നീ ക്രിസ്തുവാണ്
"യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമദ്ധ്യേ അവൻ ശിഷ്യന്മാരോടു ചോദിച്ചു: ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്? അവർ പറഞ്ഞു: ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ എലിയാ എന്നും, വേറെചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നു. അവൻ ചോദിച്ചു: എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു കല്പിച്ചു." (മർക്കോസ് 8:27-30)
വിചിന്തനം
യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത ഒരു ചോദ്യമാണ് ഈശോ തന്റെ ശിഷ്യരോട് ചോദിച്ചത്, "ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?". ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല.
യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന സന്പ്രദായങ്ങൾ ഇഷ്ടപ്പെടാതിരുന്ന ചില യഹൂദ പ്രമാണികൾ കെട്ടിച്ചമച്ച ഒരു സാങ്കല്പിക കഥാപാത്രമായും, ഒട്ടേറെ നല്ല കാര്യങ്ങൾ ലോകത്തെ പഠിപ്പിച്ച ഒരു നല്ല ഗുരുവായും, ചില സവിശേഷതകൾ ഉണ്ടായിരുന്ന ഒരു അത്ഭുത പ്രവർത്തകനായുമെല്ലാം നമ്മുടെ ലോകത്തിൽ ധാരാളംപേർ യേശുവിൽ വിശ്വസിക്കുന്നുണ്ട്. ഇനിയും ചിലർ ഈശോയെ സർവശക്തനായ ദൈവത്തിന്റെ പുത്രനായി അംഗീകരിക്കുന്നവരാണ്. പക്ഷേ, ഈശോ ദൈവമാണെന്ന് വിശ്വസിക്കാൻ അവർക്ക് കഴിയാറില്ല. എന്നാൽ, ഈ ചിന്താഗതികളെല്ലാം തെറ്റാണെന്ന് ഈശോയുടെ വാക്കുകളിലൂടെ തന്നെ വ്യക്തമാണ്.
- "മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മർക്കോസ് 2:5) എന്ന വാക്കുകൾ ഒരിക്കലും നല്ല കാര്യങ്ങൾ ലോകത്തെ പഠിപ്പിച്ച ഒരു നല്ല മനുഷ്യന്റെ അധരങ്ങളിൽ നിന്നും വരികയില്ല - പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യർക്കാവില്ലെന്നു ആ നല്ല മനുഷ്യനു തീർച്ചയായും അറിഞ്ഞിരിക്കണം.
- "അബ്രാഹം ഉണ്ടാകുന്നതിനുമുന്പ് ഞാൻ ഉണ്ട്" (യോഹന്നാൻ 8:58), എന്ന വാക്കുകൾ ഒരു പ്രവാചകന്റെത് ആകുക അസാധ്യമാണ് - ദൈവത്തിന്റെ വഴികളെക്കുറിച്ചുള്ള അറിവാണ് ഒരാളെ പ്രവാചകനാക്കുന്നത്, സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള അബദ്ധ പ്രസ്താവനകളല്ല.
- "സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും" (മത്തായി 16:19) എന്ന വാഗ്ദാനം നല്കാൻ ദിവ്യശക്തികളുള്ള ഒരു വ്യക്തിക്ക് സാധിക്കുകയില്ല. കാരണം, സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഒരു അത്ഭുത പ്രവർത്തകന്റെയും സ്വന്തമല്ല.
- "എന്റെ കർത്താവേ, എന്റെ ദൈവമേ" (യോഹന്നാൻ 20:28) എന്ന ആരാധന സ്വീകരിക്കാൻ കേവലം ദൈവത്തിന്റെ പുത്രൻ മാത്രം ആയിരിക്കുന്ന ഒരു വ്യക്തിക്ക് സാധിക്കുകയില്ല. അർഹതയില്ലാത്തതു സ്വീകരിച്ച് അനേകരെ തെറ്റിദ്ധരിപ്പിക്കുന്നവൻ ഒരിക്കലും ദൈവത്തിന്റെ പുത്രനാകുന്നില്ല.
ഇപ്രകാരം യേശുവിന്റെതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഓരോ വാക്കും പ്രവൃത്തിയും നമുക്ക് വെളിപ്പെടുത്തിതരുന്ന ഒരു വസ്തുതയുണ്ട്: ചില പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള കേവലം ഒരു മനുഷ്യനാണ് ഇവയെല്ലാം പറയുകയും പ്രവൃത്തിക്കുകയും ചെയ്തതെങ്കിൽ, അയാളെ ഒരിക്കലും ഒരു നല്ല മനുഷ്യനായി കണക്കാക്കാൻ സാധിക്കുകയില്ല. കപടഭാഷണവും പൊടിക്കൈകളും ഉപയോഗിച്ച് മനുഷ്യരുടെ പ്രീതി നേടിയെടുക്കാൻ ശ്രമിച്ച ഒരു ചതിയൻ മാത്രമാണ് അയാൾ!
മനുഷ്യനായിപ്പിറന്ന ദൈവമാണ് ഈശോ എന്ന ഒരു വിശദീകരണത്തിനു മാത്രമേ യേശു ഭൂമിയിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങളെ യോഗ്യവും നല്ലതും സത്യവുമാക്കി മാറ്റാൻ സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെയാണ്, ഈശോയെ പിന്ചെല്ലാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഈശോ ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കടപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈശോ പലപ്പോഴും നമുക്ക് ഒരു സുഹൃത്തും സഹായിയും സംരക്ഷകനും പരിപാലകനും ഒക്കെ ആയി അനുഭവപ്പെടാറുണ്ട്. ആ വിധത്തിലെല്ലാം ഈശോയോടിഴപഴകാൻ അവിടുന്ന് നമ്മെ അനുവദിക്കുന്നുമുണ്ട്. എന്നാൽ, അവയ്ക്കെല്ലാം ഉപരിയായി ഈശോ ദൈവമാണ് എന്ന ബോധ്യവും, ആ ബോധ്യത്തിൽനിന്നും ഉടലെടുക്കുന്ന ഭക്തിയും ഭയവും നമുക്കുണ്ടായിരിക്കണം.
ഈശോ സ്വീകരിച്ച മനുഷ്യരൂപം അവിടുത്തെ ദൈവീകസ്വഭാവത്തിന് യാതൊരു മങ്ങലും എല്പ്പിച്ചിട്ടില്ല. മനുഷ്യനോടുള്ള സാദൃശ്യം ഈശോയുടെ ഒരു ന്യൂനതയല്ല, അത് ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ ദൃശ്യരൂപമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തിലെ രണ്ടാമത്തെ വ്യക്തിയാണ് നമ്മെ "സഹോദരന്മാർ" എന്നു വിളിച്ച ഈശോയെന്ന് ലോകത്തിനുമുന്പിൽ സാക്ഷ്യപ്പെടുത്തുന്നതിനുള്ള വിശ്വാസം യാചിച്ചുകൊണ്ട് പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, പിതാവായ ദൈവത്തിന്റെ ഏകജാതനും, ഞങ്ങളുടെ രക്ഷകനും കർത്താവുമായ ക്രിസ്തുവാണ് അങ്ങെന്ന് ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. ദൈവമായ അങ്ങയെ സ്തുതിക്കാനും ആരാധിക്കാനും മഹത്വപ്പെടുത്താനും, അങ്ങയുടെ പാത പിന്തുടർന്ന് അങ്ങയോടോത്ത് എക്കാലവും വസിക്കുവാനും, എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. യേശുവേ നന്ദി. യേശുവേ സ്തുതി. യേശുവേ ആരാധന. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