അടുത്തേക്ക് വിളിക്കുന്ന ദൈവം

"പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവർ, പത്രോസ് എന്ന് അവൻ പേരു നല്കിയ ശിമയോൻ, ഇടിമുഴക്കത്തിന്റെ പുത്രന്മാർ എന്നർത്ഥമുള്ള ബൊവനെർഗെസ് എന്നു പേരു നൽകിയ സെബദിപുത്രന്മാരായ യാക്കോബും സഹോദരൻ യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയ, മത്തായി, തോമസ്‌, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കരിയോത്താ." (മർക്കോസ് 3:13-19)
വിചിന്തനം 
ഈശോയുടെ പരസ്യജീവിതത്തിൽ അവിടുത്തെ അനുഗമിച്ചവർ നിരവധിപ്പേരുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവരുടെ ഇടയിൽനിന്നും ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക വഴി, ഭൂമിയിൽ തന്റെ സഭയാകുന്ന പുതിയ ഇസ്രായേൽ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്ക് ഈശോ തുടക്കമിട്ടു. യേശുവിനെ അനുഗമിച്ചവരുടെ കൂട്ടത്തിൽ പണവും പ്രശസ്തിയും വിദ്യാഭ്യാസവുമൊക്കെ ധാരാളമുള്ള വ്യക്തികളും ഉണ്ടായിരുന്നു. എന്നാൽ, സാധാരണക്കാരും പരിജ്ഞാനം കുറവുള്ളവരുമായ ഒരു കൂട്ടം ആൾക്കാരെയാണ് തന്റെ ആഗമനോദ്ദേശം ലോകാവസാനം വരെ തുടർന്നുകൊണ്ടുപോകുക  എന്ന വലിയൊരു ദൌത്യവുമായി ഈശോ വിളിച്ചത്. എന്തുകൊണ്ട് ഇപ്രകാരമുള്ള ഒരു തിരഞ്ഞെടുപ്പിന് ഈശോ തയാറായി എന്നത് ഇന്നും മനുഷ്യയുക്തിക്ക് ദുർഗ്രാഹ്യമായ വസ്തുതകളിൽ ഒന്നാണ്. കാരണം, ദൈവത്തിന്റെ തിരഞ്ഞെടുപ്പിന് പിന്നിലുള്ള മാനദണ്ഡം എന്താണെന്ന് ഇന്നത്തെ വചനഭാഗത്തിൽ സുവിശേഷകൻ വ്യക്തമാക്കുന്നുണ്ട്, "അവൻ...തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു". 

ഒരു വ്യക്തിയുടെ സ്വഭാവത്തിലോ പ്രവൃത്തിയിലോ ഉള്ള എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടല്ല ദൈവം ആ വ്യക്തിയെ തന്റെ അടുത്തേക്ക് വിളിക്കുന്നത്‌. അബ്രാഹം മുതൽ ഇന്നുവരെ ദൈവം പേരെടുത്തു വിളിച്ച വ്യക്തികൾക്കെല്ലാം പൊതുവായുള്ള ഒരു ഘടകം, ദൈവത്തിന്റെ വിളിക്ക് അവരെ അർഹരാകുന്ന യാതൊരു പ്രത്യേകതകളും അവരിൽ ഇല്ലായിരുന്നു എന്നതാണ്. ഇതിനെക്കുറിച്ച്‌ പൌലോസ് ശ്ലീഹാ തന്റെ പ്രിയശിഷ്യനായ തിമോത്തെയോസിന് ഇപ്രകാരം എഴുതി, "അവിടുന്ന് നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവർത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശത്തെ മുൻനിർത്തിയും യുഗങ്ങൾക്കുമുന്പ് യേശുക്രിസ്തുവിൽ നമുക്ക് നല്കിയ കൃപാവരം അനുസരിച്ചുമാണ്" (2 തിമോത്തി 1:9). ലൌകീക മാനദണ്ഡമനുസരിച്ചുള്ള ബുദ്ധിയും കുലീനതയും ശക്തിയും ഒന്നുമല്ല ദൈവത്തിന്റെ വിളിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഘടകം - തങ്ങളുടെ പോരായ്മകൾ തിരിച്ചറിഞ്ഞ്, ദൈവത്തിന്റെ ശക്തിയിൽമാത്രം ആശ്രയിച്ചുകൊണ്ട്, ദൈവവിളി സ്വീകരിക്കാൻ തയാറാകുന്ന വ്യക്തിയുടെ വിശ്വാസമാണ്. തന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും കുറവുകളും അജ്ഞതയും ഒന്നും ആ വിളി സ്വീകരിക്കുന്നതിനു തടസ്സമായി നിൽക്കാൻ പാടില്ല. കാരണം,"വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു" (1 കോറിന്തോസ് 1:27). ദൈവത്തിന്റെ വിളി സ്വീകരിച്ച് അവിടുത്തെ സമീപിക്കുന്നവർക്ക് അവരുടെ പ്രവർത്തികളിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ കൃപകളും ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ധാരാളമായി നൽകുന്നുണ്ട്. 

പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന ഒരു മേഖലയിലേക്കാവണമെന്നില്ല ദൈവം നമ്മെ വിളിക്കുന്നത്‌. എന്നാൽ, അതുമൂലം ദൈവത്തിന്റെ വിളിക്ക് ചെവികൊടുക്കാതിരിക്കുന്നത് ബുദ്ധിമോശമാണ്. കാരണം, ദൈവവിളി തിരിച്ചറിഞ്ഞ് അത് സ്വീകരിക്കുന്നതിലൂടെയാണ് മനുഷ്യജീവിതത്തിനു അർത്ഥമുണ്ടാകുന്നതും കഴന്പുണ്ടാകുന്നതും. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിനെയും ദൈവത്തിന്റെ പദ്ധതിയുടെ വെളിച്ചത്തിൽ കാണാൻ കഴിയുന്പോൾ നമ്മുടെ ജീവിതം നമുക്ക് കൂടുതൽ വ്യക്തതയോടെ അറിയുവാനും ആസ്വദിക്കുവാനും സാധിക്കുന്നു. ദൈവവിളി തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിക്കുന്നത്, അത്യാഗ്രഹവും ലൗകീകാസക്തിയും നിറഞ്ഞ ഇന്നത്തെ ലോകം അനാവശ്യമെന്നു കരുതുന്ന ഒട്ടേറെ കാര്യങ്ങൾ - സത്യസന്ധമായി ജീവിക്കുക, ആത്മാർത്ഥമായി ജോലി ചെയ്യുക, മറ്റുള്ളവരെ സഹായിക്കുക - അനുദിന ജീവിതത്തിൽ ഉത്സാഹത്തോടെ ചെയ്യാൻ നമ്മെ സഹായിക്കുന്നു.

ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാവരെയും ദൈവം തന്റെ അടുത്തേക്ക് വിളിക്കുന്നുണ്ട് - തന്നോടുകൂടി ആയിരിക്കുന്നതിനും ദൈവരാജ്യം പ്രസംഗിക്കുന്നതിനും പിശാചുക്കളെ  ബഹിഷ്കരിക്കുന്നതിനുമുള്ള ആ വിളി സാർവത്രികമായ ഒന്നാണ് എന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട് (Lumen Gentuim, 40). വിളി സ്വീകരിച്ച് തന്നെ സമീപിക്കുന്നവരിൽനിന്നും ദൈവം ആഗ്രഹിക്കുന്ന സ്വഭാവവിശേഷം വിശ്വസ്തതയാണ്. ദൈവം നമ്മെ ഭരമേൽപ്പിച്ച കാര്യങ്ങൾ വളരെ എളുപ്പമുള്ളതായി തോന്നുന്ന അവസരങ്ങളിലും വളരെയധികം ബുദ്ധിമുട്ടുള്ളതായി തോന്നുന്ന അവസരങ്ങളിലും, എല്ലാവരുടെയും സഹകരണം ലഭിക്കുന്ന സമയത്തും എതിർപ്പുകളും തിരസ്കരണങ്ങളും മാത്രം ലഭിക്കുന്ന സമയങ്ങളിലും, വിശ്വസ്തതാപൂർവം ദൈവത്തിന്റെ ശക്തമായ കരങ്ങൾക്കു താഴെ നിന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്പോൾ മാത്രമേ നമുക്ക് ദൈവവിളിയിൽ നിലനിൽക്കാനും വളരാനും സാധിക്കുകയുള്ളൂ. നമ്മുടെ പ്രയത്നങ്ങൾക്ക് ഫലവും, നമ്മുടെ പ്രവർത്തികൾക്ക് അർത്ഥവും, നമ്മുടെ ജീവിതത്തിനു സന്തോഷവും പ്രദാനം ചെയ്യുന്ന ദൈവവിളി തിരിച്ചറിഞ്ഞ് സ്വീകരിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ ഈശോയെ, അങ്ങയിലുള്ള വിശ്വസ്തതയാലും അങ്ങയോടുള്ള കൃതജ്ഞതയാലും നിറഞ്ഞ്, എന്റെ ഹൃദയത്തിന്റെ കാതുകൾകൊണ്ട് അവിടുത്തെ വിളി ശ്രവിക്കുവാനും സ്വീകരിക്കുവാനും എന്നെ  സഹായിക്കണമേ.അങ്ങയുടെ സ്നേഹത്തിന്റെ പ്രകടമായ ഒരു ഉപകരണമാക്കി എന്നെ രൂപാന്തരപ്പെടുത്തി, ആ സ്നേഹം ലോകത്തിനു പകർന്നു നൽകാൻ എന്നെ ഉപയോഗിക്കേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!