ഉള്ളവനു നൽകപ്പെടും

"അവൻ അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്മേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നല്കപ്പെടും;ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മർക്കോസ് 4:21-25)

വിചിന്തനം
ലൌകീക സന്പത്ത് വർദ്ധിക്കുന്നത് അത് കഴിയുന്നത്ര കുറച്ച് വ്യയം ചെയ്ത് ബാക്കിയുള്ളവ കൂട്ടിവയ്ക്കുന്പോഴാണ്. എന്നാൽ, ഇവിടെയും ദൈവം ലോകത്തിന്റെ രീതികളിൽനിന്ന് നേരെ വിപരീതമായാണ് പ്രവർത്തിക്കുന്നത്. കാരണം, ദൈവസ്നേഹത്തെപ്രതി നമ്മൾ എന്തെങ്കിലും ആർക്കെങ്കിലും കൊടുത്താൽ, നമ്മൾ കൊടുക്കുന്നതിലും കൂടുതൽ നമുക്ക് ലഭിക്കും! ഇങ്ങനെ ലഭിക്കുന്നവർ പിന്നെയും പിന്നെയും കൊടുത്തുകൊണ്ടിരിക്കും, കൊടുക്കുംതോറും അവർക്ക് ദൈവകൃപകൾ ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ, കൊടുക്കാൻ മടികാണിക്കുന്നവരുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ അഭാവംമൂലം അവിടെ ദൈവകൃപകൾ വേരുപിടിക്കുകയില്ല. പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കാത്ത ഹൃദയങ്ങൾ ക്രമേണ തണുത്തുറഞ്ഞ് കാഠിന്യമേറിയ തരിശുഭൂമിയായി മാറുന്നു.

