അവഗണിക്കപ്പെടുന്ന കടുകുമണികൾ
"അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്ക് സദൃശ്യമാണ്. നിലത്തു പാകുന്പോൾ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്. എന്നാൽ, പാകിക്കഴിയുന്പോൾ അതു വളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു. അവർക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവൻ വചനം പ്രസംഗിച്ചു: ഉപകളിലൂടെയല്ലാതെ അവൻ അവരോടു സംസാരിച്ചിരുന്നില്ല. എന്നാൽ, ശിഷ്യന്മാർക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു." (മർക്കോസ് 4:30-34)
വിചിന്തനം
ഒരുപക്ഷേ, നമ്മുടെ ദൃഷ്ടിയിൽ ഒരു കടുകുമണിയോളം നിസ്സാരമായ മറ്റൊന്നുംതന്നെ കണ്ടെന്നു വരികയില്ല. ഒരു കടുകുമണി നിലത്തുപോയാൽ അതെവിടെയെന്ന് അന്വേഷിക്കുവാനോ, ഒരു കടുകുമണി നിലത്തു കിടക്കുന്നതുകണ്ടാൽ അത് കുനിഞ്ഞെടുക്കുവാനോ നാമാരും ഉദ്യമിക്കാറില്ല. എന്നാൽ, ദൈവരാജ്യത്തിന്റെ സ്ഥിതി അതല്ല. എന്തൊക്കെ ക്ലേശങ്ങൾ സഹിച്ചിട്ടാണെങ്കിലും ദൈവരാജ്യത്തിലെ ഒരു അംഗമാകുകയെന്നതു നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ വചനഭാഗത്തിൽ, ദൈവരാജ്യത്തെ കടുകുമണിയോട് ഉപമിച്ചുകൊണ്ട് ഈശോ അനുദിന ജീവിതത്തിൽ പലതവണ നമ്മൾ അവഗണിക്കുന്ന ഒരു ചെറിയ വലിയ തെറ്റിലേക്ക് വിരൽ ചൂണ്ടുകയാണ്. വലിയ കാര്യങ്ങൾ ചെയ്ത് ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവരാകാൻ വെന്പൽകൊള്ളുന്ന നമ്മൾ പലപ്പോഴും ചെറിയ കാര്യങ്ങളെ അവഗണിക്കുന്നു. വലിയ കാര്യങ്ങളുടെ ഒരു കൂട്ടായ്മയാണ് ജീവിതം എന്നു തെറ്റിദ്ധരിക്കുന്ന നമ്മൾ, ഒട്ടേറെ ചെറിയ കാര്യങ്ങൾ കൂടിച്ചേർന്നാണ് വലിയ കാര്യങ്ങൾ രൂപമെടുക്കുന്നത് എന്ന വസ്തുത വിസ്മരിക്കുന്നു.
ദൈവസ്നേഹത്തെ പ്രതി ഒട്ടേറെ വലിയ കാര്യങ്ങൾ ഈ ലോകത്തിൽ ചെയ്യാനുള്ള ആഗ്രഹം നമ്മിൽ ധാരാളംപേർക്കുള്ളതാണ്. എന്നാൽ, വലിയ കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രതയിൽ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കാറുമുണ്ട്. സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരിയോ, ആശ്വാസകരമായ ഒരു വാക്കോ, ആദരവ് നിറഞ്ഞ പെരുമാറ്റമോ പോലുള്ള, ലഭിക്കുന്ന ആളല്ലാതെ മറ്റാരും അറിയുകപോലുമില്ലാത്ത നിസ്സാരങ്ങളായ പ്രവൃത്തികൾ ദൈവസന്നിധിയിൽ എത്രയധികം വിലപ്പെട്ടതാണ് എന്ന് പലപ്പോഴും നമ്മൾ വിസ്മരിക്കാരുണ്ട്. എന്നാൽ, ഇതുപോലുള്ള ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന കൃപകളാണ് നമ്മെ വലിയ കാര്യങ്ങൾ അഹങ്കാരവും സ്വാർത്ഥതയുമില്ലാതെ ചെയ്യാൻ പ്രാപ്തരാക്കുന്നത്. ഇതുപോലുള്ള ചെറിയ കാര്യങ്ങൾ സ്നേഹത്തോടെ ചെയ്യാൻ നമ്മൾ മടികാട്ടുന്പോൾ, ലളിതങ്ങളായ ആ പ്രവൃത്തികളിലൂടെ ദൈവം നമ്മിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്ന നിരവധിയായ കൃപകളാണ് നമ്മൾ വേണ്ടെന്നുവയ്ക്കുന്നത്. വലിയ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നു നമ്മൾ വാശിപിടിക്കുന്പോൾ, ചെറിയ കാര്യങ്ങളിൽ വിശ്വസ്ഥനായവനെ വലിയ കാര്യങ്ങൾ ഏൽപ്പിക്കുന്ന ദൈവത്തെ നമ്മൾ മറക്കുന്നു.
