വിത്തും വിതക്കാരനും

"കടൽത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനു ചുറ്റും കൂടി. അതിനാൽ, കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിരന്നു. അവൻ ഉപമകൾവഴി പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: കേൾക്കുവിൻ. ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതച്ചപ്പോൾ വിത്തുകളിൽ ചിലതു വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. മറ്റു ചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴം ഇല്ലാതിരുന്നതിനാൽ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ പതിച്ചു. അവ തഴച്ചുവളർന്ന്, മുപ്പതു മേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. അവൻ പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (മർക്കോസ് 4:1-9)

വിചിന്തനം 
മനുഷ്യദൃഷ്ടിയിൽ ഇന്നത്തെ വചനഭാഗത്തിൽ കാണുന്ന വിതക്കാരൻ തന്റെ ജോലിയിൽ സാമർത്ഥ്യം ഇല്ലാത്ത ഒരാളാണ് - വിതയ്ക്കാനായി ഒരുക്കിയിട്ടിരിക്കുന്ന നല്ല ഭൂമിയിൽ മാത്രമല്ല അയാൾ വീശിയെറിയുന്ന വിത്തുകൾ പതിക്കുന്നത്; വഴിയരുകിലും പാറപ്പുറത്തും മുള്ളുകൾക്കിടയിലും വീണ വിത്തുകൾ അയാളുടെ അധ്വാനത്തിന്റെ നല്ലൊരു ഭാഗം പാഴ് വേല ആക്കി മാറ്റുന്നു. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലെ വിതക്കാരൻ ദൈവമാണ്. മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്. അതുകൊണ്ടുതന്നെ, പാഴായിപ്പോകുമെന്ന് അറിവുള്ള അവസരങ്ങളിൽപോലും തരിശായ ഭൂമിയിലേക്ക് വിത്തുകളെറിയാൻ അവിടുന്ന് മടിക്കുന്നില്ല. സർവലോകത്തെയും രക്ഷയുടെ സുവിശേഷത്തിലൂടെ പാപത്തിൽനിന്നും മോചിപ്പിക്കുന്നതിനാണ് ദൈവം മനുഷ്യനായത്. അതുകൊണ്ടുതന്നെ, ഹൃദയത്തിന്റെ അവസ്ഥ വിലയിരുത്തി, വചനത്തിനായി തയ്യാറെടുത്തിരിക്കുന്ന ഹൃദയങ്ങളിലേക്ക് മാത്രമല്ല ദൈവം തന്റെ കൃപകൾ ചൊരിയുന്നത്. ദൈവവചനവും അതിലൂടെ ലഭ്യമായ ദൈവകൃപകളും നിത്യരക്ഷയുമെല്ലാം ലോകത്തിനു മുഴുവൻ ഉള്ളതാണ്.

തന്റെ ആണിപ്പഴുതുള്ള കരങ്ങളുപയോഗിച്ച്, തന്റെ തിരുരക്തത്താൽ നനഞ്ഞ വചനമാകുന്ന വിത്തുകൾ ഇന്നത്തെ ലോകത്തിലും ഈശോ ധാരാളമായി വിതയ്ക്കുന്നുണ്ട്. എന്നാൽ, വേർതിരിവുകളില്ലാതെ വിതയ്ക്കപ്പെടുന്ന ഈ വിത്തുകൾ എല്ലാവരിലും ഒരേ ഫലം പുറപ്പെടുവിക്കുന്നില്ലെന്നു മാത്രമല്ല, ധാരാളംപേരിൽ യാതൊരു ഫലവും പുറപ്പെടുവിക്കാതെ നശിച്ചുപോകുകയും ചെയ്യുന്നു. പക്ഷേ, പ്രത്യക്ഷത്തിൽ പാഴ്‌ശ്രമം എന്നു തോന്നുന്ന ഈ പ്രവൃത്തിക്ക് ദൈവത്തെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും? ജനം ചവിട്ടി നടക്കുന്ന വഴിക്ക് സ്വയം വിളഭൂമിയാകാനോ, ഒന്നും വേരുപിടിക്കാത്ത പാറയ്ക്ക് സ്വയം കാഠിന്യം കുറയ്ക്കാനോ, എന്തിനെയും ഞെരുക്കുന്ന മുൾച്ചെടികൾക്ക് സംയമനം പാലിക്കാനോ കഴിയുകയില്ല. എന്നാൽ, മനുഷ്യഹൃദയത്തിന്റെ അവസ്ഥ വിഭിന്നമാണ്. തരിശായ, കഠിനമായ, ദുഷ്ടത കുടികൊള്ളുന്ന മനുഷ്യ ഹൃദയങ്ങൾക്ക്  രൂപാന്തരപ്പെടാൻ സാധിക്കും. യാതൊരു ഫലവും പുറപ്പെടുവിക്കാത്ത പാഴ് നിലങ്ങളായ മനുഷ്യഹൃദയങ്ങൾക്ക്‌ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന വളക്കൂറുള്ള മണ്ണായി മാറാൻ സാധിക്കും.  ഇതറിയാവുന്ന ദൈവം തന്റെ വചനം സ്വീകരിക്കാത്ത ഒരാളെപ്പോലും ഇഹലോകത്തിൽവച്ച് തള്ളിക്കളയുകയോ വേർതിരിച്ചുനിർത്തുകയോ ചെയ്യുന്നില്ല. ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഹൃദയങ്ങളിലേക്കും യാതൊന്നും പുറപ്പെടുവിക്കാത്ത ഹൃദയങ്ങളിലേക്കും ഒന്നുപോലെ തന്റെ കൃപകൾ ദൈവം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. കാരണം, ദൈവകൃപകളുടെ അഭാവത്തിൽ ഹൃദയത്തിന്റെ രൂപാന്തരീകരണം അസാദ്ധ്യമാണ്.

