പരിശുദ്ധ ദൈവമാതാവ്
"ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുന്പ്, ദൂതൻ നിർദ്ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നൽകി. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂൽ പുത്രന്മാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ ബലി അർപ്പിക്കണം എന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്." (ലൂക്കാ 2:21-24)
വിചിന്തനം
രക്ഷാകരകർമ്മത്തിന്റെ ഭാഗമായി ദൈവം മനുഷ്യനായപ്പോൾ, ഭൂമിയിൽ ജന്മമെടുക്കുന്ന ഒരു സാധാരണ മനുഷ്യൻ കടന്നുപോകുന്ന എല്ലാ തലങ്ങളിലൂടെയും ദൈവം കടന്നുപോയി. പിതാവായ ദൈവത്തിനു തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയക്കാൻ ഒരു മനുഷ്യസ്തീയുടെ സഹായം ആവശ്യമായിരുന്നു. ആ തിരഞ്ഞെടുക്കപ്പെടലിന് അർഹയായ മറിയം മാലാഖാ വഴി ലഭിച്ച സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചു. "ഇതാ കർത്താവിന്റെ ദാസി" എന്ന വാക്കുകളോടെ ദൈവഹിതത്തിനു തലകുനിച്ച ആ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ദൈവം മനുഷ്യനായി രൂപമെടുത്തു. കർത്താവായ യേശുക്രിസ്തുവിൽ ദൈവീകത്വവും മനുഷ്യത്വവും ഒന്നുപോലെ അതിന്റെ പൂർണ്ണതയിൽ സന്നിഹിതമായിരുന്നു. അതുകൊണ്ടുതന്നെ, യേശു, പിതാവായ ദൈവത്തിന്റെ മകനായിരിക്കുന്നതുപോലെതന്നെ കന്യാമറിയത്തിന്റെയും മകനാണ്. ഒട്ടേറെപ്പേരുകളിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയെ ഏറ്റവും അധികം ആദരവോടും സ്നേഹത്തോടും അഭിവാദനം ചെയ്യാൻ സാധിക്കുന്നത് "ദൈവമാതാവ്" എന്ന് അഭിസംബോധന ചെയ്യുന്പോഴാണ്.
പരിശുദ്ധ കന്യാമറിയത്തിന്റെ ദൈവമാതൃത്വം തിരുസഭ ഉറക്കെ പ്രഘോഷിക്കുന്ന അവസരമാണ് യേശുവിന്റെ ജനനത്തിനുശേഷം എട്ടാം ദിവസം നടന്ന പരിച്ഛേദനവും, നാല്പതാം ദിവസം ദേവാലയത്തിൽ കാഴ്ചവച്ച സംഭവവും. മോശയിലൂടെ ദൈവം മനുഷ്യനു നല്കിയ നിയമങ്ങൾ പൂർണ്ണമായും അനുസരിച്ചതു തന്നെയാണ് യേശുവിന്റെ മനുഷ്യ സ്വഭാവത്തിനുള്ള ഏറ്റവും നല്ല തെളിവും. പരിപൂർണ്ണനായ ദൈവം യേശുക്രിസ്തുവിലൂടെ പരിപൂർണ്ണ മനുഷ്യനായി പിറന്നില്ലായിരുന്നെങ്കിൽ രക്ഷാകരസംഭവം അപൂർണ്ണമായി നിലകൊള്ളുമായിരുന്നു. അതിനാൽ, യേശുക്രിസ്തുവാണ് എകരക്ഷകൻ എന്ന് ഏറ്റു പറയുന്ന ഏതൊരാൾക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ് യേശുവിന്റെ മനുഷ്യ സ്വഭാവം. യേശുവിലെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും വേർതിരിച്ചു കാണാൻ സാധിക്കാത്തതു പോലെ തന്നെ, പരിശുദ്ധ അമ്മയുടെ കാര്യത്തിലും, മനുഷ്യനായ യേശുവിന്റെ അമ്മയെന്നും ദൈവമായ യേശുവിന്റെ അമ്മയെന്നുമുള്ള വേർതിരിവുകൾ സാധ്യമല്ല. മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നത് ഒരു വിധത്തിലും ദൈവത്തിന്റെ മഹത്വത്തിനോ ശക്തിക്കോ ആദിയും അന്ത്യവുമില്ലാത്ത സവിശേഷ പ്രകൃതിക്കോ ഒരു വിധത്തിലും കോട്ടം ഉണ്ടാക്കുന്നില്ല. ദൈവമാതാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സർവചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം മനുഷ്യനായി ജന്മമെടുത്തപ്പോൾ അമ്മയായി മറിയത്തെ തിരഞ്ഞെടുത്തു എന്നാണ്.
