അവർ ജറുസലെമിലേക്ക് തിരിച്ചുപോയി

"യേശുവിന്റെ മാതാപിതാക്കന്മാർ ആണ്ടുതോറും പെസഹാത്തിരുന്നാളിന് ജറുസലെമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ച് അവർ തിരുന്നാളിനു പോയി. തിരുന്നാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാസംഘത്തിന്റെകൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്ക് തിരിച്ചുപോയി. മൂന്നുദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു." (ലൂക്കാ 2:41-47)

വിചിന്തനം 
യേശു ആരെന്നു വ്യക്തമായി അറിയാമായിരുന്ന യൌസേപ്പ് പിതാവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ പരമപ്രധാനമായ ദൗത്യം ഈശോയുടെ സംരക്ഷണവും പരിപാലനവും ആയിരുന്നു. യേശുവിനെക്കൂടാതെ അവരുടെ ജീവിതത്തിനോ പ്രവർത്തികൾക്കോ യാതൊരു അർത്ഥവും ഉണ്ടായിരുന്നില്ല. എന്നിട്ടും, യേശുവിന്റെ  മാതാപിതാക്കൾക്ക് അവിടുത്തെ നഷ്ടമായി! തന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കാനുള്ള ഈശോയുടെ അതിയായ ആഗ്രഹം മൂലം അവിടുന്ന് ജറുസലേമിൽ തങ്ങിയത് യൌസേപ്പിതാവും മാതാവും അറിഞ്ഞില്ല. കാരണം, ബാലനായ യേശു അവരുടെ യാത്രാസംഘത്തിലുള്ള ആരുടെയെങ്കിലും കൂടെ കാണുമെന്ന് അവർ കരുതി. നസ്രത്തിൽനിന്നും എണ്‍പതു മൈലോളം അകലെയായിരുന്നു ജറുസലെം. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ യാത്രയിലെ ക്ലേശങ്ങൾ ലഘൂകരിക്കാൻ യഹൂദർ കൂട്ടം ചേർന്നാണ് ദൈവാലയത്തിൽ പോവുകയും തിരിച്ചു വരികയും ചെയ്തിരുന്നത്. മാത്രവുമല്ല, സ്തീകളും പുരുഷന്മാരും ഒരുമിച്ചു യാത്ര ചെയ്തിരുന്നുമില്ല. പകൽ മുഴുവൻ യാത്രചെയ്ത്, രാത്രിയിൽ വിശ്രമത്തിനൊരുങ്ങിയപ്പോഴാണ് യേശുവിന്റെ അഭാവം അവിടുത്തെ മാതാപിതാക്കൾ ശ്രദ്ധിച്ചത്. അപ്പോൾ അവർ അനുഭവിച്ച മാനസിക വ്യഥ തീർച്ചയായും വർണ്ണനാതീതമാണ്. യൌസേപ്പിതാവിനും കന്യാമാറിയത്തിനും യേശുവിനെ നഷ്ടപ്പെട്ട സ്ഥിതിവിശേഷത്തിന് ഇന്നത്തെ നമ്മുടെ ജീവിതത്തിൽ എന്തു പ്രസക്തിയാണുള്ളത്?

യൌസേപ്പിതാവിനും മാതാവിനും ഈശോയെ നഷ്ടമായതു പാപം മൂലമല്ല - മനുഷ്യ ശരീരത്തിന്റെ പരിമിതികൾ യേശുവിനെ അല്പകാലത്തേക്ക് അവരിൽനിന്നും അകറ്റുകയാണ് ഉണ്ടായത്. എന്നാൽ, നമ്മുടെ സ്ഥിതി അതല്ല. ഈശോ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല. പാപങ്ങൾ, അലസത, ഭക്തിരാഹിത്യം എന്നിവ മൂലം നാമാണ് ഈശോയിൽ നിന്ന് അകന്നുപോകുന്നത്. എന്നാൽ, ഒരു ദിവസം മുഴുവൻ ഈശോയെ കൂടാതെ യാത്ര ചെയ്ത ഈശോയുടെ മാതാപിതാക്കളുടെ അവസ്ഥ പലപ്പോഴും നമ്മുടേതിനു സമാനമാണ്. ഈശോയിൽനിന്നും അകന്നുള്ള ഒരു ജീവിതം നയിക്കുന്പോഴും, ഈശോയോടൊപ്പമുള്ള ഒരു യാത്രയല്ല നമ്മുടേത്‌ എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയാതെ വരാറുണ്ട്. 'മനുഷ്യനായിപ്പിറന്ന ദൈവത്തിനു എന്റെ അവസ്ഥ മനസ്സിലാകും, അതിനാൽ ഞാനെങ്ങിനെ ജീവിച്ചാലും ഈശോയ്ക്ക് കുഴപ്പമില്ല', എന്ന ന്യായീകരണത്തോടെ നമ്മുടെ തെറ്റായ ജീവിതശൈലികളിൽ നാം ഉറച്ചു നിൽക്കാറുണ്ട്. ഈശോയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുക്കുന്നത് ദൈവം ആണെങ്കിൽ, ആ ബന്ധത്തിൽ നിന്നകന്ന്, ഈശോയിൽനിന്ന് വേറിട്ട ഒരു ജീവിതം നയിക്കാനുള്ള തീരുമാനം എടുക്കാൻ നമുക്കാവുമെന്ന് നമ്മൾ പലപ്പോഴും മറന്നുപോകുന്നു. നമ്മുടെ ഒപ്പം സദാ സഞ്ചരിച്ചുകൊണ്ട്, നമ്മുടെ ഹൃദയകവാടത്തിൽ മുട്ടിവിളിക്കുന്ന യേശുവിന് പ്രവേശനം നിഷേധിച്ച് നമ്മൾ ചെയ്യുന്ന യാത്രകളെല്ലാം, ഈശോയെക്കൂടാതെയുള്ള യാത്രകളാണ്. 

