പൊന്നും കുന്തുരുക്കവും മീറയും
"അവർ ഭവനത്തിൽ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുന്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ച്ചയർപ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി." (മത്തായി 2:11-12)
വിചിന്തനം
പൌരസ്ത്യ ദേശത്തുനിന്നും എത്തിയ ജ്ഞാനികൾ, ക്ലേശകരമായ ഒരു യാത്രക്ക് ശേഷം, മനുഷ്യകുലത്തിനു മുഴുവൻ രക്ഷ നല്കുന്നതിനായി പിറന്ന രക്ഷകനായ ദൈവത്തെ കണ്ടെത്തുന്നത് ഒരു പുൽക്കുടിലിലാണ്! എന്നാൽ, പരിസരത്തിന്റെ പോരായ്മകളോ അവിടെ സന്നിഹിതരായിരുന്നവരുടെ രൂപഭാവങ്ങളോ അവരെ നിരാശരാക്കുന്നില്ല. തങ്ങളുടെ യാത്ര ഫലദായകമായി എന്നു തിരിച്ചറിഞ്ഞ അവർ, മറ്റൊന്നും ശ്രദ്ധിക്കാതെ, അത്യധികം ആനന്ദത്തോടെ രക്ഷകനായ ദൈവത്തെ കുന്പിട്ട് ആരാധിക്കുകയാണ് ചെയ്തത്. സർവ മഹത്വത്തിന്റെയും ഉടയവനായ ദൈവം പലപ്പോഴും നമുക്ക് മുന്പിലും പ്രത്യക്ഷപ്പെടുന്നത്, നമ്മുടെ സങ്കൽപ്പങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായ ചുറ്റുപാടുകളിലായിരിക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായല്ലാതെ ദൈവത്തെ കണ്ടുമുട്ടുന്പോൾ അംഗീകരിക്കാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ടോ? വെറുമൊരു അപ്പത്തിന്റെ രൂപത്തിൽ വിശുദ്ധ കുർബാനയിൽ യേശു സന്നിഹിതനാകുന്പോൾ, രണ്ടായിരം വർഷം മുന്പ് ജ്ഞാനികൾ കണ്ടു സന്തോഷിച്ച രക്ഷകനായ ദൈവമാണ് നമ്മുടെ മുൻപിലെന്ന തിരിച്ചറിവോടെ കുന്പിട്ടാരാധിക്കാൻ നമുക്കാവുന്നുണ്ടോ?
ദിവ്യശിശുവിനെ കണ്ടെത്തി ആരാധിക്കുന്നതിനോടൊപ്പം തങ്ങൾക്കു സ്വന്തമായുണ്ടായിരുന്ന അമൂല്യവസ്തുക്കൾ കാഴ്ചയായി നല്കാനും അവർ മടിക്കുന്നില്ല. രാജകീയതയുടെ അടയാളമാണ് പൊന്ന്. ഈശോയെ നമ്മുടെ ജീവിതത്തിന്റെ രാജാവായി വാഴിക്കുന്നതിനു പൊന്നുകൊണ്ടുള്ള ഒരു കാഴ്ച്ചയർപ്പണം അനിവാര്യമാണ്! സന്പത്തിലും സ്ഥാനമാനങ്ങളിലും ഹൃദയത്തെ തളച്ചിടാതെ, അവയെ ദൈവത്തിന്റെ ദാനമായി സ്വീകരിച്ച്, നമുക്കും മറ്റുള്ളവർക്കും പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കുന്ന ഏതൊരാളും ഈശോയ്ക്ക് ഹൃദയത്തിൽ പ്രഥമ സ്ഥാനം നൽകുന്നു, രാജാവായി വാഴിക്കുന്നു.
രണ്ടാമതായി ജ്ഞാനികൾ കാഴ്ചവച്ചത് കുന്തുരുക്കമാണ്. കുന്തുരുക്കത്തിന്റെ പരിമളം പ്രത്യാശയെ പ്രതിനിധീകരിക്കുന്നു. "ക്രിസ്തുവിന്റെ പരിമളം" (2 കോറിന്തോസ് 2:15) ലോകമെങ്ങും പരത്തേണ്ടവരാണ് ക്രിസ്തുശിഷ്യർ. സത്യവും നീതിയും വിശ്വസ്തതയും സഹാനുഭൂതിയും നിറഞ്ഞ നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമ്മുടെ കർത്താവിന്റെ പരിമളം ലോകത്തിൽ പരത്തുന്നവർ, അവിടുത്തെ സന്നിധിയിൽ കുന്തുരുക്കം കാഴ്ച വയ്ക്കുന്നു.
