യേശുവിൽ ദൈവത്തെ കണ്ടെത്തണം
"അവൻ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്പോൾ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്കിയത് ആരാണ്? യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങൾ എന്നോട് ഉത്തരം പറഞ്ഞാൽ എന്തധികാരത്താലാണ് ഞാൻ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു? സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ? അവർ പരസ്പരം ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ എന്തുകൊണ്ടു നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാൽ, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു. അതിനാൽ, അവർ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അപ്പോൾ അവൻ പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല." (മത്തായി 21:23-27)
വിചിന്തനം
ദേവാലയത്തിൽ പഠിപ്പിക്കുന്നതിനുള്ള യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന യഹൂദ പ്രമാണികളെയാണ് ഇന്നത്തെ വചനഭാഗം നമുക്ക് മുന്പാകെ വയ്ക്കുന്നത്. രക്ഷകനെക്കുറിച്ച് ദൈവം പ്രവാചകരിലൂടെ കാലാകാലങ്ങളിൽ നല്കിയ വാഗ്ദാനങ്ങൾ സാധാരണ ജനങ്ങളേക്കാൾ നന്നായി അറിയുന്നവരായിരുന്നു പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും. എന്നാൽ, "വരാനിരിക്കുന്ന രക്ഷകൻ ഇവൻ തന്നെയോ" എന്ന് സാധാരണക്കാരായ യഹൂദർ ചോദിക്കാൻ തുടങ്ങിയപ്പോഴും, രക്ഷകനായ യേശുവിനെ തിരിച്ചറിയാൻ ദൈവീക കാര്യങ്ങളിൽ അതീവ താല്പര്യം വച്ചുപുലർത്തിയിരുന്ന അവർക്കു കഴിഞ്ഞില്ല. എന്തുകൊണ്ടു അവർക്ക് കഴിഞ്ഞില്ല എന്നതിന്റെ ഉത്തരവും ഇന്നത്തെ വചനഭാഗത്തിൽ തന്നെയുണ്ട് - അവരുടെ ഹൃദയം കാപട്യം നിറഞ്ഞതായിരുന്നു. സത്യമായവയെ അന്വേഷിച്ചു കണ്ടെത്തുക എന്നതിലുപരിയായി തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രണ്ടായിരം വർഷങ്ങൾക്കു മുന്പ് ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ ഭൂജാതനായ രക്ഷകന്റെ വരവിനായി നാം നമ്മെത്തന്നെ ഒരുക്കുന്ന ഈ വേളയിൽ നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ എന്താണ്? പിതാവായ ദൈവത്തിന്റെ ഏകജാതനും, രക്ഷകനും കർത്താവുമായ ക്രിസ്തുവിനെ, കന്നുകാലികളുടെ ചൂരും ദാരിദ്ര്യത്തിന്റെ ഗന്ധവും പേറുന്ന കാലിത്തൊഴുത്തിൽ, ഒരു പിള്ളക്കച്ചയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന നിസ്സഹായനായ ശിശുവിൽ കാണാൻ നമുക്കാവുന്നുണ്ടോ? അതിനാകുന്നില്ലെങ്കിൽ, ഒരുപക്ഷേ, ആ കാലിത്തൊഴുത്തിൽ നിന്നും നമ്മുടെ ഹൃദയത്തിലേക്ക് ഉറ്റുനോക്കുന്ന ഉണ്ണിക്കൊപ്പം നാമും നമ്മുടെ ഹൃദയത്തിലേക്ക് നോക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ജീവിതംകൊണ്ടു സ്വർഗ്ഗരാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുക എന്നതാണ് നാം ഹൃദയത്തിൽ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിൽ, നമ്മുടെ അനുദിന ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും യേശുവിനെ തിരിച്ചറിയാൻ നമുക്കാവും. നമ്മുടെ ഓരോ പ്രവൃത്തിക്കും പിന്നിലുള്ള, മറ്റാരും അറിയാതെ നാം മനസ്സിൽ സൂക്ഷിക്കുന്ന, ശരിയായ ഉദ്ദേശം അപ്പപ്പോൾ ഒരു കണ്ണാടിയിൽ എന്നതുപോലെ നമുക്ക് വെളിപ്പെട്ടു കിട്ടും. നമ്മുടെ ജോലിയിലും വീട്ടിലും, അറിയുന്നവരുടെ ഇടയിലും അപരിചിതരുടെ മധ്യത്തിലും, പരിത്യാഗപ്രവർത്തികളിലും പ്രാർത്ഥനയിലും എല്ലാം യേശുവിന്റെ സാന്നിധ്യം അനുഭവേദ്യമാകുന്പോൾ, ഹൃദയത്തിലെ തിന്മ മറച്ചുവയ്ക്കാനായി സൽപ്രവർത്തികൾ ചെയ്യുന്നതിനു പകരം, നമ്മിലെ ഹൃദയ വിശുദ്ധിയുടെ പ്രകടമായ സാക്ഷ്യമായി മാറും നമ്മുടെ എല്ലാ പ്രവർത്തികളും. "ഹൃദയ വിശുദ്ധിയുള്ളവർ ദൈവത്തെ കാണും" - അത് കാലിത്തൊഴുത്തിൽ ആയാലും കാൽവരി മലയിൽ ആയാലും. എന്നാൽ പുരോഹിത പ്രമുഖരെയും ഫരിസേയരെയും പോലെ, കാപട്യം നിറഞ്ഞ ഹൃദയത്തോടെ യേശുവിനെ അന്വേഷിച്ചാൽ, എത്ര വ്യക്തമായ സൂചനകൾ ലഭിച്ചാലും അവയെല്ലാം നിഷ്ഫലമായിരിക്കും.
