സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്ന മനുഷ്യൻ

"മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ് അവനെ മാറ്റി നിർത്തിക്കൊണ്ട് തടസ്സം പറയാൻ തുടങ്ങി. യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നിൽക്കുന്നതുകണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു  പറഞ്ഞു: സാത്താനേ, നീ എന്റെ മുന്പിൽനിന്നു പോകൂ. നിന്റെ ചിന്ത ദൈവീകമല്ല, മാനുഷികമാണ്‌." (മർക്കോസ് 8:31-33)

വിചിന്തനം 
കേസറിയാഫിലിപ്പിയിലേക്കുള്ള വഴിമദ്ധ്യേ ഈശോ തന്റെ ശിഷ്യന്മാർക്ക് തന്നിലുള്ള വിശ്വാസത്തിന്റെ ആഴമളക്കുന്നതിനായി ചോദിച്ചു, "ഞാൻ ആരാണെന്നാണ്‌ നിങ്ങൾ പറയുന്നത്?" (മർക്കോസ് 8:29). ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ആണ് പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി മറുപടി നൽകിയത്. നൂറ്റാണ്ടുകളായി യഹൂദജനം കാത്തിരിക്കുന്ന മിശിഹായാണ് യേശു എന്നായിരുന്നു പത്രോസിന്റെ ഉത്തരം. മറ്റു ശിഷ്യരുടെ മൌനത്തിൽനിന്നും അവർക്കും ആ ഉത്തരം സ്വീകാര്യമായിരുന്നു എന്നു വ്യക്തമാണ്. ഈശോ തന്നെയാണ് മിശിഹാ എന്ന വിശ്വാസമാണ് അവരിൽ പലരെയും തങ്ങളുടെ ജീവിതവൃത്തി പോലും ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാൻ പ്രേരിപ്പിച്ച ഘടകം. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, ആത്മാവിന്റെ രക്ഷയും സ്വർഗ്ഗരാജ്യവും മാത്രമല്ലായിരുന്നു ശിഷ്യന്മാരുടെ പ്രചോദനം, ഇസ്രായേൽ രാജ്യത്തിന്റെ ഭരണാധികാരിയായി സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടിരിക്കുന്ന മിശിഹായുടെ മന്ത്രിസഭയിലെ പ്രധാന സ്ഥാനങ്ങൾ കൈയാളുന്നവർ ആകണം എന്ന രഹസ്യ ഉദ്ദേശവും അവരുടെ ശിഷ്യത്വത്തിനു പിന്നിൽ ഉണ്ടായിരുന്നു.

തങ്ങളെ നിരന്തരം ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്ന വിദേശ ശക്തികളിൽ നിന്നെല്ലാം സംരക്ഷിക്കുകയും, ഇസ്രായേലിലെയും യൂദായിലെയും ചിതറിക്കിടക്കുന്ന ഗോത്രങ്ങളെ വീണ്ടും ഒരുമിപ്പിച്ച് ശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഒരു രക്ഷകനെ യഹൂദജനം പ്രതീക്ഷിച്ചിരുന്നു. ഈശോയാണ് ആ രക്ഷകൻ എന്നു വിശ്വസിച്ചിരുന്ന ശിഷ്യന്മാർ ഈശോ തന്റെ രാജ്യം സ്ഥാപിക്കുന്ന ദിനത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. അവരുടെ മനസ്സു ഗ്രഹിച്ച ഈശോ, ഇന്നത്തെ വചനഭാഗത്തിലൂടെ, എപ്രകാരമുള്ള രാജ്യം ഭൂമിയിൽ സ്ഥാപിക്കാനാണ് താൻ വന്നിരിക്കുന്നത് എന്ന് അവർക്ക് വ്യക്തമാക്കി കൊടുക്കുകയാണ്.