അവസാനമായി ജ്ഞാനികൾ കാഴ്ചവച്ച മീറ ത്യാഗത്തിന്റെയും സഹനങ്ങളുടെയും പ്രതീകമാണ്. കുരിശിൽകിടന്നു പിടഞ്ഞ യേശുവിന് പാനീയമായി നല്കിയത് മീറ കലർത്തിയ വീഞ്ഞാണ് (cf. മർക്കോസ് 15:23). മീറയും ചെന്നിനായകവും ചേർത്ത സുഗന്ധദ്രവ്യത്തിൽ പൊതിഞ്ഞാണ് യേശുവിന്റെ ശരീരം സംസ്കരിച്ചത് (cf. യോഹന്നാൻ 19:39). യേശുവിന്റെ പീഡാസഹനവും പരിത്യാഗവും സ്നേഹത്തിൽ അധിഷ്ടിതമായിരുന്നു. മറ്റുള്ളവരോടുള്ള സ്നേഹത്തെപ്രതി നമ്മൾ ചെയ്യുന്ന ഏറ്റവും നിസ്സാരമായ ത്യാഗങ്ങളിലൂടെ പോലും യേശുവിന്റെ സന്നിധിയിൽ മീറ കാഴ്ചയായി അർപ്പിക്കാൻ നമുക്കാവും. ആർഭാടങ്ങൾ ഒഴിവാക്കിയും, ശല്യപ്പെടുത്തുന്നവരോട് സംയമനത്തോടെ പെരുമാറിയും, ആത്മീയ നന്മയ്ക്ക് ഉപകരിക്കാത്ത ശീലങ്ങൾ വേണ്ടെന്നുവച്ചും, മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ താല്പര്യമെടുത്തുമെല്ലാം കർത്താവിന്റെ സഹനത്തിൽ പങ്കാളികളാകാൻ നമുക്ക് സാധിക്കും.
ദൈവത്തിനായി നമ്മൾ സ്വരുക്കൂട്ടുന്ന കാഴ്ചവസ്തുക്കൾ എല്ലാ ദിവസവും അവിടുത്തെ സന്നിധിയിൽ അർപ്പിക്കാനുള്ള അവസരം നമുക്ക് വിശുദ്ധ കുർബാനയിലൂടെ ലഭ്യമാണ്. പുരോഹിതൻ ബലിയർപ്പിക്കുന്ന വേളയിൽ, ആ ബലിവേദിയിൽ, ദൈവത്തെ സ്നേഹിക്കുന്നതിലൂടെയും സഹോദരർക്ക് സേവനം ചെയ്യുന്നതിലൂടെയും നമ്മൾ നേടിയെടുത്ത പുണ്യങ്ങൾ കാഴ്ചയായി സമർപ്പിക്കാൻ നമുക്കാവണം - അത് സന്തോഷപൂർവം സ്വീകരിക്കാൻ ഈശോ അവിടെ സന്നിഹിതനാണ്.
കർത്താവായ യേശുവേ, എനിക്കുള്ളതെല്ലാം അവിടുത്തെ ദാനമാണ്. അത് തിരിച്ചറിയാതെ എനിക്കുള്ളവയെക്കുറിച്ച് അഹങ്കരിക്കുന്ന എന്നിലെ പാപപ്രകൃതിയെപ്രതി ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. സ്നേഹത്തിലൂടെയും സേവനത്തിലൂടെയും മറ്റുള്ളവർക്ക് നന്മ ചെയ്ത്, എന്നെ മുഴുവനായും അങ്ങയുടെ സന്നിധിയിൽ കാഴ്ചയായി അർപ്പിക്കാൻ എന്നിലെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.
(കടപ്പാട്: St. Josemaria Escriva എഴുതിയ Christ is passing by)
(കടപ്പാട്: St. Josemaria Escriva എഴുതിയ Christ is passing by)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