ഈജിപ്തിലേക്കു പാലായനം

"അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക; ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി; ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തിൽനിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തതു പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്." (മത്തായി 2:13-15)

വിചിന്തനം 
സ്തുതികളും കാഴ്ചവസ്തുക്കളുമായി ദൈവപുത്രനെ ആരാധിക്കാൻ പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ മാതാവിലും യൌസേപ്പ് പിതാവിലും അത്യധികം ആഹ്ലാദം ജനിപ്പിച്ചിരുന്നിരിക്കണം. എന്നാൽ, ആ സന്തോഷവുമായി ഉറങ്ങാൻ കിടന്ന പരിശുദ്ധ അമ്മയെ വിളിച്ചെഴുന്നേല്പ്പിച്ചത്‌ യൌസേപ്പ് പിതാവിന്റെ ഉത്‌കണ്ഠ നിറഞ്ഞ വിളികളാണ്. കർത്താവിന്റെ ദൂതന്റെ മുന്നറിയിപ്പ് കേട്ട് ഈജിപ്തിലേക്ക് പാലായനം ചെയ്യുന്ന തിരുക്കുടുംബത്തിനു മുന്നിൽ ദുർഘടങ്ങൾ ഏറെയായിരുന്നു. പരിചിതമല്ലാത്ത വഴികളിലൂടെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു യാത്രയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ ഒന്നും തന്നെ അവർ ചെയ്തിരുന്നില്ല. മാത്രവുമല്ല, ഹെറോദേസിന്റെ പടയാളികൾ പിന്തുടരുമോ എന്ന ഭയവും അവരെ അലട്ടിയിരുന്നിരിക്കണം. പകൽ തണലും രാത്രിയിൽ വെളിച്ചവുമായി യഹൂദജനത്തെ ഈജിപ്തിൽനിന്നും വാഗ്ദത്തഭൂമിയിലേക്ക്‌ വഴിനടത്തിയ ദൈവത്തിന്റെ ഏകജാതനെ - വിശക്കുകയും കരയുകയും ഉറങ്ങുകയും ചെയ്യുന്ന നിസ്സഹായനായ ഒരു ശിശുവിനെ -  കൈകളിലേന്തി തിരിച്ചുള്ള ഒരു യാത്ര അവരിൽ തീർച്ചയായും ഒട്ടേറെ ആശയക്കുഴപ്പങ്ങളും ആത്മീയസംഘർഷങ്ങളും  സൃഷ്ടിച്ചിരുന്നിരിക്കണം. എന്നാൽ, അവയ്കെല്ലാം ഉപരിയായി അവർ ദൈവത്തിൽ വിശ്വസിച്ചു; ദൈവത്തിന്റെ പദ്ധതികളെ ചോദ്യം ചെയ്യാതെ എളിമയോടെ അനുസരിച്ചു. ദൈവത്തിന്റെ പദ്ധതികൾ ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ നമ്മിലും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്താറുണ്ട്. ആ അവസരങ്ങളിൽ, തിരുക്കുടുംബത്തിന്റെ മാതൃക പിന്തുടർന്ന്, ദൈവത്തിൽ മാത്രം ആശ്രയം വച്ചുകൊണ്ട് അപരിചിതമായ വഴികളിലൂടെ യാത്ര ചെയ്യാൻ നമുക്കാവുന്നുണ്ടോ?