യഹൂദജനം മാത്രമല്ല, എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും സേവിക്കേണ്ടതിനു ആവശ്യമായ ആധിപത്യവും മഹത്വവും രാജ്യത്വവും നല്കപ്പെട്ടിരിക്കുന്ന മനുഷ്യപുത്രൻ (cf. ദാനിയേൽ 7:13,14) താനാണെന്ന് ആദ്യമേതന്നെ വ്യക്തമാക്കിക്കൊണ്ടാണ് തന്റെ പീഡാനുഭവത്തെക്കുറിച്ച് ഈശോ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, വാളും പടയാളികളും നിറഞ്ഞ യുദ്ധഭൂമിയിലൂടെ അല്ല താൻ രാജ്യം സ്ഥാപിക്കുന്നതെന്നും അവിടുന്ന് വ്യക്തമാക്കുന്നുണ്ട്. സഹനങ്ങളുടെയും ബലഹീനതകളുടെയും പാപം മൂലമുള്ള മരണത്തിന്റെയുംമേൽ നേടുന്ന വിജയമാണ് തന്റെ സാമ്രാജ്യത്തിന്റെ അടിസ്ഥാനം എന്നാണ് ഈശോ ശിഷ്യന്മാരോട് തുറന്നു പറഞ്ഞത്‌. ഈശോ അനുഭവിക്കാനിരിക്കുന്ന ശിക്ഷകളാണ് തങ്ങൾക്ക് രക്ഷ നല്കുകയെന്നും, അവിടുന്ന് ശരീരത്തിൽ വഹിക്കാനിരിക്കുന്ന ക്ഷതങ്ങളാണ് ലോകത്തെ സുഖപ്പെടുത്തുകയെന്നും (cf. ഏശയ്യാ 53:5) ഈശോ പറഞ്ഞത് മനസ്സിലാക്കാൻ അവർക്കായില്ല. തങ്ങളുടെ പ്രതീക്ഷ അനുസരിച്ചല്ല കാര്യങ്ങൾ പോകുന്നത് എന്ന തിരിച്ചറിവ് തീർച്ചയായും അവരുടെ ഇടയിൽ ആശയകുഴപ്പവും നിരാശയും ഉണ്ടാക്കിയിരിക്കണം. ഈശോ പറഞ്ഞത് പത്രോസിനു മനസ്സിലായെങ്കിലും, മറ്റു ശിഷ്യന്മാരെ സമാധാനിപ്പിക്കുന്നതിനായി ഈശോയെ കൂടുതൽ സംസാരിക്കുന്നതിൽനിന്നും തടയാൻ അദ്ദേഹം ശ്രമിക്കുകയാണ്. എന്നാൽ, തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ ഒരാളും തന്നെ പിന്തുടരരുത് എന്നു നിർബന്ധമുള്ള ഈശോയ്ക്ക്, പത്രോസിന്റെ ദുരുദ്ദേശപരമായ തടസ്സപ്പെടുത്തൽ ഇഷ്ടമാകുന്നില്ല.

കുരിശിലൂടെയാണ് രക്ഷ എന്നറിയാമെങ്കിലും, അനുദിന ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരാജയങ്ങളും പ്രതികൂലസാഹചര്യങ്ങളും ഉണ്ടാകുന്പോൾ പതറിപ്പോകുന്നവരാണ് നമ്മിൽ ഭൂരിപക്ഷം വരുന്നവരും. കുരിശിന്റെ സുവിശേഷത്തെ അംഗീകരിക്കുന്പോഴും മനസ്സുകൊണ്ട് സമൃദ്ധിയുടെയും സന്പന്നതയുടെയും സുവിശേഷം ആഗ്രഹിക്കാത്തവർ ചുരുക്കമേ ഉണ്ടാകുകയുള്ളൂ. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ യാത്ര ചെയ്ത് ലഷ്യസ്ഥാനത്തെത്താൻ വിസമ്മതിക്കുകയും, ഒരിക്കലും ലക്ഷ്യത്തിൽ കൊണ്ടെത്തിക്കില്ല എന്നറിയാമെങ്കിലും പൂവിരിച്ച വഴികളിലൂടെ നടക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തിന്റെ പ്രതിരൂപം മാത്രമാണ് ഈശോയെ പീഡാനുഭവത്തിൽനിന്നും പിന്തിരിപ്പിച്ച്, ശിഷ്യന്മാർ ആഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന പത്രോസ് ശ്ലീഹാ. മനുഷ്യദൃഷ്ടിയിൽ പത്രോസ് ചെയ്തത് ഒരു നല്ല കാര്യമാണ് - സഹനങ്ങളും ത്യാഗങ്ങളും ദൈവത്തിന്റെ കരുണയുടെയും കരുതലിന്റെയും ഭാഗമായി കാണാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. അവ എങ്ങിനെയും ജീവിതത്തിൽ നിന്നും ഒഴിവാക്കിയിട്ട്, ലൌകീക നേട്ടങ്ങളുടെ പിന്നാലെ പോകുന്നതാണ് മനുഷ്യരുടെ ചിന്തയിൽ ശരിയായ കാര്യം. എന്നാൽ, മനുഷ്യൻ ചിന്തിക്കുന്നതുപോലെയല്ല ദൈവം ചിന്തിക്കുന്നത്. സന്പത്തിനും സ്ഥാനമാനങ്ങൾക്കും ഒരിക്കലും നല്കാൻ കഴിയാത്ത തരത്തിലുള്ള അനുഗ്രഹങ്ങൾ മനുഷ്യജീവിതത്തിൽ പ്രദാനം ചെയ്യാൻ ദൈവം അനുവദിക്കുന്ന സഹനങ്ങൾക്കാവും.

