കിഴക്കു കണ്ട നക്ഷത്രം
"അപ്പോൾ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവൻ അവരെ ബേത് ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുന്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതു കേട്ടിട്ട് അവർ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവർക്കു മുന്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു." (മത്തായി 2:7-10)
ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം അവരും അറിയണം എന്ന് ദൈവം ആഗ്രഹിച്ചു. നക്ഷത്രങ്ങളിൽ വിജ്ഞാനം അന്വേഷിച്ചിരുന്ന അവർക്ക് ദൈവം രക്ഷകനെക്കുറിച്ചുള്ള അറിവ് നൽകിയത് അവർക്ക് മനസ്സിലാകുന്ന പ്രതീകങ്ങളിലൂടെ ആയിരുന്നു. അവരാകട്ടെ, ദൈവം നല്കിയ പ്രചോദനം ഹൃദയത്തിൽ സ്വീകരിച്ച്, ദീർഘവും ക്ലേശകരവുമായ ഒരു യാത്രയ്ക്ക് തയ്യാറാവുകയും ചെയ്തു.
ശാരീരികമായ ബുദ്ധിമുട്ടുകൾക്കുപരിയായി, തങ്ങളുടെപ്രിയപ്പെട്ടവരിൽനിന്നും പ്രിയപ്പെട്ടവയിൽ നിന്നുമെല്ലാം തങ്ങളെ കുറെക്കാലത്തേക്ക് അകറ്റി നിർത്തുന്ന ഒരു യാത്രയെക്കുറിച്ചുള്ള ചിന്ത അവരിൽ തീർച്ചയായും നിരവധിയായ മാനസിക സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നിരിക്കണം. മാത്രവുമല്ല, രക്ഷകൻ എന്ന സങ്കൽപംപോലും മനസ്സിൽ സൂക്ഷിക്കാത്ത അവരുടെ കുടുംബാങ്ങളോടും സുഹൃത്തുക്കളോടും ഈ യാത്രയുടെ ഉദ്ദേശത്തെയും ലക്ഷ്യത്തെയുംകുറിച്ച് അവർ എങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കാണും? ഈ യാത്രക്ക് പുറപ്പെടാതിരിക്കുകയായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പവും യുക്തിക്ക് നിരക്കുന്നതുമായ കാര്യം. എന്നാൽ, ദൈവത്തിന്റെ വിളി സ്വീകരിച്ച്, അപരിചിതമായ വഴികളിലൂടെ, രക്ഷകനെ തേടി യാത്ര ചെയ്യാൻ മാത്രം ശക്തമായ വിശ്വാസത്തിനുടമകളായിരുന്നു അവർ. നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം, ഇതുപോലെ തന്നെ നാമോരോരുത്തരെയും പേരുചൊല്ലി വിളിക്കുന്നുണ്ട്. ദൈവത്തിനു നമ്മോടുള്ള സ്നേഹവും പരിപാലനയും തിരിച്ചറിഞ്ഞു പ്രതികരിക്കുന്നതിന് ആ വിജ്ഞാനികളുടേതിനു സമാനമായ ധൈര്യവും ദൈവാശ്രയവും നമുക്കും ഉണ്ടാകേണ്ടത് ആവശ്യമാണ്.
വിശാലമായ ആകാശത്ത് ആ വിജ്ഞാനികൾ നക്ഷത്രത്തിൽ കണ്ടെത്തിയ അടയാളങ്ങൾ ഇന്നും നമ്മുടെ ഹൃദയത്തിന്റെ അഗാധതയിൽ ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്. പരിചിതമായ ചുറ്റുപാടുകളും സന്തോഷം തരുന്ന വ്യക്തികളെയും ഒക്കെ മാറ്റിനിർത്തിയിട്ട് ക്ലേശകരവും പ്രത്യക്ഷാ യുക്തിരഹിതവുമായ ഒരു യാത്രക്ക് ദൈവം നമ്മെയെല്ലാവരെയും വിളിക്കുന്നുമുണ്ട്. എന്നാൽ, ഈ യാത്രകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ എന്ന സന്ദേഹം കൊണ്ടും, മറ്റുള്ളവർ ഈ യാത്രയെച്ചൊല്ലി പരിഹസിക്കും എന്ന ഭയംകൊണ്ടും പലപ്പോഴും ദൈവത്തിന്റെ വിളി സ്വീകരിച്ചു രക്ഷകനായ ദൈവത്തെ അന്വേഷിക്കുവാൻ നമ്മൾ വിമുഖത കാട്ടാറുണ്ട്. ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ തേടിയുള്ള യാത്ര. ഇന്നത്തെ ലോകത്തിൽ കർത്താവിനെ തേടുന്നവർ, ശാരീരികമായ ഒരു യാത്രയെക്കാളുപരിയായി ആത്മീയമായ ഒരു യാത്രയാണ് ചെയ്യേണ്ടത്. ക്രിസ്തുവിലേക്കുള്ള വിളി നമുക്ക് ഈ ലോകത്തിൽ അർഹമായ സ്ഥാനമാനങ്ങൾ ഇല്ലാതാക്കുന്ന ഒരു യാത്രയല്ല; മറിച്ച്, ദൈവഹിതത്തിനെതിരായി നമ്മിലുള്ള അവസ്ഥകളെ ചെറുത്തുകൊണ്ടുള്ള ഒരു ആത്മീയയാത്ര ആയിരിക്കണം അത്. ഈ യാത്രയിൽ നമുക്ക് വഴി കാണിച്ചു തരുന്ന, യാതൊരു അന്ധകാരത്തിനും കീഴടക്കാൻ സാധിക്കാത്ത, വെളിച്ചവുമായാണ് രക്ഷകനായ ദൈവം ഭൂമിയിലേക്ക് വന്നത്.
