ദുരഭിമാനത്തിന്റെ അനന്തരഫലങ്ങൾ

"ഹേറോദേസ് തന്റെ ജന്മദിനത്തിൽ രാജസേവകന്മാർക്കും സഹസ്രാധിപന്മാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നൽകിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരവസരം വന്നു ചേർന്നു. അവളുടെ മകൾ വന്ന് നൃത്തം ചെയ്തു ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചു കൊള്ളുക. അതു ഞാൻ നിനക്കു തരും. അവൻ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തുതന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാൻ നിനക്കു തരും. അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്. അവൾ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഖിതനായി. എങ്കിലും തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവൻ കാരാഗൃഹത്തിൽചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽവച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏൽപ്പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാർ വന്ന് മൃതദേഹം കല്ലറയിൽ സംസ്കരിച്ചു." 
(മർക്കോസ് 6:21-29)

വിചിന്തനം 
സത്യത്തിന്റെയും നീതിയുടെയും പാതയിൽനിന്ന് വിട്ടകന്ന് സഞ്ചരിച്ചിരുന്ന വ്യക്തിയായിരുന്നു ഹേറോദേസ് എങ്കിലും നീതിമാനും വിശുദ്ധനുമായ സ്നാപകയോഹന്നാനെ കൊല്ലാൻ അയാൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഒട്ടേറെപ്പേർ ഒരു പ്രവാചകനായി ഗണിച്ചിരുന്ന സ്നാപകനെ കൊല്ലുന്നത്‌ തന്റെ അധികാരസീമയിൽ വിള്ളലുകൾ ഉണ്ടാക്കിയേക്കും എന്നയാൾ ഭയപ്പെട്ടിരുന്നു. മാത്രവുമല്ല, കേൾക്കാൻ സുഖകരമായ കാര്യങ്ങളല്ല യോഹന്നാൻ പറയുന്നതെങ്കിലും, ആ വാക്കുകൾ കാന്പുള്ളവയാണെന്ന യാഥാർത്ഥ്യത്തിൽനിന്നും മുഖം മറയ്ക്കാൻ അയാൾക്ക് കഴിയുകയുമില്ലായിരുന്നു. എന്നിട്ടും, ഹേറോദേസിനു സ്നാപകനെ കൊല്ലേണ്ടതായി വന്നു! ചെയ്യുന്ന കാര്യങ്ങളിലെ തെറ്റിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും, ശരിയായ വഴി എതെന്ന് നിശ്ചയമുണ്ടായിരുന്നിട്ടും, സ്വന്തം തെറ്റുകളെ തെറ്റായി അംഗീകരിക്കാൻ സാധിക്കാതെപോയ ഒരു ഭീരുവും ദുരഭിമാനിയും ആയിരുന്നു ഹേറോദേസ്.

സ്വന്തം വാക്കുകളുടെ വില തിരിച്ചറിയുന്നതിൽ ഹേറോദേസ് എത്രയധികം പരാജയപ്പെട്ടിരുന്നു എന്ന് ഇന്നത്തെ വചനഭാഗത്തിൽ വ്യക്തമാണ്. ഹേറോദിയായുടെ മകളുടെ നൃത്തത്തിൽ മതിമയങ്ങി എന്നതിനൊപ്പം തന്റെ അധികാരവും പ്രൌഡിയും മഹാമനസ്കതയും എല്ലാവരും മനസ്സിലാക്കണം എന്ന ദുരുദ്ദേശവും ഹേറോദേസ് ആ പെണ്‍കുട്ടിക്കു നൽകുന്ന വാഗ്ദാനത്തിൽ പ്രകടമാണ്. ആദ്യവാഗ്ദാനം കേട്ട ശ്രോതാക്കൾ നൽകിയ പുകഴ്തലുകളിൽനിന്നും ഉളവായ കോരിത്തരിപ്പാണ് ഒരു ശപഥത്തിന്റെ രൂപത്തിൽ ആ വാഗ്ദാനം വീണ്ടും ആവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. നമ്മുടെ ബലഹീനതകൾ മറ്റുള്ളവരുടെ മുന്പിൽ മറയ്ക്കാൻ ശ്രമിക്കുന്ന അവസരങ്ങളിലും, നമുക്കുള്ളതിനേക്കാൾ മേന്മ മറ്റുള്ളവരുടെ മുന്നിൽ കാണിച്ച് അവരുടെ കൈയടി നേടാൻ ശ്രമിക്കുന്പോഴും നമ്മൾ ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണ് വ്യക്തമായ ആലോചനകളില്ലാതെ വാഗ്ദാനങ്ങൾ നൽകുക എന്നത്. നമുക്ക് താങ്ങാവുന്നതിലും വലിയ സഹായങ്ങളും സംഭാവനകളും വാഗ്ദാനം ചെയ്യുകയും, പിന്നീട് അതേച്ചൊല്ലി ആകുലപ്പെടുകയും കുണ്ഠിതപ്പെടുകയും ചെയ്യുന്പോൾ നാമും ഹേറോദേസിനെ അനുകരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സഹോദരോടുള്ള സ്നേഹത്തെപ്രതി ചെയ്യാൻ ശ്രമിക്കുന്നതും, നമ്മുടെ പൊങ്ങച്ചത്തെ വളർത്തുന്നതിനും ദുർമോഹങ്ങളെ പ്രീണിപ്പിക്കുനതിനുമായി നമ്മുടെ കഴിവുകളിൽ ആശ്രയിച്ചുകൊണ്ട്‌ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട് എന്നതും ഈ അവസരത്തിൽ സ്മരണീയമാണ്.

