എല്ലാവരും നിന്നെ അന്വേഷിക്കുന്നു

"അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ അവർ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവൻ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്ക് പോകാം.അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാൻ വന്നിരിക്കുന്നത്. സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവൻ ഗലീലിയിൽ ഉടനീളം സഞ്ചരിച്ചു." (മർക്കോസ് 1:35-39)

വിചിന്തനം
ഒരു കാലിത്തൊഴുത്തിൽ ജനിച്ചുവീണ ഈശോ, ദരിദ്രരായ മാതാപിതാക്കൾക്കൊപ്പം കഠിനാധ്വാനം ചെയ്ത്, ആരാലും അറിയപ്പെടാതെയും, യാതൊരുവിധത്തിലുള്ള പ്രത്യേക പരിഗണനകൾ ലഭിക്കാതെയുമാണ് നസറത്തിൽ വളർന്നുവന്നത്. എന്നാൽ, ഇന്നത്തെ വചന ഭാഗത്ത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈശോയെക്കുറിച്ച്, പത്രോസ് ശ്ലീഹായിലൂടെയും കൂട്ടാളികളിലൂടെയും നമ്മോടു പറയുകയാണ്‌, "എല്ലാവരും നിന്നെ അന്വേഷിക്കുന്നു".ഇന്നത്തെ ലോകത്തിലും, കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങൾക്കുടമയായവർ മുതൽ കരളലിയിക്കുന്ന കഷ്ടതകൾ അനുഭവിക്കുന്നവർ വരെയുള്ള എല്ലാത്തരം മനുഷ്യരെയും സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്തായ ഒരു വചനമാണിത് - നാമെല്ലാവരും, പലപ്പോഴും നമ്മൾപോലും അറിയാതെ, നമ്മുടെ സുഖങ്ങളിലും ദുരിതങ്ങളിലും, സന്തോഷങ്ങളിലും സങ്കടങ്ങളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, പരിത്യാഗത്തിലും ആസക്തികളിലും ദൈവത്തെ തേടുന്നവരാണ്. "ദൈവമേ, അങ്ങേക്കായി അങ്ങു ഞങ്ങളെ സൃഷ്ടിച്ചു, അങ്ങയിൽ എത്തുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമാണ്", എന്ന വി. ആഗസ്തീനോസിന്റെ വാക്കുകൾ അന്വർത്ഥമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ദൈവം ലോകത്തുള്ള സകല മനുഷ്യരെയും, ജാതിമതപ്രായഭേദമന്യേ, തന്റെ അടുക്കലേക്ക് വിളിക്കുന്നുണ്ട്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നമ്മുടെ ഹൃദയത്തിൽ ഇടംതേടി, ഈശോ നിരന്തരം മുട്ടിവിളിക്കുന്നുമുണ്ട്. എന്നാൽ, ഇത് തിരിച്ചറിയാനും ദൈവത്തിന്റെ വിളിയോട് എപ്രകാരം പ്രതികരിക്കണം എന്ന് അറിയാനും കഴിയാതെ ധാരാളംപേർ ദൈവത്തിൽ നിന്നകന്ന് നമ്മുടെ ഇടയിൽ കഴിയുന്നുണ്ട്.

ദൈവത്തെ അന്വേഷിക്കുന്നവർക്കെല്ലാം അവിടുത്തെ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥനയാണ്. ദൈവവുമായി ഒരു വ്യക്തിബന്ധം രൂപപ്പെടുത്തുവാനും നിലനിർത്തുവാനും പ്രാർത്ഥനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. തിരക്കിട്ട ജീവിതത്തിനു നടുവിലും, അതിരാവിലെ ഉണർന്ന്, പ്രാർത്ഥനയിലൂടെ, പിതാവായ ദൈവവുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്ന ഈശോയെതന്നെയാണ് ഇക്കാര്യത്തിലും നമ്മൾ മാതൃകയാക്കേണ്ടതും അനുകരിക്കേണ്ടതും. നമ്മൾ അഭിമുഖീകരിക്കുന്ന അവസ്ഥകളെ നന്നായി മനസ്സിലാക്കുവാനും നമ്മുടെ ഹൃദയത്തിന്റെ സ്വസ്ഥത നശിപ്പിക്കാതെ പ്രശ്നങ്ങളെ തരണം ചെയ്യാനും യേശുവുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെ നമുക്കാവും. ദൈവം സദാ നമ്മോടു കൂടെയുണ്ട്, നമ്മുടെ വിചാരങ്ങളും വികാരങ്ങളും വിഷമങ്ങളും അവിടുന്ന്  അറിയുന്നുമുണ്ട്‌. അവയിലെല്ലാം ഇടപെട്ട് നമ്മെ സഹായിക്കാനും ശരിയായ വഴികളിലൂടെ നമ്മെ നയിക്കാനും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സ്വാതന്ത്ര്യത്തെ വളരെയധികം വിലമതിക്കുന്ന ദൈവം നമ്മൾ അനുവദിക്കാതെ നമ്മുടെ ജീവിതത്തിൽ ഇടപെടുകയില്ല. യേശുവിലൂടെ ദൈവവുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാൻ നമുക്ക് കഴിയുന്പോഴാണ് ദൈവം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നത്.

