തിരസ്കരിക്കപ്പെടുന്ന വചനം

"അവർ അവിടെനിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവൻ ആഗ്രഹിച്ചു.കാരണം, അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുന്പോൾ ഉയിർത്തെഴുന്നേൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു." (മർക്കോസ് 9:30-32)

വിചിന്തനം
യേശു തന്റെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പ് ശിഷ്യന്മാർക്ക് നൽകുന്നത് അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ അല്ല, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ യാതൊരു മറകളും ഇല്ലാതെ ലളിതമായ ഭാഷയിലാണ്. എങ്കിലും, ഈശോ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ സങ്കല്പങ്ങളിലെ മിശിഹാ ഭൂമിയിൽ തന്റെ രാജ്യം സ്ഥാപിക്കുന്ന ഒരു വ്യക്തിയായിരുന്നു. യേശുവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും തന്നെ വലിയൊരു ആഗ്രഹം ഈശോ തന്റെ രാജ്യം സ്ഥാപിക്കുന്പോൾ ആ മഹത്വത്തിൽ പങ്കുപറ്റുക എന്നതായിരുന്നു. അതിനായി, തുടക്കത്തിൽ കുറെയൊക്കെ ക്ലേശങ്ങൾ സഹിക്കാനും അവർ തയ്യാറായിരുന്നു. എന്നാൽ, യേശുവിന്റെ പീഡാനുഭവ  പ്രവചനം അവരുടെ പ്രതീക്ഷകൾക്ക് എതിരായിരുന്നു. തങ്ങളുടെ സങ്കല്പങ്ങളിലുള്ള മഹത്വമല്ല യേശുവിന്റെ ലക്‌ഷ്യം എന്ന അറിവ് അവർക്ക് അംഗീകരിക്കാനായില്ല. അതുകൊണ്ടുതന്നെ അത് കേട്ടില്ലെന്നു നടിക്കാനാണ്, അല്ലെങ്കിൽ കേട്ടിട്ടും മനസ്സിലായില്ലെന്നു ഭാവിക്കാനാണ്, അവർ  തുനിഞ്ഞത്. മാത്രവുമല്ല, എന്തെങ്കിലും ചോദിച്ചാൽ ഈശോ കൂടുതൽ സ്പഷ്ടമായി ഉത്തരം നല്കിയേക്കുമെന്നുള്ള ഭയത്താൽ യേശുവിനോട് കൂടുതലായി എന്തെങ്കിലും ചോദിക്കാൻ അവർ ഭയപ്പെടുകയും ചെയ്തു.

പലപ്പോഴും നമ്മുടെ അവസ്ഥയും  ശിഷ്യന്മാരിൽ നിന്നും ഒട്ടും വിഭിന്നമല്ല. നമ്മുടെ വഴികൾ ശരിയല്ല എന്ന് ദൈവവചനത്തിനനുസൃതമായി ബോധ്യങ്ങൾ ലഭിക്കുന്പോൾ എതിർ ചിന്തകളോടെ സ്വന്തം വഴികളെ ന്യായീകരിക്കാൻ നമ്മൾ വ്യഗ്രത കാട്ടാറുണ്ട്‌. നമ്മൾ ആഗ്രഹിക്കാത്തത് കേൾക്കുന്പോൾ ഏതുവിധേനയും കേട്ടത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് നമുക്ക് താൽപര്യം. നമ്മൾ വളരെയധികം ആസ്വദിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിലോ, അതുമൂലം നമ്മുടെ സ്വഭാവത്തിലോ, എന്തെങ്കിലും അപാകതകൾ ഉണ്ടെന്ന്, നമ്മോടുള്ള സ്നേഹം നിമിത്തമാണെങ്കിൽകൂടിയും ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ, അവരുടെ വാക്കുകൾ മൂലമുള്ള കുറ്റബോധവും, അവരെ അനുസരിച്ചാൽ നഷ്ടമാകുന്ന സുഖത്തെയുംപ്രതി, മനസ്സുകൊണ്ട് അവരെ വെറുക്കുകയും, അവരുടെ വാക്കുകൾ കേട്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം ചിലപ്പോഴെല്ലാം നമ്മിൽ തലപൊക്കാറുണ്ട്. നമുക്ക് ലഭിക്കുന്ന ഉപദേശങ്ങളെയും മുന്നറിയിപ്പുകളെയും, അവ നമുക്കിഷ്ടമായില്ല എന്ന കാരണംകൊണ്ടുമാത്രം തള്ളിക്കളയുന്നത് നമ്മിലെ വിവേകരാഹിത്യത്തെയാണ് സൂചിപ്പിക്കുന്നത്. "തന്തോന്നികൾ ഔദ്ധത്യം നിമിത്തം കലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടു കൂടെയാണ് വിവേകം" (സുഭാഷിതങ്ങൾ 13:10).

അവർക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണെന്ന് നന്നായി അറിയാമായിരുന്നെങ്കിലും, തന്റെ പീഡാനുഭവത്തെക്കുറിച്ച് ശിഷ്യർക്ക് മുന്നറിയിപ്പു നല്കുകവഴി, ഭാവിയിൽ അവർ അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന ഒരു വലിയ പ്രശ്നത്തെ അഭിമുഖീകരിക്കാൻ അവരെ ഒരുക്കാനാണ് ഈശോ ആഗ്രഹിച്ചത്‌. നമുക്ക് ലഭിക്കുന്ന എല്ലാ ഉപദേശങ്ങളും നല്ലതാവണം എന്നില്ല; എന്നാൽ, എല്ലാ നല്ല ഉപദേശങ്ങളുടെയും പിന്നിലുള്ള പ്രേരകശക്തി തെറ്റായ ബോധ്യങ്ങളെ തിരുത്തി, അവമൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ലഘൂകരിക്കുകയാണ്. ഉപദേശം നൽകുന്ന വ്യക്തിയുടെ സ്വഭാവത്തെപ്പറ്റിയോ ഉദ്ദേശശുദ്ധിയെപ്പറ്റിയോ ആകുലരാകാതെ, ലഭിക്കുന്ന ഉപദേശത്തിനു നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടോ എന്ന് അന്വേഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. "ഉപദേശം കേൾക്കുകയും പ്രബോധനം അംഗീകരിക്കുകയും ചെയ്യുക, നീ ജ്ഞാനിയാകും" (സുഭാഷിതങ്ങൾ 19:20). നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം മറ്റുള്ളവരിലൂടെ വെളിപ്പെട്ടു കിട്ടുന്പോൾ, അതിനുനേരെ കണ്ണടയ്ക്കാതെ, നമ്മുടെ ജീവിതത്തെയും പദ്ധതികളെയും എളിമയോടെ അതിനനുസരിച്ച് ക്രമപ്പെടുത്തുന്നവർ ആകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, പാപികളായ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും വ്രണങ്ങൾ നിറഞ്ഞ് നികൃഷ്ടമായ എന്റെ ഹൃദയത്തെ അങ്ങ് സ്പർശിക്കണമേ, സുഖപ്പെടുത്തണമേ. അങ്ങയുടെ പ്രബോധനങ്ങൾ സ്വീകരിച്ച്, എല്ലാക്കാര്യങ്ങളിലും പിതാവായ ദൈവത്തെ പ്രീതിപ്പെടുത്താൻ എന്നെ സഹായിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!