മറ്റുള്ളവരുടെ വഴി മുടക്കരുത്

"അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാൽ, ആർമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." (ലൂക്കാ 17:1-2)
വിചിന്തനം 
വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ വിഘാതമാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ ഈശോ നമുക്ക് വ്യക്തമാക്കി തരുന്നു.

എന്തൊക്കെ പ്രവർത്തികളാണ്  ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി  മാറ്റുന്നത്? മറ്റുള്ളവരുടെ അജ്ഞതയെയും ബലഹീനതകളെയും നിസ്സഹായാവസ്ഥയും  മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും ദുഷ്പ്രേരണ ആണ്. നമ്മുടെ എന്തെങ്കിലും സ്വകാര്യ ലാഭത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്പോൾ മാത്രമല്ല, മറ്റുള്ളവരുടെ ഇല്ലായ്മകൾ നമുക്കുള്ളതിലൂടെ പെരുപ്പിച്ചു കാട്ടിയും അവർക്ക് ദുഷ്പ്രേരണ നൽകാൻ നമുക്കാവും. നമ്മുടെ നേട്ടങ്ങളും സന്പത്തും അനാവശ്യമായ ആർഭാടത്തിലേക്ക് നമ്മെ നയിക്കുന്പോൾ, പലപ്പോഴും നാമതിനു നൽകുന്ന ന്യായീകരണം, നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം നമ്മൾ ആസ്വദിക്കുകയാണ് എന്നാണ്. എന്നാൽ, ഇത്തരമൊരു ന്യായീകരണത്തിന് മുതിരുന്ന നമ്മൾ നമ്മുടെ വിജയത്തിനു പിന്നിൽ അദൃശ്യമായി പ്രവർത്തിച്ച ദൈവത്തിന്റെ കരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. തനിക്കുള്ള സമൃദ്ധിയാണ് തന്റെ ചുറ്റുമുള്ളവരുടെ ദാരിദ്ര്യം ഇല്ലായ്മചെയ്യാനുള്ള ദൈവത്തിന്റെ മാർഗ്ഗം എന്ന യാഥാർത്ഥ്യം മറന്ന് ആഡംബരങ്ങളിൽ മുഴുകുന്നവർ, ഇല്ലായ്മകൾമൂലം മറ്റുള്ളവർ അനുഭവിക്കുന്ന വേദനയോടൊപ്പം അവർക്ക് അപകർഷതാബോധം, ആത്മനിന്ദ തുടങ്ങിയ മാനസിക മുറിവുകൾ നൽകുന്നവരായി മാറുന്നു. അഭിമാനത്തിന് ഏൽക്കുന്ന നിരന്തരമായ ക്ഷതങ്ങൾ അവരെ നിരാശയിലേക്ക് തള്ളിയിട്ടേക്കാം, അങ്ങിനെ അത് അവരെ ദൈവത്തിൽ നിന്നകറ്റിയേക്കാം. ഏതു വിധേനയും പണമുണ്ടാക്കാനും, അതിനായി എത്ര മ്ലേച്ചമായ പ്രവർത്തിയും ചെയ്യാനുമെല്ലാം ചിലപ്പോഴെല്ലാം നമ്മുടെ ജീവിതശൈലി മറ്റുള്ളവർക്ക് പ്രചോദനമായെന്നു വരാം.

