അങ്ങനെയെങ്കിൽ നീ ആരാണ്?

"നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുസലേമിൽനിന്ന് പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാൻ ക്രിസ്തുവല്ല, അവൻ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു. അവർ ചോദിച്ചു: എങ്കിൽപ്പിന്നെ നീ ആരാണ്? എലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു: എങ്കിൽ, നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി. അവർ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കിൽ നീ ആരാണ്? ഞങ്ങളെ അയച്ചവർക്ക് ഞങ്ങൾ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തുപറയുന്നു? അവൻ പറഞ്ഞു: ഏശയ്യാ ദീർഘദർശി പ്രവചിച്ചതുപോലെ, കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണ് ഞാൻ. ഫരിസേയരാണ് അവരെ അയച്ചത്. അവർ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ എലിയായോ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനം നൽകാൻ കാരണമെന്ത്? യോഹന്നാൻ പറഞ്ഞു: ഞാൻ ജലംകൊണ്ടു സ്നാനം നല്കുന്നു. എന്നാൽ, നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മദ്ധ്യേ നിൽപുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല. യോഹന്നാൻ സ്നാനം നല്കികൊണ്ടിരുന്ന ജോർദ്ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്." (യോഹന്നാൻ 1:19-28)

വിചിന്തനം 
ഒട്ടേറെ പുതിയ സാധ്യതകൾ തുറന്നു തരുന്ന ഒരു പുതിയ വർഷത്തെ വരവേൽക്കുന്ന വേളയിൽ ധാരാളം നന്മ നിറഞ്ഞ അഭിവാദനങ്ങൾ  നമുക്ക് ലഭിക്കാറുണ്ട്. അവയിലൂടെയെല്ലാം നാമും മറ്റുള്ളവരും ആഗ്രഹിക്കുന്നത് വരാനിരിക്കുന്ന ദിവസങ്ങൾ കഴിഞ്ഞുപോയവയെക്കാൾ സന്തോഷകരമായിത്തീരട്ടെ എന്നാണ്. എന്നാൽ, എന്താണ് ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ഫലദായകവും സന്തോഷപ്രദവും ആക്കി മാറ്റുന്നത്? നല്ല ആരോഗ്യവും സാന്പത്തിക സ്ഥിതിയും മനസ്സിനിണങ്ങിയ സുഹൃത്തുക്കളും സ്നേഹത്താൽ വീർപ്പുമുട്ടിക്കുന്ന കുടുംബാംഗങ്ങളും എല്ലാം നമ്മുടെ ദിവസങ്ങളെ സന്തോഷ പൂരിതമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഒരു ക്രൈസ്തവൻ ഒരു പുതിയ വർഷം സ്വാഗതം ചെയ്തുകൊണ്ട് ഒരു നല്ല ജീവിതത്തിനായുള്ള തീരുമാനങ്ങൾ എടുക്കുന്പോൾ, അത് കേവലം ഭൌതീകമായ തീരുമാനങ്ങൾ മാത്രം ആയിരിക്കരുത്. കഴിഞ്ഞുപോയ കാലത്തേക്കാൾ, നമ്മുടെ വർത്തമാന ജീവിതംകൊണ്ട് ദൈവത്തെ ഒരല്പംകൂടി കൂടുതൽ സ്നേഹിക്കാൻ കഴിയുന്പോഴും, നമ്മുടെ സഹോദരരെ ഒരല്പംകൂടി കൂടുതൽ സഹായിക്കാൻ കഴിയുകയും ചെയ്യുന്പോഴാണ് ഒരു ക്രിസ്തു ശിഷ്യന്റെ ദിവസം ഫലദായകവും സന്തോഷപ്രദവും ആയി മാറുന്നത്. ഇതിനു നമ്മെ സഹായിക്കുന്ന രണ്ടു കാര്യങ്ങൾ ഇന്നത്തെ വചനഭാഗത്തിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരുന്നുണ്ട്.