ആത്മീയമായി നിശ്ചലമായി ഇരിക്കാൻ മനുഷ്യന് ഒരിക്കലും സാധിക്കുകയില്ല - ഒന്നുകിൽ അവൻ ആത്മീയമായി വളർന്നുകൊണ്ടിരിക്കും, അല്ലെങ്കിൽ തളർന്നുകൊണ്ടിരിക്കും.  'എനിക്ക് അത്യാവശ്യം ഭക്തിയും പ്രാർത്ഥനയുമൊക്കെയുണ്ട്, ഇനിയുള്ള കാലം ഈ അവസ്ഥയിൽ നിലനിന്നാൽ മതി' എന്നു കരുതുന്നവർ ആഗ്രഹിക്കുന്നത് അവരുടെ ആത്മീയജീവിതത്തിൽ നിശ്ചലമായ ഒരു അവസ്ഥ വേണമെന്നാണ്. എന്നാൽ, "മതി എന്നു പറയുന്നവൻ മരിച്ചു കഴിഞ്ഞിരിക്കുന്നു" എന്ന് വി. ആഗസ്തീനോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. ശരീരംപോലെതന്നെ ആത്മാവിനും നിരന്തരമായ വളർച്ച ആവശ്യമാണ്. വളരാൻ സാധിക്കാത്ത അവസരങ്ങളിൽ നമ്മൾ ആത്മീയതയിൽ നിലനിൽക്കുകയല്ല ചെയ്യുന്നത്, പിന്നോക്കം പോവുകയാണ്. ഇതിനുകാരണം, നമുക്ക് ആത്മീയതയിൽ നിലനിൽക്കുന്നതിനു തടസ്സമുണ്ടാക്കുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മുടെ അനുദിന ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ്. കുടുംബജീവിതത്തിലും ജോലിസ്ഥലത്തും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ മുതൽ പ്രാർത്ഥിക്കുന്നതിനിടയിൽപ്പോലും നമ്മെ ശല്യപ്പെടുത്തുന്ന വിവിധങ്ങളായ പ്രലോഭനങ്ങൾ വരെ നിരവധിയായ തടസ്സങ്ങൾ ആത്മീയതയിൽ നിലനിൽക്കുന്നതിൽനിന്നും നമ്മെ തടയുന്നുണ്ട്‌. നിരാശയും വേദനയും ഉളവാക്കുന്ന ഇത്തരം സാഹചര്യങ്ങളെ ചെറുത്തു നിൽക്കണമെങ്കിൽ ദൈവകൃപകൾ സ്വീകരിച്ച് ആത്മീയമായി വളരാനുള്ള ആഗ്രഹവും ശ്രമവും നമ്മിലുണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആത്മീയമായി വളരാൻ ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമായ കൃപകൾ ധാരാളമായി നൽകുന്നവനാണ് ദൈവം. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉറവിടമാണ് ക്രിസ്തു. ആ ഉറവയിൽനിന്നു നമുക്കെത്രമാത്രം ലഭിക്കുന്നുവെന്നതിന്റെ അടിസ്ഥാനം ആ ഉറവയിലേക്ക് നമ്മൾ കൊണ്ടുചെല്ലുന്ന പാത്രത്തിന്റെ വലിപ്പമാണ്. എന്തോ കടമ നിർവഹിക്കുന്നതുപോലെ ആത്മീയകാര്യങ്ങളിൽ പങ്കുകാരാകുന്പോൾ, മനസ്സില്ലാ മനസ്സോടെ ദൈവീകശുശ്രൂഷകളിൽ മുഴുകുന്പോൾ, സഹോദരരെ സ്നേഹിക്കാൻ ലഭിക്കുന്ന ചെറിയ അവസരങ്ങൾപോലും സ്വാർത്ഥതമൂലം പാഴാക്കിക്കളയുന്പോൾ, ജഡികമോഹങ്ങളാൽ നമ്മുടെ ഹൃദയത്തിന്റെ ഉള്ള് നിറയ്ക്കുന്പോൾ എല്ലാം ദൈവീകകൃപകൾ സ്വീകരിക്കുന്ന നമ്മുടെ ആത്മാവിന്റെ വലിപ്പം കുറയ്ക്കുകയാണ് നമ്മൾ ചെയ്യുന്നത്. ദൈവം നമുക്ക് ദാനമായി തരുന്ന കൃപകളുപയോഗിച്ചു ചെറിയ കാര്യങ്ങൾ സ്നേഹത്തോടെ ചെയ്യാൻ സാധിക്കുന്പോൾ, ആത്മീയമായി നമ്മെ കെട്ടിയിട്ടിരിക്കുന്ന മേഖലകളുടെ കെട്ടുകൾ അഴിഞ്ഞുതുടങ്ങും. മറ്റുള്ളവരുടെ നന്മയ്ക്കായി നമ്മുടെ സുഖങ്ങളിൽ ചിലതെങ്കിലും വേണ്ടെന്നുവയ്ക്കാൻ നമുക്ക് സാധിക്കുന്പോൾ, സ്വാർത്ഥത തളംകെട്ടിനിന്ന് മലിനമാക്കിയ നമ്മുടെ ഹൃദയത്തിലേക്ക് ദൈവകൃപകളുടെ ചാലുകൾ വീണ്ടും തുറക്കപ്പെടും. ദൈവം കാണിച്ചുതരുന്ന ചെറിയ കാര്യങ്ങൾ സ്നേഹത്തോടെയും വിശ്വസ്ഥതയോടെയും ചെയ്തുകൊണ്ട് ദൈവകൃപകൾ ധാരാളമായി സ്വീകരിക്കുന്നതിനായി നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.

കൃപകളുടെ ദാതാവായ കാരുണ്യവാനായ കർത്താവേ, അങ്ങയെ സ്വീകരിക്കാൻ ഇടമില്ലാത്ത എന്റെ ആത്മാവിന്റെ ശോചനാവസ്ഥയെപ്രതി ഞാനങ്ങയോട് മാപ്പപേക്ഷിക്കുന്നു. അഹങ്കാരത്താലും സ്വാർത്ഥതയാലും ആസക്തികളാലും നിറഞ്ഞ എന്റെ ഹൃദയത്തെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. അവിടുത്തെ കൃപകളാൽ നിറച്ച്, സ്നേഹത്തിന്റെ വറ്റാത്ത ഉറവയാക്കി എന്നെ രൂപാന്തരപ്പെടുത്തണമേ.കൃപകളുടെ മാതാവേ, തന്പുരാന്റെ അമ്മേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്