ലോകത്തിന്റെ ആഡംബരങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നതിനു കാരണം ഇഹലോകജീവിതം മറ്റൊരു ജീവിതത്തിലേക്കുള്ള വഴിയാണ് എന്ന സത്യം നമ്മിൽ വേരുപിടിക്കാത്തതുമൂലമാണ്. ദൈവത്തിൽനിന്നും അകന്നുള്ള ഒരു ജീവിതമാണ് ഈ ലോകത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, നമ്മുടെ മരണശേഷവും നമ്മുടെ ആഗ്രഹത്തെ മാനിക്കുന്ന സ്നേഹമാണ് ദൈവത്തിന്റേത്. ദൈവത്തിന്റെ സാമീപ്യത്തിൽ ജീവിക്കാൻ ആഗ്രഹമില്ലാത്തവർക്കായി അവിടുന്ന് മാറ്റിവച്ചിരിക്കുന്ന സ്ഥലമാണ് നരകം. യേശു ദൈവമാണെന്നും, സ്വർഗ്ഗം എന്നൊന്നുണ്ടെന്നും വിശ്വസിക്കുന്ന പലരും നരകം എന്നു കേൾക്കുന്പോൾ മുഖം തിരിക്കാറുണ്ട്. മനുഷ്യർക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കുന്നതിനായി മനുഷ്യർതന്നെ കെട്ടിച്ചമച്ച ഒരു സാങ്കല്പിക സ്ഥലമായി നരകത്തെ കരുതുന്നവരും കുറവല്ല. എന്നാൽ, യേശു നിരവധി തവണ ആവർത്തിക്കുന്ന ഒന്നാണ് നരകവും അവിടെ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചുമുള്ള മുന്നറിയിപ്പുകൾ. കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ എറിയപ്പെടുന്ന മനുഷ്യൻ അനുഭവിക്കുന്ന ഭീകരമായ അവസ്ഥയാണ് മറ്റുള്ളവരെ പാപത്തിനു പ്രേരിപ്പിക്കുകവഴി ആത്മാവിനെ നരകത്തിനു വിട്ടുകൊടുക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കാൾ ഭേദം എന്ന് ഇന്നത്തെ വചനഭാഗം വിവക്ഷിക്കുന്നുണ്ട്.

നരകത്തെ ഒരിക്കലും ഒരു പ്രതീകമായല്ല ഈശോ നമുക്ക് വിവരിച്ചു തരുന്നത്, മറിച്ച്, ഒരു യാഥാർത്ഥ്യമായാണ്. "നരകത്തിന്റെ അസ്ഥിത്വത്തെയും അതിന്റെ നിത്യതയെയും സഭയുടെ പ്രബോധനം സ്ഥിരീകരിക്കുന്നു...നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തിൽനിന്നുള്ള എന്നേയ്ക്കുമായ വേർപാടാണ്" (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1035). നരകം ഒരു യാഥാർത്ഥ്യമാണെന്ന തിരിച്ചറിവ്, മാരകപാപങ്ങളിൽനിന്നും അകന്നുനിൽക്കാനും മറ്റുള്ളവരെ പാപത്തിലേക്ക് നയിക്കുന്ന നമ്മുടെ സ്വഭാവത്തിലെ ന്യൂനതകൾ മനസ്സിലാക്കി പരിഹരിക്കാനും നമ്മെ സഹായിക്കുന്നു. മറ്റുള്ളവരെ ദൈവത്തിൽനിന്നും അകറ്റുന്പോഴല്ല, ദൈവത്തിൽനിന്നും അകന്നു ജീവിക്കുന്നവരെ നമ്മുടെ ജീവിതംകൊണ്ട് അവിടുത്തെ സന്നിധിയിലേക്ക് അടുപ്പിക്കുന്പോഴാണ് നമ്മൾ ക്രിസ്തീയ ജീവിതം നയിക്കുന്നവരാകുന്നത്. ലോകത്തിന്റെ പ്രവണതകളെ വെറുത്തുപേക്ഷിച്ച്, ദൈവത്തിനു പ്രീതികരമായ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങേക്ക് ഹിതകരമായ ജീവിതം നയിച്ച്‌, സ്വർഗ്ഗീയ മഹത്വത്തിൽ പങ്കുകാരനാകുന്നതിനും, മഹത്വപൂർണ്ണമായ ആ ജീവിതത്തിലേക്ക് മറ്റുള്ളവരെ ആനയിക്കുന്നതിനും,അങ്ങയുടെ ആത്മാവിനാൽ നിറച്ച്, എളിമയും ലാളിത്യവും നിറഞ്ഞ ഒരു ജീവിതശൈലിക്ക് ഉടമയാകാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്