യേശുവിനെ വേണ്ടാത്തവർ
"അവൻ കടലിന്റെ മറുകരയിൽ ഗെരസേനരുടെ നാട്ടിലെത്തി. അവൻ വഞ്ചിയിൽനിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ശവകുടീരങ്ങൾക്കിടയിൽനിന്ന് എതിരേ വന്നു. ശവകുടീരങ്ങൾക്കിടയിൽ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിട്ടിരുന്നെങ്കിലും അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിർത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. രാപ്പകൽ അവൻ കല്ലറകൾക്കിടയിലും മലകളിലും ആയിരുന്നു. അവൻ അലറിവിളിക്കുകയും കല്ലുകൊണ്ട് തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അകലെവച്ചുതന്നെ അവൻ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തിൽ എന്തിനിടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനിൽനിന്നു പുറത്തു വരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവൻ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങൾ അനേകം പേരുണ്ട്. തങ്ങളെ ആ നാട്ടിൽ നിന്നു പുറത്താക്കരുതേ എന്ന് അവൻ കേണപേക്ഷിച്ചു. വലിയ ഒരു പന്നിക്കൂട്ടം മലയരുകിൽ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയ്ക്കുക, ഞങ്ങൾ അവയിൽ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവർ അപേക്ഷിച്ചു. അവൻ അനുവാദം നൽകി. അശുദ്ധാത്മാക്കൾ പുറത്തുവന്ന്, പന്നിക്കൂട്ടത്തിൽ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാം തൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലിൽ മുങ്ങിച്ചത്തു. പന്നികളെ മേയിച്ചുകൊണ്ടിരുന്നവർ ഓടിപ്പോയി നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാൻ ജനങ്ങൾ വന്നുകൂടി. അവർ യേശുവിന്റെ അടുത്തെത്തി, ലെഗിയോണ്‍ ആവേശിച്ചിരുന്ന പിശാചുബാധിതൻ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെ ഇരിക്കുന്നതു കണ്ടു. അവർ ഭയപ്പെട്ടു. പിശാചുബാധിതനും പന്നികൾക്കും സംഭവിച്ചതു കണ്ടവർ അക്കാര്യങ്ങൾ ജനങ്ങളോടു പറഞ്ഞു: തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു." (മർക്കോസ് 5:1-17)
വിചിന്തനം
ലെഗിയോണ്‍ ആവേശിച്ചിരുന്ന പിശാചുബാധിതൻ ഗെരസേനർക്ക് ഒരു വലിയ ശല്ല്യം ആയിരുന്നിരിക്കണം. അവനെ ബന്ധിക്കുന്നതിനും ഒതുക്കിനിർത്തുന്നതിനും അവർ നടത്തുന്ന നിരവധിയായ ശ്രമങ്ങളിൽനിന്ന് അത് വ്യക്തവുമാണ്. അതുകൊണ്ടുതന്നെ, അവനെ ബാധിച്ചിരുന്ന ആശുദ്ധാത്മാക്കളെ പുറത്താക്കിയ യേശുവിന്റെ പ്രവൃത്തി ആ നാട്ടുകാരുടെ വലിയൊരു പ്രശ്നത്തിന് തീർച്ചയായും പരിഹാരം ഉണ്ടാക്കിയിരിക്കണം. എന്നാൽ, തങ്ങൾക്കു ഒട്ടേറെ തലവേദന സൃഷ്ടിച്ച ആ വ്യക്തിയെ സുഖപ്പെടുത്തിയ യേശുവിനെ തങ്ങളുടെ പട്ടണത്തിൽ സ്വീകരിക്കാൻ അവർ തയ്യാറായില്ല. പകരം, തങ്ങളുടെ ദേശം വിട്ടുപോകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇതിനുകാരണം കടലിൽ മുങ്ങിച്ചത്ത രണ്ടായിരം പന്നികൾ ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും. യഹൂദർക്ക് നിഷിദ്ധമെങ്കിലും വിജാതീയരുടെ ഇടയിൽ പന്നിമാംസം വളരെ വിലയേറിയ ഒരു വിശിഷ്ടഭോജ്യം ആയിരുന്നു. തങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിച്ചിരുന്ന ഒരാളുടെ സൌഖ്യത്തെക്കാളും തങ്ങളുടെ മനസമാധാനത്തേക്കാളും അവർ വിലമതിച്ചത് അവരുടെ വരുമാനമാർഗ്ഗത്തെ ആയിരുന്നു. മനുഷ്യനേക്കാളുപരി പന്നികളെ തിരഞ്ഞെടുത്ത ആ മനുഷ്യരുടെ ചിന്താഗതി ആ മനുഷ്യനെ പിടികൂടിയിരുന്ന ആശുദ്ധാത്മാക്കളുടേതിൽനിന്നും ഒട്ടും വിഭിന്നമായിരുന്നില്ല - തിരഞ്ഞെടുക്കാൻ നിർബന്ധിതരായപ്പോൾ അവയും മനുഷ്യനെ ഉപേക്ഷിച്ച് പന്നികളെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്!