മനസ്സിലെ പൊങ്ങച്ചംമൂലം വാക്കുകളെ നിയന്ത്രിക്കാനാവാതെ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രമല്ല നമ്മൾ ഹേറോദേസിനെ അനുകരിക്കാറുള്ളത്‌. നമുക്ക് പറ്റിയ തെറ്റിനെക്കുറിച്ച് മനസ്സാക്ഷി നമുക്ക് തിരിച്ചറിവ് നൽകുന്പോൾ, എളിമപ്പെട്ട് തെറ്റു തിരുത്തുന്നതിനു പകരം, മിഥ്യാഭിമാനത്തോടെ തെറ്റിൽതന്നെ ഉറച്ചുനിൽക്കുന്നവരും നമ്മുടെ ലോകത്ത് വിരളമല്ല. നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് നമ്മെ കുറ്റപ്പെടുത്തുന്ന മനസ്സാക്ഷി ദൈവത്തിനു നമ്മോടുള്ള കരുണയുടെ വലിയ ഒരു ഉദാഹരണമാണ്. എന്നാൽ, മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തലുകൾ നമ്മുടെ പാത നേരെയാക്കാനുള്ള ഒരു അവസരമായി കാണാതെ, തെറ്റായ വഴികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷങ്ങളെ കുറ്റബോധത്താൽ നിറച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു അസൗകര്യമായി നമ്മൾ പലപ്പോഴും കാണാറുണ്ട്‌. പാപകരമായ ജീവിതത്തിൽ തുടരാനാഗ്രഹിക്കുന്നവരെ അവരുടെ മനസ്സാക്ഷി എക്കാലവും കുറ്റപ്പെടുത്തണം എന്നില്ല. പരിശുദ്ധാത്മാവിലൂടെ മനസ്സാക്ഷി നൽകുന്ന പ്രേരണകൾ അതനുസരിക്കാൻ താല്പര്യമുള്ളവർക്കു മാത്രമുള്ളതാണ്. കുറേക്കാലം അതിനു ചെവികൊടുക്കാതിരുന്നാൽ, കനൽകെട്ട് ചാരംമൂടി നമ്മുടെ മനസ്സാക്ഷി നിർജ്ജീവമാകും. ദൈവഹിതപ്രകാരമുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ, ദൈവകല്പനകളെ അടിസ്ഥാനമാക്കി അവരുടെ മനസ്സാക്ഷിയെ രൂപപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.

ഭീരുത്വവും ദുരഭിമാനവും നിയന്ത്രിക്കാൻ കഴിയാതെപോയ ഹേറോദേസിന് നിരപരാധിയായ സ്നാപകയോഹന്നാന്റെ രക്തം ചിന്തുന്നതിൽ പങ്കാളിയാകേണ്ടിവന്നു. ദൈവം നല്കുന്ന കൃപകളും മനസ്സാക്ഷിയുടെ പ്രേരണകളും സ്വീകരിക്കാൻ വിസമ്മതിക്കുന്പോൾ നമ്മിലെ ഭീരുത്വവും ദുരഭിമാനവും നമ്മെക്കൊണ്ടും നമുക്കിഷ്ടമില്ലാത്തതും പാപത്തിൽ നമ്മെ തളച്ചിടുന്നതുമായ നിരവധി കാര്യങ്ങൾ ചെയ്യിക്കും. നമ്മുടെ പ്രവൃത്തിയിലെ തെറ്റുകൾ വെളിപ്പെട്ടു കിട്ടുന്ന അവസരങ്ങളിൽ, മറ്റുള്ളവരിൽനിന്നും ഉണ്ടായേക്കാവുന്ന അപമാനങ്ങളും ലോകത്തിന്റെ ദൃഷ്ടിയിൽ നഷ്ടപ്പെട്ടേക്കാവുന്ന വിശ്വാസ്യതയും കാര്യമാക്കാതെ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് തെറ്റ് തിരുത്തുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കാരുണ്യവാനായ ദൈവമേ, സ്വന്തം കീർത്തി ആഗ്രഹിച്ചുകൊണ്ട്‌ നല്കിയിട്ടുള്ള വാഗ്ദാനങ്ങളെയും ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളെയും പ്രതി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. കർത്താവേ, അങ്ങയുടെ വഴികൾക്കനുസൃതമായി എന്റെ മനസ്സാക്ഷിയെ രൂപപ്പെടുതണമേ. മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുവാനും അതനുസരിച്ച് ജീവിക്കുവാനുമായി പിടിവാശിയും ദുരഭിമാനവും വെറുത്തുപേക്ഷിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!