യേശു ഉറങ്ങുകയായിരുന്നു
"അന്നു സായാഹ്നമായപ്പോൾ അവൻ അവരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം. അവർ ജനക്കൂട്ടത്തെ വിട്ട്, അവൻ ഇരുന്ന വഞ്ചിയിൽത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോൾ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ വിളിച്ചുണർത്തിപ്പറഞ്ഞു: ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൌനിക്കുന്നില്ലേ? അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാകുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ? അവർ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവൻ ആരാണ്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ!" (മർക്കോസ് 4:35-41)
വിചിന്തനം
അപകടങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ ഒട്ടേറെ തയ്യാറെടുപ്പുകൾ ജീവിതത്തിൽ നടത്തുന്നവരാണ് നമ്മൾ. മുൻകാല ദുരന്തങ്ങളിൽനിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ശ്രദ്ധാപൂർവം അപകടങ്ങളെ ഒഴിവാക്കി ജീവിക്കാൻ ശ്രമിക്കുന്ന നമ്മെ ഇടയ്ക്കൊക്കെ ദുരന്തങ്ങൾ തേടിയെത്താറുണ്ട്. കേൾക്കാനിഷ്ടമില്ലാത്ത വാർത്തകളായും രോഗങ്ങളായും സാന്പത്തികപ്രശ്നങ്ങളായും എല്ലാം നമ്മുടെ എല്ലാ ഒരുക്കങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് കൊടുങ്കാറ്റുകൾ നമ്മുടെ ജീവിതത്തിൽ ഇടയ്ക്കെല്ലാം ആഞ്ഞടിക്കാറുണ്ട്. ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കണ്ടുമുട്ടുന്ന യേശുവിന്റെ ശിഷ്യന്മാരുടെ അവസ്ഥയും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. ദിവസം മുഴുവൻ സുവിശേഷം പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും ക്ഷീണിതനായ തങ്ങളുടെ ഗുരുവിനെയും കൊണ്ട് കാറ്റും കോളുമില്ലാത്ത കടലിലൂടെ ശാന്തമായ ഒരു യാത്രയായിരുന്നു അവരുടെ ആഗ്രഹം. നിരവധിത്തവണ ഗലീലിയിൽനിന്നും ഗനേസറത്തിലേക്ക് ആ തടാകത്തിലൂടെ യാത്ര ചെയ്തിട്ടുള്ളവരായിരുന്നു അവർ. അനുഭവസന്പത്ത് ധാരാളം ഉണ്ടായിരുന്നിട്ടും, വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും വഴിയിൽ പതിയിരുന്ന അപകടത്തിൽനിന്നും രക്ഷപെടാൻ അവർക്കായില്ല - അപകടം അവരെത്തേടിയെത്തി.
എല്ലാക്കാര്യങ്ങളിലും ശിഷ്യർക്ക് താങ്ങും തണലും ആയിരുന്ന യേശുവിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു ഭാവമാണ് ഇന്നത്തെ വചനഭാഗത്ത് സുവിശേഷകൻ വരച്ചിട്ടിരിക്കുന്നത് - കൂടെയുള്ളവരുടെ ജീവൻ അപകടത്തിലായ ഘട്ടത്തിലും ഉറങ്ങുന്ന ഈശോ! വഞ്ചിയിലേക്ക് അടിച്ചുകയറിയ വെള്ളമോ വഞ്ചി നിയന്ത്രിക്കാൻ കൂടെയുള്ളവർ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളോ അവരുടെ ഒച്ചയോ ബഹളങ്ങളുമോ ഒന്നും ഈശോയെ ഉറക്കത്തിൽനിന്നും ഉണർത്തുന്നില്ല. യേശുവിന്റെ ഈ ഗാഢനിദ്രയുടെ പൊരുൾ അറിയണമെങ്കിൽ, ഈശോ ഉറങ്ങാനിടയായ സാഹചര്യം എന്തെന്ന് നമ്മൾ തിരിച്ചറിയണം. അമരത്ത് കിടന്നാണ് ഈശോ ഉറങ്ങിയത്; അഥവാ, തന്റെ ക്ഷീണം വകവയ്ക്കാതെ പതിവുപോലെ ആ യാത്രയ്ക്ക് നേതൃത്വം കൊടുക്കാൻ സന്നദ്ധനായാണ് ഈശോ യാത്ര ആരംഭിച്ചത്. എന്നാൽ, പ്രശാന്തമായ കാലാവസ്ഥയിൽ സുപരിചിതമായ ആ യാത്രയ്ക്ക് യേശുവിന്റെ നിർദ്ദേശങ്ങളോ സഹായമോ കൂടെയുള്ളവർക്ക് ആവശ്യമുണ്ടായിരുന്നില്ല. യേശുവിന്റെ സഹായമില്ലാതെതന്നെ ആ യാത്ര മുഴുമിപ്പിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. അവരുടെ മനസ്സ് ഗ്രഹിച്ച ഈശോ, തന്റെ ആവശ്യം അവർക്കില്ല എന്നു മനസ്സിലാക്കി യാത്രയുടെ നിയന്ത്രണം അവർക്കുതന്നെ വിട്ടുകൊടുത്തിട്ടാണ് ഉറങ്ങാൻ പോയത്. ആധികളും വ്യാധികളും ഇല്ലാത്ത സമയങ്ങളിൽ നാമും ജീവിതത്തിൽ ചെയ്തുപോകുന്ന ഒരു വലിയ തെറ്റാണിത് - സ്വന്തം കഴിവുകൊണ്ട് യാത്ര പൂർത്തിയാക്കാം എന്ന മിഥ്യാധാരണ. ഈശോയെക്കൂടാതെ, ദൈവകൃപകളുടെ അഭാവത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ, അവ എത്ര ഒരുക്കത്തോടെ ചെയ്താലും, കൊടുങ്കാറ്റ് ലക്ഷ്യമാക്കി തുഴയുന്ന വഞ്ചിക്ക് സമാനമാണ്.
