കണ്ണിനുപകരം കണ്ണ്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42)

വിചിന്തനം 
സ്നേഹത്തിന്റെ കല്പനയുമായി ലോകത്തിലേക്ക് വന്ന ദൈവം, സ്നേഹം എന്താണെന്നു നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ ഈ വചനത്തിലൂടെ. അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങൾക്കിടയിൽ മറ്റുള്ളവരോട് എങ്ങിനെയാണ് ഇടപഴകേണ്ടത് എന്നല്ല ഇന്നത്തെ വചനഭാഗം നമുക്ക് പറഞ്ഞു തരുന്നത്. മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയും മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ പ്രതികരണം ഏതു വിധത്തിലുള്ളതായിരിക്കണം എന്നു നമുക്ക് വ്യക്തമാക്കിതരുകവഴി, ദൈവത്തിന്റെയും മനുഷ്യരുടെയും ചിന്താഗതികൾ തമ്മിലുള്ള അന്തരം ഈശോ വെളിപ്പെടുത്തുകയാണ്.

നമ്മോടു തെറ്റായി പ്രവർത്തിക്കുന്നവരോട് ക്ഷമിക്കാനും, അവർക്ക് നന്മ ചെയ്യാനുമുള്ള കഴിവാണ് മനുഷ്യനെ ദൈവപ്രകൃതിയുമായി ഏറ്റവും അധികം താദാത്മ്യപ്പെടുത്തുന്ന ഘടകം. എന്നാൽ, സ്നേഹത്തിന്റെ അഭാവം അനുഭവപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം മനുഷ്യൻ ക്ഷമിക്കാനും നന്മ ചെയ്യാനും വിസമ്മതം കാട്ടാറുണ്ട്‌. പാപത്തിലേക്ക് ചെരിഞ്ഞിരിക്കുന്ന മനുഷ്യർ തിങ്ങിപ്പാർക്കുന്നിടത്തെല്ലാം സ്നേഹത്തിന്റെ അഭാവം ധാരാളമായിട്ടുണ്ട് എന്നറിഞ്ഞ ദൈവം മോശയിലൂടെ ഇസ്രായേൽ ജനത്തിനു നിയമങ്ങൾ നൽകി. പക്ഷേ, "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്ക് പകരം കൈയ്; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളൽ. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം" (പുറപ്പാട് 21:24-25), എന്നിങ്ങനെയുള്ള നിയമങ്ങളിൽ മനുഷ്യർ സ്നേഹമല്ല കണ്ടത്, പ്രതികാരമാണ്. എന്നാൽ, പകരത്തിനു പകരം എന്ന പഴയനിയമ കല്പനയിലെ സ്നേഹം കണ്ടെത്തണമെങ്കിൽ ശിക്ഷകളോട് മനുഷ്യർക്ക്‌ പൊതുവേയുള്ള കാഴ്ചപ്പാട് എന്താണെന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം.

നമുക്ക് ഒരു കഷ്ടത വരുത്തുന്ന വ്യക്തിക്ക് പകരമായി ആ കഷ്ടത തന്നെ കിട്ടിയാൽ അതു നീതിയാണെന്ന് യുക്തിപ്രകാരം നമുക്ക് തോന്നാം. എന്നാൽ, മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയനുസരിച്ച്, പകരത്തിനു പകരം നമ്മെ ഒരിക്കലും സംതൃപ്തരാക്കുന്നില്ല. ഒരു തെറ്റും ചെയ്യാതിരുന്ന എന്റെ കണ്ണടിച്ചു തകർത്ത വ്യക്തിയ്ക്ക് ശിക്ഷയായി അയാളുടെ ഒരു കണ്ണ് എടുത്തു എന്നിരിക്കട്ടെ. ഇപ്പോൾ, ഒരു തെറ്റും ചെയ്യാത്ത ഞാനും, തെറ്റുചെയ്ത ആ വ്യക്തിയും തുല്ല്യരാണ് - ഞങ്ങൾക്കു രണ്ടാൾക്കും ഒരു കണ്ണില്ല. എന്നെ സംബന്ധിച്ചിടത്തോളം അതിലെന്തു നീതിയാണുള്ളത്? എന്നെക്കാൾ കൂടുതൽ വേദന കുറ്റംചെയ്ത വ്യക്തി അനുഭവിച്ചെങ്കിൽ മാത്രമല്ലേ എനിക്ക് സമാധാനമാകുകയുള്ളൂ - എന്റെ ഒരു കണ്ണിനു പകരം അയാളുടെ രണ്ടു കണ്ണും എടുക്കപ്പെടുന്പോഴാണ് സ്വാഭാവിക തലത്തിൽ നീതി ലഭിച്ചു എന്ന് ഞാൻ ആശ്വസിക്കുന്നത്. ശിക്ഷകളോട് മനുഷ്യർക്ക് പൊതുവേയുള്ള കാഴ്ചപ്പാട് ഈ വിധത്തിലുള്ളതാണ്. നാം സഹിച്ചതിലുമധികം ശിക്ഷയായി നല്കണം എന്നാഗ്രഹിക്കുന്ന മനുഷ്യന്റെ പ്രതികാരമനോഭാവത്തെ തടയുക എന്ന വലിയൊരു ഉദ്ദേശം മോശയിലൂടെ ലഭിച്ച കല്പനകളുടെ പിന്നിൽ ഉണ്ടായിരുന്നു.

