സാബത്ത് മനുഷ്യനുവേണ്ടിയാണ്
"ഒരു സാബത്തുദിവസം അവൻ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുന്പോൾ, ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ഫരിസേയർ അവനോടു പറഞ്ഞു: സാബത്തിൽ നിഷിദ്ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട്? അവൻ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അബിയാഥർ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ? അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്." (മർക്കോസ് 2:23-28)
വിചിന്തനം
ഇന്നത്തെ വചനഭാഗം വായിക്കുന്പോൾ പലർക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ സാബത്തിൽ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ, യഹൂദർക്ക് സാബത്തിൽ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും സാബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു. അതുകൊണ്ട്, കതിരുകൾ പറിച്ചു തിന്ന ക്രിസ്തുശിഷ്യർ ദൈവത്തിന്റെ കല്പന ലംഘിക്കുകയോ, അവരുടെ തെറ്റിനെ ഈശോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ശിഷ്യന്മാർ കതിരുകൾ പറിച്ച പ്രവർത്തിയെയാണ് സാബത്തിൽ നിഷിദ്ധമായതായി ഫരിസേയർ ചൂണ്ടിക്കാട്ടുന്നത്! "ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാംദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്താണ്. അന്നു നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്" (പുറപ്പാട് 20:9), എന്ന ദൈവകല്പന അക്ഷരാർത്ഥത്തിൽ പാലിക്കാനുള്ള ശ്രമം യഹൂദജനത നടത്തിയിരുന്നു. സാബത്ത് ദിവസത്തേക്ക് ആവശ്യമായതെല്ലാം മുൻകൂട്ടി അവർ തയ്യാറാക്കി വച്ചിരുന്നു, ഭക്ഷണം പോലും. എന്നാൽ കാലക്രമേണ, ഫരിസേയരും നിയമജ്ഞരും ഈ കല്പന അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാൻ തുടങ്ങി. അവരുടെ പ്രവർത്തികളെ ന്യായീകരിക്കാനും മറ്റുള്ളവരെ കുറ്റം വിധിക്കാനും ഉതകുന്ന വിധത്തിൽ സാബത്തിനെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയപ്പോൾ, ആ കല്പനയിലൂടെ ദൈവം ആഗ്രഹിച്ച നന്മയെക്കാളും ഉപരിയായി സാധാരണ ജനത്തിനു ഒട്ടേറെ ക്ലേശം നൽകുന്ന ഒന്നായി അതു മാറി. സാബത്തിൽനിന്നും ദൈവത്തിന്റെ സ്നേഹം എടുത്തുമാറ്റിയ യഹൂദപ്രമാണികളുടെ സ്വാർത്ഥതയ്ക്കും സ്നേഹരാഹിത്യത്തിനും എതിരായാണ് ഈശോ ശബ്ദമുയർത്തുന്നത്.
മനുഷ്യജീവന് വിലകൊടുക്കാത്ത യാതൊരു നിയമവും ദൈവം നല്കിയിട്ടില്ല. മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതിനും, അതിന്റെ വില സംരക്ഷിക്കുന്നതിനുമായി എഴുതപ്പെട്ട നിയമങ്ങൾക്കു എതിരായി പ്രവർത്തിക്കേണ്ടി വന്നാൽ അത് ദൈവസന്നിധിയിൽ ന്യായീകരിക്കപ്പെടുന്നതാണ്. കർത്താവിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസങ്ങളിൽപോലും ജീവൻ നിലനിർത്തുന്നതിനും ഒരു മനുഷ്യജീവി എന്ന നിലയിലുള്ള വില കാത്തുസംരക്ഷിക്കുന്നതിനും സഹായിക്കുന്ന പ്രവൃത്തികൾ ചെയ്യാമെന്ന് ഇന്നത്തെ വചനഭാഗത്തെ അടിസ്ഥാനമാക്കി രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പഠിപ്പിക്കുന്നുണ്ട്.