ആകാശത്തിലുദിച്ച അത്ഭുത നക്ഷത്രം ആ മൂന്നു ജ്ഞാനികൾ മാത്രമായിരിക്കില്ല കണ്ടത്. എന്നാൽ, മറ്റുള്ളവർ വെറുമൊരു അത്ഭുത പ്രതിഭാസമായി തള്ളിക്കളഞ്ഞ ആ നക്ഷത്രത്തെപ്പറ്റി ധ്യാനിച്ച്, അതിലൂടെ ലോകത്തോടു മുഴുവൻ സംസാരിച്ച ദൈവത്തിന്റെ സ്വരം തിരിച്ചറിഞ്ഞവർ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷകനായ ദൈവത്തിന്റെ അത്ഭുതവെളിച്ചം ലോകത്തിൽ പ്രകാശിക്കുന്പോൾ ജിജ്ഞാസയോടെ അതു വീക്ഷിക്കുന്ന ധാരാളം ഇന്നും നമ്മുടെ ലോകത്തുണ്ട്. എന്നാൽ, ദൈവത്തിലുള്ള വിശ്വാസത്തോടെ ആ പ്രകാശം കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ തയ്യാറാകുന്നവർ വളരെ ചുരുക്കം മാത്രം. കാരണം, നമ്മുടെ ഇഹലോകജീവിതം ഒരു വലിയ യാത്രയുടെ കേവലം ചെറിയ ഒരു ഭാഗം മാത്രമാണെന്ന് നമ്മൾ മറന്നുപോകുന്നു. ആ വിജ്ഞാനികളെപ്പോലെ, ദൈവം കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിച്ച്, നമുക്കുള്ളതെല്ലാം ദൈവസന്നിധിയിൽ സമർപ്പിക്കുന്പോഴാണ് നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾക്കും സന്താപങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും സഹനങ്ങൾക്കും, സമൃദ്ധിക്കും ദാരിദ്ര്യത്തിനും, ആരോഗ്യത്തിനും അനാരോഗ്യത്തിനുമെല്ലാം അർത്ഥമുണ്ടാകുന്നത്. ലോകത്തിന്റെ നാനാദിക്കുകളിൽനിന്നും തന്റെ ഏകാജാതന്റെ സവിധത്തിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്യുന്ന പിതാവായ ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകാൻ ആവശ്യമായ വിശ്വാസത്തിന്റെ ഉടമകളാകുന്നതിനായി പ്രാർത്ഥിക്കാം.
അന്ധകാരാവൃതമായ ഹൃദയങ്ങളിൽ പ്രകാശം പരത്തി സ്വർഗ്ഗത്തിലേക്കുള്ള വഴി വെളിപ്പെടുത്താൻ ഭൂമിയിലേക്ക് വന്ന കർത്താവായ യേശുവേ, അങ്ങയുടെ മഹത്വവും ശക്തിയും എന്റെ ജീവിതത്തിൽ പ്രതിഫലിക്കാൻ, അങ്ങയുടെ വചനത്തിന്റെ വെളിച്ചത്താൽ എന്റെ ആത്മാവിനെ പ്രകാശിപ്പിക്കണമേ, അങ്ങയുടെ സ്നേഹത്താൽ എന്റെ ഹൃദയകാഠിന്യം അകറ്റണമേ. അങ്ങയുടെ വഴികളിലൂടെ സഞ്ചരിക്കുവാനും, അങ്ങേക്ക് ഹിതകരമായതുമാത്രം ചെയ്യുവാനും എന്നിലെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