തളർവാതരോഗിയുടെ സുഹൃത്തുക്കൾ

"കുറെദിവസങ്ങൾ കഴിഞ്ഞ്, യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ട് എന്ന വാർത്ത‍ പ്രചരിച്ചു. വാതിൽക്കൽപോലും നിൽക്കാൻ സ്ഥലം തികയാത്തവിധം നിരവധി ആളുകൾ അവിടെക്കൂടി. അവൻ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോൾ, നാലുപേർ ഒരു തളർവാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസംകണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു." (മർക്കോസ് 2:1-5)

വിചിന്തനം 
സ്വയം യേശുവിന്റെ അടുത്തെത്താൻ കഴിയാത്ത ഒരു സുഹൃത്തിനെ അസാധാരണമായ പ്രവർത്തികളിലൂടെ അവിടുത്തെ മുന്പിൽ എത്തിക്കുന്ന നാലുപേരുടെ വിശ്വാസമാണ് ഇന്നത്തെ വചനഭാഗത്തിന്റെ കേന്ദ്രബിന്ദു. ശാരീരിക വൈകല്യം മൂലം സ്വയം ഈശോയെ സമീപിക്കാൻ സാധിക്കാതിരുന്ന ആ തളർവാതരോഗിയുടെ അവസ്ഥയെ, നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ പലരുടെയും ജീവിതാവസ്ഥയുമായി പലപ്പോഴും തുലനം ചെയ്യാൻ സാധിക്കും. ആത്മാവിന്റെ വൈകല്യങ്ങളായ പാപങ്ങളും മനസ്സിന്റെ വൈകല്യമായ അജ്ഞതയും ഒട്ടേറെപ്പേർക്കു ദൈവത്തെ സമീപിക്കുന്നതിനു തടസ്സമായി നിൽക്കാറുണ്ട്. നമ്മുടെ അനുദിനജീവിതത്തിൽ നമ്മോടു ഇടപഴകുന്ന നിരവധിപേർ - ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ - ചില വൈകല്യങ്ങൾമൂലം കർത്താവിന്റെ സമീപത്തെത്താൻ സാധിക്കാത്തവരായിരിക്കാം. അവരുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ്, അവരെ യേശുവിന്റെ പക്കൽ എത്തിക്കുന്ന ഉപകരണങ്ങളായി മാറാൻ നമുക്കാവുന്നുണ്ടോ?

നിരവധിയായ കുറ്റങ്ങളും കുറവുകളും ഉള്ള വ്യക്തികളുമായുള്ള കണ്ടുമുട്ടലിന് പലപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ വഴിയൊരുക്കാറുണ്ട്. അവരുടെ പ്രവർത്തികൾ ചിലപ്പോഴൊക്കെ നമുക്ക് അരോചകമായി അനുഭവപ്പെടാറുമുണ്ട്. അതുമൂലം, അവരോടൊത്തു ചിലവഴിക്കേണ്ട സമയങ്ങളെ നമ്മൾ പലപ്പോഴും വെറുക്കാറുണ്ട്. എന്നാൽ, കാരുണ്യവാനായ ദൈവം ആ വ്യക്തികളെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി അയച്ചിരിക്കുന്നത്, ദൈവത്തിലേക്ക് സ്വയം തിരിയാൻ കഴിയാത്ത അവർക്ക് അതിനായി നമ്മുടെ ആവശ്യം ഉള്ളതുകൊണ്ടാണെന്നു നമ്മൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. മാത്രവുമല്ല, മറ്റുള്ളവരെ ദൈവത്തിലേക്ക് കൈപിടിച്ചു നടത്തുന്നവരായി നമ്മൾ മാറണമെങ്കിൽ നിരവധിയായ പുണ്യങ്ങൾ നാം സ്വയം അഭ്യസിക്കേണ്ടതായിട്ടുമുണ്ട്. ഇന്നത്തെ വചനഭാഗത്ത്‌ കണ്ടുമുട്ടുന്ന ആ നാലുപേരിൽ വളരെപ്പെട്ടെന്ന് ദർശിക്കാൻ സാധിക്കുന്ന ഒരു പുണ്യമാണ് അവരുടെ വിശ്വാസം. യേശുവിന്റെ പ്രവർത്തികളെക്കുറിച്ച് കേട്ടറിഞ്ഞ അവർ, തളർവാതം പിടിപെട്ട തങ്ങളുടെ സുഹൃത്തിനു സൌഖ്യം നൽകാൻ യേശുവിനാകും എന്ന ശക്തമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും, പരാജയം സമ്മതിക്കാതെ, എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചായാലും ദൈവത്തിന്റെ അടുത്തെത്താനുള്ള ഉത്സാഹവും ആത്മശക്തിയും അവരിൽ പ്രകടമായിരുന്നു. ഒപ്പം, ദൈവത്തിനടുത്തു എത്താനുള്ള തങ്ങളുടെ പരിശ്രമങ്ങളെ മറ്റുള്ളവർ എങ്ങിനെ കാണുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമല്ലായിരുന്നു. 

