അവൻ പലർക്കും രോഗശാന്തി നൽകി

"യേശു ശിഷ്യന്മാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളിൽനിന്നും ജോർദ്ദാന്റെ മറുകരെനിന്നും ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവർത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആൾത്തിരക്കിൽ പെട്ട് ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിർത്താൻ ആവശ്യപ്പെട്ടു. എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി നൽകിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുന്പിൽ വീണ്, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചു പറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവൻ അവയ്ക്ക് കർശനമായ താക്കീതു നൽകി." (മർക്കോസ് 3:7-12)

വിചിന്തനം
പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. ഇന്നത്തെ വചന ഭാഗത്തിൽ നാം കാണുന്നത്, യേശു പ്രവർത്തിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് അവിടുത്തെ സമീപിക്കാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തെക്കുറിച്ചാണ്. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന രോഗങ്ങളെയും ദുരിതങ്ങളേയും ഇല്ലാതാക്കാൻ യേശുവിനാകും. എന്നാൽ, ലൗകീകമായ വേദനകളിൽനിന്നും മനുഷ്യരാശിയെ രക്ഷിക്കുക എന്നതായിരുന്നില്ല യേശുവിന്റെ ആഗമനത്തിന്റെ പ്രധാന ഉദ്ദേശം. നശ്വരമായ ശരീരത്തിന്റെ വേദനകളെക്കാളുപരിയായി, അനശ്വരമായ ആത്മാവിന് പാപംമൂലം നഷ്ടമാകുന്ന സ്വർഗ്ഗീയ സൗഭാഗ്യമായിരുന്നു ഭൂജാതനാകാൻ ദൈവത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം.

പലപ്പോഴും, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ എല്ലാ രോഗങ്ങളിൽനിന്നും ദുരിതങ്ങളിൽ നിന്നുമുള്ള മോചനമായി നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. ഇന്നത്തെ ലോകത്തിലും നമ്മെ രോഗങ്ങളിൽനിന്നും വേദനകളിൽനിന്നും മോചിപ്പിക്കാൻ യേശുവിനാകും. എന്നാൽ, രണ്ടായിരം വർഷം മുന്പെന്നപോലെ തന്നെ ഇന്നും അത്ഭുതങ്ങൾ രക്ഷാകരപ്രവർത്തനത്തിന്റെ ആത്യന്തിക ലക്ഷ്യമല്ല - അവ കൂടുതൽ പേർക്ക് ദൈവത്തെ അറിയാനും, അറിവുള്ളവരുടെ വിശ്വാസം വർദ്ധിപ്പിക്കാനുമുള്ള മാർഗ്ഗങ്ങൾ മാത്രമാണ്. "മണ്ണോടു മണ്ണായിത്തീരുന്ന ശരീരത്തെ തൃപ്തിപ്പെടുത്താൻ മാത്രമേ ക്രിസ്ത്യാനികളിൽ അനേകംപേരും ഇന്നു ശ്രമിക്കുന്നുള്ളൂ. എന്നാൽ, നിത്യസൌഭാഗ്യത്തെക്കുറിച്ചോ നിത്യശിക്ഷയിൽ നിപതിക്കുന്ന ആത്മാവിനെക്കുറിച്ചോ അവർ ഒന്നുമേ ചിന്തിക്കുന്നില്ലല്ലോ", എന്ന് വി. ജോണ്‍ മരിയ വിയാന്നി സങ്കടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, അത്ഭുതകരമായി രോഗശാന്തിയും പ്രശ്നങ്ങൾക്ക് പരിഹാരവും ലഭിച്ചവർ അത് ദൈവം തങ്ങൾക്കു മാത്രമായി തന്ന ഒരു അനുഗ്രഹമായിക്കണ്ട് അഹങ്കരിക്കാനോ അമിതമായി ആഹ്ലാദിക്കാനോ പാടില്ല. ദൈവം നമുക്ക് നല്കുന്ന സൌഖ്യങ്ങളും പ്രത്യേക കൃപകളും ഒരു വ്യക്തിക്കോ കുടുംബത്തിനോ മാത്രം സന്തോഷം നല്കാനുള്ളതല്ല. ശാരീരികമായി ഒരു വ്യക്തിക്ക് ലഭിച്ച സൌഖ്യം മറ്റുള്ളവരുടെ ആത്മീയ സൌഖ്യത്തിനു ഉപകരിക്കുന്ന വിധത്തിൽ ആ വ്യക്തി തന്റെ  ജീവിതത്തെ രൂപാന്തരപ്പെടുത്തുന്പോഴാണ് ആ അത്ഭുതത്തിലൂടെ ദൈവം ആഗ്രഹിച്ച നന്മ ലോകത്തിനു മുഴുവനായും ലഭിക്കുന്നത്.

