പഴയ വസ്ത്രത്തിൽ പുതിയ കഷണം
"യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോട് ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാർ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല. മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. ആരും പഴയ വസ്ത്രത്തിൽ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങിനെ ചെയ്‌താൽ തുന്നിച്ചേർത്ത കഷണം അതിൽനിന്നു കീറിപ്പോരുകയും കീറൽ വലുതാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പുതിയ തോൽക്കുടങ്ങളിൽ ഒഴിച്ചുവക്കാറില്ല. അങ്ങിനെ ചെയ്‌താൽ തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ വേണം." (മർക്കോസ് 2:18-22)
വിചിന്തനം
കാലങ്ങളായി ശീലിച്ച ചില പ്രവർത്തികൾ നമ്മുടെ ജീവിതചര്യയുടെ ഒരു ഭാഗമായി ക്രമേണ മാറാറുണ്ട്. ആവർത്തനംകൊണ്ടുള്ള പരിചയംമൂലം യാതൊരു അനിശ്ചിതത്ത്വങ്ങളും ആകുലതകളും കൂടാതെ ചെയ്യാൻ സാധിക്കുന്നതുകൊണ്ട് അവയിൽനിന്നും മാറി മറ്റൊരു രീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ പലപ്പോഴും നമുക്ക് കഴിഞ്ഞെന്നും വരാറില്ല. നമ്മുടെ ജീവിതരീതികളിൽനിന്നും വ്യത്യസ്തമായവ കാണുകയോ, നമ്മൾ സ്ഥിരമായി ചെയ്തു വരുന്ന ചില കാര്യങ്ങൾ ശരിയാകണമെന്നില്ല എന്ന ബോധ്യം ലഭിക്കുകയോ ചെയ്യുന്പോൾ, പുതിയ അറിവുകളിലെ ശരിതെറ്റുകൾ വിവേചിച്ചറിയാൻ ശ്രമിക്കാതെ, പഴയതാണ് നല്ലതെന്ന കടുപിടുത്തം നമ്മൾ പലപ്പോഴും നടത്താറുണ്ട്. എന്നാൽ, പഴയ ചിന്താഗതികളുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് പുതിയവയെ അവലോകനം ചെയ്യാൻ ശ്രമിക്കുന്നതിലെ അപകടം ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് മുന്പാകെ തുറന്നു കാട്ടുകയാണ്.
പഴയ വസ്ത്രത്തിൽ പുതിയ തുണി വച്ചുപിടിപ്പിച്ചാൽ, പിന്നീട് അലക്കുന്പോൾ പുതിയ തുണി ചുരുങ്ങുകയും അങ്ങിനെ കീറൽ വലുതാകുകയും ചെയ്യും. അതുപോലെതന്നെ പുതിയ വീഞ്ഞ് നുരഞ്ഞു പൊങ്ങുന്നതുമൂലം അതു സൂക്ഷിച്ചിരിക്കുന്ന കുടം പഴയതാണെങ്കിൽ അത് പൊട്ടിപ്പോകുന്നു. യേശുവിന്റെ പ്രബോധനങ്ങളിലൂടെ നമുക്ക് ലഭിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം നമുക്ക് നൽകുന്നത് പലപ്പോഴും നമ്മൾ ശീലിച്ചതും സുപരിചിതവുമായ ജീവിത രീതികൾക്ക് വിരുദ്ധമായ സന്ദേശങ്ങളാണ്. യേശുവിന്റെ വചനങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്പോൾ നമ്മൾ പലപ്പോഴും ചെയ്യുന്നത്, നമ്മിലെ പഴയ ചിന്താഗതികൾക്കും ജീവിതശൈലികൾക്കുമിടയിൽ എവിടെയെങ്കിലും യേശുവിന്റെ വചനത്തിനും ഇടംകൊടുക്കാനുള്ള ശ്രമങ്ങളാണ്. എന്നാൽ അത് പഴയ വസ്ത്രത്തിന്റെ കീറലകറ്റാൻ പുതിയ തുണികഷണം വച്ചുപിടിപ്പിക്കുന്നത് പോലെയും പഴയ തോൽകുടത്തിൽ പുതിയ വീഞ്ഞ് ഒഴിച്ചുവയ്ക്കുന്നതു പോലെയും ആയേക്കാം. നിയമങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, എന്നാൽ സ്നേഹത്തിന്റെയും കരുണയുടെയും സുവിശേഷം ശ്രവിക്കാൻ വിസമ്മതിക്കുകയും ചെയ്ത ഫരിസേയരുടെ തെറ്റും അതുതന്നെയായിരുന്നു. തങ്ങൾ അനുവർത്തിച്ചുപോന്ന കാഴ്ച്ചപ്പാടുകളിലൂടെ ഈശോയെ വീക്ഷിച്ചപ്പോൾ, യേശുവിന്റെ വചനങ്ങൾ ഉൾക്കൊള്ളാൻ അവർക്കായില്ല; അവിടുത്തെ അനുകന്പ അനുഭവിച്ചറിയാൻ അവരുടെ ഹൃദയത്തിനായില്ല.
