അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു

"യേശു യോഹന്നാനിൽനിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽനിന്നു ജോർദ്ദാനിൽ അവന്റെ അടുത്തേക്ക് വന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു. സ്നാനംകഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറി. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗ്ഗത്തിൽനിന്നു കേട്ടു." (മത്തായി 3:13-17)

വിചിന്തനം 
ഒരു വ്യക്തിയുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭംകുറിക്കുന്നത് മാമ്മോദീസായിലൂടെയാണ്. ജനിച്ചിട്ടു ആഴ്ചകൾ മാത്രം കഴിഞ്ഞ ഒരു ശിശുവിനും, പാപകരമായ ഒരു ജീവിതശൈലി ജീവിതകാലം മുഴുവൻ പിന്തുടർന്നതിനുശേഷം മരണത്തിന്റെ പടിവക്കിലെത്തിയിരിക്കുന്ന ഒരു വൃദ്ധനും, ഒരുപോലെ, മാമ്മോദീസാ എന്ന കൂദാശ ഒരു പുതിയ ജനനത്തിനുള്ള വാതിൽ തുറന്നുകൊടുക്കുന്നു, അവരെ പ്രകൃത്യതീതമായ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കുന്നു. മാമ്മോദീസായുടെ ഫലമായി ഒരു പുതിയ ജീവിതത്തിനു ഉടമകളാകുന്നവർ ദൈവത്തിന്റെ കൃപകൾ സ്വീകരിച്ച്, അലൗകീകമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായി മാറുന്നു. ആദിമാതാപിതാക്കളുടെ പാപം തലമുറകളിലൂടെ നിലനിൽക്കുന്ന ഒന്നായതിനാൽ, പാപത്തിന്റെ കറകൾ പേറിക്കൊണ്ടാണ്‌ എല്ലാ മനുഷ്യരും ഭൂമിയിൽ ജനിച്ചുവീഴുന്നത്. നമ്മുടെ സാധാരണജീവിതത്തിൽ വെള്ളത്തിനുള്ളതിന് സമാനമായ ഒരു ഉപയോഗം മാമ്മോദീസാ ജലത്തിലും ഉണ്ട് - അത് എല്ലാ പാപക്കറകളും മാലിന്യങ്ങളും കഴുകി ശുദ്ധിയാക്കുന്നു. "നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും സ്നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു" (1 കോറി. 6:11).

കത്തോലിക്കാ സഭയിൽ മാമ്മോദീസാ കേവലം ഒരു ചടങ്ങല്ല, അതൊരു കൂദാശയാണ്. പരിശുദ്ധാത്മാവിന്റെ അയയ്ക്കലിലൂടെ സഭയിൽ പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ പ്രവൃത്തിയാണ് മാമ്മോദീസായിൽ വെളിപ്പെടുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പത്രോസ് അപ്പസ്തോലൻ തന്റെ പ്രസംഗംകേട്ട് അനുതപിച്ചവരോടായി പറഞ്ഞു: "...പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും" (അപ്പ. പ്രവർത്തനങ്ങൾ 2:38). രണ്ടായിരം വർഷത്തിനുശേഷവും ക്രിസ്തുവിന്റെ സഭയിലേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള ഏകമാർഗ്ഗം മാമ്മോദീസാ മാത്രമാണ്. "മാമ്മോദീസാ മുങ്ങുന്നവർ 'ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിന്' ആ ജലത്തിൻമേൽ ദൈവം തന്റെ പുത്രനിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തി അയക്കുന്നതിനായി സഭ അവിടുത്തോട്‌ യാചിക്കുന്നു" (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1238). ആയതിനാൽ, തിരുസഭയിലൂടെ മാത്രം ലഭ്യമാകുന്ന മാമ്മോദീസാ എന്ന കൂദാശ ക്രിസ്തുശിഷ്യനാകാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും സംബന്ധിടത്തോളം നിർബന്ധമാണ്‌. കാരണം, ഒരു വ്യക്തി യേശുവിനെ കർത്താവായി ഗ്രഹിക്കുന്നത് പരിശുദ്ധാത്മാവിലൂടെ മാത്രമാണ്, "യേശു കർത്താവാണ് എന്നു പറയാൻ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല" (1 കോറിന്തോസ് 12:3).

ഒട്ടനവധിയായ കൃപകളുടെ വാതിൽ വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന ക്രിസ്തുവിന്റെ സഭയിലെ അംഗത്വം മുതിർന്നവർക്കെന്നപോലെതന്നെ കുട്ടികൾക്കും അവകാശപ്പെട്ടതാണ്. അതിനാൽ, തെറ്റായ തത്വസംഹിതകളുടെയും മറ്റു അസൌകര്യങ്ങളുടെയും പേരിൽ കുട്ടികൾക്ക് ജ്ഞാനസ്നാനം നിഷേധിക്കുന്നവർ കുട്ടികളുടെ സ്വാഭാവികമായുള്ള ഒരവകാശത്തെയാണ് അവർക്ക് നിഷേധിക്കുന്നത്. നമ്മെ വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മിൽ പ്രകടമല്ലാത്തിടത്തോളം കാലം ദൈവം ജാതിമതപ്രായ ഭേദമന്യേ നാമെല്ലാവരിലേക്കും ചൊരിയുന്ന കൃപകൾ നമ്മിൽ ഫലമണിയുകയില്ല. കട്ടിയേറിയ പുറംതോടിനുള്ളിൽ ഒളിച്ചിരിക്കുന്ന വിത്തുകൾ പോലെയാണ് നമ്മുടെ ഹൃദയങ്ങളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന കൃപകൾ. വരണ്ട ഭൂമിയിൽ നിർജ്ജീവമായിക്കിടക്കുന്ന ഈ വിത്തുകൾ മുളപൊട്ടി പുറത്തുവരുന്നത്‌ ധാരാളമായി വെള്ളം കിട്ടുന്പോഴാണ്. ഇതുപോലെതന്നെ, നമ്മിലെ ദൈവകൃപകൾ ഉജ്ജ്വലിപ്പിച്ച് നമുക്ക് പുതുജീവൻ നൽകുന്നത് ജ്ഞാനസ്നാന വേളയിൽ നമ്മെ അഭിഷേകം ചെയ്യുന്ന പരിശുദ്ധാത്മാവാണ്. ജ്ഞാനസ്നാനത്തിലൂടെ ദൈവീകരക്ഷയിലേക്കുള്ള പ്രവേശനം സൗജന്യമായി നൽകി നമ്മെ സ്നേഹിക്കുന്ന ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട്, അവിടുത്തെ പ്രകാശം ലോകത്തിൽ പരത്തി മറ്റുള്ളവരെ ദൈവത്തിന്റെ സ്നേഹത്തിലേക്കും രക്ഷയിലേക്കും ആനയിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് അങ്ങയോടുള്ള സ്നേഹത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതം നിറവേറുന്നതിൽ എല്ലായ്പ്പോഴും സന്തോഷം കണ്ടെത്തിയ അങ്ങയെപ്പോലെ ഞാനും എല്ലാക്കാര്യങ്ങളിലും ദൈവഹിതം പാലിക്കുന്നവനാകുന്നതിനും, അതുവഴി ദൈവത്തെ പ്രസാദിപ്പിക്കുന്നവനാകുന്നതിനുമുള്ള കൃപയേകണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്