അവൻ പറയുന്നതു ചെയ്യുവിൻ
"മൂന്നാം ദിവസം, ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവർക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാകരോടു പറഞ്ഞു: അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ. യഹൂദരുടെ ശുദ്ധീകരണകർമ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കൽഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ എന്ന് യേശു അവരോടു കല്പിച്ചു. അവർ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകർന്നു കലവറക്കാരന്റെ അടുത്ത് കൊണ്ടുചെല്ലുവിൻ എന്ന് അവൻ പറഞ്ഞു. അവർ അപ്രകാരം ചെയ്തു. കലവറക്കാരൻ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവൻ അറിഞ്ഞില്ല. എന്നാൽ, വെള്ളം കോരിയ പരിചാരകർ അറിഞ്ഞിരുന്നു. അവൻ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളന്പുന്നു, അതിഥികൾക്കു ലഹരി പിടിച്ചു കഴിയുന്പോൾ താഴ്ന്ന തരവും. എന്നാൽ, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു. ഇതിനുശേഷം, അവന്റെ തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടും കൂടി കഫർണാമിലേക്ക് പോയി. അവർ അവിടെ ഏതാനും ദിവസം താമസിച്ചു." (യോഹന്നാൻ 2:1-12)
വിചിന്തനം
യേശുവിന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ നടക്കുന്ന വെള്ളം വീഞ്ഞാക്കുന്ന അത്ഭുതം സംഭവിക്കാൻ കാരണമായത്, "അവർക്ക് വീഞ്ഞില്ല" എന്ന യേശുവിന്റെ അമ്മയുടെ വാക്കുകളാണ്. വീഞ്ഞു തീർന്നുപോയി എന്ന സങ്കടവുമായി ആരും പരിശുദ്ധ അമ്മയെ സമീപിച്ചതായി നാം എവിടെയും കാണുന്നില്ല, കാരണം, ആ അമ്മയുടെ മകന്റെ അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ച് ലോകത്തിനു അപ്പോൾ അറിവുണ്ടായിരുന്നില്ല. എങ്കിലും, ആ കുടുംബത്തിന്റെ അവസ്ഥ ഗ്രഹിച്ച അമ്മ, മറ്റാരും പറയാതെതന്നെ, ദൈവമായ തന്റെ മകന്റെ പക്കൽ സഹായം അപേക്ഷിച്ചു വരികയാണ്. പരിശുദ്ധ അമ്മ ഈശോയോട് എന്തെങ്കിലും ആവശ്യപ്പെടുന്നതായി ബൈബിളിൽ കാണുന്ന ഏക അവസരവും ഇതുതന്നെയാണ്. തനിക്കുവേണ്ടി യാതൊന്നും ചോദിക്കാത്ത അമ്മ, മറ്റുള്ളവരുടെ വേദനയിൽ മനസ്സലിഞ്ഞ് അവർക്കുവേണ്ടി തന്റെ പുത്രന്റെ സന്നിധിയിൽ മാധ്യസ്ഥം അപേക്ഷിച്ചു. അത്ഭുതങ്ങളിലൂടെ സ്വയം ലോകത്തിനുമുന്പിൽ വെളിപ്പെടുത്തേണ്ട സമയം ആയില്ലെന്നറിയാമായിരുന്നിട്ടും ഈശോയ്ക്ക് തന്റെ അമ്മയുടെ അപേക്ഷ നിരസിക്കാൻ സാധിച്ചില്ല.
