മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26)

 വിചിന്തനം 
ദൈവം മനുഷ്യനു നല്കിയിട്ടുള്ള മഹത്തായ ദാനങ്ങളിൽ ഒന്നാണ് കാഴ്ചശക്തി. എന്നാൽ, കാഴ്ചയുണ്ടായിട്ടും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ കാണാൻ സാധിക്കാത്തവർ നമ്മുടെ സമൂഹങ്ങളിൽ നിരവധിയുണ്ട്. നന്മയായത് കാണുവാനും, അതുവഴി, ദൈവത്തിനു നമ്മോടുള്ള സ്നേഹം സ്മരിക്കാനുമാണ് ദൈവം നമുക്ക് കാഴ്ച നല്കിയിരിക്കുന്നത്. അതിനായി, അനുദിന ജീവിതത്തിലെ സാധാരണപ്രവൃത്തികളിൽ ദൈവത്തെ ദർശിക്കാൻ നമുക്കാവണം, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ മകനെയും മകളെയും കാണാൻ കഴിയണം, നമുക്കുള്ളവയിൽ ദൈവത്തിന്റെ കരവിരുത് ആസ്വദിക്കാൻ സാധിക്കണം. അതിനു കഴിയാത്തവരെക്കുറിച്ചാണ് കണ്ടിട്ടും കാണാത്തവർ (cf. മർക്കോസ് 4:12) എന്ന് ഈശോ നെടുവീർപ്പിടുന്നത്. ശാരീരികമായ അന്ധതയെക്കാൾ പതിന്മടങ്ങ്‌ അപകടകാരിയാണ് ആത്മീയ അന്ധത - ഒന്ന് ക്ഷണികമായ സന്തോഷം പ്രദാനം ചെയ്യുന്ന ലോകത്തിന്റെ വർണ്ണങ്ങളുടെ അഭാവമാണെങ്കിൽ, മറ്റത്, ആത്മാവിനു നിത്യാനന്ദം നല്കുന്ന ദൈവത്തിന്റെ തിരുമുഖം നമ്മിൽനിന്നു മറയ്ക്കുന്നു.

അന്ധനായ ഒരു വ്യക്തിയെയുംകൊണ്ട് യേശുവിനടുത്തെത്തിയ കുറേപ്പേരുടെ ആവശ്യം അസാധാരണമായ ഒന്നായിരുന്നു: "അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു". കാഴ്ച നൽകണം എന്നല്ല, അയാളെ സ്പർശിക്കണം എന്നാണ് അവർ യേശുവിനോട് അപേക്ഷിക്കുന്നത്. സാധാരണ അവസരങ്ങളിൽ ഉടനടി സൌഖ്യം നല്കുന്ന ഈശോ അയാളോട് ഇടപഴകുന്നതും വ്യസ്ത്യസ്തമായ രീതിയിലാണ്. മൂന്നു ഘട്ടമായാണ് ഈശോ അന്ധനായ ആ മനുഷ്യന് കാഴ്ച തിരിച്ചു നല്കുന്നത്. ഇതിൽനിന്ന് വ്യക്തമാകുന്നത്, കേവലം ശാരീരികമായ അന്ധത മാത്രമായിരുന്നില്ല ആ മനുഷ്യനെ അലട്ടിയിരുന്നത് എന്നാണ് - ഇരുളടഞ്ഞ ഒരു ലോകത്ത് ജീവിച്ച അയാളുടെ ആത്മാവിലും അന്ധകാരം കുടിയേറിയിരുന്നു.

യേശു ആദ്യമായി ചെയ്തത്, അയാളെ ഗ്രാമത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയാണ്. അയാൾ അന്നുവരെ ജീവിച്ച സാഹചര്യങ്ങളിൽനിന്നും ഒരു പറിച്ചുമാറ്റലാണ് ഈ പ്രവൃത്തിയിലൂടെ ഈശോ ആഗ്രഹിച്ചത്‌. നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുന്ന വ്യക്തികളും അവസ്ഥകളും നമ്മുടെ ആത്മീയ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജീവിതത്തിൽ ഒരു നവീകരണം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന്റെ ഭാഗമായി പലപ്പോഴും ചില വ്യക്തിബന്ധങ്ങളും വരുമാന മാർഗ്ഗങ്ങളുമെല്ലാം വേണ്ടെന്നു വയ്ക്കേണ്ടതായി വരും. കാഴ്ച തിരിച്ചു ലഭിച്ചതിനുശേഷം ആ മനുഷ്യനോട് "ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത്" എന്ന ഈശോയുടെ നിർദ്ദേശം വ്യക്തമാക്കുന്നത്, ഇപ്രകാരം ഉപേക്ഷിച്ച സാഹചര്യങ്ങളിലേക്ക് പിന്നീടൊരിക്കലും തിരികെപ്പോകാതെ ഇരിക്കേണ്ടതിന്റെ പ്രാധാന്യമാണ്. പാപം ഉപേക്ഷിച്ചാൽ മാത്രം പോരാ, നമ്മെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെല്ലാം പരിപൂർണ്ണമായി ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവണം. ഇല്ലെങ്കിൽ, ക്രമേണ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി വീണ്ടും പാപത്തിലേക്കുതന്നെ നമ്മൾ തിരിച്ചുപോകും.

