പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക

"ഫരിസേയരും ജറുസലേമിൽനിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു. പൂർവ്വികരുടെ പാരന്പര്യമനുസരിച്ച് ഫരിസേയരും യഹൂദരെ കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുന്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളണം തുടങ്ങി മറ്റു പല പാരന്പര്യങ്ങളും അവർ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരന്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നതെന്ത്? അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നു വളരെ ദൂരെയാണ്. വ്യർത്ഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരന്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു. അവൻ തുടർന്നു: നിങ്ങളുടെ പാരന്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൌശലപൂർവം ദൈവകല്പന അവഗണിക്കുന്നു. എന്തെന്നാൽ, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയൊ ദുഷിച്ചു പറയുന്നവൻ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരുവൻ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങൾക്ക് എന്നിൽനിന്നു ലഭിക്കേണ്ടത് കൊർബ്ബാൻ - അതായത് വഴിപാട് - ആണ് എന്നു പറഞ്ഞാൽ മതി എന്നു നിങ്ങൾ പറയുന്നു. പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. അങ്ങനെ, നിങ്ങൾക്കു ലഭിച്ച പാരന്പര്യംവഴി ദൈവവചനം നിങ്ങൾ നിരർത്ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു." (മർക്കോസ് 7:1-13)

വിചിന്തനം 
യേശുവിൽ കുറ്റമാരോപിക്കാൻ സദാ പഴുത് നോക്കിയിരുന്ന ഫരിസേയർ പലപ്പോഴും അത് കണ്ടെത്തിയിരുന്നത് യേശുവിന്റെ ശിഷ്യരിലാണ്. ശിഷ്യന്മാരെക്കുറിച്ചുള്ള പരാതികളുമായി മറ്റുള്ളവർ യേശുവിനെ സമീപിച്ച അവസരങ്ങളെ ചില പ്രബോധനങ്ങളുടെ അടിസ്ഥാനമാക്കി മാറ്റാൻ യേശു ശ്രമിക്കുന്നത് സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. ദൈവകല്പനകൾ അണുവിട തെറ്റാതെ പാലിക്കുന്നു എന്ന് ഭാവിക്കുകയും, എന്നാൽ, ആവശ്യമുള്ള അവസരങ്ങളിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അവയെ വളച്ചൊടിക്കുകയും ചെയ്യുന്ന യഹൂദപ്രമാണിത്വത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ് ഈശോ ഫരിസേയരുടെ പരാതിയെ ഈയവസരത്തിൽ ഉപയോഗിച്ചത്. മാതാപിതാക്കളെയും സമൂഹത്തിലെ മറ്റു പ്രായമായവരെയും അദരിക്കുകവഴി അവരുടെ അനുദിനജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ ഭൗതീകമായും ആത്മീയമായും അവരെ സഹായിക്കണം എന്ന അർത്ഥത്തിലാണ് മോശവഴി ദൈവം "നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" (പുറപ്പാട് 20:12) എന്ന കല്പന ഇസ്രായേലിനു നൽകിയത്. എന്നാൽ, ഈ കല്പനയിൽ അടങ്ങിയിരുന്ന സ്നേഹം ദർശിക്കാൻ കഴിയാതെ പോയവർക്ക് അതൊരു സാന്പത്തിക ബാധ്യതയായി മാത്രമേ കാണാൻ കഴിഞ്ഞുള്ളു. പ്രായമായവർക്കുവേണ്ടി, അതു സ്വന്തം മാതാപിതാക്കൾ ആണെങ്കിൽ കൂടിയും, പണം ചിലവഴിക്കാൻ മടിച്ച യഹൂദർ അതിനായി കണ്ടെത്തിയ പോംവഴി ദൈവകല്പനയെ വളച്ചൊടിക്കുക എന്നതായിരുന്നു.

തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം മാതാപിതാക്കളുടെ പരിചരണത്തിനായി  നീക്കിവയ്ക്കുകയും, പിന്നീട് അത് ദേവാലയത്തിന് സംഭാവനയായി നല്കുകയും ചെയ്യുക എന്ന കൌശലമാണ് ഫരിസേയർ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പണം ചിലവഴിക്കാതിരിക്കാൻ കണ്ടെത്തിയ എളുപ്പവഴി. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ പ്രവൃത്തിവഴി അവർ ചെയ്തിരുന്നത്. ആദ്യമായി, ദേവാലയത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വസ്തുവായതിനാൽ പിന്നീട് അതുപയോഗിച്ച് മാതാപിതാക്കളെ സംരക്ഷിക്കേണ്ട ആവശ്യമില്ലായിരുന്നു. രണ്ടാമതായി, വലിയൊരു സാന്പത്തിക വാഗ്ദാനം ദേവാലയത്തിനു നൽകുന്നത് അവരുടെ പ്രശസ്തി വർദ്ധിക്കാൻ സഹായിച്ചിരുന്നു. മൂന്നാമതായി, വാഗ്ദാനം ചെയ്യപ്പെടുന്ന വസ്തുവിലെ വരുമാനം വാഗ്ദാനം ചെയ്യുന്ന ആളുടെ സ്വന്തം ആവശ്യത്തിനുപയോഗിക്കാമെന്ന പഴുത് നിയമത്തിൽ കൊണ്ടുവരികവഴി, വസ്തു ദേവാലയത്തിന്റേതായിരുന്നുവെങ്കിലും അതിൽനിന്നു ലഭിക്കുന്ന വരുമാനം അവർക്ക് തന്നെ ലഭിച്ചിരുന്നു. മാതാപിതാക്കളെയും പ്രായമായവരെയും സംരക്ഷിക്കാതെയും വരുമാനത്തിനു യാതൊരു കുറവും വരുത്താതെയും ഉദാരമനസ്കനെന്നും ദൈവകല്പനകൽ പാലിക്കുന്നവനെന്നും പേരെടുക്കാൻ യഹൂദരെ സഹായിച്ചിരുന്ന കാപട്യമായിരുന്നു ഇത്തരത്തിലുള്ള അവരുടെ വഴിപാടുകൾ.

ഒരു മനുഷ്യന്റെ ഭൂമിയിലെ ജീവിതം അതിന്റെ പൂർണ്ണതയിൽ എത്തുന്നതിന് ആ വ്യക്തി വളരെയേറെക്കാലം ഭൂമിയിൽ ജീവിച്ചിരിക്കണം എന്നു നിർബന്ധമില്ല. അതുപോലെതന്നെ, പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ സാധിക്കാത്തവിധം വാർദ്ധക്യത്തിന്റെ അരിഷ്ടതകളിൽക്കൂടി കടന്നുപോകുന്ന മനുഷ്യരും ദൈവീകപദ്ധതിയുടെ ഒരു ഭാഗം തന്നെയാണ്. എന്നാൽ, സ്വന്തം സുഖങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന മനുഷ്യൻ വാർദ്ധക്യത്തെ എക്കാലവും ഒരു അസൌകര്യമായാണ് കണ്ടതെന്ന് ഇന്നത്തെ വചനഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. പ്രായമായ മാതാപിതാക്കളെയും അന്യസഹായം കൂടാതെ അനുദിന ജീവിതം അസാധ്യമായ മറ്റുള്ളവരെയും കുപ്പത്തൊട്ടിയിലും ബസ് സ്റ്റാന്റിലും മുതൽ ശീതീകരിച്ച മുറികളുള്ള വൃദ്ധസദനങ്ങളിൽവരെ കൊണ്ടെത്തിച്ചിട്ട് കടമ തീർന്നു എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് പുറംതിരിഞ്ഞു നടക്കുന്ന തലമുറ ഇന്നിന്റെ മാത്രം പ്രത്യേകതയല്ല. പക്ഷേ, ദൈവകല്പനകൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്  ഒരു കാരണവശാലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് നമ്മുടെ മാതാപിതാക്കളെയും നമ്മുടെ സഹായം ആവശ്യമുള്ള മറ്റു പ്രായമായവരെയും ബഹുമാനിക്കുകയും, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും ചെയ്യുക എന്നത്. ഒരുപക്ഷേ, എല്ലാവർക്കും അവരുടെ പ്രായമായ മാതാപിതാക്കളെ കൂടെ താമസിപ്പിച്ച് അവരെ ശുശ്രൂഷിക്കാൻ കഴിഞ്ഞെന്നു വരികയില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ, ഒരു വ്യക്തി എന്ന നിലയിലുള്ള അവരുടെ അന്തസ്സിനു കോട്ടംവരാത്ത തരത്തിലുള്ള പരിചരണം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.

