നിങ്ങൾ എന്തന്വേഷിക്കുന്നു?

"അടുത്തദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടെ നിൽക്കുന്പോൾ യേശു നടന്നുവരുന്നതുകണ്ട് പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവൻ പറഞ്ഞതുകേട്ട്‌ ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവർ തന്റെ പിന്നാലെ വരുന്നതു കണ്ട്,  ചോദിച്ചു:നിങ്ങൾ എന്തന്വേഷിക്കുന്നു? അവർ ചോദിച്ചു: റബ്ബീ - ഗുരു എന്നാണ് ഇതിനർത്ഥം - അങ്ങ് എവിടെയാണ് വസിക്കുന്നത്? അവൻ പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു. യോഹന്നാൻ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരിൽ ഒരുവൻ ശിമയോൻപത്രോസിന്റെ സഹോദരൻ അന്ത്രയോസായിരുന്നു. അവൻ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങൾ മിശ്ശിഹായെ - ക്രിസ്തുവിനെ - കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - പാറ എന്നു നീ വിളിക്കപ്പെടും." (യോഹന്നാൻ 1:35-42)

വിചിന്തനം 
മനുഷ്യർ  ഭൂമിയിൽ ദൈവത്തിന്റെ മഹത്വം കണ്ട് പകച്ചു നിൽക്കാതിരിക്കുന്നതിനും, അവിടുത്തെ ശക്തിയെപ്രതി ഭയചകിതരാകാതിരിക്കുന്നതിനും, സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനായാണ് ദൈവം ഭൂമിയിലേക്ക്‌ വന്നത്. അതുവഴി, സർവചരാചരങ്ങളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഏകജാതനെ, ദൈവം തന്നെയായ യേശുവിനെ, പേരുചൊല്ലി വിളിക്കാനുള്ള അധികാരം മനുഷ്യനു നല്കപ്പെട്ടു. ഈശോയെ പേരുചൊല്ലി വിളിക്കുന്ന ഓരോ അവസരത്തിലും നാമെന്താണ് ചെയ്യുന്നതെന്നു ഒന്നു ചിന്തിച്ചു നോക്കുക! നമ്മേക്കാൾ മുതിർന്നവരെ അവരുടെ പേരിനോടൊപ്പം ബഹുമാനസൂചകമായ എന്തെങ്കിലും ഒരു അഭിവാദനംകൂടി ചേർത്തു വിളിക്കുന്ന പതിവ് ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും ഉള്ള ഒന്നാണ്. എന്നാൽ, യേശുവെന്ന പേരിനൊപ്പം ബഹുമാനസൂചകമായി മറ്റെന്തെങ്കിലും ചേർക്കേണ്ട യാതൊരു ആവശ്യവുമില്ല! എല്ലാവർക്കും എപ്പോൾ വേണമെങ്കിലും പേരുചൊല്ലി വിളിക്കാവുന്ന ഒരു വ്യക്തിത്വത്തിനുടമയായിട്ടാണ് ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചത്. അങ്ങിനെ, നമ്മുടെ ഏറ്റവും നല്ല ഒരു സുഹൃത്തിനോടെന്നപോലെ സ്നേഹത്തിലും  സൌഹൃദത്തിലും പേരെടുത്തു വിളിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ദൈവത്തെ സമീപിക്കാൻ നമുക്ക് സാധിക്കുന്നു.

നമ്മുടെ സുഹൃത്തുക്കളെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. യേശുവിനെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ച് അവിടുത്തെ സമീപിച്ച രണ്ടു പേരോട് അവിടുന്ന് എങ്ങിനെ പ്രതികരിച്ചുവെന്നും, യേശു അവരോടു കാട്ടിയ സമീപനത്തിന്റെ അനന്തരഫലം എന്താണെന്നും വ്യക്തമാക്കുന്നതാണ് ഇന്നത്തെ വചനഭാഗം. തന്നെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരോടും, തന്നോട് സൌഹൃദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരോടും യേശു എക്കാലവും പറയുന്ന വാക്കുകളാണ്, "വന്നു കാണുക". യേശുവുമായി നല്ലൊരു ബന്ധം ആഗ്രഹിക്കുന്ന ഏതൊരാളും നിർബന്ധമായും ചെയ്യേണ്ട ഒന്നാണ് അവിടുത്തോടൊപ്പമുള്ള ഒരു യാത്ര. പരിചിതമായ ചുറ്റുപാടുകളിൽനിന്നും, അടുപ്പമുള്ള വ്യക്തികളിൽനിന്നും വേറിട്ട്‌ നിശ്ചയമില്ലാത്ത വഴികളിലൂടെയുള്ള സഞ്ചാരം ഈ യാത്രയുടെ ഒരു സവിശേഷതയാണ്. ഒട്ടേറെ അനിശ്ചിതത്വങ്ങളുടെ നടുവിലും ഇത്തരമൊരു യാത്രക്ക് മനുഷ്യരെ സഹായിക്കുന്നത്, തന്നെ സമീപിക്കുന്നവരോടുള്ള യേശുവിന്റെ സ്നേഹം നിറഞ്ഞ പ്രതികരണം തന്നെയാണ്. നമ്മുടെ ആവശ്യങ്ങളിൽ നാമേറ്റവും ആദ്യം സമീപിക്കുന്നത് നമ്മുടെ സുഹൃത്തുക്കളെയാണ്. ഒരു നല്ല സുഹൃത്ത് നമുക്ക് ആവശ്യമുള്ളത് അവരുടെ കൈവശമുണ്ടെങ്കിൽ യാതൊരു മടിയും കാട്ടാതെ തന്നു നമ്മെ സഹായിക്കുന്നു. മനുഷ്യന് വേണ്ടതെല്ലാം യേശുവിൽ സന്നിഹിതമാണ് - നിത്യരക്ഷ, സമാധാനം,  സന്തോഷം, പാപമോചനം, സ്വാതന്ത്ര്യം. യേശുവുമായി സുഹൃത്ബന്ധം സ്ഥാപിച്ച് അവിടുത്തെ അനുഗമിക്കുന്നവർക്കെല്ലാം ഈ കൃപകൾ അവിടുന്ന് ധാരാളമായി നൽകുകയും ചെയ്യുന്നു.