എല്ലാ അർത്ഥത്തിലും ദൈവഹിതത്തിനു കീഴ്‌വഴങ്ങി, വിശ്വാസത്താലും പ്രത്യാശയാലും സ്നേഹത്താലും രക്ഷാകരപദ്ധതിയിൽ പങ്കാളിയായ വ്യക്തിയാണ് പരിശുദ്ധ അമ്മ. ഈശോയെ ഉദരത്തിൽ വഹിക്കുകവഴി തന്റെ മനുഷ്യപ്രകൃതിയുടെ ഒരു ഭാഗം തന്നെ ആ അമ്മ മനുഷ്യനായി പിറന്ന ദൈവത്തിനായി നൽകി. ശിശുവായ ദൈവത്തെ മുലയൂട്ടിയും, ബാലനായ ദൈവത്തെ കൈപിടിച്ചു നടത്തിയും, കൗമാരപ്രായക്കാരനായ ദൈവത്തിന്റെ കുസൃതികളെ ശകാരിച്ചും, അന്നന്നത്തെ അപ്പത്തിനായി അധ്വാനിക്കുന്ന ദൈവത്തിന്റെ വിയർപ്പൊപ്പിയും, സ്വർഗ്ഗരാജ്യം പ്രഘോഷിച്ച ദൈവത്തെ വൈകാരികതകളാൽ പിന്തിരിപ്പിക്കാതെയും, കുരിശുവഹിച്ചു തളർന്ന ദൈവത്തിനു ആശ്വാസത്തിന്റെ ഒരു തണൽമേഘമായും, ദുസ്സഹമായ വേദനയാൽ കുരിശിൽ കിടന്നു പിടയുന്ന ദൈവത്തിനു സാന്ത്വനമരുളുന്ന സാന്നിധ്യമായും, പാപത്തിന്റെ വൈകൃത്യം മുഴുവൻ പേറുന്ന ദൈവത്തിന്റെ നിശ്ചല ശരീരം മടിയിലേന്തുന്ന വ്യാകുലതയുടെ പ്രതിരൂപമായുമെല്ലാം പരിശുദ്ധ കന്യാമറിയം എല്ലായ്പ്പോഴും ദൈവത്തോടൊപ്പം ഉണ്ടായിരുന്നു. എന്നും ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവിന്റെ മാതാവായ മറിയം നിത്യമായും ദൈവമാതാവാണ്.
തന്റെ അമ്മയായ മറിയത്തെ കുരിശിൽ കിടന്നുകൊണ്ട് ഈശോ ലോകത്തിനു മുഴുവൻ മാതാവായി നൽകി; അതുവഴി, ദൈവമാതാവായ മറിയത്തെ അമ്മയെന്നു വിളിക്കാനുള്ള അധികാരവും നമുക്കോരോരുത്തർക്കും നൽകി. തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെ തനിക്കു ലഭിച്ച എല്ലാ മക്കൾക്കുംവേണ്ടി പരിശുദ്ധ അമ്മ സദാ മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്നുണ്ട്. ക്രിസ്തുവിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നതിനായി, മാതൃസഹജമായ സ്നേഹത്തോടെ ആ അമ്മ നമുക്കുവേണ്ടി നിരവധിയായ കൃപകൾ നിരന്തരം സ്വർഗ്ഗത്തിൽനിന്ന് നേടിത്തരുന്നു. അതിനാൽ, ദൈവമാതാവായ മറിയത്തോടുള്ള ഭക്തിയും സ്നേഹവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന വ്യവസ്ഥകളിൽ ഒന്നാണ്. ഈ പുതിയ വർഷത്തിൽ നമ്മുടെ മാതാവായ മറിയത്തെ നമുക്ക് മാതൃകയായി സ്വീകരിക്കാം - അമ്മ വഴിയായി ദൈവത്തിന്റെ ദാനങ്ങളായ വിശ്വാസവും പ്രത്യാശയും സ്നേഹവും സ്വീകരിച്ച്, എല്ലാറ്റിലും ഉപരിയായി ദൈവത്തെയും തന്നെപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കാൻ നമുക്ക് പരിശ്രമിക്കാം. നമ്മിലെ ദുർബ്ബല പ്രകൃതി നമ്മെ തെറ്റുകളിലേക്ക് നയിക്കുന്പോൾ, നമ്മൾ വീണുപോകുന്പോൾ, നമ്മെ വാരിയെടുത്ത് മാറോടണയ്ക്കുന്ന അമ്മയുടെ ആശ്ലേഷത്തിനായി നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം. കഷ്ടപ്പാടുകളിൽ കൂടുതൽ തീഷ്ണതയോടെ അമ്മയുടെ സഹായത്തിനായി അപേക്ഷിക്കാം. ജീവിതകാലം മുഴുവൻ ഈശോയെ ഒരു നിഴൽപോലെ പിന്തുടർന്ന അമ്മ നമ്മെയും കൈവിടില്ല എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് പ്രാർത്ഥിക്കാം.
അമ്മേ മാതാവേ, സ്വന്തം രക്തം വിലയായി നൽകി ദൈവരാജ്യത്തിന്റെ കൂട്ടവകാശികളായി അങ്ങേ തിരുക്കുമാരൻ ഉയർത്തിയ പാപികളായ ഞങ്ങളിൽ അവിടുത്തെ സ്നേഹമാധുര്യം വർഷിക്കണമേ. കാൽവരിയിലേക്കുള്ള യാത്രയിൽ ഈശോയുടെ കാൽപ്പാടുകൾ പിൻചെന്ന അമ്മേ, അമ്മയുടെ കാൽപ്പാടുകൾ പിന്തുടർന്ന് സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയിലെ യാത്രക്കാരാകാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