ഈശോയെക്കൂടാതെ എത്ര ദൂരം സഞ്ചരിച്ചാലും നാമൊരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല - അതിന് തിരിച്ചൊരു യാത്ര അനിവാര്യമാണ്. ഈശോ നമ്മോടൊപ്പമില്ല എന്ന തിരിച്ചറിവാണ് ഒരു മടക്കയാത്രക്ക്‌ നമ്മെ പ്രേരിപ്പിക്കുന്നത്. ഈശോയെക്കൂടാതെ നമ്മൾ നേടുന്നതൊന്നും നമ്മുടെ ഹൃദയത്തിനു സംതൃപ്തി തരുന്നില്ല; മാത്രവുമല്ല, അവ നമ്മുടെ ആത്മാവിലെ ശൂന്യതയുടെ വിസ്തൃതി കൂട്ടുകയും ചെയ്യുന്നു. ലോകത്തിലുള്ള ഒന്നിനും നികത്താനാവാത്ത വിടവാണ് ആത്മാവിന്റെ ശൂന്യത. ഈ ലോകത്തിനും ഉപരിയായ ഒന്നിനു - ദൈവത്തിനു - മാത്രമേ ആ ശൂന്യത ഇല്ലാതാക്കാൻ കഴിയൂ. നമ്മുടെ ജീവിതത്തിലെ സന്തോഷമില്ലായ്മയും, അസംതൃപ്തിയും, നൈരാശ്യങ്ങളും എല്ലാം ഈശോയെക്കൂടാതെ നാം ചെയ്യുന്ന യാത്രയുടെ അടയാളങ്ങളാണ്, ഒരു മടക്കയാത്രക്കുള്ള വഴി കാട്ടിത്തരുന്ന ചൂണ്ടുപലകകളാണ്. 

ഈശോ നഷ്ടമായെന്നു തിരിച്ചറിഞ്ഞ അവിടുത്തെ മാതാപിതാക്കൾ മൂന്നുദിവസം രാപ്പകൽ ഭേദമന്യേ നടത്തിയ തിരച്ചിൽ ഒടുവിൽ ഫലമണിഞ്ഞു. ആത്മാർത്ഥമായി ഈശോയെ അന്വേഷിക്കുന്നവർ എല്ലാക്കാലത്തും അവിടുത്തെ കണ്ടെത്തുന്നുണ്ട്. തങ്ങളുടെ പാപങ്ങൾ തിരിച്ചറിഞ്ഞ്, ഉരുകുന്ന ഹൃദയവുമായി, കുന്പസാരക്കൂടിനെ സമീപിക്കുന്നവരെ കാത്തിരിക്കുന്ന രക്ഷകനായ ഒരു ദൈവമുണ്ട്. ലോകമെങ്ങുമുള്ള സക്രാരികളിൽ, തന്നെ തേടുന്നവർക്ക് സ്വയം വെളിപ്പെടുത്താൻ വെന്പൽകൊള്ളുന്ന ഒരു തിരുഹൃദയമുണ്ട്. അതിനായി നമ്മെ സഹായിക്കാൻ യൌസേപ്പിതാവും മാതാവും, ഈശോയെ തിരഞ്ഞു കണ്ടെത്തിയ വിശുദ്ധരുടെ വലിയൊരു ഗണവും നമുക്കായി സദാ കാത്തുനിൽക്കുന്നുണ്ട്. നമ്മുടെ യാത്രകളിൽ നമ്മൾ ഈശോയെ നഷ്ടപ്പെടുത്തുന്ന അവസരങ്ങൾ തിരിച്ചറിഞ്ഞ്, അവയെ വെറുത്തുപേക്ഷിക്കുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയോടൊപ്പം സ്നേഹത്തിലും സമാധാനത്തിലും സംതൃപ്തിയിലും അധിഷ്ടിതമായ ഒരു ജീവിതത്തിലേക്ക് എന്നെ ക്ഷണിക്കുന്നതോർത്തു ഞാൻ അങ്ങയോട് നന്ദി പറയുന്നു. എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതികളിൽ പരിപൂർണ്ണമായി വിശ്വസിച്ച്, എന്റെ എല്ലാ പ്രവർത്തികളും, അങ്ങയെ തേടുന്നതിനും അറിയുന്നതിനും അനുഭവിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളാക്കിമാറ്റാൻ, കൃപകളാൽ നിറയ്ക്കണമേ, കരുണയോടെ കൈപിടിച്ചു നടത്തണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!