ഒന്നാമതായി, ഓരോ തവണയും നമ്മുടെ മുന്പിലെത്തുന്ന വ്യക്തികളെ നോക്കി നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്, "നീ ആരാണ്?". സ്നാപകയോഹന്നാൻ ആരെന്നു മനസ്സിലാക്കാൻ സാധിക്കാതിരുന്ന യഹൂദപ്രമാണികളുടെ ഈ ചോദ്യം, നമ്മുടെ മുന്പിൽ വിവിധ കാരണങ്ങൾകൊണ്ട് എത്തപ്പെടുന്ന എല്ലാവരോടും - പരിചിതരോടും അപരിചിതരോടും, ബന്ധുക്കളോടും മിത്രങ്ങളോടും - നാം നിരന്തരം മനസ്സിൽ ചോദിക്കേണ്ട ഒന്നാണ്. കോടാനുകോടി ജനങ്ങൾ പാർക്കുന്ന ഈ ലോകത്ത്, ആയിരങ്ങൾ നമ്മുടെ കണ്‍മുന്നിലൂടെ എല്ലാ ദിവസവും കടന്നുപോകുന്നു; എന്നാൽ, എന്തുകൊണ്ടാണ് ചില മുഖങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നുപോകാതെ, നമുക്കുവേണ്ടി കാത്തുനിൽക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം മിക്ക അവസരങ്ങളിലും നമ്മെ കൊണ്ടെത്തിക്കുന്നത്, അവർമൂലം നമുക്ക് ലഭിക്കുന്ന എന്തെകിലും സഹായങ്ങളിലേക്കും സന്തോഷങ്ങളിലേക്കും സൌകര്യങ്ങളിലേക്കും ഒക്കെ ആയിരിക്കും. അല്ലെങ്കിൽ, അവർമൂലം നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളിലേക്ക്  ആയിരിക്കാം. വ്യക്തിഗത നേട്ടങ്ങളിലും സന്തോഷങ്ങളിലും വിശ്വസിക്കുന്ന നമ്മുടെ ലോകം, നമ്മിലെ സ്വാർത്ഥതയെ പ്രോത്സാഹിപ്പിക്കുന്ന അവസരങ്ങളിലെല്ലാം, നമ്മുടെ മുന്പിൽ വിവിധ സാഹചര്യങ്ങളിൽ എത്തപ്പെടുന്ന വ്യക്തികളെ നമുക്ക് സൌകര്യവും അസൌകര്യവും ഉളവാക്കുന്ന വസ്തുക്കളായി കാണാനുള്ള ത്വര നമ്മിൽ ഉടലെടുക്കാറുണ്ട്. എന്നാൽ, "നീ ആരാണ്?" എന്ന ചോദ്യം നമ്മുടെ മുന്പിൽ നിൽക്കുന്നത് ഒരു വസ്തുവല്ല, വ്യക്തിയാണ് എന്ന ബോധ്യം നമുക്ക് ലഭിക്കാൻ സഹായകമാകുന്നു. ദൈവം തന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കുകയും, സ്നേഹത്തിന്റെ കല്പനയാൽ നമ്മോട് ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്ന നമ്മുടെ അയല്ക്കാരനെയും അയൽക്കാരിയെയുമാണ് വിവിധ വേഷങ്ങളിലും വിവിധ അവസ്ഥകളിലും ഓരോ ദിവസവും ദൈവം നമ്മുടെ മുന്നിലേക്ക് അയക്കുന്നത്. ഈ പുതുവർഷത്തിൽ, മറ്റുള്ളവരുമായി ഇടപഴകുന്ന അവരങ്ങളിലെല്ലാം നമുക്ക് സ്വയം ചോദിക്കാം: "നീ ആരാണ്?"; "എനിക്ക് നിനക്കായി ഇന്ന് എന്താണ് ചെയ്യാൻ സാധിക്കുക?" 