നമ്മെയെല്ലാം സൃഷ്ടിക്കുകയും  പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിലാണ് മാതാപിതൃത്വം അതിന്റെ പൂർണ്ണതയിൽ കാണാൻ നമുക്ക് സാധിക്കുന്നത്. ദൈവീകപദ്ധതിയുടെ വലിയൊരു ഭാഗമായ സൃഷ്ടിയും പരിപാലനയും ഭൂമിയിൽ നാം അനുഭവിച്ചറിയുന്നത് നമ്മുടെ മാതാപിതാക്കന്മാരിലൂടെയാണ്. അതിനാൽ, നമ്മുടെ മാതാപിതാക്കന്മാരിൽ പിതാവായ ദൈവത്തിന്റെ പ്രതിഫലനം ദർശിക്കാൻ നമുക്കാവണം. അവരെ സ്നേഹിക്കുന്പോഴും ആദരിക്കുന്പോഴും അനുസരിക്കുന്പോഴും ദൈവത്തെയാണ് സ്നേഹിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് എന്ന് നമ്മൾ ഓർക്കണം. ജീവിച്ചിരിക്കുന്പോൾ അവർക്ക് നല്കുന്ന ശ്രദ്ധ മരണശേഷം അവരുടെ ആത്മാക്കൾക്കും നമ്മൾ നൽകേണ്ടതായിട്ടുണ്ട്. വിശ്വാസം ആവശ്യപ്പെടുന്ന വിധത്തിലുള്ള ശവസംസ്കാരവും മരണാനന്തരക്രിയകളും നടത്തുകയും, അവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ദാനധർമ്മങ്ങൾ നൽകിയും വിശുദ്ധ കുർബാന അർപ്പിച്ചും, അവരുടെ അന്ത്യാഭിലാഷങ്ങൾ നിറവേറ്റിയും, മരണപത്രത്തിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചുമെല്ലാം അവരുടെ മരണശേഷവും അവരെ ആദരിക്കാൻ നമുക്കാവും. ഈ അവസരത്തിൽ നമ്മുടെ മാതാപിതാക്കളോടുള്ള നമ്മുടെ സമീപനം ദൈവഹിതപ്രകാരം ഉള്ളതാണോയെന്ന് ചിന്തിക്കുകയും, പിഴവുകൾ സംഭവിച്ചിട്ടുള്ള മേഖലകളെ തിരുത്തുന്നതിനായി ദൈവത്തിന്റെ സഹായം അപേക്ഷിക്കുകയും ചെയ്യാം.

എന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ ദൈവമേ, അങ്ങയുടെ സ്നേഹം ഭൂമിയിൽ അനുഭവിച്ചറിയുന്നതിനായി അങ്ങെനിക്കു നൽകിയ മാതാപിതാക്കളെ പ്രതി ഞാനങ്ങയോടു നന്ദി പറയുന്നു. അവരെ സ്നേഹിക്കുവാനും ആദരിക്കുവാനും അവർക്കാവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കാനും കഴിയാതെപോയ അവസരങ്ങളെ ഓർത്ത് മാപ്പപേക്ഷിക്കുന്നു. കടമയുടെയും ബാധ്യതയുടെയും മതിൽകെട്ടുകളില്ലാതെ അവരെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. എന്റെ കുടുംബവൃക്ഷത്തിൽനിന്നും വേർപിരിഞ്ഞുപോയ എല്ലാ പൂർവീകരുടെ ആത്മാക്കളെയും ഈ അവസരത്തിൽ അങ്ങയുടെ സ്നേഹഹൃദയത്തിലേക്ക് സമർപ്പിക്കുകയും, അവരിൽ ഇനിയും അങ്ങയുടെ തിരുമുഖം ദർശിക്കാത്തവർ ഉണ്ടെങ്കിൽ അവരോടു കരുണ തോന്നണമേയെന്നു യാചിക്കുകയും ചെയ്യുന്നു. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്