അവമതിക്കപ്പെടുന്ന മരപ്പണിക്കാരൻ
"യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാർ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്! ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു." (മർക്കോസ് 6:1-6)
വിചിന്തനം
മുപ്പതാം വയസ്സിൽ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതുവരെ യേശു എന്താണ് ചെയ്തിരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ വചനഭാഗത്തിൽ വ്യക്തമായി കാണുവാൻ സാധിക്കും. നസ്രത്തിലെ ജനങ്ങൾ ഈശോയെ അറിഞ്ഞിരുന്നത് 'മറിയത്തിന്റെ മകനായ മരപ്പണിക്കാരൻ' ആയിട്ടാണ്. ഭൂമിയിൽ തന്റെ പിതാവിന്റെ സ്ഥാനം അലങ്കരിച്ചിരുന്ന യൌസേപ്പിതാവിന്റെ തൊഴിൽ യേശുവും പിന്തുടർന്നുപോന്നിരുന്നു. പ്രൌഡിയുടെയോ അംഗീകാരത്തിന്റെയോ പര്യായമായ ഒരു ജോലിയായിരുന്നില്ല നസറത്തുപോലുള്ള ഒരു ചെറിയ പട്ടണത്തിലെ മരപ്പണിക്കാരന്റേത്. എങ്കിലും, മനുഷ്യദൃഷ്ടിയിൽ പ്രാധാന്യമർഹിക്കാത്ത ഒരു തൊഴിൽ തിരഞ്ഞെടുക്കുകവഴി മനുഷ്യരുടെ ജോലിയെപ്പറ്റി ദൈവത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ഈശോ ചെയ്തത്. ജോലിയുടെ മേന്മയോ വേതനമോ ഒന്നുമല്ല ഒരു വ്യക്തിയെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു തൊഴിലാളിയാക്കുന്നത്, ജോലിയോടുള്ള നമ്മുടെ ആത്മാർത്ഥതയാണ്. നമ്മുടെ ജോലി, അത് മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ എത്ര നിസ്സാരമായതാണെങ്കിലും, മരപ്പണിക്കാരനായ യേശുവിനോട് ചേർന്നുനിന്നുകൊണ്ട് സത്യത്തിലും നീതിയിലും അധിഷ്ടിതമായി ചെയ്യുന്പോൾ വിലയുള്ളതാകുന്നു.
സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച യേശു തന്റെ പരസ്യജീവിതംതുടങ്ങി കുറേക്കാലങ്ങൾക്കുശേഷം നസറത്തിലേക്ക് തിരിച്ചുവരുന്നത് തികച്ചും വ്യത്യസ്തനായ ഒരാളായിട്ടായിരുന്നു. യഹൂദർ "റബ്ബീ" എന്നഭിസംബോധന ചെയ്യുന്ന ഒരു ഗുരുവും, നിരവധി രോഗശാന്തികളിലൂടെയും മറ്റും ഒരു അത്ഭുതപ്രവർത്തകനും, ഒട്ടേറെ അനുയായികളുള്ള ഒരു പ്രവാചകനുമൊക്കെ ആയിട്ടാണ് യേശു സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. യേശുവിന്റെ പ്രവർത്തികളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചുമൊക്കെ ധാരാളം കേട്ടിട്ടും അവനിൽ വിശ്വസിക്കുവാനോ തങ്ങളുടെ രോഗങ്ങളും വേദനകളുമായി അവനെ സമീപിക്കുവാനോ നസറത്തിലെ ജനങ്ങൾക്കായില്ല. കാരണം, യേശു അവർക്ക് സുപരിചിതനായിരുന്നു. യേശുവിന്റെ കൈയൊപ്പ് പതിഞ്ഞ നിരവധി മേശകളും കട്ടിലുകളും അവരുടെ വീടുകളിൽ ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ മുതിർന്നവർ ബാലനായ യേശു യൌസേപ്പിതാവിനെ ജോലിയിൽ സഹായിച്ചിരുന്നത് നല്ലതുപോലെ ഓർക്കുന്നുണ്ടായിരുന്നു. യേശുവിന്റെ അമ്മ ആ ഗ്രാമത്തിലെ മറ്റേതൊരു സ്തീയേയുംപോലെ വീട്ടുജോലികളിലും ചെറിയ കൃഷികളിലും മുഴുകി ജീവിച്ചിരുന്ന ഒരു വീട്ടമ്മയായിരുന്നു. യേശുവിന്റെ ചാർച്ചക്കാർ അവരുടെ ഇടയിൽ ജീവിക്കുന്ന സാധാരണക്കാരായിരുന്നു. ആ ഗ്രാമവാസികൾക്ക് യേശുവിന്റെ ജ്ഞാനത്തിലും കഴിവുകളിലും സംശയം തോന്നാൻ അവയെല്ലാം മതിയായ കാരണങ്ങളായിരുന്നു. യേശുവിന്റെ പ്രബോധനങ്ങളുടെയും പ്രവർത്തനങ്ങളുടേയും വെളിച്ചത്തിൽ അവനെ വിലയിരുത്താനോ ആദരിക്കാണോ അല്ല അവർ തുനിഞ്ഞത്, മറിച്ച് പരിചയത്തിലൂടെ യേശുവിനെക്കുറിച്ച് അവർക്കുണ്ടായിരുന്ന ബോധ്യങ്ങളുപയോഗിച്ച് അവനെ തള്ളിപ്പറയാനും വിലകെടുത്താനുമാണ്. യേശുവിന്റെ സ്നേഹത്തോടും കരുണയോടുമുള്ള നമ്മുടെ പ്രതികരണങ്ങളിൽ നസറത്തിലെ ജനങ്ങളുടേതിനു സമാനമായ ഒരു മനോഭാവം ഇടയ്ക്കെങ്കിലുമൊക്കെ കടന്നുവരാറില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു!
ക്രിസ്തീയവിശ്വാസത്തിൽ വളർന്നുവന്ന്, ക്രിസ്തുവിന്റെ ജനനംമുതൽ കുരിശുമരണവും ഉയിർപ്പുംവരെയുള്ള വിവരണങ്ങൾ കുറേക്കാലം കേട്ടുകഴിയുന്പോൾ, യേശു നമുക്കും സുപരിചിതനാകുന്നു. നമ്മോടുള്ള സ്നേഹത്തെപ്രതി, നമ്മുടെ ഇടയിൽ സദാ വസിക്കുന്ന യേശുക്രിസ്തുവിനെ നമ്മിലൊരാളായി കാണാൻ തുടങ്ങുന്പോൾ നാമും നസറത്തിലെ ജനങ്ങളെപ്പോലെ ചിന്തിക്കാൻ തുടങ്ങുന്നു. പരിചയംകൊണ്ട് യേശുവിനെ സുഹൃത്തും സഹായിയും സഹോദരനുമൊക്കെയായി സങ്കൽപ്പിക്കുന്പോൾ പലപ്പോഴും യേശുവിന്റെ ദൈവീകത്വം നമ്മൾ അവഗണിക്കുന്നു. ഞാൻ ഒന്നോരണ്ടോ പാപം ചെയ്താലും കുഴപ്പമില്ല, മനുഷ്യനായിപ്പിറന്ന ദൈവത്തിനു എന്റെ അവസ്ഥ മനസ്സിലാകും, എന്ന ഒഴികഴിവ് ഈ അവസരത്തിൽ നമ്മിൽ രൂപമെടുക്കുകയും ചെയ്യും. കുന്പസാരത്തിലൂടെയും