ദൈവത്തിന്റെ ഹിതം
"അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു. അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മർക്കോസ് 3:31-35)
വിചിന്തനം
ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ തന്റെ അമ്മയെ അത്യധികമായി ആദരിക്കുകയും, ആ അമ്മയുടെ സ്വഭാവവിശേഷത്തെ എല്ലാവരും ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അടിവരയിട്ടു പറയുകയും ചെയ്യുകയാണ്. കാരണം, പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം നിർവഹിച്ച ഒരു വ്യക്തിയും ഭൂമിയിൽ ജീവിച്ചിരുന്നിട്ടില്ല. ഈശോയെ ഉദരത്തിൽ വഹിക്കുന്നതിനും വളരെമുന്പ് കന്യാമറിയം ചെയ്തത് ദൈവത്തെ ഹൃദയത്തിൽ വഹിക്കുകയാണ്. ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹത്താൽ നിറഞ്ഞ മറിയം, യാതൊരു വ്യവസ്ഥകളോ നിബന്ധനകളോ ഇല്ലാതെ ദൈവഹിതം തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നതിനുള്ള തീരുമാനം എടുത്തു. ഫലമോ, "ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!" എന്ന വാക്കുകളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം ഭൂമിയിൽ ആദ്യമായി ശ്രവിച്ച ഭാഗ്യവതിയായി, ദൈവത്തിന്റെ അമ്മയും സഹരക്ഷകയുമായി, മറിയം തിരഞ്ഞെടുക്കപ്പെട്ടു.
ഈശോയുടെ കുടുംബത്തിലെ ഒരംഗമായി മാറി, ദൈവത്തിന്റെ മകനും മകളും ആകുവാൻ നമ്മൾ ചെയ്യേണ്ടത് ദൈവഹിതമനുസരിച്ചു ജീവിക്കുന്നവരായിത്തീരുകയാണ്. പിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിവർത്തിക്കുക എന്ന ഒരു ലക്‌ഷ്യം മാത്രമേ ഈശോയ്ക്കുണ്ടായിരുന്നുള്ളൂ. നമ്മുടെ ഹിതത്തെ ഈശോയുടെ ഹിതത്തോട് അനുരൂപമാക്കി മാറ്റുന്പോഴാണ് നമ്മുടെ ജീവിതത്തിനു ലക്ഷ്യവും നമ്മുടെ പ്രവൃത്തികൾക്ക് അർത്ഥവും ഉണ്ടാകുന്നത്. ദൈവത്തിന്റെ പദ്ധതികളും സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന വഴികളും പലപ്പോഴും നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതവും നമ്മുടെ തയ്യാറെടുപ്പുകൾക്ക് അതീതവും നമ്മുടെ ബുദ്ധിക്ക് അഗ്രാഹ്യവും ആണെന്നു വരാം. ഇങ്ങനെയുള്ള അവസരങ്ങളിൽ ദൈവഹിതത്തോടു മല്ലടിക്കാതെ അവിടുത്തെ വഴികളിലൂടെ നടക്കാൻ വിശ്വാസവും പ്രത്യാശയും സ്നേഹവും നമ്മെ സഹായിക്കുന്നു.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ദൈവഹിതമനുസരിച്ചുള്ളതാണോ എന്ന സംശയം ഇടയ്ക്കെങ്കിലും നമ്മിൽ തലപൊക്കാറുണ്ട്. ആ പ്രവൃത്തികളിലൂടെ ദൈവത്തെയും സഹോദരരേയും എത്രമാത്രം സ്നേഹിക്കാൻ നമുക്ക് സാധിക്കുന്നുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ നമുക്ക് നമ്മുടെ ആ സംശയങ്ങൾ ദൂരീകരിക്കാൻ സാധിക്കുകയുള്ളൂ. ദൈവകല്പനകളെക്കുറിച്ചുള്ള വ്യക്തമായ അവബോധവും, എല്ലായ്പ്പോഴും അവ പാലിച്ചുകൊണ്ട് ജീവിക്കാനുള്ള ആത്മാർത്ഥമായ ശ്രമവും നമ്മുടെ ജീവിതത്തെ ദൈവഹിതത്തിനു അനുയോജ്യമാക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. കാരണം, ദൈവകല്പനകളെല്ലാം സ്നേഹത്തിൽ അധിഷ്ഠിതമാണ്. ദൈവത്തോടും സഹോദരരോടും നമുക്കുള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നു ദൈവകല്പനകൾ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥയോടെയും സ്നേഹത്തോടെയും ചെയ്യാൻ ശ്രമിക്കാത്തിടത്തോളം കാലം നമ്മുടെ പ്രവൃത്തികൾ വിശുദ്ധീകരിക്കപ്പെടുകയോ ദൈവഹിതത്തിനു അനുരൂപമാകുകയോ ഇല്ല.