മോശയിലൂടെ ദൈവം കല്പനകൾക്ക് കരുണയുടെ ഒരു പുതിയ മാനം നല്കുക വഴി ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന് എതിരായി സംസാരിക്കുകയല്ല ഈശോ ചെയ്തത്. നമ്മുടെ ജീവന് ഹാനികരമായ വിധത്തിൽ പ്രവർത്തിക്കുന്നവരെ എതിർക്കരുതെന്നൊ ചെറുക്കരുതെന്നോ ഈശോ പറയുന്നില്ല. വലതുകൈകൊണ്ട് വലതു കരണത്തടിക്കുന്നത് അപായപ്പെടുത്താനല്ല, അധിക്ഷേപിക്കാനാണ്. നമ്മുടെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവൻ നമ്മെ മുതലെടുക്കാൻ ശ്രമിക്കുകയാണ്, അല്ലാതെ നമ്മെ പട്ടിണിക്കിടുകയല്ല. ജീവൻ നിലനിർത്തുന്നതിന് ആവശ്യമില്ലാത്ത വസ്തുക്കൾക്കായി മറ്റുള്ളവർ നമ്മെ എതിരിടുന്പോൾ അവരോടു വഴക്കിനോ പ്രതികാരത്തിനോ പോകരുത് എന്നാണ് ഈശോ പറയുന്നത്. മറ്റുള്ളവരിൽനിന്നും ഏൽക്കേണ്ടിവരുന്ന അപമാനങ്ങളും അനീതികളും, ഇഹലോക വസ്തുക്കളോടും സ്ഥാനമാനങ്ങളോടുമുള്ള നമ്മുടെ ആർത്തിയും അത്യാഗ്രഹവും ശമിപ്പിക്കാൻ സഹായകരമായേക്കും. കരുണാപരമായ പെരുമാറ്റത്തിലൂടെ നമ്മെ ആത്മീയമായ ദാരിദ്ര്യത്തിലേക്കു നയിക്കുക വഴി, ദൈവത്തിൽ കൂടുതലായി ആശ്രയിക്കാൻ ഇന്നത്തെ വചനഭാഗം സഹായിക്കുന്നു.


കരുണാമയനായ ദൈവമേ, അവിടുത്തെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ സ്നേഹവും ക്ഷമയും ദയയും സൌമ്യതയും നൽകി എന്നെ അനുഗ്രഹിക്കണമേ. വെറുക്കുന്നവരെ സ്നേഹിക്കുവാനും, നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവാനും എന്നെ പഠിപ്പിക്കണമേ. കർത്താവായ യേശുക്രിസ്തുവിന്റെ വചനം പാലിച്ച് അങ്ങയെ മഹത്വപ്പെടുത്തുന്നതിനായി, അപമാനങ്ങളെ ക്ഷമയോടെ നേരിടാനും, സന്പത്തിനോട് വിരക്തി പുലർത്താനും എന്നെ സഹായിക്കണമേ.  ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്