യേശുവിന് അവരുടെമേൽ അനുകന്പ തോന്നി

"യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകന്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്തായി 9:35-38) 

വിചിന്തനം 
യേശു തന്റെ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും രോഗികളെയും ആകുലരെയും സുഖപ്പെടുത്തി അവർക്ക് ആശ്വാസം നൽകുവാനുമാണ്. ലക്ഷ്യബോധമില്ലാതെ പാപാന്ധകാരത്തിൽ ഉഴലുന്ന ജനക്കൂട്ടങ്ങളാണ് യേശുവിനെ എല്ലാറ്റിടത്തും എതിരേറ്റിരുന്നത്. അവരെ നയിക്കുവാൻ ഭരമേൽപ്പിക്കപ്പെട്ടിരുന്ന പുരോഹിതരും നിയമജ്ഞരുമൊക്കെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ഉത്സുകരായിരുന്നു. ജനങ്ങളുടെ വേദനയിൽ ചിലപ്പോഴൊക്കെ അവർ സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ സഹതാപം ഒരിക്കലും ജനങ്ങളുടെ വേദന അകറ്റാൻ സഹായകമായിരുന്നില്ല. പാപത്താൽ ചുറ്റിവരിയപ്പെട്ടു ക്ലേശങ്ങളും ദുരിതങ്ങളും അനുഭവിച്ചിരുന്ന ജനങ്ങളോട് സഹതപിക്കുക ആയിരുന്നില്ല ദൈവം മനുഷ്യനായി പിറന്നതിന്റെ ഉദ്ദേശം. ഇന്നത്തെ വചനഭാഗത്തിൽ നാം കാണുന്നത് ലക്ഷ്യമില്ലാതെ അലയുന്ന ജനങ്ങളുടെ പരിഭ്രാന്തിയിലും നിസ്സഹായതയിലും അനുകന്പ തോന്നുന്ന യേശുവിനെയാണ്. ഈ അനുകന്പ മൂലമാണ് ഈശോ അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവയിൽനിന്നും അവർക്ക് മോചനം നൽകുകയും ചെയ്തത്. രക്ഷകന്റെ വരവിനായി ഒരുങ്ങുന്ന ഈ വേളയിൽ, മറ്റുള്ളവരുടെ വേദനകളോടുള്ള നമ്മുടെ പ്രതികരണം ഏതു വിധത്തിലുള്ളതാണ് എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വേദനകളിലും ദുരിതങ്ങളിലും പകച്ചുനിൽക്കുന്ന ഒട്ടേറെപ്പേരുള്ള സമൂഹങ്ങളിലാണ്‌ നാമെല്ലാവരും ജീവിക്കുന്നത്. അവരോടും അവരുടെ സാഹചര്യങ്ങളോടും നമ്മുടെ സമീപനം എന്താണ് - സഹതാപമോ അതോ അനുകന്പയോ?

കഷ്ടതകളനുഭവിക്കുന്നവരുമായുള്ള കണ്ടുമുട്ടലിൽ നിന്നാണ് സഹതാപവും അനുകന്പയും ഉത്ഭവിക്കുന്നത്. മറ്റുള്ളവരുടെ വേദന കണ്ട് നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു നെടുവീർപ്പാണ് സഹതാപം. സഹതാപത്തെ സൂക്ഷിച്ചു പരിശോധിച്ചാൽ അതിൽ ഒട്ടേറെ സ്വാർത്ഥത അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. മറ്റുള്ളവരുടെ വേദനകളെപ്രതി അവരോടു സഹതപിക്കുന്പോൾ, 'ഈ അവസ്ഥ എനിക്കുണ്ടായില്ലല്ലോ, ഭാഗ്യം' എന്ന് സ്വയം ആശ്വസിക്കുന്ന ഒരു സ്ഥിതിവിശേഷം പലപ്പോഴും നാം അറിയാതെതന്നെ നമ്മിൽ രൂപപ്പെടാറുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ വേദന കണ്ട് അവരെ സഹായിക്കാനെത്തുന്ന നമ്മൾ അവരെ ആശ്വസിപ്പിക്കുന്നു എന്ന ഭാവേന സ്വയം ആശ്വസിക്കുകയാണ് ചെയ്യുന്നത്. സഹതാപം ഒന്നിനും ഒരു പരിഹാരമല്ല, സഹതപിക്കുന്നവൻ ആരെയും സഹായിക്കുന്നുമില്ല. മറ്റുള്ളവരുടെ വേദന സ്വന്തമായി കണ്ട്, ആ വേദന അകറ്റാൻ മാർഗ്ഗം തേടുന്പോൾ മാത്രമേ നമ്മൾ അനുകന്പ ഉള്ളവരാകുന്നുള്ളൂ. പാപത്തിൽ കുരുങ്ങി നിലവിളിച്ചിരുന്ന മാനവരാശിയെ കേവലം സഹതാപത്തോടെ മാറിനിന്നു വീക്ഷിക്കുകയല്ല ദൈവം ചെയ്തത്. മറിച്ച്, രക്ഷനായ യേശുവിൽ വിശ്വസിക്കുന്ന ഏതൊരുവനും രക്ഷപ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ കരുണാമയനായ ദൈവം ഭൂമിയിലേക്കയച്ചു (cf. യോഹന്നാൻ 3:16). പിതാവിന്റെ ഹിതത്തിനു പൂർണ്ണമായും കീഴ്‌വഴങ്ങിയ യേശു നമ്മുടെ പാപങ്ങൾ ഏറ്റെടുത്തു കുരിശിൽ മരിക്കാൻ തയാറായി. "നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്...എന്നാൽ നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു" (റോമാ 5:7) എന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പൌലോസ് ശ്ലീഹായിലൂടെ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

