ഹൃദയത്തിലൂടെ ഒരു വാൾ

"അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറുകയും ചെയ്യും." (ലൂക്കാ 2:33-35)

വിചിന്തനം 
യേശുവിനെ ദേവാലയത്തിൽ കാഴ്ചവച്ച വേളയിൽ, ശിമയോൻ എന്ന ദൈവഭക്തനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് അവിടെ എത്തിച്ചേർന്നു. കർത്താവിന്റെ അഭിഷിക്തനെ സ്വന്തം കണ്ണുകൾകൊണ്ട് കാണുവാൻ സാധിച്ചതിൽ ആനന്ദിക്കുന്ന ശിമയോനിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആദ്യമായി യൌസേപ്പ് പിതാവിനും പരിശുദ്ധ അമ്മയ്ക്കും വരാനിരിക്കുന്ന വേദനകളെക്കുറിച്ച് വെളിപാടുകൾ നൽകുകയാണ്. "ഒരിക്കൽക്കൂടി ഈശോയെ ദൈവത്തിനു സമർപ്പിക്കുന്ന സമയം വരും; ദേവാലയമതിലുകൾക്കുള്ളിൽ ആയിരിക്കില്ല, നഗരത്തിന്റെ മതിൽകെട്ടുകൾക്കു വെളിയിൽ ഒരു കുരിശിലായിരിക്കും ആ സമർപ്പണം. ആ സമയത്ത് പ്രാവിൻകുഞ്ഞുങ്ങളെയോ ചെങ്ങാലികളെയോ വിലയായി നൽകി യേശുവിനെ വീണ്ടെടുക്കാൻ ആർക്കും  ആവില്ല; കാരണം, അനേകരുടെ രക്ഷക്കായി സ്വന്തം ജീവനെ വിലയായി നൽകുന്നതിനാണ് പിതാവ് അവനെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്", എന്ന് ശിമയോന്റെ പ്രവചനത്തെക്കുറിച്ച് വിശുദ്ധ ബെർണാർഡ് പറയുന്നു. ഒപ്പം, വർണ്ണനാതീതമായ സഹനങ്ങൾ അനുഭവിക്കുന്ന മകന്റെ വേദനകളിൽ ആത്മീയമായി പങ്കാളിയാകുന്നതുമൂലം ഹൃദയം കുത്തിതുളയ്‌ക്കപ്പെട്ട ഒരമ്മയുടെ ചിത്രവും നമുക്കിവിടെ വെളിപ്പെട്ടു കിട്ടുന്നു - ജനകോടികളുടെ വേദനകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി അവർക്കാശ്വാസം പകരുന്ന വ്യാകുലയായ മാതാവിനെ ശിമയോന്റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് നമുക്കെല്ലാവർക്കുമായി വെളിപ്പെടുത്തി തരുന്നു. 

നിത്യരക്ഷയാകുന്ന സന്തോഷത്തിൽനിന്ന് ഒരിക്കലും വേർപെടുതാനാവാത്തതാണ് കുരിശിലെ വേദന എന്ന യാഥാർത്ഥ്യത്തിനു ഏറ്റവും നല്ല ഉദാഹരണമാണ് വ്യാകുല മാതാവ്. സന്താനങ്ങൾ ദൈവത്തിന്റെ വലിയ ഒരനുഗ്രഹമായും, വലിയ സന്തോഷത്തിന്റെ കാരണമായും യഹൂദർ കരുതിയിരുന്നു. എന്നാൽ, തന്റെ ജീവിതത്തിൽ എത്തിച്ചേർന്ന ദിവ്യശിശുമൂലം താൻ ഭാവിയിൽ മറ്റൊരമ്മയും അനുഭവിക്കാത്ത വിധത്തിലുള്ള ആകുലതകൾക്കും വേദനകൾക്കും പാത്രീഭൂതയാകും എന്നറിഞ്ഞിട്ടും പരിശുദ്ധ അമ്മ, ദൈവം തന്നെ ഏൽപ്പിച്ച ദൗത്യത്തിൽ നിന്നും പിന്മാറുന്നില്ല. ഒരു കന്യകയെന്ന നിലയിൽ രക്ഷനായ ദൈവത്തിന്റെ വാസസ്ഥലമാകാൻ സമ്മതിച്ചതുപോലെതന്നെ, ഒരമ്മയെന്ന നിലയിൽ തന്റെ ഏകജാതനെ ബലിയായി നൽകുന്നതിനും ആ അമ്മയുടെ സമ്മതം ആവശ്യമായിരുന്നു. വ്യധകളാൽ നീറുന്പോഴും, തന്റെ വേദനകളുടെ രക്ഷാകരപ്രാധാന്യം മനസ്സിലാക്കി ഹൃദയത്തിൽ സന്തോഷിക്കാൻ ഈശോയുടെ അമ്മയ്ക്കായി. അതുവഴി, മനുഷ്യരാശിയോടുള്ള അതിരറ്റ സ്നേഹത്തോടെ തന്റെ പുത്രന്റെ ബലിയിൽ പങ്കെടുക്കാനും ആ അമ്മയ്ക്കായി. യേശുവിലൂടെ ലോകത്തിനു ലഭിച്ച നിത്യരക്ഷയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സജീവസാന്നിധ്യം തിരിച്ചറിഞ്ഞാണ്‌ തിരുസഭ സഹരക്ഷക എന്ന പേര് നൽകി മറിയത്തെ ആദരിക്കുന്നത്.