വിശുദ്ധയുള്ള ഒരു ഹൃദയത്തിന് ഉടമയാകാൻ നാമെന്തു ചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോ വ്യക്തിയിലും അവരുടെ ജീവിത സാഹചര്യങ്ങളിലും അധിഷ്ഠിതമാണ്. എങ്കിലും, എല്ലാവർക്കും പൊതുവായി വേണ്ടുന്ന മനോഭാവം, എല്ലാക്കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കുവാനും, അതിൽ പരാജയപ്പെടുന്ന അവസരങ്ങളിൽ ബലഹീനതകൾ അംഗീകരിച്ച് തെറ്റുകൾ ഏറ്റുപറഞ്ഞ് അന്വേഷണം തുടരാനും നാമെടുക്കുന്ന തീരുമാനമാണ്. ഈ തീരുമാനം എടുക്കാനും അതിൽ നിലനിൽക്കാനും ആവശ്യമായ കൃപ ദൈവം ധാരാളമായി നമുക്കെല്ലാവർക്കും നൽകുന്നുണ്ട്. ഹൃദയ വിശുദ്ധിയോടെ ജീവിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളെ വിശുദ്ധ ആഗസ്തീനോസ് ഉപമിക്കുന്നത് അടിത്തട്ടിൽ വിള്ളൽ ബാധിച്ച വള്ളത്തിൽ യാത്ര ചെയ്യുന്നതിനോടാണ്. വിവേകമുള്ള യാത്രികൻ അല്പാല്പമായി വള്ളത്തിൽ കയറുന്ന വെള്ളം അപ്പപ്പോൾ കോരിക്കളഞ്ഞുകൊണ്ടിരിക്കും. വള്ളം നിറഞ്ഞിട്ട് കോരിക്കളയാൻ ഇരുന്നാൽ ഒരുപക്ഷേ വള്ളം മുങ്ങിയെന്ന് വരാം. ഇതുപോലെതന്നെ, ചെറിയ പാപങ്ങൾപോലും പതിവായി കുന്പസാരത്തിലൂടെ ഏറ്റുപറഞ്ഞ് മനസാക്ഷിയെ രൂപീകരിക്കുന്നത് ഹൃദയ വിശുദ്ധിയോടെ ജീവിക്കുന്നതിനു അത്യന്താപേക്ഷിതമാണ്. ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ വേളയിൽ ഉണ്ണിയേശുവിനെ കണ്ടെത്തി ഹൃദയത്തിൽ സ്വീകരിക്കുന്നതിനായി നമുക്ക് ഒരുങ്ങാം. മനുഷ്യനായ ദൈവത്തെ ഉദരത്തിലും, ദൈവമായ മനുഷ്യനെ ഹൃദയത്തിലും സംവഹിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും അതിനായി നമുക്ക് യാചിക്കാം.
കർത്താവായ യേശുവേ, ലൌകീക തൃഷ്ണകളിൽനിന്നും ഹൃദയത്തെ മോചിപ്പിച്ച്, എല്ലാറ്റിലും അങ്ങയുടെ രാജ്യവും നീതിയും അന്വേഷിക്കുവാനുള്ള കൃപ എനിക്ക് നല്കണമേ. സന്തോഷങ്ങളിലും സങ്കടങ്ങളിലും, വിജയങ്ങളിലും പരാജയങ്ങളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും അങ്ങയെ ദർശിക്കുവാൻ എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച് എന്റെ ആന്തരീക നേത്രങ്ങളെ തുറക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