നിർഭാഗ്യവശാൽ ഇന്നത്തെ സമൂഹം ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നത് അയാളുടെ ജോലിയും സ്ഥാനമാനങ്ങളും സാന്പത്തികസ്ഥിതിയും ഒക്കെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഒരു വ്യക്തിയുടെ ജോലിയല്ല അയാളുടെ വില നിശ്ചയിക്കുന്നത് - വിലയുള്ള ഒരു വ്യക്തി ചെയ്യുന്ന ജോലിയാണ് വിലപ്പെട്ടതായി മാറുന്നത്. ഓരോ വ്യക്തിയുടെയും വില കണക്കാക്കേണ്ടത് ആ വ്യക്തിയെ ദൈവം തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ചു എന്ന ബോധ്യത്തെ അടിസ്ഥാനമാക്കി ആയിരിക്കണം. അതുകൊണ്ടുതന്നെ, ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാൾ ചെയ്യുന്ന പ്രവർത്തികളെയോ അയാൾക്ക് കീഴ്പ്പെട്ടിരിക്കുന്ന വസ്തുവകകളെയോ മാത്രം കണക്കാക്കി ആകരുത്. പകലന്തിയോളം പണിയെടുത്താലും കുടുംബം പുലർത്താൻ ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. ജോലിക്കാരനുമുപരിയായി ജോലിക്കും വ്യക്തിയെക്കാളുപരിയായി വസ്തുവിനും വില കൊടുക്കുന്പോൾ മനുഷ്യജീവൻ വിലകെട്ടതാകുന്നു. ജോലിപോലെതന്നെ ജോലിക്കുള്ള പ്രതിഫലവും ഓരോ വ്യക്തിയുടെയും, അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും, ശാരീരികവും മാനസികവും ആത്മീയവുമായ അഭിവൃദ്ധിക്ക് ഉതകുന്നതായിരിക്കണം. അങ്ങിനെ ആകുന്പോൾ മാത്രമേ സമൂഹത്തിന്റെ നേട്ടങ്ങൾക്ക് വിലയുണ്ടാകുന്നുള്ളൂ.
നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്‌ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം. അതിനുശേഷം, നമ്മുടെ പ്രവൃത്തികളിലൂടെ മനുഷ്യന്റെ മൂല്യം ഉയർത്തിക്കാട്ടാൻ നമുക്കാവണം. ഇവ രണ്ടുമായിരിക്കണം നമ്മുടെ എല്ലാ വരുമാന മാർഗ്ഗങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം. സാബത്തിന്റെയും കർത്താവായ, പരിപൂർണ്ണ ദൈവവും മനുഷ്യനുമായ യേശുവിനെ, മഹത്വപ്പെടുത്തുന്നതിലൂടെയാണ് നമ്മുടെ വരുമാന മാർഗ്ഗങ്ങൾ വിശുദ്ധീകരിക്കപ്പെടുന്നത്. നമ്മെ സൃഷ്ടിച്ച പിതാവായ ദൈവത്തിന്റെ സദൃശ്യം മറ്റുള്ളവരിൽ കാണാൻ സാധിക്കുന്പോഴാണ് മറ്റുള്ളവരുടെ പ്രവർത്തികളെ ചൂഷണം ചെയ്യുന്ന നമ്മുടെ പ്രകൃതത്തിനു ശമനം ലഭിക്കുന്നത്. ജോലിയും സാന്പത്തികസ്ഥിതിയും നോക്കി മനുഷ്യരെ തരംതിരിക്കാതെ, ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും ജീവനും ജീവിതമാർഗ്ഗത്തിനും വില കല്പിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, ജീവന്റെ വില മനസ്സിലാക്കി, അലസമായ എന്റെ ജീവിതശൈലിയിൽ മാറ്റം വരുത്തുവാനും, സന്പത്തിനും സ്ഥാനമാനങ്ങൾക്കും അതീതമായി മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും എന്നെ സഹായിക്കണമേ. അങ്ങെന്നോട് കാണിക്കുന്ന കരുണയും സ്നേഹവും തിരിച്ചറിഞ്ഞ്, മറ്റുള്ളവരോടുള്ള എന്റെ സമീപനത്തിൽ അങ്ങയെ അനുകരിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