എത്രയൊക്കെ പറഞ്ഞിട്ടും, എന്തൊക്കെ ചെയ്തിട്ടും തരിശായിത്തന്നെ കിടക്കുന്ന ഹൃദയങ്ങൾ നമ്മുടെ കുടുംബത്തിലോ പ്രവർത്തനമേഖലയിലോ സുഹൃദ് വലയത്തിലോ ഉണ്ടെങ്കിൽ, നിഷ്ഫലമായ ഭൂമിയിൽ യാതൊരു മടിയുമില്ലാതെ വിത്തുവിതയ്ക്കുന്ന ദൈവത്തിന്റെ സ്നേഹം അവരോടുള്ള സമീപനത്തിൽ നമുക്ക് ഒരു മാതൃകയായിരിക്കണം. ഭൂമിയിൽ വീഴുന്ന വിത്ത് - എത്ര വളക്കൂറുള്ള ഭൂമിയാണെങ്കിലും, എത്ര മേന്മയേറിയ വിത്താണെങ്കിലും - ഉടനടി പൊട്ടിമുളച്ച് ഫലം പുറപ്പെടുവിക്കുന്നില്ല. ഇതുപോലെ തന്നെയാണ് മനുഷ്യഹൃദയത്തിൽ പതിക്കുന്ന ദൈവവചനവും. വിത്തുവിതച്ചതിനുശേഷം കർഷകൻ ക്ഷമാപൂർവം പ്രത്യാശയോടെ കാത്തിരിക്കുന്നതുപോലെ, ദൈവവചനം മനുഷ്യഹൃദയത്തിൽ മുളയിടാൻ ക്ഷമയോടും പ്രത്യാശയോടുംകൂടെ പ്രാർത്ഥനാപൂർവം കാത്തിരിക്കാൻ നമ്മൾ തയ്യാറാകണം. 

നമ്മുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ ഫലങ്ങൾ കാണാൻ സാധിക്കാത്ത അവസരങ്ങളിലും, തികച്ചും ഫലരഹിതമായ സാഹചര്യങ്ങളിലും നിരാശരാകാതെ വീണ്ടും വീണ്ടും വിത്തുവിതക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. "നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം" (1 കോറിന്തോസ് 3:7). യാതൊരു ഫലവും കാണാത്ത അവസരങ്ങളിലും നിരുത്സാഹപ്പെടാതെ ദൈവവചനത്തെ ആശ്രയിക്കാൻ നമ്മെ സഹായിക്കുന്നത് ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും, നമ്മുടെ പ്രവൃത്തിയിലുള്ള ഉദ്ദേശ ശുദ്ധിയുമാണ്. ഉചിതമായ സമയത്ത് മനുഷ്യഹൃദയങ്ങളിൽ ദൈവവചനം വളർന്നു പന്തലിച്ച് ധാരാളം ഫലം തരികതന്നെ ചെയ്യും. കാരണം, ദൈവവചനം "ഫലരഹിതമായി തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാൻ ഏൽപ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും" (ഏശയ്യാ 55:11).  ഫലങ്ങളെപ്പറ്റി ആകുലരാകാതെയും പരാജയങ്ങളെ ഭയപ്പെടാതെയും, വിശ്വാസപൂർവം വിത്തുവിതയ്ക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതത്തിലേക്കുള്ള വാതിൽ തുറക്കുന്നത് അവിടുത്തെ അധരങ്ങളിൽനിന്നും പുറപ്പെടുന്ന വചനങ്ങളിലൂടെ മാത്രമാണ്. അങ്ങയുടെ വചനത്തെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെ തുറക്കണമേ. അവിടുത്തെ വചനം എന്നിൽ മുളപൊട്ടാൻ കൃപാമാരി വർഷിച്ച് എന്റെ ഹൃദയത്തിന്റെ കാഠിന്യമകറ്റണമേ. നിത്യജീവനേകുന്ന അവിടുത്തെ വചനം എന്നിൽ ഫലദായകമാകാൻ എന്നിലെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!