നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു
"ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുന്പോൾ, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യൂദയായിൽനിന്നും ജറൂസലേമിൽനിന്നും ഫരിസേയരും നിയമാദ്ധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താൻ കർത്താവിന്റെ ശക്തി അവനിൽ ഉണ്ടായിരുന്നു. അപ്പോൾ, ചിലർ ഒരു തളർവാതരോഗിയെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു. അവർ അവനെ അകത്ത് യേശുവിന്റെ മുന്പിൽ കൊണ്ടുവരാൻ ശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാത്തതുകൊണ്ട്, അവർ പുരമുകളിൽ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്റെ മുൻപിലേക്ക് ഇറക്കി. അവരുടെ വിശ്വാസംകണ്ട് അവൻ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവൻ ആര്? ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുക? അവരുടെ വിചാരം മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഹൃദയത്തിൽ ചോദിക്കുന്നത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റ് നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് യേശു തളർവാതരോഗിയോടു പറഞ്ഞു: ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്ക് പോവുക. ഉടനെ, എല്ലാവരും കാണ്‍കേ, അവൻ എഴുന്നേറ്റ് കിടക്കയുമെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കുപോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവർ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങൾ ഇന്നു നാം കണ്ടിരിക്കുന്നു." (ലൂക്കാ 5:17-26)
വിചിന്തനം
ലോകമെങ്ങുമുള്ള വിശ്വാസികളുടെ സമൂഹം രക്ഷകന്റെ വരവിനായി പ്രത്യാശാപൂർവം ഒരുങ്ങുന്ന ഈ വേളയിൽ, തിരുസഭയുടെ ആരാധനാക്രമത്തിലെ വചനഭാഗങ്ങളിൽ നല്ലൊരു ഭാഗവും രക്ഷകനായി ഒരുങ്ങാൻ കഴിയാത്തവരുടെ ലോകത്തിലേക്കുകൂടി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണ്. ഇന്നത്തെ ലോകം ഒന്നിനായും കാത്തിരിക്കാൻ ഇഷ്ടപ്പെടുന്നില്ല; അഭിലഷിക്കുന്നതെല്ലാം അപ്പപ്പോൾ ലഭിക്കണം എന്ന ചിന്താഗതിയാണ് ഭൂരിപക്ഷത്തെയും നയിക്കുന്നത്. അതിനാൽ, നല്ലതിനായി ക്ഷമാപൂർവം കാത്തിരിക്കുന്നതിനു പകരം, ലഭ്യമായവ ഉപയോഗിച്ച് ക്ഷണനേരത്തേക്കെങ്കിൽകൂടിയും തങ്ങളുടെ തൃഷ്ണകളെ തൃപ്തിപ്പെടുത്താൻ ലോകം വെന്പൽ കൊള്ളുന്നു. സ്ഥായിയായ സംതൃപ്തി ലഭിക്കാത്തതിനാൽ, ആസക്തികളാൽ നയിക്കപ്പെട്ട് ലൗകീകതയ്ക്കു പിന്നാലെ നെട്ടോട്ടമോടുന്നതുമൂലം, ദുർബലമായ കരങ്ങൾക്കും ബലഹീനമായ കാലുകൾക്കും തളർന്ന ശരീരത്തിനും മുറിവേറ്റ മനസ്സിനും അന്ധകാരം നിറഞ്ഞ ആത്മാവിനും ഉടമകളായ ധാരാളംപേർ ഇന്നു നമ്മുടെ ചുറ്റിലുമുണ്ട്. വിശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ട്, മനസ്സിനും ശരീരത്തിനും തളർവാതം ബാധിച്ച് ശയ്യാവലംബികളായ അവർക്ക് സ്വയം ദൈവസന്നിധിയിൽ എത്തുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അവർക്ക് വേണ്ടത്, ദൈവസന്നിധിയിലേക്കുള്ള വഴി അറിയാവുന്ന, ദുഷ്കരമായ പാതയിലൂടെ അവരെയും താങ്ങി നടക്കാൻ തയ്യാറുള്ള സുഹൃത്തുക്കളെയാണ്. നമ്മുടെ സാമീപ്യം ഏതു തരത്തിലുള്ള സ്വാധീനമാണ് നമ്മുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ ഉളവാക്കുന്നത്?