നമ്മുടെ ജീവിതത്തിലെ വേദനകളുടെയും കഷ്ടതകളുടെയും അർത്ഥം എന്തെന്നു ഗ്രഹിക്കാൻ ഏറ്റവും നല്ല മാർഗ്ഗം അവയെ പരിശുദ്ധ അമ്മയുടെ സഹനങ്ങളുമായി ചേർത്തുവച്ച് ധ്യാനിക്കുക എന്നതാണ്. അമ്മയോട് നമ്മുടെ വേദനകൾ പങ്കുവയ്ക്കുന്പോൾ, തന്റെ പുത്രനായ യേശുക്രിസ്തുവിനോടു ചേർന്നുനിന്ന് അവയെ എല്ലാം വിശുദ്ധീകരിച്ച് പിതാവായ ദൈവത്തിനു എങ്ങിനെ സമർപ്പിക്കണം എന്നു വ്യാകുലമാതാവ് നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തെ ലോകത്തിൽ, ഓരോ ക്രിസ്തുശിഷ്യനും തന്റെ പുത്രന്റെ രക്ഷാകരകർമ്മത്തിൽ പങ്കാളിയായി ലോകത്തെ മുഴുവൻ രക്ഷയിലേക്ക് നയിക്കണമെന്ന് പിതാവായ ദൈവം ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും നിസ്സാരമായ നമ്മുടെ പ്രവർത്തികൾപോലും ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി ചെയ്യുന്പോൾ നമ്മൾ ദൈവത്തിന്റെ ആഗ്രഹമനുസരിച്ചു പ്രവർത്തിക്കുന്നവർ ആകുന്നു. അതുപോലെതന്നെ, പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ വേദനകളെയും രോഗങ്ങളെയും തകർച്ചകളെയും തിരിച്ചടികളെയും ക്ഷമയോടും സന്തോഷത്തോടുംകൂടി സ്വീകരിച്ച് ദൈവസന്നിധിയിൽ സമർപ്പിച്ച്‌ നമുക്ക് ചുറ്റുമുള്ളവർക്ക് മാതൃകയാകാൻ നമ്മൾ പരിശ്രമിക്കണം. അതിനായി പരിശുദ്ധ കന്യാമറിയത്തിന്റെയും, സഹനങ്ങളെ സന്തോഷത്തോടെ ദൈവസന്നിധിയിൽ കാഴ്ചവച്ച സകല വിശുദ്ധരുടെയും മാധ്യസ്ഥം അതിനായി നമുക്ക് അപേക്ഷിക്കുകയും ചെയ്യാം. 

ലോകത്തിന്റെ പാപങ്ങൾക്കു പരിഹാരമായി അങ്ങയുടെ തിരുക്കുമാരൻ കുരിശിൽ ബലിയായി ഉയർത്തപ്പെട്ടപ്പോൾ, ആ വേദനയിൽ പങ്കാളിയായി കുരിശിനോടു ചേർന്നുനിന്ന എത്രയും പരിശുദ്ധിയും കരുണയും നിറഞ്ഞ മാതാവേ, രക്ഷയുടെ ഫലങ്ങൾ ഞങ്ങളിൽ സമൃദ്ധമാകുന്നതിനായി പ്രാർത്ഥിക്കണമേ. ആമ്മേൻ. (A Payer of Pope Pius IX)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!