യേശു കൈനീട്ടി അവനെ തൊട്ടു
"പിന്നീടൊരിക്കൽ യേശു ഒരു പട്ടണത്തിൽ ആയിരിക്കുന്പോൾ ഒരു കുഷ്ഠരോഗിവന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു: കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ! തൽക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ചു ജനങ്ങൾക്ക് സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനുംവേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്ക് പിൻവാങ്ങി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു." (ലൂക്കാ 5:12-16)
വിചിന്തനം
യേശു സുഖപ്പെടുത്തിയ നിരവധി കുഷ്ഠരോഗികളെ സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്ന അത്ഭുതത്തെക്കാൾ പ്രാധാന്യമർഹിക്കുന്നത് ഒരുപക്ഷേ അതു നടന്ന സ്ഥലമായിരിക്കണം. ഒരു പട്ടണത്തിൽ വച്ചാണ് ഈശോ ആ കുഷ്ഠരോഗിക്ക് സൌഖ്യം നൽകിയതെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണങ്ങളിൽ ഒരു കുഷ്ഠരോഗി അത്യപൂർവമായ ഒരു കാഴ്ചയായിരുന്നു. പകരുമെന്നുള്ള ഭയംമൂലം ജനവാസമുള്ള സ്ഥലങ്ങൾ എല്ലാം കുഷ്ഠരോഗികൾക്ക് നിഷിദ്ധമായിരുന്നു. ദൈവകോപത്തിന്റെ ഫലമായാണ് കുഷ്ഠം ഉണ്ടാകുന്നതെന്നു വിശ്വസിച്ചിരുന്ന യഹൂദജനം, കുഷ്ഠരോഗികളെ നികൃഷ്ടരായി കണ്ടിരുന്നു.
ഒരു മനുഷ്യനു നൽകുന്ന യാതൊരുവിധ പരിഗണനകളും കുഷ്ഠരോഗികൾക്ക് സ്വന്തക്കാരിൽ നിന്നുപോലും ലഭിച്ചിരുന്നില്ല. ഏതെങ്കിലും കുഷ്ഠരോഗി ദൃഷ്ടിപഥത്തിലെങ്കിലും വന്നാൽ, ജനങ്ങൾ അയാളെ കല്ലെറിയുകയും ആട്ടിപ്പായിക്കുകയും ചെയ്തിരുന്നു. രോഗത്തിന്റെ ക്ലേശങ്ങളുമായി ഏകാന്തജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ. എന്നാൽ, യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ ആ കുഷ്ഠരോഗി, എതിർപ്പുകളെ വകവയ്ക്കാതെ, ജീവഹാനി ഭയക്കാതെ, ആ പട്ടണത്തിലേക്ക് വന്നു. ഒറ്റയ്ക്കുള്ള ജീവിതം അയാൾക്ക് മടുത്തിരുന്നു. മനുഷ്യന്റെ സ്പർശനത്തിനായി അയാളുടെ ഹൃദയം കൊതിച്ചിരുന്നു. ഇതറിയുന്ന ഈശോ, മനുഷ്യകരങ്ങളുപയോഗിച്ചു ദൈവീകസ്പർശനം നൽകിയാണ് അയാൾക്ക് സൌഖ്യം നൽകുന്നത്.
ശരീരത്തെ ബാധിക്കുന്ന കുഷ്ഠരോഗം ഇന്നത്തെ സമൂഹത്തിനു തികച്ചും അപരിചിതമായ ഒരവസ്ഥയാണ്. എന്നാൽ, ആത്മാവിനെ ബാധിക്കുന്ന കുഷ്ഠരോഗം നമ്മുടെ സമൂഹങ്ങളിൽ സർവവ്യാപകമാണ്. കാപട്യവും വഞ്ചനയും നമ്മുടെ ഹൃദയങ്ങളിൽ നിറയുന്പോൾ, പാപത്തിന്റെ പുഴുക്കുത്തുകൾ സ്വാർത്ഥതയായി നമ്മുടെ വ്യക്തിബന്ധങ്ങളെ ആക്രമിക്കുന്പോൾ, സ്വന്തം സുഖം മാത്രം അന്വേഷിക്കുന്ന ഒറ്റപ്പെടലുകളിലേക്ക് നമ്മുടെ ജീവിതവും കൂപ്പുകുത്താറുണ്ട്. ശരീരത്തിനു കുഷ്ഠം ബാധിച്ചവരെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടൽ ഒഴിവാക്കാനാകാത്ത ഒരു യാഥാർത്ഥ്യമായിരുന്നെങ്കിൽ, ആത്മാവിൽ കുഷ്ഠം ബാധിച്ചവർ ഏകാന്തത സ്വയം ചോദിച്ചുവാങ്ങുന്നവരാണ്, അതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. സദാ നമ്മോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ സാമീപ്യത്തിൽനിന്നും ഓടിയകലാൻ പാപം നമ്മെ സഹായിക്കുന്നു. അതുപോലെതന്നെ, ശരീരംകൊണ്ട് ചുറ്റുമുള്ളവർക്ക് സമീപസ്ഥനായിരിക്കുന്പോഴും, അവരെ എങ്ങിനെ ഉപയോഗിക്കാം എന്നു തന്ത്രം മെനയുന്ന പാപഗ്രസ്തമായ നമ്മുടെ ഹൃദയം അവരിൽ നിന്നും അകന്നിരിക്കുന്നു.
