ആരാണ് പാപത്തിന്റെ ഉത്തരവാദി?

"ജനങ്ങളെ വീണ്ടും അടുത്തേക്ക് വിളിച്ച് അവൻ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ. പുറമേനിന്ന് ഉള്ളിലേക്ക് കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ ജനങ്ങളെവിട്ട് ഭവനത്തിലെത്തിയപ്പോൾ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാർ ചോദിച്ചു. അവൻ പറഞ്ഞു: നിങ്ങളും വിവേചനാശക്തി ഇല്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കുകയില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു. അവൻ തുടർന്നു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ, ഉള്ളിൽനിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണ്, ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നത്. ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു." (മർക്കോസ് 7:14-23)

വിചിന്തനം
പാരന്പര്യത്തെച്ചൊല്ലി യേശുവുമായി തർക്കിച്ച ഫരിസേയർക്കും ജറുസലേമിൽ നിന്നുവന്ന ചില നിയമജ്ഞർക്കും മറുപടി നൽകിയതിനുശേഷം ഈശോ ആദ്യമായി ചെയ്തത് ജനങ്ങളെ അടുത്തേക്ക് വിളിച്ച് ശുദ്ധിയെക്കുറിച്ചും അശുദ്ധിയെക്കുറിച്ചുമുള്ള ദൈവഹിതം എന്തെന്ന് അവരെ അറിയിക്കുകയാണ്. ബാഹ്യമായ ശുദ്ധിയിൽ വളരെയധികം നിഷ്കർഷ പുലർത്തിയിരുന്നവരാണ് യഹൂദർ. ഭക്ഷണത്തിനു മുന്പുള്ള കൈകഴുകൽ മുതൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും അതു പാകംചെയ്യുന്ന രീതിയെക്കുറിച്ചും എല്ലാം നിരവധിയായ നിയമങ്ങൾ അവരുടെ ഇടയിൽ നിലനിന്നിരുന്നു. ദൈവവചന പ്രകാരമെന്ന നാട്യേന യഹൂദപ്രമാണികൾ സാധാരണക്കാരുടെ ജീവിതഭാരം കൂട്ടുന്നതിനായി അടിച്ചേൽപ്പിച്ചിരുന്ന ഈ നിയമവ്യാഖ്യാനങ്ങളിലെ പൊള്ളത്തരം ജനങ്ങൾക്കു മുന്പിൽ തുറന്നു കാട്ടുകയാണ് ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ. പുറംകഴുകി വെടിപ്പാക്കുന്നതുകൊണ്ടോ ബാഹ്യമായ അനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ടോ മാത്രം മനുഷ്യൻ ശുദ്ധനാകുന്നില്ല. ഓരോ മനുഷ്യനും തന്റെ ചിന്തകളിലും പ്രവൃത്തികളിലും ഒളിഞ്ഞിരിക്കുന്ന ദുർമോഹങ്ങളെയും സ്വാർത്ഥതയേയും അഹങ്കാരത്തെയും നിയന്ത്രിക്കാൻ ശ്രമിക്കാത്തിടത്തോളംകാലം അവനു ദൈവഹിതപ്രകാരമുള്ള വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ സാധിക്കുകയില്ല.

നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ് നടക്കുന്നത്, ഉള്ളിലല്ല. പാപം ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത് ഓരോ വ്യക്തിയുമാണ്. നന്മയേയും തിന്മയേയും വേർതിരിച്ചറിഞ്ഞ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള കൃപയും സ്വാതന്ത്ര്യവും ദൈവം നമുക്കെല്ലാവർക്കും നൽകിയിട്ടുണ്ട്. "ഇതാ, ഇന്നു ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു... നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും... എന്നാൽ, ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്‌താൽ നീ തീർച്ചയായും നശിക്കും.." (നിയമാവർത്തനം 30:15-17). എത്ര വിശുദ്ധമായ വസ്തുക്കളെയും വ്യക്തികളെയും പാപകരമാക്കി മാറ്റാൻ മനുഷ്യനാകും. അതുപോലെ, എത്ര പാപകരമായ സാഹചര്യങ്ങളിലും പാപം ചെയ്യാതിരിക്കാനും മനുഷ്യനാകും. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവാത്മാവിന്റെ സ്വരം ശ്രവിക്കാൻ വിസമ്മതിക്കുകവഴി, ദൈവത്തെയും സഹോദരരേയും സ്നേഹിക്കാൻ സാധിക്കാതെ പോകുന്നിടത്താണ് പാപത്തിന്റെ ഉത്ഭവസ്ഥാനം.

നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയാണ് നമുക്ക് ചുറ്റുമുള്ളവയെ പാപവും പുണ്യവും ആക്കുന്നത്. പ്രസാദവരാവസ്ഥയിലുള്ള ഹൃദയം എത്ര തിന്മയായതിലും ഒളിഞ്ഞിരിക്കുന്ന നന്മയുടെ അംശം കണ്ടെത്താൻ പരിശ്രമിക്കുന്ന ഒന്നാണ്. ഈ ശ്രമത്തിൽനിന്നാണ് ശത്രുക്കളെ സ്നേഹിക്കാനും പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനുമുള്ള ആഗ്രഹം ഉരുത്തിരിയുന്നത്. എന്നാൽ, ഉപവിക്ക് വിപരീതമായ അവസ്ഥയിൽ വർത്തിക്കുന്ന ഒരു ഹൃദയം കാണുന്നവയെ എല്ലാം അതിന്റെ ദുരാശകളുടെയും ദുഷ്ടലക്ഷ്യങ്ങളുടെയും പൂർത്തീകരണത്തിനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കുന്നു. സംശയം നിറഞ്ഞ ഹൃദയം നോക്കുന്നിടത്തെല്ലാം സംശയകരമായത് കണ്ടെത്തുന്നു; ഭോഗാസക്തി നിറഞ്ഞ ഹൃദയം കാണുന്നതിലെല്ലാം മ്ലേച്ചത ദർശിക്കുന്നു; അവിശ്വസ്തമായ ഹൃദയം കാണുന്നവരെയെല്ലാം വഞ്ചകരും ദുരാഗ്രഹികളുമായി കാണുന്നു. പാപം നമ്മിൽനിന്നും വരുന്നു; സാത്താൻ പാപം ചെയ്യാനുള്ള നമ്മുടെ അഭിലാഷത്തെ പ്രോത്സാഹിപ്പിക്കുകയും, ദൈവത്തിൽനിന്നും അകന്നു ജീവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ ശരീരത്തെ തളർത്തുകയും ആത്മാവിനെ നശിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്റെ സ്വാധീനത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്നത് ഗാഗുൽത്തായിൽ ചിന്തിയ പാപലേശമില്ലാത്ത തിരുരക്തം ഒന്നുമാത്രമാണ്. പാപികളായ നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ, യേശുക്രിസ്തുവിലൂടെ കണ്ടെത്തുന്പോഴാണ് നമ്മുടെ ജീവിതത്തിലെ പാപാവസ്ഥകളെ സ്നേഹാനുഭവങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കുന്നത്. നമ്മിലെ പാപത്തിന്റെ സ്വാധീനം നമ്മൾ തിരിച്ചറിയുന്നതിനും അതിൽനിന്നും രക്ഷനേടി യേശുവിനെ സമീപിക്കേണ്ടതിനുമായി, സത്യാത്മായ ദൈവം തന്റെ സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും പ്രകാശം നമ്മുടെ ഹൃദയത്തിലേക്ക് സദാ ചൊരിയുന്നുണ്ട്. ആ വെളിച്ചം നമ്മുടെ ജീവിതത്തിൽ പ്രതിഫലിച്ച് ലോകത്തിന്റെ പ്രകാശമായി മാറുന്നത് നമ്മുടെ ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന പാപത്തിന്റെ മൂടുപടം മാറ്റപ്പെടുന്പോഴാണ്. നമ്മുടെ ഹൃദയത്തെ പാപാന്ധകാരത്തിൽനിന്നും മോചിപ്പിച്ച്‌, ദൈവസ്നേഹത്തിന്റെ പ്രകാശവാഹകരാക്കി മാറ്റണമേയെന്ന് കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാം.

വിശുദ്ധിയുടെ വിളനിലമായ കർത്താവിന്റെ തിരുഹൃദയമേ, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ കത്തിച്ച് എന്റെ ഹൃദയത്തിലെ എല്ലാ അശുദ്ധിയെയും ചാന്പലാക്കണമേ. അവിടുത്തെ കൃപകളാൽ നിറച്ച് എന്റെ ഹൃദയം അങ്ങേ ഹൃദയത്തിന് അനുരൂപമാക്കി മാറ്റേണമേ. തിന്മയായതിനെ വെറുത്തുപേക്ഷിക്കാനും നന്മയായത് വിവേചിച്ചറിഞ്ഞു സ്വീകരിക്കാനും എന്റെ ഹൃദയത്തെ ശക്തിപ്പെടുത്തി എന്നെ സഹായിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്