രണ്ടാമതായി, മറ്റുള്ളവരെക്കുറിച്ച് ശരിയായ അവബോധം രൂപപ്പെടുത്തുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ്, നാമാരാണെന്നുള്ള തിരിച്ചറിവ്. സ്നാപകയോഹന്നാനോട് പുരോഹിതരും ലേവ്യരും ചോദിച്ചു, "നിന്നെക്കുറിച്ചുതന്നെ നീ എന്തുപറയുന്നു?". നാമാരാണെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല - നാമെന്തൊക്കെ അല്ലാത്തതായുണ്ടോ അവയെക്കരുതി വ്യസനിക്കുകയും, നാമെന്തൊക്കെ ആകണമെന്നു ആഗ്രഹിക്കുന്നുവോ അവയെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നതിന്റെ ഇടയിൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അറിയാൻ നാം ബുദ്ധിമുട്ടാറില്ല. താനാരാണെന്ന് വ്യക്തമായ അവബോധം ഉണ്ടായിരുന്ന സ്നാപകൻ താൻ ക്രിസ്തുവല്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. എന്നാൽ, ആ ചോദ്യത്തിനുമുന്പിൽ പകച്ചു നിൽക്കുന്ന നാമാകട്ടെ, അർഹതയില്ലാത്ത പ്രശംസകൾ ലഭിക്കുന്പോൾ, നമുക്കതിനു യോഗ്യത ഇല്ലെന്നു തുറന്നു പറയാൻ മടികാട്ടുന്നവരാണ്; മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്പോഴും തെറ്റായി കുറ്റം വിധിക്കുന്പോഴും സമചിത്തത പാലിക്കാൻ കഴിയാതെ പോകുന്നവരാണ്. കിട്ടാത്തതിന്റെയും നഷ്ടമായവയുടെയും കണക്കെടുക്കുന്പോൾ, ദൈവം നമുക്ക് ദാനമായി തന്ന നിരവധിയായ അനുഗ്രഹങ്ങൾ കാണാൻ കഴിയാതെ പോകുന്നു. നമ്മുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും നാം നമ്മോടുതന്നെ ചോദിക്കണം: ഞാൻ ആരാണ്? ദൈവം കരുണ കാട്ടിയപ്പോൾ, യോഗ്യതയുള്ളതിലധികം അനുഗ്രഹങ്ങൾ ലഭിക്കുകയും, അർഹിക്കുന്ന ശിക്ഷകൾ മുഴുവനും ലഭിക്കാതിരിക്കുകയും ചെയ്ത ദൈവത്തിന്റെ മകനും മകളുമല്ലേ നാമെല്ലാവരും? എങ്കിലും, കാരുണ്യവാനായ ആ ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കാൻ നമുക്കാവുന്നുണ്ടോ? 

ജീവിതത്തിൽ നിർഭാഗ്യകരവും ദുരിതപൂർണ്ണവുമായി നമ്മൾ കാണുന്ന ഒട്ടേറെക്കാര്യങ്ങൾ, നമ്മുടെ അഹങ്കാരവും സ്വാർത്ഥതയുംമൂലം നമുക്ക് തിരിച്ചറിയാൻ കഴിയാതെപോയ   സൌഭാഗ്യങ്ങളായിരിക്കാം. ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന തിരിച്ചറിവ് ലഭിക്കണമെങ്കിൽ, നമ്മുടെ അയോഗ്യതകളെക്കുറിച്ചും നിസ്സഹായതകളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം. ആ അവബോധത്തിൽനിന്നാണ് ദൈവത്തെ സ്നേഹിക്കാനും സഹോദരരെ സഹായിക്കാനുമുള്ള മനസ്ഥിതി രൂപപ്പെടേണ്ടത്. ഈ പുതിയ വർഷത്തെ സന്തോഷദായകമാക്കാൻ ആവശ്യമായ കൃപകൾ ധാരാളമായി ദൈവം നമ്മിലേക്ക് ചൊരിയുന്നുണ്ട്. അവ സ്വീകരിച്ച് നമ്മുടെ ജീവിതത്തെ ഒരു അനുഗ്രഹമാക്കിമാറ്റി നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. വേദനിക്കുന്ന നമ്മുടെ സഹോരങ്ങൾക്ക് നമ്മുടെ സാമീപ്യം ഫലദായകവും സന്തോഷപ്രദവുമായി മാറാൻ നമുക്ക് യത്നിക്കാം.

കർത്താവായ യേശുവേ, അങ്ങയുടെ സമാധാനത്തിന്റെയും കൃപകളുടെയും സന്ദേശവാഹകനാക്കി എന്നെ മാറ്റണമേ. എന്റെ ജീവിതം അങ്ങയുടെ സ്നേഹത്തിന്റെ ഒരു സാക്ഷ്യമാക്കി മാറ്റി, എന്നോടിടപഴകുന്നവരെയെല്ലാം അങ്ങയുടെ സ്നേഹത്തിലേക്കു കൈപിടിച്ചാനയിക്കുവാൻ, അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നിലെ അഹങ്കാരത്തെയും സ്വാർത്ഥതയെയും ശമിപ്പിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!