എഴുന്നേറ്റ് നടുവിലേക്ക് വരൂ

"യേശു വീണ്ടും സിനഗോഗിൽ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട്‌ അവൻ പറഞ്ഞു: എഴുന്നേറ്റ് നടുവിലേക്ക് വരൂ. അനന്തരം, അവൻ അവരോടു ചോദിച്ചു: സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം? അവർ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്‌, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവൻ കൈ നീട്ടി; അതു സുഖപ്പെട്ടു. ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാൻവേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി." (മർക്കോസ് 3:1-6)

വിചിന്തനം
ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. എന്നാൽ, ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ ഹിതമറിഞ്ഞ് അവിടുത്തെ പ്രവർത്തികളോട് സഹകരിക്കാൻ, ദൈവം നമുക്ക് നൽകിയിരിക്കുന്ന വിശ്വാസം നമ്മെ സഹായിക്കുന്നു. തന്നിൽ കുറ്റമാരോപിക്കാൻ ഫരിസേയരും നിയമജ്ഞരും ശ്രമിക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്‌ യേശു സിനഗോഗിൽവച്ച് കൈശോഷിച്ച വ്യക്തിയെ എണീറ്റ്‌ നടുവിൽ വന്നു നിൽക്കാനായി ക്ഷണിക്കുന്നത്. ആ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന പിരിമുറുക്കത്തെക്കുറിച്ച് ആ വ്യക്തിയും തീർച്ചയായും ബോധവാനായിരുന്നിരിക്കണം. യേശുവിന്റെ വാക്കുകൾ അനുസരിച്ചാൽ താൻ യഹൂദപ്രമാണികളുടെ നോട്ടപ്പുള്ളി ആകും എന്നും അയാൾ മനസ്സിലാക്കിയിരുന്നിരിക്കണം. എങ്കിലും, യേശു വിളിച്ചപ്പോൾ എണീറ്റുചെല്ലാനുള്ള ധൈര്യം അയാൾ കാണിച്ചു. മാത്രവുമല്ല, അതിനുമുന്പ് പല അവസരങ്ങളിൽ ആ കരം നീട്ടാൻ ശ്രമിച്ച് പരാജയമടഞ്ഞ ഒരു വ്യക്തിയായിരുന്നിരിക്കാം അയാൾ. യേശു കൈനീട്ടാൻ ആവശ്യപ്പെട്ട സമയത്ത് അയാളുടെ കൈ സുഖപ്പെട്ടിരുന്നില്ല. പല തവണ ശ്രമിച്ചു പരാജയപ്പെട്ടതാണെങ്കിലും, തന്റെ അവസ്ഥയിൽ തന്നെ സഹായിക്കാൻ യേശുവിനാകും എന്ന വിശ്വാസംമൂലം അയാൾ കൈനീട്ടി, അത് സുഖപ്പെടുകയും ചെയ്തു. തന്നിൽ കുറ്റമാരോപിക്കാൻ പഴുതു നോക്കിയിരുന്ന ആൾക്കാരുടെ മുൻപിൽ യേശുവിന്റെ പ്രവൃത്തികൾ ഫലവത്താക്കി, എല്ലാവർക്കും ദൈവമഹത്വം ദർശിക്കാൻ അവസരമൊരുക്കിയത് വൈകല്യങ്ങളുമായി മല്ലടിച്ചിരുന്ന ഒരു വ്യക്തിയുടെ വിശ്വാസമാണ്. ഇന്നും, നിരവധി ശാരീരികവും മാനസികവും ആത്മീയവുമായ വൈകല്യങ്ങളുമായി മല്ലടിക്കുന്ന നാമോരോരുത്തരെയും സൌഖ്യം നൽകുന്നതിനായി ഈശോ തന്റെ അടുത്തേക്ക് വിളിക്കുന്നുണ്ട്. എന്നാൽ, ആ വിളി സ്വീകരിക്കുന്നതിൽനിന്നും നമ്മെ തടയാൻ, നിയമജ്ഞരെയും ഫരിസേയരെയും പോലെ, ഒട്ടേറെ വ്യക്തികളും സാഹചര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവയെ ഗൗനിക്കാതെയും ഭയപ്പെടാതെയും അവയുടെ നടുവിലൂടെ നടന്ന് യേശുവിനെ സമീപിക്കാനുള്ള വിശ്വാസം നമുക്കുണ്ടോ?