നമുക്കിന്നെങ്ങിനെയാണ് നാം പ്രകടിപ്പിക്കുന്ന സഹതാപമെന്ന മാനുഷിക വികാരത്തെ  അനുകന്പയെന്ന ദൈവീക വികാരത്തിലേക്ക് ഉയർത്താൻ സാധിക്കുക? ഒട്ടേറെ അവസരങ്ങളിൽ നമുക്കുള്ളതുപയോഗിച്ചു മറ്റുള്ളവരുടെ വേദനകൾക്ക് പരിഹാരം കണ്ടെത്താൻ നമുക്കാവും. അതുമൂലം, ഒരുപക്ഷേ, അല്പകാലത്തേക്ക് ചില അസൌകര്യങ്ങളോ ഞെരുക്കങ്ങളോ നമുക്കുണ്ടായെന്നു വരാം. എന്നാൽ നമ്മുടെ ആ എളിയ പ്രവൃത്തിമൂലം ആരെങ്കിലുമൊക്കെ അനുഭവിച്ചുകൊണ്ടിരിരിക്കുന്ന ദുരിതങ്ങൾക്ക് ശമനം ഉണ്ടാക്കാനായാൽ തീർച്ചയായും നമ്മുടെ ജീവിതം ദൈവഹിതത്തിനു അനുയോജ്യമാക്കി മാറ്റുകയാണ് നാം ചെയ്യുന്നത്. മറ്റുള്ളവരെ സഹായിക്കാൻ മാനുഷികമായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസരങ്ങളിൽ പ്രാർത്ഥനയിലൂടെ അവരെ സഹായിക്കാൻ തീർച്ചയായും നമുക്കാവും. ഏതൊരു വ്യക്തിക്കും എപ്പോൾ വേണമെങ്കിലും ആർക്കുവേണ്ടി വേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് മധ്യസ്ഥപ്രാർത്ഥന. മറ്റുള്ളവരുടേതിനു സമാനമായ ദുഖങ്ങൾ നമുക്ക് നൽകാത്തതിനു ദൈവത്തിനു നന്ദി പറയുന്നതിനോടൊപ്പം, അവരെ പ്രശ്നങ്ങളിൽ സഹായിക്കണമേ എന്നുകൂടി പ്രാർത്ഥിക്കാൻ നമുക്കാവണം. രോഗങ്ങളാൽ വലയുന്നവർ, പാപാവസ്ഥയിൽ ജീവിക്കുന്നവർ, പട്ടിണിയുടെ കയ്പ്പുനീർ കുടിക്കുന്നവർ, ലഹരിവസ്തുക്കളുടെ കടുംകെട്ടിൽ കുടുങ്ങികിടക്കുന്നവർ, കാരാഗൃഹവാസികൾ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ ഇവരെല്ലാം ദൈവസന്നിധിയിൽ കരുണയ്ക്കായി അണയണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. പീഡിതരെ സദ്‌ വാർത്ത അറിയിക്കുന്നതിന് അഭിഷേകം ചെയ്യപ്പെട്ട മിശ്ശിഹായെക്കുറിച്ച് നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും പ്രാർത്ഥനയിലൂടെയും അവരെ അറിയിക്കാൻ ക്രിസ്തുശിഷ്യരെന്ന നിലയിൽ നാമെല്ലാവരും കടപ്പെട്ടവരാണ്. അവരെ നോക്കി സഹതാപത്തിന്റെ വിലകെട്ട കണ്ണീർ പൊഴിക്കാതെ, അനുകന്പയോടെ അവരായിരിക്കുന്ന ഇടങ്ങളിൽ ദൈവവുമായി ഒരു കൂട്ടിമുട്ടലിനു അവസരമൊരുക്കുന്നവരായി നാം മാറുന്നതിനായി പ്രാർത്ഥിക്കാം. 

കരുണാമയനായ കർത്താവേ, എന്റെ ചുറ്റിലും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയും എന്റെ പ്രാർത്ഥനകൾ ആവശ്യമുള്ളവർക്ക് വേണ്ടിയും ദൈവസന്നിധിയിൽ നിലവിളിച്ചു പ്രാർത്ഥിക്കാനുള്ള കൃപ എനിക്ക് നൽകണമേ. സ്വാർത്ഥത വെടിഞ്ഞ്, എന്നേപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കാൻ എന്നെ പ്രാപ്തനാക്കണമേ. കർത്താവേ, പാപത്താൽ കഠിനമായ എന്റെ ഹൃദയം അവിടുത്തെ ആത്മാവിനാൽ നിറച്ചു അനുകന്പ നിറഞ്ഞ അവിടുത്തെ ഹൃദയത്തിനൊത്തതാക്കണമേ. ആമ്മേൻ.

(Revised - Original post August 11, 2013)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!