വിശുദ്ധ കുർബാനയിലൂടെയും മറ്റു കൂദാശകളിലൂടെയും ദൈവം നമ്മോടെത്രയധികം കരുണ കാണിക്കുന്നു എന്നതു മറന്ന്, എന്തോ കടമ നിർവഹിക്കുന്ന മനോഭാവത്തോടെ അവയിൽ പങ്കാളികളാകുന്ന ക്രിസ്ത്യാനികൾ അപൂർവമായ ഒരു പ്രതിഭാസം അല്ല എന്ന വസ്തുത ഈ അവസരത്തിൽ നമ്മൾ സ്മരിക്കേണ്ടതാണ്. നമുക്ക് സമയവും സൌകര്യവും ഒത്തുവരുന്ന അവസരങ്ങളിൽ, നമ്മുടെ ആരാധനയും സ്തുതിയും കാത്തിരിക്കുന്ന ഒരു ദൈവത്തെ ഈശോയിൽ കാണുന്ന നമുക്കും അവിടുത്തെ അറുതിയില്ലാത്ത മഹിമാപ്രഭാവം തിരിച്ചറിയുന്നതിൽ തെറ്റുപറ്റുന്നു. അങ്ങിനെ, ഈശോ സ്വന്തം ജനങ്ങൾക്കിടയിൽ വീണ്ടും അവമതിക്കപ്പെടുകയും ചെയ്യുന്നു.
യേശുവാകുന്ന ദൈവത്തെ മനുഷ്യർക്ക് വെളിപ്പെടുത്തിതരുന്നത് പരിശുദ്ധാത്മാവാണ്. അവിടുത്തെ ദാനങ്ങളായ ജ്ഞാനവും ബുദ്ധിയും വിവേചനവും ആത്മശക്തിയും അറിവും ദൈവഭക്തിയും ദൈവഭയവും ലഭിക്കുന്നതിനായി തങ്ങളുടെ ഹൃദയത്തെ തുറക്കുന്നവർക്ക് മാത്രമേ യേശുവിനെ ദൈവമായിക്കണ്ട് ആദരിക്കുവാനും ആരാധിക്കുവാനും സാധിക്കുകയുള്ളൂ. നമ്മെ പാപത്തിൽനിന്നും മോചിപ്പിക്കാൻ മനുഷ്യനായി പിറന്നു എന്നുള്ളത് യേശുവിന്റെ ഒരു ന്യൂനതയായോ, നമുക്ക് പാപത്തിൽ തുടരാനുള്ള ഒരു മുടന്തൻ ന്യായമായോ ഒരിക്കലും കാണരുത്. യേശു ദൈവമാണെന്ന കറതീർന്ന വിശ്വാസത്തോടെ, പാപങ്ങളെ വെറുത്തുപേക്ഷിച്ച്, നമ്മുടെ വേദനകളും രോഗങ്ങളും നിയോഗങ്ങളുമായി അവിടുത്തെ സമീപിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയുമൊക്കെ ദൈവത്തിന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ.
രക്ഷകനായ യേശുവേ, ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളുടെയും പ്രത്യാശയുടെയും പൂർത്തീകരണം അങ്ങയിലാണ്. അങ്ങയുടെ ആത്മാവിലൂടെയാണ് ഞങ്ങൾ കൃപകൾ പ്രാപിക്കുന്നത്; അങ്ങയിലൂടെയാണ് ഞങ്ങൾ സത്യം ഗ്രഹിക്കുന്നത്; അങ്ങാണ് ഞങ്ങൾക്ക് ജീവൻ പ്രദാനം ചെയ്യുന്നത്; അങ്ങയിലൂടെയാണ് ഞങ്ങൾ സ്വതന്ത്രരാക്കപ്പെടുന്നത്. ദൈവമായ അങ്ങയോടുള്ള സ്നേഹത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. ബഹുമാനത്തോടും സ്നേഹത്തിൽനിന്നും ഉടലെടുക്കുന്ന ഭയത്തോടും അങ്ങയെ സമീപിക്കാൻ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