അനുകന്പയുള്ളവരാകുക

"ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അവൻ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. ഇവർ മൂന്നുദിവസമായി എന്നോടു കൂടെയാണ്.അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നു വീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ് എന്നവർ പറഞ്ഞു. അവൻ ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ എഴാപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങൾക്കു വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനങ്ങൾക്ക് വിളന്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവൻ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമനൂത്താ പ്രദേശത്തേക്ക് പോയി." (മർക്കോസ് 8:1-10)

വിചിന്തനം
മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും എത്ര വലുതായാലും അതിലും വലുതാണ്‌ അവ അനുഭവിക്കുന്ന മനുഷ്യരോട് ദൈവത്തിനുള്ള അനുകന്പ. ദൈവത്തിന്റെ കരുണ അതിന്റെ പൂർണ്ണതയിൽ നമ്മൾ കണ്ടെത്തുന്നത് എല്ലാക്കാര്യങ്ങളിലും പിതാവായ ദൈവത്തിനു സമനായിരുന്നിട്ടും, ദൈവമായിരുന്നിട്ടും, കേവലം ഒരു സ്രഷ്ടവസ്തുവായ മനുഷ്യന്റെ രൂപമെടുത്ത്‌ ഭൂമിയിലേക്കു വന്ന യേശുക്രിസ്തുവിലാണ്. പാപത്തിന്റെ യാതൊരു കളങ്കവും ഇല്ലാതിരുന്ന ഈശോ, കൊടുംപാപികൾക്കുപോലും അപൂർവമായി ലഭിച്ചിരുന്ന കുരിശിനെ പുൽകിയപ്പോൾ അത് സ്നേഹത്തിന്റെ പുസ്തകത്തിൽ പുതിയൊരു അദ്ധ്യായമായി - അതുവരെ മനുഷ്യനു അജ്ഞാതമായിരുന്ന അനുകന്പാർദ്രസ്നേഹം കളങ്കമില്ലാത്ത രക്തത്താൽ ലോകചരിത്രത്തിൽ എഴുതപ്പെട്ടു. തന്നെ തേടിവരുന്നവരോട് യേശുവിനുള്ള അനുകന്പ വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളിൽ ഒന്നാണ് ഇന്നത്തെ വചനഭാഗം. 

ഒന്നോ രണ്ടോ നേരത്തെ ഭക്ഷണവുമായി ഒരു വിജനസ്ഥലത്ത് യേശുവിന്റെ പ്രബോധനങ്ങൾ ശ്രവിക്കാൻ ഒത്തുകൂടിയ ജനാവലിയായിരുന്നു അത്. എന്നാൽ, അന്നുവരെ അവർ ശ്രവിച്ചിട്ടില്ലാത്ത തരത്തിലുള്ള അധികാരത്തോടും അറിവോടുംകൂടെ ഈശോ പഠിപ്പിച്ചപ്പോൾ, അവനെ വിട്ടു പോകാൻ അവർക്കായില്ല. "അപ്പംകൊണ്ടുമാത്രമല്ല, കർത്താവിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നതെന്ന്" (നിയമാവർത്തനം 8:3) തിരിച്ചറിഞ്ഞ ആ ജനത്തോട്‌ യേശുവിന് അനുകന്പ തോന്നി. ഹൃദയത്തിലാണ് അനുകന്പ രൂപമെടുക്കുന്നതെന്ന് വി. അഗസ്തീനോസ് പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ കഷ്ടതകൾ, അവ ആത്മീയമായാലും ശാരീരികമായാലും, നമ്മുടെ സ്വന്തം വേദനയായി കാണുകയും, നമ്മെക്കൊണ്ട് ആവുന്ന വിധത്തിലെല്ലാം അതു പരിഹരിക്കാൻ ശ്രമിക്കുന്നതുമാണ് അനുകന്പ. ( cf. St. Augustine, The City of God). വേദനകൾ പലപ്പോഴും നമ്മെയും വിജനസ്ഥലങ്ങളിലേക്ക് നയിക്കാറുണ്ട് - ഉറ്റവരും ഉടയവരുംപോലും കൈവിട്ടതുവഴി ലോകത്തിന്റെ തിക്കിനും തിരക്കിനും ഇടയിൽപോലും ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. നമ്മുടെ വേദനകളും ദുരിതങ്ങളും കരുണാമയനായ ദൈവത്തെ തേടി കണ്ടെത്താനുള്ള അവസരങ്ങളാക്കി മാറ്റാൻ നമുക്കാവണം. കാരണം, മനുഷ്യന്റെ വേദനയുടെ ആഴവും, അവന്റെ ഇല്ലായ്മകളുടെ നീറ്റലും സ്വന്തം ശരീരത്തിലും ആത്മാവിലും അനുഭവിച്ചറിഞ്ഞവനാണ് ഈശോ. "നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത് ... അതിനാൽ, വേണ്ടസമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം" (ഹെബ്രായർ 4:15,16).  

ശാരീരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടതകൾ നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ കാരുണ്യപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്. ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാമും പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ദൈവത്തിന്റെ കരുണയിൽ ആശ്രയം തേടുന്ന എല്ലാവരും അവർക്കു ചുറ്റുമുള്ളവർ അനുഭവിക്കുന്ന വേദനയും ഇല്ലായ്മകളും തിരിച്ചറിഞ്ഞു സഹായിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, നമ്മുടെ സഹായം ആവശ്യമുള്ളവരെ കണ്ടുമുട്ടുന്പോൾ, ഇന്നത്തെ വചനഭാഗത്തിലെ ശിഷ്യന്മാരുടെ അവസ്ഥ നമുക്കും പലപ്പോഴും ഉണ്ടാകാറുണ്ട്. അവരുടെ ഇല്ലായ്മയുടെയും വേദനയുടെയും വ്യാപ്തി മനസ്സിലാക്കുന്പോൾ, അവരുടെ ആവശ്യങ്ങൾക്കു മുന്പിൽ പലപ്പോഴും പകച്ചു നിൽക്കുന്നവരാണ് നമ്മൾ. നമ്മുടെ കൈയിലുള്ള ഏഴ് അപ്പവും കുറേ ചെറിയ മത്സ്യവും ഒന്നിനും തികയില്ല എന്ന ആകുലതയോടെ, അവരെ സഹായിക്കാൻ നമ്മൾ പലപ്പോഴും മടിക്കാറുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ സാധിക്കാത്ത അപര്യാപ്തതകളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് ദൈവസന്നിധിയിൽ നെടുവീർപ്പിടുന്നവരോട് ഈശോ ഇന്നും ചോദിക്കുന്നുണ്ട്,"നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?". യാതൊന്നിനും തികയില്ല എന്നറിയാമെങ്കിൽകൂടിയും, നമുക്ക് ലഭ്യമായിട്ടുള്ള നിസ്സാരങ്ങളായ വിഭവങ്ങൾ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, അവിടുത്തെ മഹത്വം അഭിലഷിച്ചുകൊണ്ട്, മറ്റുള്ളവർക്കായി ചിലവഴിക്കുന്പോൾ, നമ്മുടെ പ്രതീക്ഷകൾക്കും ഉപരിയായുള്ള സംതൃപ്തി അവ മൂലം പ്രദാനം ചെയ്യാനും മിച്ചം വരുത്താനും ദൈവത്തിനാകും. 

ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ പ്രവൃത്തി മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതാണ്, എന്ന് വിശുദ്ധ ജോണ്‍ ക്രിസൊസ്റ്റം നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം തുടർന്നു പറയുന്നു, " നീ എത്രയധികം ഉപവസിച്ചാലും, പരിഹാരപ്രവർത്തികൾ അനുഷ്ടിച്ചാലും, നിന്റെ അയൽക്കാരന്റെ ഇല്ലായ്മകളെക്കുറിച്ചു ബോധവാനല്ലെങ്കിൽ നീ ചെയ്തതെല്ലാം തുലോം നിസ്സാരം മാത്രം; ക്രിസ്തുവിന്റെ പ്രതിരൂപം ആകുന്നതിൽനിന്നും നീ ഇപ്പോഴും വളരെ അകലെയാണ്" (St. John Chrysostom, Commentary on the 1st Epistle to the Corinthians). രോഗികളെയും വൃദ്ധരെയും അസൗകര്യമായിക്കണ്ട് വ്യക്തികളും, സാന്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്നവരെയും ആലംബഹീനരെയും ഭാരമായിക്കരുതി സമൂഹങ്ങളും തള്ളിക്കളയുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, വിശക്കുന്നവരോടും വേദനിക്കുന്നവരോടും അനുകന്പ കാട്ടാൻ ധാരാളം അവസരങ്ങൾ, സമൃദ്ധിയുടെ വിളനിലങ്ങളായ നമ്മുടെ സമൂഹങ്ങളിൽ ധാരാളമായി ഉണ്ട്. ദുരിതങ്ങൾമൂലം ജീവിതംതന്നെ ഒരു ചോദ്യചിഹ്നമായവരുടെ   ഏകാന്തതയിൽ ഒരല്പം ആശ്വാസമാകാൻ, അവരുടെ കദനങ്ങളിൽ ഒരിറ്റു സാന്ത്വനമാകാൻ, അവരെ നമ്മുടെ സന്തോഷത്തിന്റെ ഒരു ഭാഗമാക്കിമാറ്റാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും അതിനായി നമുക്കപേക്ഷിക്കാം. 

കരുണാമയനായ കർത്താവേ, നിസ്സാരനും പാപിയുമായ എന്നോട് അങ്ങേക്കുള്ള വാത്സല്യവും കരുണയും കുരിശിലെ ബലിയിലൂടെ എനിക്കു വെളിപ്പെടുത്തി തന്നതിനെയോർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുവാനും, സ്നേഹിക്കപ്പെടുന്നതിലധികം സ്നേഹിക്കുവാനും, കിട്ടുന്നതിലധികം കൊടുക്കുവാനും  എന്നെ പഠിപ്പിക്കണമേ. ക്ലേശങ്ങൾ അനുഭവിക്കുന്നവരിൽ അങ്ങയെ കാണാനും, അവരുടെ ദുരിതങ്ങളിൽ അവരെ സഹായിക്കാനും, അനുകന്പാർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാക്കിയെന്നെ മാറ്റണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!