ഈശോയുടെ സാന്നിധ്യം നമ്മുടെ ലൌകീക ജീവിതത്തിൽ ചില നഷ്ടങ്ങൾക്ക് കാരണമായി മാറാറുണ്ട്. സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗത്തിലൂടെ മാത്രമേ കാര്യങ്ങൾ നടത്തുകയുള്ളൂ എന്നു നിഷ്കർഷിക്കുന്പോൾ ചിലപ്പോൾ ചില വരുമാന മാർഗ്ഗങ്ങൾ നമുക്ക് ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. കള്ളത്തരത്തിനു കൂട്ടുനിൽക്കില്ല എന്ന നമ്മുടെ തീരുമാനം ചിലപ്പോൾ മറ്റുള്ളവരെ നമ്മോടൊത്തു വ്യാപാരത്തിൽ ഏർപ്പെടുന്നതിൽനിന്നും പിന്തിരിപ്പിച്ചേക്കാം. കൈക്കൂലി കൊടുക്കില്ലെന്നും വ്യാജ്യമായതിനു കൂട്ടുനിൽക്കില്ലെന്നുമുള്ള തീരുമാനം നിരവധി അസൌകര്യങ്ങളും അനാവശ്യമായ തടസ്സങ്ങളും നമ്മുടെ ജീവിതത്തിൽ വരുത്തിവച്ചേക്കാം. എല്ലാവരും ചെയ്യുന്നതിനാൽ കുഴപ്പമില്ലെന്നും എല്ലായ്പ്പോഴും ശരി മാത്രം ചെയ്യാൻ സാധിക്കുകയില്ലായെന്നും പറഞ്ഞുകൊണ്ട് നമ്മുടെ ലോകം അനുവദിച്ചു തരുന്ന ഒട്ടനവധി കാര്യങ്ങൾ യേശുവിനോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നവർ ഉപേക്ഷിക്കേണ്ടതായിവരും എന്നതാണ് വാസ്തവം. ക്രൈസ്തവ കാഴ്ചപ്പാടനുസരിച്ച്, ലൌകീക വസ്തുക്കൾ ഒരു വ്യക്തി ഉപയോഗിക്കേണ്ടതും സ്വരുക്കൂട്ടേണ്ടതും ദൈവത്തിന്റെ സ്നേഹവും കരുണയും അവയിലൂടെ അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കണം. ഈ ലക്ഷ്യത്തെ സഹായിക്കാത്ത എല്ലാ വസ്തുവകകളും സ്ഥാനമാനങ്ങളും ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യമാണ്. ക്രിസ്തുവിലൂടെ മാത്രം ലഭ്യമാകുന്ന ആത്മാവിന്റെ രക്ഷയാണ് ജീവിതത്തിലെ എല്ലാ സന്പത്തിനെക്കാളും, ജീവനേക്കാളും, വിലയേറിയത്.