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയേക്കാൾ അധികമായി മറ്റൊരു വ്യക്തിയെ സ്നേഹിക്കാൻ പിതാവായ ദൈവത്തിനു സാധിക്കുമായിരുന്നെങ്കിൽ, തിരുക്കുടുംബത്തിലെ ആ മൂന്നു വ്യക്തികളെ മറ്റെല്ലാരെക്കാളും ഉപരിയായി അവിടുന്ന് സ്നേഹിച്ചിരുന്നുവെന്ന് നിസ്സംശയം പറയാൻ സാധിക്കും. എങ്കിലും, അനുദിന ജീവിതത്തിലെ ക്ലേശങ്ങളിൽനിന്നും വേദനകളിൽ നിന്നും വിമുക്തമായ ഒരു ജീവിതം അവർ നയിക്കണം എന്നതായിരുന്നില്ല ദൈവഹിതം. അതുകൊണ്ടുതന്നെ, സഹനങ്ങളും ബുദ്ധിമുട്ടുകളും ആത്യന്തികമായി നമ്മെ എങ്ങിനെ സഹായിക്കും എന്നു മനസ്സിലാക്കാൻ തിരുക്കുടുംബം എക്കാലവും നമുക്ക് വഴികാട്ടിയായി നിലകൊള്ളുന്നു. ഒപ്പംതന്നെ, ദൈവത്തിന്റെ പ്രിയപ്പെട്ടവർ എന്ന വിശേഷണം വേദനകളും ദുരിതങ്ങളും ഇല്ലാത്ത ഒരു ജീവിതം കരസ്ഥമാക്കിയവർ എന്നർത്ഥമില്ല എന്ന സത്യവും നമുക്ക് വെളിപെടുത്തി തരുന്നു. തിരിച്ചടികൾ ഇല്ലാത്ത ഒരു ജീവിതമല്ല ദൈവത്തോടൊപ്പമുള്ള ജീവിതം- കഷ്ടതകൾ ഉണ്ടാകുന്പോൾ ദൈവാശ്രയത്തിലൂടെ ലഭിക്കുന്ന ആത്മധൈര്യം ഉപയോഗിച്ച് അവയെ എതിർത്തു തോല്പിക്കുന്നതാണ് ദൈവത്തോടൊപ്പമുള്ള സഹവാസം. 

ഈജിപ്തിൽ ജീവിച്ച കാലത്ത്, പ്രതിസന്ധികളിൽ തകരാതെ, ആത്മധൈര്യവും കഠിനാദ്ധ്വാനവും ഉപയോഗിച്ച് ദൈവത്തിന്റെ പദ്ധതികളെ പിന്തുണയ്ക്കാൻ ജോസഫിനും മറിയത്തിനും സാധിച്ചു. കഷ്ടപ്പാടുകളിൽ ആത്മസംയമനം വെടിയാതെ ക്ഷാമാപൂർവം ജീവിക്കാൻ ആത്മധൈര്യം സഹായിക്കുന്നു. ലോകത്തിന്റെ വഴികളിൽനിന്നും വേറിട്ട്‌, ദൈവം കാണിച്ചു തരുന്ന വഴികളിലൂടെ സഞ്ചരിക്കുന്നതിനു ആത്മധൈര്യം അത്യാവശ്യമാണ്. ഒപ്പം, നമ്മുടെ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് നമ്മെ നിരന്തരം ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുന്ന നിരാശാചിന്തകളെ നേരിടണമെങ്കിലും ആത്മധൈര്യം കൂടിയേ കഴിയൂ. ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നപ്പോൾ തന്റെ സംരക്ഷണവും പരിപാലനയും ഭരമേല്പ്പിച്ച വിശുദ്ധ യൌസേപ്പ് പിതാവിനെയും പരിശുദ്ധ അമ്മയെയും മാതൃകയാക്കി, നമ്മുടെ കുടുംബത്തിലും ജോലിയിലും മറ്റെല്ലാ മേഖലകളിലും ഉണ്ടാകുന്ന പ്രതിസന്ധികളെ, ആത്മധൈര്യവും കഠിനാദ്ധ്വാനവും ദൈവത്തിലുള്ള വിശ്വാസവും ഉപയോഗിച്ച് കീഴടക്കുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, ജീവിതത്തിലെ വേദനകളും തകർച്ചകളും എന്നെ അങ്ങയിലേക്ക് കൂടുതൽ അടുപ്പിക്കാൻ എന്റെ ഹൃദയത്തെ അവിടുത്തെ ആത്മാവിനാൽ നിറച്ച് ശക്തിപ്പെടുത്തണമേ. അനന്തമായ അങ്ങയുടെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്, അങ്ങയുടെ സത്യത്തിന്റെയും വചനത്തിന്റെയും വിശ്വസ്ത ദാസനാകാൻ എന്നിലെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!