അടയാളം അന്വേഷിക്കുന്ന തലമുറ
"ഫരിസേയർ വന്ന് അവനുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്ഷിച്ചുകൊണ്ട് സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം ആവശ്യപ്പെട്ടു. അവൻ ആത്മാവിൽ അഗാധമായി നെടുവീർപ്പെട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്കപ്പെടുകയില്ല. അവൻ അവരെവിട്ട്, വീണ്ടും വഞ്ചിയിൽ കയറി മറുകരയിലേക്ക് പോയി." (മർക്കോസ് 8:11-13)
വിചിന്തനം
തങ്ങളുടെ പ്രവൃത്തികൾ ദൈവഹിതപ്രകാരമാണോ എന്ന സന്ദേഹം ഉണ്ടായ അവസരങ്ങളിൽ എല്ലാം ദൈവത്തിൽനിന്നും എന്തെങ്കിലും അടയാളം പ്രതീക്ഷിക്കുന്ന ഒരു സമൂഹമായിരുന്നു യഹൂദജനം. അവർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള വ്യക്തമായ അടയാളങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തെ വഴിനടത്താൻ ശ്രമിക്കുന്ന ദൈവത്തെയും നിരവധി അവസരങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. ഈജിപ്തിൽ നിന്നുള്ള യാത്രയിൽ മേഘസ്തംഭമായും അഗ്നിസ്തംഭമായും നാല്പതുവർഷം അവരെ മരുഭൂമിയിലൂടെ നയിച്ചത്, അവരോടൊപ്പം ഉണ്ടായിരുന്ന ദൈവസാന്നിധ്യത്തിന്റെ ഒരു അടയാളം തന്നെയായിരുന്നു. അപരിചിതമായ വഴികളിലൂടെ യാത്ര ചെയ്യുന്നവർക്ക് ശരിയായ പാത ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ചൂണ്ടുപലകളാണ് അടയാളങ്ങൾ. ലക്‌ഷ്യംതേടി യാത്ര ചെയ്യാൻ തയ്യാറാകുകയും, എന്നാൽ, യാത്രക്കിടയിൽ വഴി തെറ്റുന്നവരെയും, വഴി തെറ്റിയോ എന്നു സംശയിക്കുന്നവരെയുമാണ് ചൂണ്ടുപലകകൾ സഹായിക്കുന്നത്. അടയാളങ്ങൾ അതിൽതന്നെ ഒന്നിനും ഉത്തരമാകുന്നില്ല, ദൈവരാജ്യവും നീതിയും തേടി യാത്ര ചെയ്യാൻ തയ്യാറാകുന്നവരെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സ്ഥിരീകരണങ്ങൾ മാത്രമാണവ.
ദൈവരാജ്യം തേടിയുള്ള യാത്രക്ക് വിസമ്മതിക്കുന്നവരും, അത് ഇടയ്ക്കുവച്ച് ഉപേക്ഷിച്ചവരും ഒരിക്കലും അടയാളങ്ങളാകുന്ന ചൂണ്ടുപലകകൾ കണ്ടെത്തുന്നില്ല. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിനും അവിടുത്തെ വചനങ്ങൾക്ക് ചെവിനൽകുന്നതിനും മുന്പായി ദൈവത്തിൽനിന്ന് എന്തെങ്കിലുമൊരു അടയാളം വേണമെന്നു വാശിപിടിക്കുന്ന സ്വഭാവം ഫരിസേയരുടേത് മാത്രമല്ല, നമ്മുടെ സ്വന്തം ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും എല്ലാം ഇന്നും നിലനിൽക്കുന്ന ഒരു അവസ്ഥാവിശേഷം തന്നെയാണത്. വ്യക്തമായ സ്ഥിരീകരണം ലഭിച്ചാൽമാത്രമേ ദൈവം പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നു വാശിപിടിക്കുന്ന വിശ്വാസികൾ മുതൽ, മനുഷ്യപ്രയത്നത്താൽ അസാധ്യമായ കാര്യങ്ങൾ ദൈവം ഇടപെട്ടു നടത്തിതന്നാൽ മാത്രമേ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ എന്ന് വാശി പിടിക്കുന്നവർവരെ എല്ലാവരും അടയാളങ്ങൾ അന്വേഷിക്കുന്നവരാണ്. എന്നാൽ, ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെയും കരുണയുടെയും അളവുകോലായിരിക്കരുത് അടയാളങ്ങളും അത്ഭുതങ്ങളും. ഇടുങ്ങിയതും ക്ലേശകരവുമായ വഴികളിലൂടെ ദൈവത്തെ തേടുന്നവരെ തണൽ നല്കി ആശ്വസിപ്പിക്കുന്ന മേഘക്കീറുകൾ ആണ് അടയാളങ്ങൾ - വഴിതെറ്റിയോ എന്ന സന്ദേഹത്താൽ യാത്ര മന്ദഗതിയിലാകുന്പോൾ ഉന്മേഷം പകരാൻ അയക്കപ്പെടുന്ന പ്രകാശകിരണങ്ങൾ.