പരിശുദ്ധ അമ്മയുടെ സാന്നിധ്യമുണ്ടായിരുന്ന കാനായിലെ ആ വീട്ടിലെ ഒരു ആവശ്യം തന്റെ സ്വന്തം ആവശ്യമായിക്കണ്ട്, അവർ ചോദിക്കാതെതന്നെ, അമ്മ നടത്തിക്കൊടുത്തു. ഇന്ന് നമ്മുടെ ഭവനങ്ങളിൽ പരിശുദ്ധ അമ്മയ്ക്ക് സ്ഥലം നൽകാനായാൽ, നമ്മുടെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ഇതുതന്നെ സംഭവിക്കും. തന്നോട് ചോദിക്കാത്തവർക്കുവേണ്ടി പുത്രന്റെ സന്നിധിയിൽ പ്രാർത്ഥനയുമായി ചെന്ന ആ അമ്മ, തന്നോടു ചോദിക്കുന്നവർക്കുവേണ്ടി ഈശോയിൽനിന്ന് എത്രയധികം അനുഗ്രഹങ്ങൾ വാങ്ങിത്തരാതിരിക്കുകയില്ല, എന്ന് വിശുദ്ധ അൽഫോൻസ് ലിഗോരി ചോദിക്കുന്നു. മിശിഹായുടെ രക്ഷാകരകർമ്മത്തിൽ ഒരു വീട്ടിലെ വീഞ്ഞു തീർന്നുപോയി എന്ന വസ്തുത വളരെ നിസ്സാരമായ ഒന്നാണ്. എങ്കിലും, തീർന്നുപോയ വീഞ്ഞ് മനുഷ്യന്റെ ഒരു ആവശ്യത്തെ സൂചിപ്പിക്കുന്നു. ഇതുപോലെ, മനുഷ്യന്റെ അനുദിന ജീവിതത്തിലെ നിരവധിയായ ആവശ്യങ്ങൾ പലപ്പോഴും ദൈവഹിതവുമായി ബന്ധിപ്പിക്കാൻ ഒരു മദ്ധ്യസ്ഥന്റെ ആവശ്യമുണ്ട്. തന്റെ ആത്മീയസുതരുടെ ആവശ്യങ്ങൾക്കുവേണ്ടി പരിശുദ്ധ കന്യാമറിയം തന്റെ തിരുസുതന്റെ അടുത്ത് നിത്യസഹായം തേടുന്നു. എന്നിട്ട്, "അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുവിൻ" എന്ന വാക്കുകളോടെ ദൈവകൃപകൾക്കായി ഹൃദയം തുറക്കാൻ ഒരമ്മയുടെ അവകാശത്തോടെ നമ്മോട് ആവശ്യപ്പെടുന്നു.
"അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ" എന്ന വാക്കുകൾക്ക് ശേഷം പരിശുദ്ധ അമ്മ ബൈബിളിൽ വേറൊരു വാക്കുപോലും സംസാരിക്കുന്നില്ല. ഇതിലും വലിയൊരു ഉപദേശം തന്റെ മക്കൾക്കായി ഒരമ്മയ്ക്കും നൽകാൻ സാധിക്കുകയുമില്ല. കൽഭരണികളിൽ വെള്ളം കോരി നിറയ്ക്കാൻ ഈശോ ആവശ്യപ്പെട്ടപ്പോൾ ഉത്സാഹത്തോടെ അതനുസരിച്ച പരിചാകരകർ ഈ അത്ഭുതത്തിന്റെ വലിയൊരു ഭാഗം തന്നെയാണ്. "അവർ അവയെല്ലാം വക്കോളം നിറച്ചു" എന്ന് സുവിശേഷകൻ എടുത്തുപറയുന്നുണ്ട്. മടിയും അക്ഷമയുംമൂലം, പലപ്പോഴും നമ്മുടെ ജീവിതമാകുന്ന കൽഭരണികൾ നിറയ്ക്കാൻ നമുക്ക് കഴിയാതെ പോകാറുണ്ട്. അല്ലങ്കിൽ, ദൈവത്തിൽനിന്നകന്നുള്ള ഒരു ജീവിതശൈലിയിലൂടെ നമ്മുടെ ജീവിതം നിറയ്ക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. സാധാരണ സംഭവങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്ന നമ്മുടെ ജീവിതങ്ങൾ അനന്യസാധാരണമാകുന്നത് യേശുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്പോഴാണ്. നമ്മുടെ ജീവിതത്തിൽ യാതൊരു അർത്ഥവുമില്ലെന്നു കരുതി അവഗണിക്കുന്ന സംഭവങ്ങൾക്കും, അനാവശ്യമെന്നു കരുതി നമ്മൾ വിഷണ്ണരാകുന്ന സഹനങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഭാവവും ഫലവും ഉണ്ടാക്കാൻ യേശുവിനാകും. സാധാരണമായ നമ്മുടെ ജീവിതങ്ങളെ അനിതരസധാരണമാക്കുന്ന ദൈവകൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുക്രിസ്തുവിലൂടെ സ്വർഗ്ഗീയമഹത്വം ലോകത്തിനു വെളിപ്പെടുത്തിത്തന്ന സ്നേഹപിതാവേ, ഒഴിഞ്ഞ കൽഭരണിപോലെ ശൂന്യമായ എന്റെ ജീവിതത്തെ അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് മേൽത്തരം വീഞ്ഞിനു സദൃശ്യമാക്കണമേ. അവിടുത്തെ കൃപകളാൽ നിറഞ്ഞ്, ദൈവമഹത്വം ലോകത്തിനു വെളിപ്പെടുത്തുന്ന ഒരു എളിയ സാക്ഷ്യമായി എന്നെ മാറ്റേണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