പാപത്താൽ വികൃതമാക്കപ്പെട്ട നമ്മുടെ ഹൃദയം ലൌകീകസുഖങ്ങളിൽ മുഴുകി, സ്വന്തം കാര്യം മാത്രം നോക്കിയുള്ള ഒരു ജീവിതം എത്രയധികം ആസ്വദിച്ചാലും, കൃപാസ്പർശനത്തിനു കൊതിക്കുന്ന ആത്മാവിന്റെ തേങ്ങൽ മനുഷ്യരിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. മറ്റെന്തെല്ലാമുണ്ടെങ്കിലും, ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയുന്ന സ്നേഹത്തിന്റെ അഭാവത്തിൽ, സമാധാനവും സന്തോഷവും സംതൃപ്തിയും അനുഭവിക്കുക അസാധ്യമാണ്. ദൈവസ്നേഹത്തെ അകറ്റിനിർത്തുന്ന പാപം നമ്മുടെ ഹൃദയത്തിലേൽപ്പിച്ച മുറിവുകളുണക്കി നമ്മെ സുഖപ്പെടുത്തുന്ന കർത്താവാണ് യേശുക്രിസ്തു. പാപം നമ്മുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന വൈകൃതങ്ങൾ കാണാൻ മറ്റുള്ളവർക്ക് സാധിച്ചാൽ അവർ അറപ്പോടും വെറുപ്പോടും കൂടി ആയിരിക്കും പിന്നീടുള്ള കാലമെല്ലാം നമ്മെ വീക്ഷിക്കുക - പാപം അത്രയേറെ നികൃഷ്ടത നമ്മുടെ ഉള്ളിൽ കുത്തിനിറയ്ക്കുന്നുണ്ട്. എന്നാൽ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥ പൂർണ്ണമായും അറിയുന്ന ഈശോ നമ്മെ അകറ്റി നിർത്താനല്ല ആഗ്രഹിക്കുന്നത്, അടുത്തേക്ക് വിളിക്കാനാണ് - നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ സുഖപ്പെടുത്താനാണ്.
കുന്പസാരിക്കാനായി വൈദീകന്റെ മുന്പിൽ മുട്ടുകുത്തുന്ന ഓരോ പാപിയും രണ്ടായിരം വർഷം മുന്പ് ഈശോയെക്കണ്ട് സാഷ്ടാംഗം വീണ കുഷ്ഠരോഗിക്ക് സമാനനാണ്. ക്രിസ്തുവിൽ മാത്രമായിരുന്നു അയാളുടെ പ്രത്യാശ. യേശുവിന്റെ കരുണ ഒന്നിനു മാത്രമേ തന്നെ സുഖപ്പെടുത്താനാവൂ എന്നു തിരിച്ചറിഞ്ഞ അയാളുടെ അതേ മനോഭാവത്തോടെ രോഗം ബാധിച്ച നമ്മുടെ ആത്മാവുമായി അവിടുത്തെ സന്നിധിയിൽ അണയാൻ നമുക്കും കഴിയണം. ദൈവത്തിന്റെ അനന്തമായ സ്നേഹവും ശക്തിയും അനുഭവിച്ചറിയാൻ തടസ്സമായി നമ്മിലുള്ള എല്ലാ പാപങ്ങളുടെയും കറ കഴുകിക്കളയാൻ കുന്പസാരം നമ്മെ സഹായിക്കുന്നു. തന്റെ ക്ഷതങ്ങൾ കൊണ്ട് നമ്മുടെ മുറിവുകൾ ഉണക്കുന്ന ഈശോയുമായുള്ള കണ്ടുമുട്ടലിനുള്ള വേദിയാണ് കുന്പസാരക്കൂട് എന്ന തിരിച്ചറിവോടെ, പാപം മോചിക്കുന്ന അവിടുത്തെ കരുണാസ്പർശത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ഈ ലോകത്തിനു അനുരൂപനായി ജീവിക്കാനുള്ള വ്യഗ്രതകൾ, എന്റെ ശരീരത്തിലും ആത്മാവിലും ഏൽപ്പിച്ച മുറിവുകളുമായി, ഈശോയേ, ഞാനിതാ അങ്ങയുടെ സന്നിധിയിൽ സാഷ്ടാംഗം വീഴുന്നു. കർത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെയും ശുദ്ധനാക്കാൻ കഴിയും. സുഖപ്പെടുത്തുന്ന ദൈവമേ, എന്നെ തൊടണമേ. നിസ്സാരനായ എന്നിലൂടെ അങ്ങയുടെ കീർത്തി ലോകത്തിന്റെ അതിരുകളോളം വ്യാപിക്കട്ടെ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