വേദന അതിൽത്തന്നെ ഒരിക്കലും ഒരു തിന്മയാകുന്നില്ല; കഷ്ടതകൾ എല്ലായ്പ്പോഴും നാം ചെയ്ത ഏതെങ്കിലും തിന്മയുടെ അനന്തരഫലമാകണമെന്നും ഇല്ല. അതിനാൽ, ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്പോൾ, അതോടൊപ്പം നാം അനുഭവിക്കുന്ന വേദനകളും ഇല്ലാതാകണമെന്നു നിർബന്ധമില്ല. മാത്രവുമല്ല, "ശരീരത്തിൽ സഹിച്ചിട്ടുള്ളവൻ പാപത്തോടു വിടവാങ്ങിയിരിക്കുന്നു" (1 പത്രോസ് 4:1).  ഭൂമിയിൽ മനുഷ്യർ അനുഭവിക്കുന്ന വേദനകളെ എല്ലാം ഇല്ലാതാക്കാൻ ദൈവത്തിനു കഴിയുമായിരുന്നു. എന്നാൽ അങ്ങിനെ ചെയ്യാതെ, ആ വേദനകൾ സ്വയം ഏറ്റെടുത്ത് കുരിശിൽ മരിക്കുകവഴി മാനുഷിക സഹനങ്ങളെ വിശുദ്ധീകരിക്കുകയാണ് ദൈവം ചെയ്തത്. മനുഷ്യനായ ദൈവം ഈ ലോകത്തിൽ വേദനകളും കഷ്ടതകളും സഹിച്ച് സ്വയം ബലിയായി മാറിയപ്പോൾ, ആദിമാതാപിതാക്കളുടെ പാപം മൂലം മനുഷ്യനുമുന്പിൽ അടയ്ക്കപ്പെട്ടിരുന്ന സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു. ഇന്ന് നമ്മുടെ സഹനങ്ങളും രോഗങ്ങളും കർത്താവിന്റെ കുരിശിനോട് ചേർത്തുവച്ച് സ്വർഗ്ഗീയ പിതാവിനു സമർപ്പിക്കുന്പോൾ  അത് നമ്മുടെയും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിന് സഹായകമാകുന്നു. വേദനകളും ദുരിതങ്ങളും നമ്മെ അലട്ടുന്ന വേളകളിൽ, അവയിലൂടെ നമ്മെ വിശുദ്ധീകരിച്ച് കൂടുതൽ ഫലം പുറപ്പെടുവിക്കുന്നവരാക്കുന്ന ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നമുക്ക് ഓർക്കാം. അതീവ ശ്രദ്ധയോടെയും സ്നേഹത്തോടെയും നട്ടുപിടിപ്പിച്ച മുന്തിരിച്ചെടി, കൂടുതൽ ഫലം നല്കുന്നതിനായി വെട്ടിയൊരുക്കുന്ന ഒരു തോട്ടക്കാരനാണ് നമ്മുടെ പിതാവായ ദൈവം എന്ന തിരിച്ചറിവോടെ, നമ്മുടെ കഷ്ടതകളെയും വേദനകളെയും രോഗങ്ങളെയും സ്വീകരിക്കാനും, എല്ലാ ദുരിതങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കുന്ന കർത്താവിന്റെ കരങ്ങളിലേക്ക് നമ്മെ പൂർണ്ണമായും സമർപ്പിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയുടെ കരുണയിലും സ്നേഹത്തിലും ശരണംവച്ചുകൊണ്ട്, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്, ആത്മവിശ്വാസത്തോടെ അങ്ങയെ സമീപിക്കാൻ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ക്രൂശിതനായ അവിടുത്തെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിച്ച് എന്റെ വേദനകളെയും ദുരിതങ്ങളേയും വിശുദ്ധീകരിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്