യേശുവിനെ പിന്തുടർന്നുകൊണ്ടുള്ള ജീവിതം നമ്മുടെ എല്ലാവിധ ജീവിതാവസ്ഥകളുമായി പൊരുത്തപ്പെട്ടു പോകുന്ന ഒന്നാകണമെന്ന് നിർബന്ധമില്ല. നമ്മുടെ മറ്റു ജോലികളെല്ലാം തീർത്തിട്ട് പിന്നീടു സമയം ബാക്കിയുണ്ടെങ്കിൽ മാത്രം ദൈവാരാധനയ്ക്ക് നീക്കിവയ്ക്കുന്നത് ഒരിക്കലും എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്നതിന്റെ ഭാഗമാകുന്നില്ല. സന്ധ്യാപ്രാർത്ഥനയും വിനോദപരിപാടികളും ഒരേ സമയത്താകുന്പോൾ, പ്രാർത്ഥനാ യോഗങ്ങളും വിരുന്നുസൽക്കാരങ്ങളും ഒരു ദിവസം തന്നെയാകുന്പോൾ, നിർബന്ധമായും പള്ളിയിൽപോകേണ്ട കടമുള്ള അവധി ദിവസത്തിൽ കൂട്ടുകാരോടൊത്തുള്ള ഉല്ലാസയാത്രയ്ക്ക് ക്ഷണം ലഭിക്കുന്പോൾ എല്ലാം ഒരു തിരഞ്ഞെടുപ്പിന് നമ്മൾ നിർബന്ധിതരാകാറുണ്ട്. രണ്ടായിരം വർഷംമുന്പ് ഒരു തീരുമാനം എടുക്കാൻ നിർബന്ധിതരായ ഗെരസേനരുടേതിനു സമാനമായ ഒരു അവസ്ഥയാണ് ഇത്തരത്തിലുള്ള അവസരങ്ങൾ നമ്മുടെ മുന്പിലും കാഴ്ച വയ്ക്കുന്നത് - നിത്യജീവനെ തിരഞ്ഞെടുക്കാനും, പകരം പന്നികളെ തിരഞ്ഞെടുക്കാനും ഈ സന്ദർഭങ്ങൾ നമുക്ക് അവസരമൊരുക്കുന്നു.
ലൗകീകതയെ ദൈവമായിക്കണ്ട് സ്നേഹിക്കുന്നവർക്ക്, അവയിൽനിന്നും ഹൃദയത്തെ അകറ്റിനിർത്താൻ ആവശ്യപ്പെടുന്ന മറ്റൊരു ദൈവം അരോചകവും അസൌകര്യവും ആകുന്നത് സ്വാഭാവികം മാത്രമാണ്. നശ്വരമായ അപ്പക്കഷണങ്ങൾക്കായി ഈശോയെ തങ്ങളുടെ ജീവിതത്തിൽനിന്നും പുറത്താക്കുന്നവർ, "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്" (റോമാ 14:17) എന്ന സത്യം മറക്കുന്നു. ഇന്നു നമ്മുടെ പ്രവർത്തികളും ചിന്തകളും യേശുവിനെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാൻ സഹായിക്കുന്നതാണോ, അതോ, പുറത്താക്കുന്നവയാണോ എന്നു നമുക്ക് പരിശോധിച്ചു നോക്കാം. സന്പത്തിനോടും സ്ഥാനമാനങ്ങളോടുമുള്ള നമ്മുടെ ഭ്രമം നമ്മെ ദൈവത്തിൽനിന്നും സഹോദരരിൽനിന്നും അകറ്റുന്നുവെങ്കിൽ, നിത്യരക്ഷയെന്ന അമൂല്യ സന്പത്തിനായി നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തി, നമ്മുടെ ജീവിതവ്യാപാരങ്ങളെ വിശുദ്ധീകരിക്കണമേയെന്നു കരുണാമയനായ ദൈവത്തോടു യാചിക്കാം.
എന്നിൽ വസിക്കാൻ ആഗ്രഹിച്ചുകൊണ്ട് സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ പരിത്യജിച്ച എന്റെ നല്ല ഈശോയേ, സന്തോഷത്തോടെ അങ്ങയെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതിനു പകരം, സ്വാർത്ഥമോഹങ്ങൾക്കടിപ്പെട്ട് അങ്ങയെ തിരസ്കരിച്ച എല്ലാ അവസരങ്ങളെയും പ്രതി ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. അപരാധിയായ എന്നെ അതിരറ്റു സ്നേഹിക്കുന്ന എന്റെ കർത്താവേ, അങ്ങയോടുള്ള സ്നേഹത്തെപ്രതി പാപവും പാപസാഹചര്യങ്ങളും ഞാൻ വെറുത്തുപേക്ഷിക്കുന്നു. അങ്ങെന്നിൽ വന്നു വസിക്കണമേ, എന്നെ അങ്ങയുടേതാക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