മാത്രവുമല്ല, അമിതവിശ്വാസത്തോടെയുള്ള യാത്രകൾ അപകടത്തിൽ കലാശിക്കുന്പോൾ നമ്മോടൊപ്പം വഞ്ചിയിലുള്ള യേശുവിന്റെ കാര്യം പലപ്പോഴും നമ്മൾ വിസ്മരിക്കുന്നു. സ്വന്തം കഴിവുകൾ ഉപയോഗിച്ച് ഏതുവിധേനയും വഞ്ചിയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്പോഴും, കാര്യങ്ങൾ കൈവിട്ടു എന്ന ബോധ്യത്തോടെ അപകടത്തെനോക്കി പ്രാണഭയത്തോടെ നിലവിളിക്കുന്പോഴും എല്ലാം നമ്മുടെ വിളിയും കാത്ത് ഈശോ നമ്മോടൊപ്പമുണ്ടെന്ന് നമ്മൾ മറക്കുന്നു. ആടിയുലയുന്ന നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നാശത്തിൽനിന്നും നമ്മെ രക്ഷിക്കാൻ യേശുവിനാകും. പക്ഷെ, നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആഗ്രഹിക്കാത്ത ദൈവം നാം അനുവദിച്ചാൽ മാത്രമേ നിയന്ത്രണം ഏറ്റെടുക്കുകയുള്ളൂ. പ്രശ്നങ്ങളെ നോക്കി നിലവിളിക്കാതെ, എളിമപ്പെട്ട് വിശ്വാസത്തോടെ അവിടുത്തെ സമീപിച്ചാൽ സഹായിക്കാൻ സദാ സന്നദ്ധനായി ഈശോ എന്നും നമ്മോടൊപ്പം തന്നെയുണ്ട്. "നിന്റെ കാൽവഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല" (സങ്കീർത്തനം 121:3) എന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ ദൈവത്തിന്റെ വചനം നമുക്ക് ഉറപ്പു നൽകുന്നുണ്ട്. യേശുവിനെക്കൂടാതെ അഹങ്കാരത്തോടെ നമ്മൾ നടത്തിയ യാത്രകളുടെ ഫലമായി സങ്കീർണ്ണമായ അവസ്ഥകളിലൂടെയാണ് ഇപ്പോൾ നമ്മുടെ ജീവിതം കടന്നുപോകുന്നതെങ്കിൽ, നമ്മൾ ഗൗനിക്കാതിരുന്നിട്ടും നമ്മുടെ വിളിക്കായി കാതോർത്ത് നമ്മെ സദാ അനുഗമിക്കുന്ന യേശുവിലേക്ക് നമുക്ക് തിരിയാം. കാറ്റും കടലുംപോലും അനുസരിക്കുന്ന യേശുവിന്റെ വാക്കുകൾ ഇനിയുള്ള കാലം അനുസരിച്ചു ജീവിക്കാനുള്ള തീരുമാനം എടുക്കാം.
ഹൃദയശാന്തതയുള്ള യേശുവേ, 'എന്നെക്കൊണ്ടു സാധിക്കും' എന്ന അഹങ്കാരത്തോടെ അങ്ങയെക്കൂടാതെ ചെയ്ത ജീവിതയാത്രകളെ ഓർത്ത് ഞാനങ്ങയോട് മാപ്പപേക്ഷിക്കുന്നു. ഇനിയുള്ള കാലം, എന്റെ ജീവിതത്തിലെ എല്ലാ പ്രതികൂല കാലാവസ്ഥകളെയും ശാന്തമാക്കാൻ കഴിവുള്ള അങ്ങയിൽ മാത്രമേ ഞാൻ ശരണം വയ്ക്കുകയുള്ളൂ എന്നു പ്രതിജ്ഞ ചെയ്യുന്നു. എന്റെ ജീവിതത്തിന്റെ നിയന്ത്രണം അങ്ങ് ഏറ്റെടുക്കണമേ. കാറ്റും കോളും ഉണ്ടാകുന്പോൾ അങ്ങാണ് എന്റെ അമരത്തിരിക്കുന്നത് എന്ന ബോധ്യം എനിക്ക് ശക്തിയും ധൈര്യവും നല്കട്ടെ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