പാപകരമായ ഒരു ലോകത്തിൽ പാപത്തിനടിമകളായി ജീവിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ, യേശുവിന്റെ കുരിശിലെ ബലിയിലൂടെ കൈവന്ന രക്ഷ എല്ലാവരും ഈ ജീവിതത്തിൽതന്നെ അനുഭവിക്കുന്നതിനായി ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ പാപങ്ങളിൽനിന്നും വിശുദ്ധീകരിക്കുന്ന ദൈവകൃപ സദാ നമ്മുടെ ഹൃദയങ്ങളിലേക്ക് ഒഴുക്കുന്നുണ്ട്. പുതിയ വീഞ്ഞുപോലെ പതഞ്ഞുപൊങ്ങുന്ന ഈ കൃപകൾ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കണമെങ്കിൽ നമ്മൾ നമ്മെത്തന്നെ നവീകരിച്ച് പുതിയ തോൽക്കുടങ്ങൾ ആക്കേണ്ടത് അത്യാവശ്യമാണ്. "ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു" (2 കോറിന്തോസ് 5:17). മറ്റുള്ളവരുടെ പ്രവർത്തികൾ നോക്കി നമ്മുടെ ജീവിതത്തെ ന്യായീകരിക്കുന്പോഴല്ല നമ്മൾ പുതിയ സൃഷ്ടികളാകുന്നത്. നമ്മിലെ പാപങ്ങളും നമ്മുടെ സ്വഭാവ വൈകൃതങ്ങളുമൊക്കെ എല്പ്പിച്ച മുറിവുകൾ മൂലം പഴകിയ തോൽക്കുടത്തിന്റെ അവസ്ഥയാണ് നമ്മുടെ ആത്മാവിന്റെത് എന്ന തിരിച്ചറിവിലൂടെയാണ്. അതിനാൽ, നമ്മുടെ ഓരോ ദിവസത്തെ പ്രവർത്തനങ്ങളെയും ദൈവവചനത്തിന്റെയും കല്പനകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുവാൻ നമ്മൾ സമയം കണ്ടെത്തണം.
ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള മനസ്താപവും അതിന്റെ ഫലമായുള്ള കുന്പസാരവും, പഴയതിനെ ഉരിഞ്ഞുമാറ്റി പുതിയതിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കുന്നു. അതുവഴിയായി പാപസാഹചര്യങ്ങളെ വെറുത്തുപേക്ഷിക്കുവാനും, പുതിയ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ദൈവത്തിന്റെ വിശുദ്ധിയിൽ കൂടുതൽ അഭയം പ്രാപിക്കാനുമുള്ള പ്രേരണകൾ ലഭിക്കുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഒരോ ദിവസവും നിരവധി തവണ ദൈവസ്നേഹത്തോട് പുറം തിരിഞ്ഞുനിന്നു പാപം ചെയ്യുന്നവരാണ് നാമെല്ലാം. പാപത്തിൽ വീണുപോകുന്പോഴെല്ലാം, വീണിടത്തു കിടന്നുകൊണ്ട് ഒരു പുതിയ വസ്ത്രമോ ഒരു പുതിയ തോൽക്കുടമോ ആകാൻ വ്യർത്ഥശ്രമം നടത്താതെ, നമ്മെ സഹായിക്കാൻ സദാ നീട്ടിപ്പിടിച്ചിരിക്കുന്ന ദൈവത്തിന്റെ കരങ്ങളിൽ പിടിച്ചുകൊണ്ടു ഒരു പുതിയ ജീവിതത്തിലേക്ക് എഴുന്നേൽക്കാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്. യേശുക്രിസ്തുവിന്റെ വചനമാകുന്ന പുതിയ വീഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന പുതിയ തോൽക്കുടങ്ങളാക്കി നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, പരിശുദ്ധാത്മാവിനാൽ നിറച്ച് അവിടുത്തെ സ്നേഹവും കരുണയും തിരിച്ചറിഞ്ഞു സ്വീകരിക്കാൻ എന്റെ ഹൃദയത്തെ നവീകരിക്കണമേ. ഉപവാസത്തിലൂടെയും മറ്റു പരിഹാര പ്രവർത്തികളിലൂടെയും പാപത്തിൽനിന്നകന്നു നിൽക്കാനും, പ്രാർത്ഥനയിലൂടെ അവിടുത്തെ ഹിതം സദാ അന്വേഷിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. ഈ ലോകത്തിന് അനുരൂപനാകാതെ, അവിടുത്തെ വചനത്തെ അറിഞ്ഞും അനുസരിച്ചും സ്നേഹിച്ചും, ദൈവമഹത്വത്തിൽ പങ്കാളിയാകാൻ എന്നെ അനുവദിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