മനുഷ്യജീവിതം എല്ലാക്കാലവും ദുരിതങ്ങളും വേദനകളും നിറഞ്ഞ ഒരു കണ്ണീർത്തടാകമായി അവശേഷിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നതായി സഹനത്തിന് അർത്ഥമില്ല. ജീവിതത്തിലെ എല്ലാ തകർച്ചകളും നമ്മുടെ ആത്മീയനന്മയ്ക്കായി ദൈവം അനുവദിക്കുന്ന സഹനങ്ങളാകണം എന്നും നിർബന്ധമില്ല. ദൈവം ആഗ്രഹിക്കുന്ന സഹനങ്ങൾ നമുക്ക് അനുഗ്രഹമാകാനും, അവിടുന്ന് ആഗ്രഹിക്കാത്ത കഷ്ടതകൾ നമ്മിൽനിന്നും അകന്നുപോകാനും നമ്മൾ ചെയ്യേണ്ടത്, വേദനകളുടെയും പരാജയങ്ങളുടെയും നാളുകളിൽ ദൈവത്തോടു കൂടുതൽ ചേർന്നുനിൽക്കുകയാണ്. സഹനങ്ങളിൽനിന്ന് ഒരു ഒളിച്ചോട്ടമല്ല ദൈവം ആഗ്രഹിക്കുന്നത്, അവ ഹൃദയത്തിൽ സ്വീകരിച്ച്, അതുമൂലം നമുക്കുണ്ടാകുന്ന എല്ലാ കഷ്ടതകളും ഒരു ബലിയായി ദൈവസന്നിധിയിൽ സമർപ്പിക്കണമെന്നാണ്. മനുഷ്യ ദൃഷ്ടിയിൽ എത്ര തിന്മയായും ദൌർഭാഗ്യകരമായും തോന്നുന്ന കാര്യങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചാൽ അവയെ എല്ലാം നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും നന്മയായി മാറ്റാൻ കഴിവുള്ളവനാണ്‌ ദൈവം. കഷ്ടതയുടെ നാളുകളിൽ ഹൃദയം ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ  യേശുവേ, എന്റെ അനുദിനജീവിതത്തിൽ എന്നെ വല്ലാതെ അലട്ടുകയും വേദനിപ്പിക്കുകയും ചെയ്യുന്ന എല്ലാ പ്രശ്നങ്ങളെയും രോഗങ്ങളെയും അവിടുത്തെ സ്നേഹഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. പാപിയായ എന്നോടുള്ള സ്നേഹത്താൽ, പീഡകൾ സ്വയം ഏറ്റെടുത്ത കരുണാമയനായ ദൈവമേ, എന്റെ വേദനകളിലൂടെയും തകർച്ചകളിലൂടെയും കുരിശിലൂടെ അങ്ങ് നേടിത്തന്ന രക്ഷയിൽ ഭാഗഭാക്കാകാൻ എന്നെ സഹായിക്കണമേ. എന്റെ വേദനകൾ അങ്ങയോടൊപ്പം സഹിക്കുവാനും, അതുവഴി, എന്നിൽ വസിക്കുന്ന അങ്ങയിലുള്ള ആനന്ദത്താൽ നിറയുന്നതിനും എനിക്കിടയാകട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!