അവന്റെ പ്രശസ്തി പെട്ടെന്നു വ്യാപിച്ചു
"അവർ കഫർണാമിൽ എത്തി. സാബത്തുദിവസം അവൻ സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്. അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ അവിടെ ഉണ്ടായിരുന്നു. അവൻ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധൻ. യേശു അവനെ ശാസിച്ചു: നിശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. ആശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തിൽ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്! അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ! അശുദ്ധാത്മാക്കളോടുപോലും അവൻ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു." (മർക്കോസ് 1:21-28)
വിചിന്തനം
ഗലീലിയിലും സമീപപ്രദേശങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് തന്റെ പരസ്യജീവിതം ആരംഭിച്ച യേശു ആരാണെന്ന് ആ പ്രബോധനങ്ങൾ ശ്രവിച്ച യഹൂദർ അത്ഭുതപ്പെട്ടു.സാധാരണ അവർക്ക് പ്രബോധനങ്ങൾ നൽകുന്ന നിയമജ്ഞരിൽനിന്നും വ്യത്യസ്തമായിരുന്നു യേശുവിന്റെ പ്രഘോഷണങ്ങൾ. മോശയ്ക്ക് ദൈവം നല്കിയ കല്പനകളെ ആധാരമാക്കി എഴുതപ്പെട്ടിരുന്ന നിയമസംഹിതകളുടെ വ്യാഖ്യാനത്തിലൂടെയാണ് നിയമജ്ഞർ പ്രധാനമായും പഠിപ്പിച്ചിരുന്നത്. അതുപോലെതന്നെ, ഒരു പ്രതിനിധിയുടെ അധികാരം ഉപയോഗിച്ചാണ് പ്രവാചകന്മാർ യഹൂദജനത്തോടു സംസാരിച്ചിരുന്നത് - "കർത്താവ് അരുളിച്ചെയ്യുന്നു" എന്ന മുഖവുര അവരുടെ എല്ലാ പ്രബോധനങ്ങളുടെയും ഒരു ഭാഗമായിരുന്നു. എന്നാൽ അധികാരം മാംസരൂപമെടുത്ത യേശുവാകട്ടെ സ്വന്തം വാക്കുകൾ ഉപയോഗിച്ചാണ് പഠിപ്പിച്ചിരുന്നത്; യേശു സംസാരിച്ചപ്പോൾ ദൈവമാണ് സംസാരിച്ചത്. നിർഭാഗ്യവശാൽ, അതു മനസ്സിലാക്കാൻ ദൈവജനത്തിനു കഴിഞ്ഞില്ല.
പക്ഷേ, യേശുവിന്റെ വചനങ്ങൾ ശ്രവിച്ച അശുദ്ധാത്മാക്കൾക്ക് അവിടുന്ന് ആരാണെന്ന് തിരിച്ചറിയുന്ന കാര്യത്തിൽ യാതൊരു തെറ്റും സംഭവിച്ചില്ല. "നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധൻ" എന്ന വാക്കുകളിലൂടെ അശുദ്ധാത്മാവ് നടത്തുന്നത് ഒരു വിശ്വാസ പ്രഖ്യാപനം തന്നെയാണ്. എന്നാൽ യേശു ആരാണെന്ന തിരിച്ചറിവ് ആ അശുദ്ധാത്മാവിന് യാതൊരു ഗുണവും പ്രദാനം ചെയ്യുന്നില്ല. "വിശ്വാസത്തിനു ഒട്ടേറെ ശക്തിയുണ്ട്; പക്ഷേ, സ്നേഹത്തിൽ അധിഷ്ടിതമല്ലാത്ത വിശ്വാസം യാതൊരു പ്രയോജനവും ഉളവാക്കുന്നില്ല. സ്നേഹത്തിന്റെ അഭാവംമൂലം, ക്രിസ്തുവിനെ ഏറ്റുപറഞ്ഞ അശുദ്ധാത്മാവിനു തന്റെ വിശ്വാസത്തിന്റെ ഫലമായി യാതൊന്നും ലഭിച്ചില്ല", എന്ന് വി. ആഗസ്തീനോസ് പറയുന്നു. "സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം" (ഗലാത്തിയാ 5:6). ഭയംകൊണ്ടും, ചില പ്രത്യേക ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായുമൊക്കെ നമ്മൾ പലപ്പോഴും ദൈവത്തിൽ വിശ്വസിക്കാറുണ്ട്. എന്നാൽ, ദൈവത്തിലുള്ള വിശ്വാസം യഥാർത്ഥത്തിലുള്ള ഒന്നാകുന്നത്, ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുഷ്ടാനങ്ങൾകും ഉപരിയായി നമ്മൾ ദൈവത്തെ സ്നേഹിക്കാൻ ശ്രമിക്കുന്പോഴാണ്. അതുപോലെതന്നെ, നമ്മുടെ വിശ്വാസത്തിന്റെ ഫലം നമ്മിൽ മാത്രം പ്രതിഫലിക്കേണ്ടുന്ന ഒന്നല്ല - ദൈവകൃപകൾ നമ്മുടെ ഹൃദയത്തിൽ അണ കെട്ടി നിർത്തുകയല്ല വേണ്ടത്, അതു ജീവജലത്തിന്റെ അരുവികളായി നമ്മുടെ ഹൃദയത്തിൽനിന്നും നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒഴുകണം. നാം മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ വ്യവസ്ഥകളില്ലാത്ത ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ അവർക്ക് സാധിക്കണം.
ദൈവത്തെയും സഹോദരരേയും സ്നേഹിക്കാൻ തടസ്സമായി നമ്മിലുള്ള പാപങ്ങൾ, വഞ്ചന, നിരാശ തുടങ്ങി എല്ലാ അവസ്ഥകളെയും ബഹിഷ്കരിക്കാൻ തക്ക ശക്തി കർത്താവായ യേശുക്രിസ്തുവിന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ട വചനങ്ങൾക്കുണ്ട്. തന്റെ വാക്കുകൾകൊണ്ട് ഹവ്വായെ വശീകരിച്ച് മാനവരാശിയെ പാപത്തിനു അടിമയാക്കിയ പിശാചിനു ലഭിച്ച ഏറ്റവും വലിയ ശിക്ഷയാണ് വാക്കുകളിലൂടെ പ്രഘോഷിക്കപ്പെട്ട ദൈവരാജ്യത്തിന്റെ സുവിശേഷം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന തിരുവചനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച്, വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളരുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
വഴിയും സത്യവും ജീവനുമായ ഈശോയെ, അവിടുത്തെ വചനത്തിനു ചെവിതരാതെ, പാപത്തിനായി ഹൃദയം തുറന്നു നൽകിയ എല്ലാ അവസരങ്ങളെയും പ്രതി ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. വിശ്വസിക്കുന്പോൾ പാപത്തിന്റെ കെട്ടുകൾ അഴിക്കുകയും, പ്രത്യാശിക്കുന്പോൾ മാനസാന്തരത്തിലൂടെ ഒരു പുതുജീവിതത്തിലേക്ക് നയിക്കുകയും, സ്നേഹിക്കുന്പോൾ മുറിവുകളുണക്കി കൃപാമാരി വര്ഷിക്കുകയും ചെയ്യുന്ന അവിടുത്തെ തിരുവചനത്തിനായി എന്റെ ഹൃദയം അടിയറ വയ്ക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