നമ്മുടെ കുറ്റങ്ങളും കുറവുകളും പൊറുത്ത് നമ്മെ അതിരറ്റു സ്നേഹിക്കുന്ന ദൈവത്തോട് നമ്മൾ എപ്രകാരം പ്രതികരിക്കുന്നു എന്നതിന്റെ പൂർണ്ണമായ അളവുകോലല്ല ദൈവസന്നിധിയിൽ നമ്മൾ നടത്തുന്ന പ്രാർത്ഥനകളും പരിഹാര പ്രവർത്തികളും. ദൈവം ദാനമായി തരുന്ന പാപമോചനവും മറ്റു കൃപകളും സ്വീകരിക്കുന്നവർ അവരുടെ അനുദിന ജീവിതത്തിൽ അവരോടിഴപഴകുന്ന വ്യക്തികളിലെ കുറ്റങ്ങളോടും കുറവുകളോടും ഏതുവിധത്തിൽ പ്രതികരിക്കുന്നു എന്നതും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെയും, അവിടുത്തോടൊപ്പം ദൈവരാജ്യത്തിൽ ആയിരിക്കുവാനുള്ള നമ്മുടെ ആഗ്രഹത്തിന്റെയും വേർതിരിക്കാനാവാത്ത ഒരു ഭാഗം തന്നെയാണ്. വലിയ കാര്യങ്ങൾ വലുതായി ചെയ്‌താൽ മാത്രമേ ദൈവം നമ്മിലൂടെ ആഗ്രഹിക്കുന്ന നന്മ ലോകത്തിനു ലഭിക്കുകയുള്ളൂ എന്ന ചിന്താഗതി ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം. ചെറിയ പ്രവർത്തികളിലൂടെ നമ്മൾ സ്നേഹപൂർവം ലോകത്തിൽ വിതയ്ക്കുന്ന കടുകുമണികളാണ് കാലക്രമത്തിൽ വളർന്നു പന്തലിച്ച് അനേകം പക്ഷികൾക്ക് തണലായി മാറുന്നത്. ദൈവം തരുന്നതുമാത്രമേ നമുക്കുള്ളൂ എന്ന ബോധ്യത്തോടെ, നമുക്കുള്ള നിസ്സാരങ്ങളായ ഉപാധികൾ ഉപയോഗിച്ച് ദൈവത്തെ മഹത്വപ്പെടുത്താൻ നമ്മൾ തയ്യാറാകുന്പോൾ, ദൈവം തന്റെ കൃപകളാൽ നിറച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രാപ്തരാക്കും.
കർത്താവായ യേശുവേ, പാപികളും നിസ്സാരരുമായ ഞങ്ങളെ അങ്ങ് സഹോദരരായിക്കരുതി സ്നേഹിച്ചു. ഞങ്ങളുടെ രക്ഷക്കായി സ്വർഗ്ഗരാജ്യത്തിന്റെ എല്ലാ സന്പന്നതയും ഉപേക്ഷിച്ച് സ്വയം ശൂന്യനായി മനുഷ്യജന്മമെടുത്ത ദൈവപുത്രാ, അങ്ങയുടെ പാത പിന്തുടർന്ന് എന്റെ സഹോദരരെ നിസ്വാർത്ഥമായി സ്നേഹിക്കാനും, ഉദ്ദേശശുദ്ധിയോടെ അവർക്കായി സേവനം ചെയ്യാനും എന്നെ സഹായിക്കണമേ. ഉപേക്ഷകൂടാതെ ചെറിയ കാര്യങ്ങൾ സന്തോഷപൂർവം ചെയ്തുകൊണ്ട്, ദൈവരാജ്യമാകുന്ന കടുകുമണികൾ ഈ ലോകമെങ്ങും വിതയ്ക്കാൻ എന്നിലെ സ്നേഹത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