ദൈവരാജ്യത്തിന്റെ രഹസ്യം

"അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണ് നൽകപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സു തിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്." (മർക്കോസ് 4:10-12)

വിചിന്തനം
ഭാഷയുടെയും കാലത്തിന്റെയും അതിർവരന്പുകളില്ലാതെ, എക്കാലത്തെയും മനുഷ്യരെ ഒന്നുപോലെ ചിന്താകുഴപ്പത്തിൽ ആക്കിയിട്ടുള്ള ഒന്നാണ് ദൈവത്തെ അറിയാനുള്ള ശ്രമം. ദൈവം ആരെന്നും എങ്ങിനെയാണ് ദൈവം പ്രവർത്തിക്കുന്നതെന്നും ഏകദേശം മനസ്സിലായെന്നു മനുഷ്യൻ കരുതുന്നതിനൊപ്പം ആ കണക്കുകൂട്ടലിന്റെ പരിധിയിൽ ഉൾപ്പെടാത്ത എന്തെങ്കിലും ദൈവത്തിൽനിന്നും ഉണ്ടാകുക സർവസാധാരണമാണ്. പരിമിതമായ മനുഷ്യബുദ്ധികൊണ്ട് അപരിമിതനായ ദൈവത്തെ മനസ്സിലാക്കുക അസാധ്യമായ കാര്യമാണ്. ഇതുമൂലം, ഭാഷയുടെയും സംസ്കാരത്തിന്റെയും പരിമിതികളിൽ നിന്നുകൊണ്ട് ദൈവത്തെ വിവരിച്ചവർ പലപ്പോഴും അസൂയാലുവും അസഹിഷ്ണുവും ഉഗ്രകോപിയുമായ ഒരു ദൈവത്തെ നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നുണ്ട്. ഈശോ തന്റെ സുവിശേഷ പ്രഘോഷണം തുടങ്ങിയ സമയത്ത്, യഹൂദർ സ്നേഹത്തെക്കാളധികമായി ഭയത്തോടെയാണ് ദൈവത്തെ കണ്ടിരുന്നത്‌. ഇങ്ങനെയുള്ള ഒരു ചുറ്റുപാടിൽ, മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ സാധിക്കുന്ന വിധത്തിൽ സ്നേഹപിതാവായ ദൈവത്തെക്കുറിച്ചും അവിടുത്തെ രാജ്യത്തെക്കുറിച്ചും സംസാരിക്കുക എന്ന ശ്രമകരമായ ജോലിയാണ് യേശുവിന്റെ മുന്പിൽ ഉണ്ടായിരുന്നത്. എന്നാൽ, മനുഷ്യർക്ക്  ഗ്രഹിക്കുന്നതിനായി മാത്രം തന്റെ വാക്കുകളിലൂടെ സ്വർഗ്ഗീയ മഹത്വത്തിന്റെ മാറ്റു കുറയ്ക്കാനും യേശു തയ്യാറല്ലായിരുന്നു. അതുകൊണ്ട്, പ്രതീകങ്ങളിലൂടെയും ഉപമകളിലൂടെയുമാണ് പ്രധാനമായും സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം ഈശോ ലോകത്തിനു നല്കിയത്.

പിതാവിന്റെ സ്നേഹത്തെക്കുറിച്ചും സഹോദരരെ സ്നേഹിക്കേണ്ടതിനെക്കുറിച്ചും എപ്പോൾ വേണമെങ്കിലും വന്നെത്താവുന്ന വിധിദിവസത്തിനായി ഒരുങ്ങിയിരിക്കേണ്ടതിനെക്കുറിച്ചും എല്ലാം യേശു നല്കിയ വർണ്ണനകളേക്കാളും ഉപദേശങ്ങളെക്കാളും മുന്നറിയിപ്പുകളെക്കാളും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് ധൂർത്തപുത്രന്റെ ഉപമയും (ലൂക്കാ 15:11-32), നല്ല സമരിയാക്കാരന്റെ ഉപമയും (ലൂക്കാ 10:25-37), പത്തു കന്യകമാരുടെ ഉപമയും (മത്തായി 25:1-13) ഒക്കെയാണ്. അനുദിനജീവിതത്തിൽ നമുക്ക് പരിചിതരായ വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഇഴുകിച്ചേർന്നു കിടക്കുന്ന ഈ ഉപമകൾ കേൾക്കുന്പോൾ, അവ ഈശോ പറഞ്ഞത്, നമുക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാകാനാണ് എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. എന്നാൽ, ഉപമകളുടെ ഉദ്ദേശത്തെപ്പറ്റി നമ്മുടേതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് നൽകുന്നത്. ഉപമകൾ കേൾക്കുന്ന വേളയിൽ, നമ്മുടെ മനസ്സിലുള്ള സാഹചര്യങ്ങളുമായി അവയെ ബന്ധപ്പെടുത്തി, ഉപമയുടെ പൊരുൾ മനസ്സിലായി എന്നു കരുതുന്നവർ, ഈശോ പറയാൻ ശ്രമിക്കുന്നത് ഗ്രഹിക്കാൻ പരാജയപ്പെടുന്നു എന്നാണ് ഈശോ വ്യക്തമായി പറയുന്നത്! സ്വന്തം ബുദ്ധിക്കും ധാരണകൾക്കും അനുസൃതമായി ദൈവവചനം ഗ്രഹിക്കാൻ ശ്രമിക്കുന്നവർ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കുന്നതിൽ പരാജയപ്പെടുന്നു.

ദൈവരാജ്യത്തിന്റെ രഹസ്യം ലോകത്തിനു നൽകപ്പെട്ടിരിക്കുന്നത്‌ ഉപമകളിലൂടെയല്ല, അവിടുന്ന് തിരഞ്ഞെടുത്ത ശിഷ്യന്മാരിലൂടെയാണ്. തങ്ങളുടെ മനോവ്യാപാരങ്ങൾക്കനുസരിച്ച് സുവിശേഷം വ്യാഖ്യാനിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവർ, അവരെക്കുറിച്ചാണ് "കണ്ടിട്ടും കാണാത്തവർ" എന്നും "കേട്ടിട്ടും ഗ്രഹിക്കാത്തവർ" എന്നും യേശു വിശേഷിപ്പിച്ചത്‌ എന്നു തിരിച്ചറിഞ്ഞ് തങ്ങളുടെ തെറ്റു തിരുത്താൻ വിസമ്മതിക്കുന്നവരാണ്. ഇതിനുകാരണം, വാക്കുകൾക്ക് അതീതമായ ദൈവരാജ്യം ഉപമകളിലൂടെ വിവരിച്ചപ്പോഴും, അവയിൽ പ്രത്യക്ഷത്തിൽ വെളിപ്പെടാത്ത രഹസ്യങ്ങൾ ഒളിച്ചുവയ്ക്കാൻ ഈശോ തുനിഞ്ഞു എന്നതാണ്. ഒരു ഉപമതന്നെ പല ആവർത്തി വായിക്കുന്പോൾ, നമ്മുടെ മനസ്സിന്റെ അവസ്ഥ അനുസരിച്ച്, വിവിധങ്ങളായ സന്ദേശങ്ങൾ നമുക്ക് ലഭിക്കുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. മൂന്നു വർഷങ്ങൾകൊണ്ട് ഈശോ പറഞ്ഞ കാര്യങ്ങൾ, രണ്ടായിരം വർഷത്തെ അപഗ്രഥനത്തിനു ശേഷവും അപൂർണ്ണമായി ശേഷിക്കുന്നതും, നമ്മെ സൃഷ്ടിച്ച ദൈവത്തെ മനസ്സിലാക്കാനുള്ള നമ്മുടെ അപര്യാപ്തതയുടെ ഒരു സൂചനയാണ്.

ഇന്നത്തെ ലോകത്തിൽ, ദൈവവചനം വ്യാഖ്യാനിച്ച്, ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിത്തരാൻ കഴിയുന്നത്‌ ശ്ലൈഹീകപാരന്പര്യം കാത്തുസൂക്ഷിക്കുന്ന സഭയ്ക്കു മാത്രമാണ്. തിരുലിഖിതങ്ങളിൽനിന്ന് നമുക്ക് വെളിപ്പെട്ടു കിട്ടിയ വസ്തുതകൾ തിരുസഭയുടെ പ്രബോധനങ്ങളിൽനിന്നും വ്യത്യസ്ഥമാകുന്പോൾ, നമ്മുടെ വ്യാഖ്യാനമാണ് ശരി എന്ന അബദ്ധ ചിന്തയോടെ ശ്ലൈഹീകസഭയെ തള്ളിപ്പറയുകയല്ല നമ്മൾ ചെയ്യേണ്ടത്. ആശയകുഴപ്പങ്ങളും എതിരഭിപ്രായങ്ങളും ഉണ്ടാകുന്ന അവസരങ്ങളിൽ, സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ കാഴ്ചപ്പാടുകളെ പുനർവിചിന്തനം ചെയ്യാൻ തയ്യാറാവുകയാണ്‌ നമ്മൾ ചെയ്യേണ്ടത്. നാമെത്രയധികം മനസ്സിലാക്കിയെന്നു കരുതിയാലും, നമ്മുടെ ധാരണകൾക്ക് അതീതനാണ് ദൈവമെന്നുള്ള തിരിച്ചറിവോടെ ദൈവവചനത്തെ സമീപിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

വചനമാകുന്ന ദൈവമേ, അങ്ങയെ ശ്രവിക്കുവാനും ഗ്രഹിക്കുവാനും സ്നേഹിക്കുവാനും എന്റെ ഹൃദയത്തെ ഒരുക്കണമേ. വാക്കുകൾക്കും ധാരണകൾക്കും അതീതനായ അങ്ങയെ എന്റെ ബുദ്ധിയിൽ അറിയുവാനുള്ള ശ്രമം ഉപേക്ഷിച്ച്, തെറ്റിധാരണകളും സംശയങ്ങളും അകറ്റുന്ന അവിടുത്തെ സ്നേഹം ആത്മാവിൽ അനുഭവിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങ് സ്ഥാപിച്ച സഭയിലൂടെയും ആ സഭയിലെ ശുശ്രൂഷകരിലൂടെയും, അവിടുത്തെ തിരുവചനങ്ങൾ എനിക്ക് ജീവദായകമായി ഭവിക്കട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്