സർവശക്തനും എല്ലാം അറിയുന്നവനുമായ ദൈവം അനുവദിച്ചു കൊടുക്കാത്തതൊന്നും ഈ പ്രപഞ്ചത്തിൽ സംഭവിക്കുകയില്ല. അതുകൊണ്ടുതന്നെ, നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാക്കാര്യങ്ങളും - അനുദിനജീവിതത്തിലെ നിസ്സാരങ്ങളായ സംഭവങ്ങൾ മുതൽ കാരണമില്ലാത്ത തകർച്ചകളും ഉത്തരമില്ലാത്ത പ്രശ്നങ്ങളും വർണ്ണനാതീതമായ വേദനകളും എല്ലാം - ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു നമ്മൾ മനസ്സിലാക്കണം. അവയ്ക്കെല്ലാം പിന്നിലെ ദൈവഹിതം എന്താണെന്ന് പൂർണ്ണമായ ഒരു ഉത്തരം എല്ലായ്പ്പോഴും നമുക്ക് ലഭിക്കണമെന്നും ഇല്ല. എന്നാൽ, ഓരോ ദിവസവും നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെയെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച് ഒരു പ്രാർത്ഥനയോടെ നമ്മുടെ ദിവസം ആരംഭിക്കാൻ നമുക്ക് സാധിച്ചാൽ, ആ പ്രവൃത്തികളിലൂടെ ദൈവം നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നു എന്ന കാര്യത്തിൽ നമുക്ക് കൂടുതൽ വ്യക്തത ലഭിക്കും. എല്ലായ്പ്പോഴും ദൈവത്തെ വിശ്വസിക്കാനും സ്നേഹിക്കാനും പ്രത്യാശാപൂർവം അവിടുത്തെ കരുണയിൽ ആശ്രയിക്കാനും നമ്മൾ പരിശ്രമിച്ചാൽ, നമ്മുടെ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും സന്തോഷപൂർവം സ്വീകരിച്ച്, അവയിലൂടെ ദൈവഹിതം നിറവേറ്റുന്നവരായി നമ്മൾ മാറും.
സ്നേഹപിതാവേ, അങ്ങേക്കുവേണ്ടിയാണ് അങ്ങെന്നെ സൃഷ്ടിച്ചത്, അങ്ങയുടെ ഹിതം നിറവേറുകയാണ് എന്റെ ജീവിതോദ്ദേശം. അങ്ങയുടെ ഹിതം അറിഞ്ഞിട്ടും അതിനോടു മറുതലിച്ചുനിന്നിട്ടുള്ള അവസരങ്ങളെയും, മനസ്സില്ലാമനസ്സോടെ അങ്ങയുടെ ഇഷ്ടം നിവർത്തിച്ച അവസരങ്ങളെയും പ്രതി ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. എന്റെ എല്ലാ പ്രവൃത്തികളിലൂടെയും അങ്ങയെ സ്നേഹിക്കുവാനും, സഹോദരർക്ക് നന്മ ചെയ്യുവാനും, നിസ്വാർത്ഥവും അനുകന്പ നിറഞ്ഞതുമായ ഒരു ഹൃദയം തന്നെന്നെ അനുഗ്രഹിക്കണമേ. അങ്ങേക്ക് ഹിതകരമല്ലാത്ത എല്ലാറ്റിൽനിന്നും അകന്നുനില്ക്കാൻ ആലോചനയും ആത്മശക്തിയും തന്നെന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