യേശു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെക്കാളൊക്കെ വലിയൊരത്ഭുതമാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈശോ എന്ന യാഥാർത്ഥ്യം ഗ്രഹിക്കാൻ കഴിയാതെ പോയവർ നിരവധിയായിരുന്നു. തർക്കിക്കാനും എതിർവാക്കുകൾ പറയുന്നതിനും മാത്രം സമയം കണ്ടെത്തിയിരുന്ന അവർ അടയാളങ്ങൾ ആവശ്യപ്പെടുന്നത് വിശ്വസിക്കുന്നതിനായിട്ടല്ല, എന്തെങ്കിലും പുതിയ കുറ്റം ആരോപിക്കുന്നതിനാണ് എന്ന് യേശുവിന് അറിയാമായിരുന്നു. രണ്ടായിരം വർഷംമുന്പ് ജീവിച്ചിരുന്ന ആ ജനത്തെപ്പോലെ തന്നെ ഇന്നു നമുക്കും ഈശോ സമീപസ്ഥനാണ്. മനുഷ്യകരങ്ങളാൽ നിർമ്മിതമായ അപ്പവും വീഞ്ഞും എല്ലാ ദിവസവും നമ്മുടെ കർത്താവിന്റെ തിരുശരീരവും രക്തവും ആകുന്ന അത്ഭുതം ലോകമെന്പാടുമുള്ള നിരവധിയായ അൾത്താരകളിൽ എല്ലാ ദിവസവും സംഭവിക്കുന്നുണ്ട്. പക്ഷേ, അടയാളങ്ങളിലും അത്ഭുതങ്ങളിലും മാത്രം മനസ്സുറപ്പിച്ചിരിക്കുന്നവർ പലപ്പോഴും അവയുടെ ദാതാവായ ദൈവത്തിന്റെ സാന്നിധ്യം വിശുദ്ധ കുർബാനയിൽ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു പോകുന്നു.
വിശ്വാസത്തോടെ ഈശോയെ സമീപിക്കുന്നവർക്ക് മാത്രമാണ് അവിടുത്തെ നിസ്സീമമായ ശക്തിയും സ്നേഹവും അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും അനുഭവിക്കാൻ സാധിക്കുന്നത്. ഹൃദയപരമാർത്ഥതയോടെ തന്നെ അന്വേഷിക്കുന്നവർക്കായി പെരുവെള്ളത്തിലൂടെ പാതവെട്ടുകയും, ആകാശത്തുനിന്ന് മന്നാ പൊഴിക്കുകയും, സിംഹങ്ങളുടെ വായടയ്ക്കുകയും ചെയ്യുന്നവനാണ് ദൈവം. ആ ദൈവത്തിൽ വിശ്വസിക്കുന്നതിനായി അടയാളങ്ങൾ അന്വേഷിക്കുന്നവരാകാതെ, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം, മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്, മറ്റുള്ളവർക്കുമുന്പിൽ ഒരടയാളമാക്കി മാറ്റുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, വേദനകളും പ്രതികൂലസാഹചര്യങ്ങളും എന്നെ അലട്ടുന്പോൾ, അങ്ങയുടെ സജീവ സാന്നിദ്ധ്യം എന്റെ ജീവിതത്തിൽ അനുഭവിച്ചറിയാൻ എന്നിലെ വിശ്വാസത്തെ വളർത്തണമേ, അങ്ങേക്കായി ക്ഷമയോടെ കാത്തിരിക്കാൻ എന്നിലെ പ്രത്യാശയെ മങ്ങാതെ കാക്കണമേ, അങ്ങയെ അനുസരിക്കാൻ എന്നിലെ സ്നേഹം തണുത്തുറയാതെ സൂക്ഷിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