട് സദാ നമ്മോടൊപ്പം ഉണ്ട്. ഇന്നത്തെ വചന ഭാഗത്തിൽ നമ്മൾ കണ്ടുമുട്ടുന്ന അന്നാ പ്രവാചികയുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നിരിക്കില്ല - ഒരു ഭാര്യയെന്ന നിലയിൽ സമൂഹത്തിലെ മറ്റു വിവാഹിതകളായ സ്ത്രീകളിൽ അവൾ കണ്ടതും അവളുടെ മനസ്സിനെ ആകർഷിച്ചതുമായ ചില കാര്യങ്ങൾ തന്റെ ജീവിതത്തിലും സംഭവിക്കണമെന്ന് യുവതിയായിരുന്ന അന്ന ആഗ്രഹിച്ചിട്ടുണ്ടാവണം. എന്നാൽ, ഏഴു വർഷത്തെ ദാന്പത്യജീവിതം ഭർത്താവിന്റെ മരണത്തോടെ അവസാനിച്ചപ്പോൾ, അവൾ ആഗ്രഹിച്ചതൊന്നുംതന്നെ ഫലമണിഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീടുള്ള അറുപതിലേറെ വർഷങ്ങൾ ആ സ്ത്രീ ജറുസലേം ദേവാലയത്തിൽ ദൈവാരാധനയിലാണ് കഴിച്ചുകൂട്ടിയത്. ജീവിക്കുന്ന ദുരന്തം എന്ന് ഒട്ടേറെപ്പേർ കരുതിയ അന്നാ പ്രവാചികയുടെ ജീവിതം ദൈവം ഒരനുഗ്രഹമാക്കി മാറ്റിയതു എങ്ങിനെയെന്ന് ഇന്നത്തെ വചനഭാഗത്തിൽ സ്പഷ്ടമാണ്.
നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി കാര്യങ്ങൾ നടക്കാതെ വരുന്പോൾ അതേചൊല്ലി വളരെയധികം നിരാശപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. രോഗങ്ങളും, ജോലിയിലെ പ്രശ്നങ്ങളും, സാന്പത്തിക ബുദ്ധിമുട്ടുകളും, മറ്റുള്ളവരിൽനിന്നും ഉണ്ടാകുന്ന എതിർപ്പുകളും തിരസ്കരണങ്ങളും നമ്മുടെ ജീവിതത്തെ പലപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ട് - സന്തോഷകരവും സുരക്ഷിതവുമായ ഒരു ജീവിതം എന്നെങ്കിലും ഉണ്ടാകുമോയെന്നു നമ്മൾ ആകുലപ്പെടാറുണ്ട്. എന്നാൽ തിരിച്ചടികൾ ലഭിക്കുന്ന അവസരങ്ങളിൽ പലപ്പോഴും മറക്കുന്ന ഒന്നാണ്, നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിലുള്ള ആശ്രയം. തകർച്ചകളിൽ യാതൊരു വിധത്തിലുള്ള മാനുഷീക വികാരങ്ങളും പാടില്ല എന്നല്ല - കഷ്ടപ്പാടുകളോടുള്ള നമ്മുടെ പ്രതികരണം ഒരിക്കലും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്ന വിധത്തിലുള്ളവ ആയിരിക്കരുത്.
മാനുഷികമായ രീതിയിൽ ചിന്തിക്കുന്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്ന വേളകളിൽ പോലും അസാധ്യമായി ഒന്നും ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കാൻ നമുക്കാവണം. ദൈവത്തിൽ ആശ്രയിച്ച്, തന്നെ മുഴുവനായും ദൈവഹിതത്തിനു സമർപ്പിച്ച്, ദൈവത്തിന്റെ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ദൈവം ഒരിക്കലും കൈവിടുകയില്ല. മാത്രവുമല്ല, അവരുടെ ആവശ്യവേളകളിൽ അവിടുന്ന് തക്കസമയത്ത് ഇടപെടുകയും ചെയ്യും. ദൈവത്തിലുള്ള ആശ്രയമാണ് നമ്മുടെ ജീവിതത്തിലുള്ള എല്ലാ അനാവശ്യ ഭയങ്ങളിൽനിന്നും ആകുലതകളിൽനിന്നും പിരിമുറുക്കങ്ങളിൽനിന്നും രക്ഷനേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. സർവശക്തനും എല്ലാമറിയുന്നവാനുമായ ദൈവം കൂടെയുള്ളപ്പോൾ, ലോകദൃഷ്ടിയിൽ പരാജയമെന്നു തോന്നുന്ന കാര്യങ്ങളിൽപോലും വിജയം കണ്ടെത്താനും അനുഭവിക്കാനും നമുക്കാവും. പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ച് ദുരിതങ്ങളും വേദനകളും നിറഞ്ഞ ഒരു ജീവിതം നയിക്കാനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പാപം ചെയ്ത് ദൈവമഹത്വത്തിൽനിന്നും അകന്നു പോയിട്ടും ദൈവം മനുഷ്യനെ കൈവിട്ടില്ല - പിശാചിന്റെ ബന്ധനത്തിൽനിന്നും നമ്മെ മോചിപ്പിച്ച് സ്വർഗ്ഗരാജ്യത്തിന്റെ കൂട്ടവകാശികളാക്കുവാൻ ദൈവം തന്റെ എകജാതനെത്തന്നെ ഒരു ദാസന്റെ രൂപത്തിൽ ഭൂമിയിലേക്ക് അയച്ചു. "ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" (റോമാ 8:35).
ദൈവത്തിന്റെ മക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ! അങ്ങിനെയെങ്കിൽ നമ്മുടെ ഇഹലോകജീവിതത്തിലെ വ്യാപാരങ്ങളിൽ ദൈവത്തിന് എങ്ങിനെ കരുതലില്ലാതെ ഇരിക്കും? നമ്മുടെ പദ്ധതികൾ പരാജയപ്പെടുന്പോൾ നമ്മൾ നിരാശപ്പെടുന്നത് ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതികൾ നമ്മുടേതിനെക്കാൾ എത്രയോ ഉന്നതമാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ്. തകർച്ചകളിലും വേദനകളിലും ദൈവത്തിൽനിന്നും അകന്നു പോകാതെ, എല്ലായ്പ്പോഴും ദൈവത്തിൽ ആശ്രയിച്ച്, നമ്മുടെ കഷ്ടതകളെ ദൈവത്തെ ദർശിക്കുന്നതിനുള്ള അവസരമാക്കി മാറ്റുന്നതിനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
കർത്താവായ ദൈവമേ, എനിക്ക് ഒരിക്കലും അങ്ങയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാതിരിക്കുവാനും, അങ്ങയിൽ ആശ്രയിക്കാൻ കൂട്ടാക്കാതിരിക്കാനും ഇടവരാതിരിക്കട്ടെ. എല്ലാക്കാര്യങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്തുവാനും, പ്രാർത്ഥനകളോടും സ്തുതിപ്പുകളോടുംകൂടെ പ്രതിസന്ധികളെ തരണം ചെയ്യാനും എന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