പാപാവസ്ഥയിൽ കഴിയുന്ന ഒട്ടേറെപ്പേർ ദൈവത്തെ അറിയാതെ പോകുന്നത് പലപ്പോഴും വിശ്വാസികളായവരുടെ ജീവിതത്തിലെ അപര്യാപ്തതകൾ മൂലമാണ്. ഒരു ക്രിസ്തുശിഷ്യന്റെ ജീവിതം സ്വർഗ്ഗരാജ്യത്തിലേക്കുള്ള പാതയിൽ തളർന്നുവീണുപോയവരുടെ ജീവിതത്തിൽ നിന്നും പ്രകടമായ വ്യത്യാസങ്ങൾ ഉള്ള ഒന്നായിരിക്കണം. യാതൊരു വിധത്തിലുമുള്ള പാപം ചെയ്യാതെ ജീവിക്കുക എന്നതല്ല അതിനർത്ഥം; മറിച്ച്, പാപം ചെയ്യാനുള്ള നമ്മിലെ പ്രവണതയെപ്പറ്റി ഉത്തമബോധ്യത്തോടെ ജീവിക്കുക എന്നതാണ്. ദൈവത്തെ അറിഞ്ഞിട്ടും കൂദാശകളിലൂടെ ദൈവത്തെ സ്വീകരിച്ചിട്ടും പാപം ചെയ്തുപോകുന്ന നമ്മുടെ ദുർബലമായ അവസ്ഥയെപ്പറ്റി സ്വയം ബോധ്യമുണ്ടായാൽ മാത്രമേ, അന്ധകാരത്തെ പ്രകാശമായി തെറ്റിദ്ധരിച്ചവരുടെ നിസ്സഹായ അവസ്ഥയെപ്പറ്റി മനസ്സിലാക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അപ്പോൾ മാത്രമേ വെറുപ്പോടെയും അവജ്ഞയോടെയും അവരോടു ഇടപഴകുന്ന അവസ്ഥയിൽനിന്നും നമുക്ക് മോചനം ലഭിക്കുകയുള്ളൂ. "നമ്മുടെ പ്രവർത്തികൾകണ്ട് മറ്റുള്ളവർക്ക് ഇപ്രകാരം പറയാൻ സാധിക്കണം: ഈ മനുഷ്യൻ ഒരു ക്രിസ്തുശിഷ്യനാണ്, കാരണം ഇയാൾ ആരെയും വെറുക്കുന്നില്ല, കാരണം ഇയാൾ മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുന്നു, കാരണം ഇയാൾ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്നില്ല, കാരണം ഇയാൾ ത്യാഗങ്ങൾ സഹിക്കാൻ തയാറാണ്, കാരണം ഇയാൾ സമാധാനം കാംക്ഷിക്കുന്നു, കാരണം ഇയാൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ അറിയാം." (From: Christ is passing by - St. Jose Maria Escriva)
തങ്ങളുടെ ബലഹീനതകളുമായി യേശുവിന്റെ സന്നിധിയിൽ എത്തപ്പെടുന്നവരോടുള്ള അവിടുത്തെ അനുകന്പാർദ്രമായ സമീപനത്തിന്റെ നല്ല ഒരു ഉദാഹരണമാണ് "മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന ഈശോയുടെ വാക്കുകളിൽ പ്രകടമാകുന്നത്. യേശുവിന്റെ ദിവ്യപ്രകാശത്തിന്റെ കീഴിൽ സുഹൃത്തുക്കളാൽ എത്തപ്പെട്ട ആ തളർവാതരോഗി തന്റെ കിടക്കയിൽ കിടന്നുകൊണ്ടു തന്നെ തളർത്തിയിട്ടിരിക്കുന്ന തന്നിലെ വൈകൃതങ്ങളെ തിരിച്ചറിഞ്ഞു. തന്റെ ശരീരത്തിനല്ല ആത്മാവിനാണ് സൌഖ്യം വേണ്ടത് എന്നു തിരിച്ചറിഞ്ഞ അയാളുടെ നിശബ്ദരോദനം, എല്ലാവരുടെയും ഹൃദയവിചാരങ്ങൾ മനസ്സിലാക്കിയിരുന്ന യേശുവിന്റെ ചെവികളിൽ തീർച്ചയായും എത്തിയിരിക്കണം. തന്നെ സഹായിക്കാൻ സദാ സന്നദ്ധനായ കർത്താവിന്റെ മുൻപിൽ അയാൾ ഹൃദയം തുറന്നപ്പോൾ ദൈവത്തിന്റെ അമൂല്യമായ ദാനമായ അനുരജ്ഞന കൃപ അയാൾക്ക് ലഭിച്ചു. മനുഷ്യനായി പിറന്ന ദൈവം നൽകുന്ന പാപമോചനം ഇന്ന് നമുക്ക് ലഭ്യമാകുന്നത് തിരുസഭയുടെ കൂദാശകളിലൊന്നായ കുന്പസാരത്തിലൂടെയാണ്. ദൈവത്തിനു പാപിയോടുള്ള കരുണാമയമായ സ്നേഹത്തിന്റെ അടയാളവും ഉപകരണവുമാണ് കുന്പസാരം കേൾക്കുന്ന പുരോഹിതൻ. കുന്പസാരത്തിലൂടെ ദൈവവുമായി അനുരഞ്‌ജനപ്പെടുകവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ മഹത്വത്തിന്റെയും അനുഗ്രഹങ്ങളുടെയും പുനസ്ഥാപനം സാധ്യമാകുന്നു. ഇങ്ങനെ ദൈവമുമായി വീണ്ടും സൌഹൃദത്തിലാകുന്നതിലൂടെ, തളർന്ന മനസ്സിനു സൌഖ്യവും സമാധാനവും ലഭിക്കുന്നു. തളർവാത രോഗിക്കു യേശുവിൽനിന്നും ലഭിച്ച ആത്മീയ സൌഖ്യത്തിന്റെ പ്രകടമായ ഒരടയാളം മാത്രമായിരുന്നു ശാരീരിക സൌഖ്യം.
കർത്താവിന്റെ ആഗമനം കാത്തിരിക്കുന്ന ഈ സമയത്ത്, നല്ല ഒരുക്കത്തോടെയും ഉത്തമ മനസ്താപത്തോടെയും നമ്മൾ കുന്പസാരിച്ചു പാപമോചനത്തിനായി യാചിക്കുന്നതിനോപ്പം, നമ്മുടെ കുടുംബത്തിലോ സുഹൃത് വലയത്തിലോ ഏറെക്കാലമായി കുന്പസാരിക്കാത്ത ഒരാളെ ആ കൃപയിലേക്ക് അടുപ്പിക്കുന്നതിനുകൂടി നമുക്ക് പരിശ്രമിക്കാം. ആത്മാവിനും മനസ്സിനും ശരീരത്തിനും സൌഖ്യം നൽകുന്ന കർത്താവിന്റെ തിരുമുന്പിൽ ആ വ്യക്തി എത്തപ്പെടാൻ സ്നേഹത്തോടെയും സഹിഷ്ണുതയോടെയുമുള്ള നമ്മുടെ പ്രോത്സാഹനത്തിനു കഴിഞ്ഞെന്നു വരാം. അവർക്കുവേണ്ടി പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥവും നമുക്ക് യാചിക്കാം.
കർത്താവായ യേശുവേ, അങ്ങ് അനുകന്പാർദ്രമായ സ്നേഹത്തിലൂടെ എന്റെ പാപങ്ങൾ ക്ഷമിക്കുകയും, ആസക്തികൾ തളർത്തിയിട്ടിരിക്കുന്ന എന്റെ ആത്മാവിനും ശരീരത്തിനും അവിടുത്തെ സൌഖ്യസ്പർശത്താൽ പുതുജീവൻ നൽകുകയും ചെയ്യുന്നതിനെ ഓർത്തു ഞാനങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച്, എന്റെ വിചാരങ്ങളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും ഓർമ്മകളെയും വിശുദ്ധീകരിക്കണമേ. സത്യത്തിന്റെ പാതയിലൂടെ നടക്കുവാനും, ആ വഴിയോരങ്ങളിൽ തളർന്നു വീണവരെ താങ്ങിയെടുത്ത് അവിടുത്തെ തിരുസന്നിധിയിൽ എത്തിക്കുവാനും എന്നെ ശക്തനാക്കണമേ, യോഗ്യനാക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