നന്ദി, സ്തുതി, യാചന തുടങ്ങിയുള്ള നമ്മുടെ അനുദിനപ്രാർത്ഥനകളുടെയെല്ലാം ആത്യന്തിക ലക്ഷ്യം ദൈവവുമായുള്ള ബന്ധത്തിൽ കൂടുതൽ ആഴം കൈവരിക്കുക എന്നതായിരിക്കണം. ഇതിനായി പ്രാർത്ഥനയോടൊപ്പം മനപൂർവം പാപം ചെയ്യാതിരിക്കുവാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. "നിന്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽനിന്നു മറച്ചിരിക്കുന്നു. അതിനാൽ അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കുന്നില്ല" (ഏശയ്യാ 59:2) എന്ന് പ്രവാചകനിലൂടെ ദൈവത്തിന്റെ ആത്മാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവരുടെ കുറവുകളെ അംഗീകരിക്കാൻ ശ്രമിച്ചും, അനാവശ്യ സംസാരങ്ങൾ ഒഴിവാക്കിയും, മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം ഒരുപോലെ നഷ്ടപ്പെടുത്തുന്ന ലഹരിവസ്തുക്കൾ ഒഴിവാക്കിയും എല്ലാം നമുക്ക് ദിവസേന നമ്മൾ ചെയ്യുന്ന നിരവധിയായ പാപങ്ങളിൽനിന്ന് ഒഴിഞ്ഞുനില്ക്കാൻ സാധിക്കും. 

വ്യക്തിപരമായ പ്രാർത്ഥനയുടെ ശക്തി അറിയാവുന്ന പിശാച് നമ്മെ പ്രാർത്ഥിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പല അടവുകളും എടുക്കാറുണ്ട്. നമ്മുടെ പ്രാർത്ഥനകൊണ്ട് യാതൊരു ഫലവുമില്ല എന്ന ചിന്തയാണ് ഇതിൽ പ്രധാനമായുള്ളത്. എല്ലാ പ്രാർത്ഥനകളും ഫലദായകം ആണെന്ന ഉത്തമബോധ്യത്തോടെ, നമ്മെ പ്രാർത്ഥനയിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ അവസ്ഥകളെയും ചെറുത്തു നില്ക്കാൻ നമുക്കാവണം. പ്രാർത്ഥിക്കുന്നതിനെതിരായി ഒരു നൂറുകൂട്ടം ഒഴികഴിവുകൾ നൽകാൻ നമ്മുടെ യുക്തിക്ക് സാധിക്കും. ശാരീരികവും മാനസികവുമായി എത്രയൊക്കെ നിരുത്സാഹപ്പെടുത്തലുകൾ ഉണ്ടായാലും, നമ്മുടെ ജീവിതത്തിന്റെ പ്രധാന അവലംബമാണ് പ്രാർത്ഥനയെന്ന തിരിച്ചറിവോടെ, ദൈവത്തിനു മുന്പാകെ നമുക്ക് പ്രാർത്ഥനാപൂർവം ഹൃദയം തുറക്കാം.

പിതാവായ ദൈവവുമായുള്ള സ്വകാര്യ നിമിഷങ്ങൾ വളരെയധികം വിലമതിച്ചിരുന്ന കർത്താവായ യേശുവേ, പ്രാർത്ഥനക്കായി ഞങ്ങൾ മാറ്റിവയ്ക്കുന്ന സമയം ജനങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളാക്കി മാറ്റേണമേ. അങ്ങയോടൊപ്പമുള്ള സ്നേഹസംഭാഷണങ്ങളിലൂടെ പിതാവായ ദൈവത്തിന്റെ സ്നേഹവും, പുത്രനായ ദൈവത്തിന്റെ കൃപയും, പരിശുദ്ധാത്മാവിന്റെ സഹവാസവും, എന്റെ ജീവിതത്തിൽ ധാരാളമായി നൽകി എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്