വിശ്വാസപൂർവം ഈശോയുടെ ചെറിയൊരു നിർദ്ദേശം അനുസരിക്കാൻ തയ്യാറായപ്പോൾ, ശോഷിച്ച കൈ മൂലം അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾപോലും നടപ്പിലാക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തിൽ സമഗ്രമായ വ്യത്യാസങ്ങൾ ഉണ്ടായി. യേശുവിനെക്കൂടാതെ, അവിടുത്തെ ശക്തിയുള്ള വിശ്വാസം ഇല്ലാതെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശോഷിച്ച കൈകളുമായി പ്രവർത്തിക്കുന്നതിനു സമാനമാണ്. അതുകൊണ്ട്, നമ്മുടെ എല്ലാ പ്രവർത്തികളിലും - പ്രത്യേകിച്ച്, ജീവിതത്തിൽ നമ്മൾ യാതൊരു പ്രാധാന്യവും കൊടുക്കാത്ത കാര്യങ്ങളിൽ - ക്രിസ്തീയമായ വിശ്വാസവും പ്രത്യാശയും സ്നേഹവും എങ്ങിനെ പ്രാവർത്തികമാക്കാമെന്നു നമ്മൾ ഗൌരവപൂർവം ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവത്തിലുള്ള വിശ്വാസം എന്നത് കേവലം നമ്മുടെ മനസ്സിന്റെ ഒരവസ്ഥയല്ല - നമ്മുടെ എല്ലാ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും പിന്നിലെ പ്രേരകശക്തിയായിരിക്കണം അത്. ദൈവത്തെ ആരാധിക്കാൻവേണ്ടി മാത്രം ഉള്ളതല്ല വിശ്വാസം, ഏതു വിധേനയുള്ള ജീവിതമാണ് നമ്മൾ നയിക്കുന്നത് എന്ന് നിർണ്ണയിക്കുന്നതിൽ വിശ്വാസത്തിനുള്ള സ്ഥാനം വലുതാണ്‌. ശരിയായ ക്രിസ്തീയ വിശ്വാസത്തിൽ അടിത്തറ പാകിയ ജീവിതങ്ങൾ എല്ലായ്‌പ്പോഴും ദൈവഹിതം തിരിച്ചറിഞ്ഞ് അതനുസരിച്ചു തങ്ങളുടെ സ്വഭാവത്തേയും പ്രവൃത്തിയെയും രൂപപ്പെടുത്താൻ പരിശ്രമിക്കുന്നവയാണ്.

ദൈനംദിന ജീവിതത്തിലെ സാധാരണ പ്രവൃത്തികൾ ക്രിസ്തുവിലുള്ള വിശ്വാസത്തോടെ ചെയ്യുന്നത് നമ്മെ ദൈവകൃപയിലും മാനുഷിക പുണ്യങ്ങളിലും വളരാൻ സഹായിക്കുന്നു. അതിനാൽ, "സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിൻ" (ഫിലിപ്പി 4:8) എന്ന് പൌലോസ് ശ്ലീഹാ ദൈവാത്മാവിനാൽ നിറഞ്ഞ് ദൈവജനത്തെ ഉപദേശിക്കുന്നുണ്ട്. പള്ളിയും കുരിശും കാണുന്പോൾ മാത്രമായിരിക്കരുത് നമ്മൾ ക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ പ്രബോധനങ്ങളെക്കുറിച്ചും ചിന്തിക്കുന്നത്, നമ്മൾ സദാ ജീവിക്കാൻ പരിശ്രമിക്കുന്ന ക്രിസ്തീയവിശ്വാസത്തിന്റെ പ്രത്യക്ഷീകരണമായിരിക്കണം നമ്മുടെ വാക്കുകളും പ്രവർത്തികളും. നമ്മുടെ പെരുമാറ്റത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞു തിരുത്താനും, സ്വഭാവത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം നമ്മുടെ വിശ്വാസം. നമ്മിലെ പ്രത്യാശയും സ്നേഹവും മറ്റു പുണ്യങ്ങളും വളർത്തുന്നതിന് നമ്മുടെ വിശ്വാസം എത്രമാത്രം സഹായകമാണെന്നു നമുക്ക് ഒന്നു ചിന്തിച്ചുനോക്കാം. വിശ്വാസത്തിലെ പോരായ്മകൾ നിമിത്തം, ഏതൊക്കെ മേഖലകളിലാണ് നമ്മൾ ദൈവത്തിന്റെ മഹത്വം മറ്റുള്ളവർക്ക് വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് എന്നു തിരിച്ചറിഞ്ഞ്, ആ മേഖലകളെയെല്ലാം ശക്തിപ്പെടുത്താൻ കഴിവുള്ള ദൈവത്തിനു മുൻപിൽ നമുക്കും യാചനാപൂർവം കൈകൾ നീട്ടാം.

കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും എല്ലാ ബലഹീനതകളിൽനിന്നും മനുഷ്യരെ മോചിപ്പിച്ച കർത്താവായ യേശുവേ, അങ്ങയിലുള്ള വിശ്വാസത്താൽ എന്റെ ഹൃദയത്തെ ബലപ്പെടുത്തി, ദൈവഹിതമനുസരിച്ചു ചിന്തിക്കാനും പ്രവർത്തിക്കാനും എന്നെ ശക്തനാക്കേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!