അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ

"യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവൻ പറഞ്ഞു: സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ." (മർക്കോസ് 1:14-15)

വിചിന്തനം 
ഹെറോദേസ് രാജാവ് ബന്ധനസ്ഥനാക്കിയതോടെ രക്ഷകന് വഴിയൊരുക്കാൻ അയക്കപ്പെട്ട  സ്നാപകയോഹന്നാന്റെ പരസ്യ പ്രഘോഷണങ്ങൾ അവസാനിച്ചു. ഒപ്പംതന്നെ, മാനവരാശിക്ക് നിത്യജീവൻ പ്രദാനം ചെയ്യാൻ മാംസമായി അവതരിച്ച വചനം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു പരസ്യജീവിതം ആരംഭിക്കുകയും ചെയ്തു. ദൈവവുമായി രമ്യതപ്പെട്ടു സമാധാനം പുനർസ്ഥാപിക്കുന്നതും (എഫേസോസ് 6:15), പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരപ്പെടുത്തുന്നതും (കൊളോസോസ് 1:23), ദൈവത്തിന്റെ കൃപ പൂർണ്ണമായും മനസ്സിലാക്കാൻ സഹായിക്കുന്നതും (കൊളോസോസ് 1:6), എല്ലാവരെയും വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാക്കുന്നതും (എഫേസോസ് 3:6), ജീവനും അനശ്വരതയും വെളിപ്പെടുത്തുന്നതും (2 തിമൊത്തെയോസ് 1:10), രക്ഷയുടെ സദ്‌വാർത്തയും (എഫേസോസ് 1:13) ആയ സുവിശേഷമാണ് ഈശോ പ്രസംഗിച്ചത്. സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യത്തിലെ അംഗങ്ങളാകുവാൻ എന്തു ചെയ്യണം എന്ന സന്ദേശവും വ്യക്തമായി സുവിശേഷത്തിലൂടെ ഈശോ നൽകുന്നുണ്ട് - "അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ". 

സ്വർഗ്ഗരാജ്യത്തിലെ പൌരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുന്പോൾ അതോർത്തു ഹൃദയം വേദനിക്കുന്നതു മാത്രമല്ല അനുതാപം. നമ്മുടെ പാപങ്ങളുടെ പരിണിതഫലങ്ങളെക്കുറിച്ചുള്ള വേദന മാത്രമേ നമ്മിലുള്ളൂവെങ്കിൽ, അത് പിന്നെയും പിന്നെയും പാപം ചെയ്യുന്നതിനു ഒരിക്കലും തടസ്സമായി നിൽക്കുകയില്ല. ഗ്രീക്ക് ഭാഷയിൽ 'metanoia' എന്നു പറയുന്ന അനുതാപം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് 'വ്യത്യാസം സംഭവിക്കുക' എന്നാണ്. അനുതപിക്കുന്ന ഒരു വ്യക്തിയുടെ മനസ്സ് മാറണം, ജീവിതത്തിന്റെ ഉദ്ദേശ്യം മാറണം, പ്രവർത്തികളുടെ ലക്‌ഷ്യം മാറണം, ഹൃദയത്തിന്റെ അവസ്ഥയിൽ മാറ്റം വരണം. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നതിനൊപ്പം, ഇനി മേലിൽ ആ പാപങ്ങൾ ആവർത്തിക്കില്ലെന്ന തീരുമാനം എടുക്കുകയും, ആ തീരുമാനം പ്രവർത്തിയിൽ കൊണ്ടുവരുവാൻ കഠിന പരിശ്രമം ചെയ്യുന്നതുമാണ് അനുതാപം. അനുതപിക്കുന്ന വ്യക്തി  പാപത്തിനും സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും പകരം തന്റെ ഹൃദയത്തിൽ ദൈവത്തിനു ഇടം കൊടുക്കാൻ ശ്രമിക്കുന്നു. 

പാപങ്ങളിൽ നിന്നു പിന്തിരിയുന്നതാണ് അനുതാപമെങ്കിൽ, ഹൃദയത്തെ ദൈവത്തിലേക്ക് തിരിക്കുന്നതാണ് വിശ്വാസം. സുവിശേഷത്തിൽ വിശ്വസിക്കുക എന്നാൽ കർത്താവായ യേശുവിലും അവിടുത്തെ വചനങ്ങളിലും വിശ്വസിക്കുക എന്നാണ്. സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്‌ (റോമാ 1:16). ഈശോയുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് പിതാവായ ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. യേശുവിൽ വിശ്വസിക്കുന്പോഴാണ്, സ്വന്തം ജീവൻ ബലിയായി നൽകി നമ്മെ പാപത്തിന്റെ കെട്ടുകളിൽനിന്നും മോചിപ്പിക്കുന്ന ദൈവത്തിന്റെ കരുണയെയും, നിരവധിയായ അനുഗ്രഹങ്ങളാൽ ദൈവമക്കൾ എന്ന സ്ഥാനം അവകാശമായി തരുന്ന ദൈവീക കൃപകളെയും കുറിച്ച് നമുക്ക് അവബോധമുണ്ടാകുന്നത്. അനുതാപത്താൽ ഉരുകുന്ന ഹൃദയത്തോടെ സുവിശേഷത്തിൽ വിശ്വസിച്ച്, പാപത്തിൽനിന്നും ഭയത്തിൽനിന്നും ആസക്തികളിൽനിന്നും ബലഹീനതകളിൽനിന്നും നമ്മെ മോചിപ്പിക്കുന്ന ദൈവവചനത്തിന്റെ ശക്തി ഉൾക്കൊള്ളുന്നവർ ആകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

എന്നെ പേരുചൊല്ലി വിളിച്ച് അവിടുത്തെ തിരുഹൃദയത്തിൽ അഭയം തരുന്ന കാരുണ്യവാനായ കർത്താവേ, അങ്ങയുടെ തിരുവചനങ്ങൾ ഗ്രഹിക്കുവാനും, അതനുസരിച്ച് വിശ്വസ്തനായി ജീവിക്കുവാനും എന്നെ സഹായിക്കണമേ. അവിടുത്തെ വചനത്തിന്റെ വെളിച്ചം എന്റെ ഹൃദയത്തിൽ നിറച്ച്, അനേകർക്ക്‌ അങ്ങയിലേക്കുള്ള വഴികാട്ടുന്ന ഒരു പ്രകാശഗോപുരമായി എന്നെ മാറ്റേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്