രണ്ടാമതായി ഈശോ സുഖപ്പെടുത്തുന്ന മേഖല, കാഴ്ച തിരിച്ചു ലഭിച്ചതിനുശേഷം അയാൾ കാണുന്ന മനുഷ്യരെല്ലാം മരങ്ങളെപ്പോലിരികുന്ന അവസ്ഥയാണ്. എങ്ങിനെയാണ് ഒരു വ്യക്തി മറ്റുള്ളവരെ മരങ്ങളായി കാണുന്നത്? ഈ ഭൂമിയിൽ, മനുഷ്യർക്ക്‌ ഏറ്റവും പ്രയോജനമുള്ള വസ്തുക്കളിൽ ഒന്നാണ് മരങ്ങൾ. ശുദ്ധമായ വായുവിനുമുതൽ ഭക്ഷണത്തിനും പാർപ്പിടത്തിനും വരെ മരങ്ങൾ അത്യന്താപേക്ഷിതമാണ്. ഇതൊക്കെതന്നെയാണ്  മനുഷ്യർ മരങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാനകാരണവും. ഈയൊരു കാഴ്ചപ്പാടിലൂടെ നമുക്ക് മറ്റ് മനുഷ്യരെയും കാണുവാൻ സാധിക്കും. മറ്റുള്ളവരെ നമ്മുടെ കാര്യസാധ്യത്തിനുള്ള ഉപഭോഗവസ്തുക്കളായി മാത്രം കാണുന്പോൾ, നമ്മൾ സ്നേഹിക്കുന്നത് അവരെയല്ല, അവരിലൂടെ നമുക്ക് ലഭിക്കുന്ന സുഖസൌകര്യങ്ങളെയാണ്. മറ്റുള്ളവരെകൊണ്ട് പ്രയോജനമുള്ളിടത്തോളംകാലം അവരെ സ്നേഹിക്കുന്നതായി ഭാവിക്കുകയും, ഉപകാരത്തിന്റെ ഉറവ വറ്റുന്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ആത്മീയ അന്ധത കുടുംബങ്ങളിലും സാമൂഹികബന്ധങ്ങളിലും ഒന്നുപോലെ കണ്ടുവരുന്ന ഒരു പ്രവണതയാണ്. തന്റെ ആത്മാവിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ് രണ്ടാമത്തെ ഘട്ടത്തിൽ അന്ധനായ ആ മനുഷ്യന് ഈശോ നൽകുന്നത്. 

തന്റെ വികലമായ കാഴ്ചപ്പാടിനെക്കുറിച്ച് മനസ്താപത്തോടെയുള്ള അയാളുടെ ഏറ്റുപറച്ചിലാണ് സൌഖ്യത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് അയാളെ നയിക്കുന്നത്. ഈ അവസരത്തിൽ ആത്മാവിന്റെ അന്ധത അകറ്റുന്നതിനോടൊപ്പം എല്ലാ വസ്തുക്കളും വ്യക്തമായി കാണാനുള്ള ഭൌതീകമായ കഴിവും ഈശോ അയാൾക്ക്‌ നല്കി. കേവലം ഒരു ശാരീരിക സൗഖ്യമല്ല അയാൾക്ക്‌ വേണ്ടിയിരുന്നത് എന്നറിവുള്ളവരാണ് ആ അന്ധനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നതും സ്പർശിക്കണമെന്ന് അപേക്ഷിച്ചതും. ദൈവത്തിന്റെ സൌഖ്യസ്പർശനം അവിടുത്തെ കൃപകളായി പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്പോഴാണ് നമ്മിലെ ആത്മീയ അന്ധകാരം അകലുന്നതും മറ്റുള്ളവരെ നമ്മെപ്പൊലെതന്നെ സ്നേഹിക്കാൻ നമുക്ക് സാധിക്കുന്നതും. മനസ്സിന്റെ അന്ധത അകറ്റി, ദൈവത്തെയും മനുഷ്യരെയും കണ്ടെത്തി, അവരെ സ്നേഹിക്കുന്നവരാക്കുന്ന ദൈവാത്മാവിന്റെ ദാനങ്ങൾക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, എനിക്കു ചുറ്റുമുള്ളവരിൽ അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സേവനംചെയ്യാനും എന്റെ അന്തരീക നേത്രങ്ങളെ തുറക്കണമേ. പാപാന്ധകാരത്തിൽ കാലുകൾ ഇടറാതിരിക്കാൻ, ഇരുളടഞ്ഞ എന്റെ വഴികളെ അങ്ങയുടെ സത്യത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കണമേ. അങ്ങയുടെ സൌഖ്യസ്പർശം എന്റെ ജീവിതത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ, അഹങ്കാരവും സ്വാർത്ഥതയുമകറ്റി, എളിമയും ഔദാര്യവും എന്നിൽ നിറയ്ക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!