മറ്റുള്ളവർ നമ്മെക്കുറിച്ച് എന്തു വിചാരിക്കും എന്ന സന്ദേഹം ദൈവഹിതം അറിഞ്ഞ്, അതനുസരിച്ച് ജീവിക്കാൻ വലിയ ഒരു തടസ്സമായി മാറാറുണ്ട്. എതിർപ്പുകളും പരിഹാസവും തിരസ്കരണവും ഭയന്ന് ദൈവത്തിലുള്ള വിശ്വാസത്തെ ഒളിപ്പിച്ചു വയ്ക്കാനുള്ള ശ്രമങ്ങൾ നമ്മൾ പലപ്പോഴും നടത്താറുമുണ്ട്. ഇതിന്റെ ഫലമായി, ദൈവം നമ്മിലേക്ക്‌ ചൊരിയുന്ന നിരവധിയായ കൃപകൾ നമ്മിൽ വേരുപ്രാപിച്ച് നമ്മുടെ ചുറ്റുമുള്ളവർക്ക് താങ്ങും തണലുമാകുന്നതിൽ പരാജയപ്പെടുന്നു. മറ്റുള്ളവരെ ദൈവത്തിലേക്ക് ആനയിക്കാൻ നാം നഷ്ടപ്പെടുത്തുന്നതൊന്നും ഒരു നഷ്ടമായി പരിഗണിക്കേണ്ട ആവശ്യമില്ല, കാരണം, ഒരു വ്യക്തിയെ ദൈവത്തിന്റെ സന്നിധിയിൽ കൊണ്ടുവരാനുള്ള അവസരം പാഴാക്കിക്കളയുന്നതിലും ഉപരിയായ യാതൊരു നഷ്ടവും ഈ ലോകത്തിലില്ല. ദൈവത്തോടൊപ്പം ആയിരിക്കുക എന്നതിലും വലുതായ യാതൊരു ആവശ്യവും ആരുടേയും ജീവിതത്തിലില്ല. ദൈവത്തിൽനിന്നും അകന്നു ജീവിക്കുന്ന ഒരു വ്യക്തിക്ക്, ദൈവമുമായി അനുരഞ്ജനത്തിനു വഴി തുറന്നുകൊടുക്കുക എന്നതിനേക്കാൾ വലിയ ഒരു സഹായം ചെയ്തുകൊടുക്കാൻ നമുക്കാവുകയുമില്ല. ദൈവത്തിൽ അടിയുറച്ച വിശ്വാസത്തോടുകൂടിയുള്ള ജീവിതം നയിക്കുക വഴി, നമ്മുടെ ചുറ്റുമുള്ളവരിൽ വിശ്വാസത്തിന്റെ വിത്തുവിതക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

എന്റെ പാപങ്ങൾ ക്ഷമിച്ച്‌, ശരീരത്തിന്റെ മുറിവുകൾ ഉണക്കുകയും മനസ്സിന്റെ ബലഹീനതകൾ അകറ്റുകയും ചെയ്യുന്ന കാരുണ്യവാനായ യേശുവേ, അങ്ങയുടെ സ്നേഹം എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ച്, ദുർബലമായ എന്റെ വിശ്വാസത്തെയും, വ്രണിതമായ എന്റെ പ്രത്യാശയെയും, നിർജ്ജീവമായ എന്നിലെ സ്നേഹത്തെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ. അതുവഴി, മറ്റുള്ളവരെ അങ്ങയിലേക്ക് നയിക്കുന്ന ഒരു എളിയ ഉപകരണമായി ഞാൻ രൂപാന്തരപ്പെടട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!