അനുദിന ജീവിതത്തിൽ രോഗങ്ങളും വിവിധ തടസ്സങ്ങളും ഒക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്പോൾ, അവയ്ക്ക് പ്രതിവിധി അന്വേഷിച്ച് ആകുലപ്പെടുന്നവരാണ് നമ്മൾ. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ നമ്മെ സഹായിക്കാൻ ആരാണ് ഉള്ളതെന്ന് കരുതി നമ്മൾ വിഷമിക്കാറുണ്ട്. നമ്മുടെ വിഷമതകൾ കേൾക്കാനും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും നമ്മുടെ തകർച്ചകളിൽ ആശ്വാസവും വീഴ്ചകളിൽ താങ്ങുമായി ഒരു സുഹൃത്തുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും നമ്മൾ ആഗ്രഹിക്കാറുമുണ്ട്. ഈ അവസരങ്ങളിലെല്ലാം ഈശോ നമ്മുടെ അടുത്തുവന്നുനിന്ന് നമ്മോടു ചോദിക്കുന്നുണ്ട്, "നിങ്ങൾ എന്തന്വേഷിക്കുന്നു?". നമ്മുടെ അവസ്ഥ എന്തുതന്നെ ആയാലും, നമ്മുടെ അന്വേഷണങ്ങൾ എല്ലാം എത്തി നിൽക്കേണ്ടത് യേശുവിലായിരിക്കണം. അവിടുത്തെ അന്വേഷിക്കുന്നവരാരും നിരാശപ്പെടാതിരിക്കേണ്ടതിന്, നമുക്ക് പരിചിതമായ രൂപത്തിലും ഭാവത്തിലും അവിടുന്ന് നമുക്ക് മുന്പാകെ സന്നിഹിതനാണ്. ഒരു സുഹൃത്തിനോടെന്നപോലെ യേശുവിനോട് ഇടപഴകാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നുണ്ട്‌; യാതൊരു ഔപചാരികതകളുമില്ലാത്ത "ഈശോ" എന്ന പേര് അതിനായി അവിടുന്ന് മാലാഖ വഴിയായി ലോകത്തിനു വെളിപ്പെടുത്തി തന്നിട്ടുമുണ്ട്.

യേശുവിനോടൊപ്പം ഒരു ദിവസം ചിലവഴിച്ച അന്ത്രയോസിനു ആ ബന്ധത്തിന്റെ പ്രത്യേകത മനസ്സിലായപ്പോൾ അത് രഹസ്യമാക്കി വയ്ക്കാൻ കഴിഞ്ഞില്ല - ശിമയോൻപത്രോസിനു യേശുവിനെക്കുറിച്ചറിയാൻ അതു കാരണമായി ഭവിച്ചു.യേശുവുമായി സൌഹൃദത്തിലിരിക്കുന്ന എല്ലാവരും ആ സൗഹൃദം മറ്റുള്ളവരുമായി പങ്കുവയ്ക്കുകകൂടി വേണം. ചിലപ്പോൾ നമ്മുടെ ഒരു വാക്കായിരിക്കും യേശുവിന് പത്രോസ് ശ്ലീഹായെപ്പോലെ തീഷ്ണമതിയായ ഒരു അനുയായിയെ നേടിക്കൊടുക്കുന്നത്. കർത്താവായ യേശുവിനെ വ്യക്തിപരമായി അറിയാനും ആദരിക്കാനും സ്നേഹിക്കാനും, നമ്മുടെ അനുഭവം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.

പാപംചെയ്തകന്ന ലോകത്തെ പശ്ചാത്താപത്തിലൂടെ തിരികെനേടാൻ സ്വർഗ്ഗംവിട്ടിറങ്ങിയ ഈശോയേ, അങ്ങയെ ഒരു സുഹൃത്തായി കണ്ടു സ്നേഹിക്കാനും, രക്ഷകനായി ഏറ്റുപറഞ്ഞ് അനുഗമിക്കാനും, ദൈവമായി അറിഞ്ഞു ആദരിക്കാനും, അങ്ങയെ വെളിപ്പെടുത്തി തരുന്ന പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. അവിടുത്തെ സ്നേഹത്താൽ നിറച്ച്, അങ്ങയിലൂടെ മാത്രം ലഭ്യമായ രക്ഷയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു ഉപകരണമാക്കി എന്നെ മാറ്റണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്