ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക

"യേശു വീണ്ടും വഞ്ചിയിൽ മറുകരെയെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവൻ കടൽത്തീരത്തു നിൽക്കുകയായിരുന്നു. അപ്പോൾ, സിനഗോഗധികാരികളിൽ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവൻ യേശുവിനെക്കണ്ട് കാൽക്കൽവീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകൾ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേൽ കൈകൾ വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ! യേശു അവന്റെകൂടെ പോയി....യേശു സംസാരിച്ചുകൊണ്ടിരിക്കേ, സിനഗോഗധികാരിയുടെ വീട്ടിൽനിന്ന് ചിലർ വന്നു പറഞ്ഞു: നിന്റെ മകൾ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതു കേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരൻ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാൻ അവൻ അനുവദിച്ചില്ല. അവർ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകൾ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തിൽ കരയുന്നതും അലമുറയിടുന്നതും അവൻ കണ്ടു. അകത്തു പ്രവേശിച്ച് അവൻ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങൾ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. അവർ അവനെ പരിഹസിച്ചു. അവനാകട്ടെ അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെകൂടെ ഉണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവൻ ചെന്നു. അവൻ അവളുടെ കൈക്കു പിടിച്ചുകൊണ്ട്, ബാലികേ, എഴുന്നെല്ക്കൂ എന്നർത്ഥമുള്ള തലീത്താകും എന്നു പറഞ്ഞു. തൽക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ടുവയസ്സു പ്രായമുണ്ടായിരുന്നു. അവർ അത്യന്തം വിസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു അവർക്കു കർശനമായ ആജ്ഞ നൽകി. അവൾക്ക് ഭക്ഷണം കൊടുക്കാൻ അവൻ നിർദ്ദേശിച്ചു." (മർക്കോസ് 5:21-24, 35-43)

വിചിന്തനം 
ഈശോ മരിച്ചവരെ ഉയിർപ്പിക്കുന്ന മൂന്നു സംഭവങ്ങൾ സുവിശേഷത്തിൽ നമ്മൾ കാണുന്നുണ്ട്. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിൽ ആയിരുന്നു ഈ മൂന്നത്ഭുതങ്ങളും നടന്നത്. മരിച്ചതിന്റെ നാലാംദിവസം കല്ലറയിൽനിന്നാണ് ലാസറിനെ ഉയിർപ്പിച്ചതെങ്കിൽ, മരണത്തിനു പിറ്റേന്ന് സംസ്കരിക്കാനായി കൊണ്ടുപോകുന്ന വഴിയിലാണ് ഈശോ നായിനിലെ വിധവയുടെ ഏകമകനെ ഉയിർപ്പിച്ചത്. ലാസറിലൂടെ ദൈവത്തിന്റെ അപരിമിതമായ ശക്തി വെളിപ്പെട്ടപ്പോൾ, വിധവയുടെ മകനിൽ ദൈവത്തിനു മനുഷ്യരോടുള്ള അനുകന്പയാണ് തെളിഞ്ഞു നിന്നത്. മരിച്ചിട്ട് മണിക്കൂറുകൾപോലുമാകാത്ത ബാലികയുടെ ജീവൻ തിരിച്ചുനൽകുന്ന യേശുവിൽ നമുക്ക് വ്യക്തമായി കാണാൻ കഴിയുന്ന വികാരം സ്നേഹത്തിന്റെതാണ്. കാരണം, ഈ അത്ഭുതത്തിലൂടെ ദൈവത്തിന്റെ ശക്തിയോ കരുണയോ ഒന്നും ലോകത്തിനു വെളിപ്പെടുത്താൻ ഈശോ ആഗ്രഹിക്കുന്നില്ല. തന്റെ എല്ലാ പ്രവൃത്തികളിലൂടെയും ശിഷ്യന്മാർക്ക് പുതിയ തിരിച്ചറിവുകൾ നൽകുകയും ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തിരുന്ന ഈശോ, ഈ അത്ഭുതത്തിനു സാക്ഷികളാകാൻ തന്റെ ഉറ്റ സുഹൃത്തുക്കളെയും ബാലികയുടെ മാതാപിതാക്കളെയും മാത്രമേ അനുവദിക്കുന്നുള്ളൂ. ഈയൊരു സംഭവംമൂലം ആ മകളെ ആരും ഒരു അത്ഭുതജീവിയെപ്പോലെ വീക്ഷിക്കാതിരിക്കുന്നതിനും, ആ കുഞ്ഞിന്റെ സ്വകാര്യ ജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിക്കാതിരിക്കുന്നതിനും വേണ്ടി, "കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്" എന്നു പറഞ്ഞുകൊണ്ട് ഒരു പരിഹാസപാത്രമാകുവാൻപോലും ഈശോ മടിക്കുന്നില്ല. നമ്മുടെ മനസ്സിന്റെ മൃദുലമായ വികാരങ്ങൾ അറിയുകയും മാനിക്കുകയും ചെയ്യുന്നവനാണ് ദൈവം. ആ സ്നേഹത്തിന്റെ വ്യാപ്തി നമ്മുടെ എല്ലാ കണക്കുകൂട്ടലുകൾക്കും സങ്കല്പങ്ങൾക്കും അതീതവുമാണ്.

ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ആകുലതകളുടെയും അടിസ്ഥാനം. ആകുലതകളാകട്ടെ നമ്മിൽ കുടികൊള്ളുന്ന ഭയത്തിന്റെ പ്രകടമായ ഭാവങ്ങളിൽ ഒന്നാണ്.  നമ്മെക്കുറിച്ചും നമുക്കുള്ളവരെക്കുറിച്ചും നമുക്കുള്ളവയെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും ലഭ്യതയെക്കുറിച്ചും നമ്മിലുള്ള അരക്ഷിതാവസ്ഥയാണ് ഭയം. ഈ ഭയമാണ് നമ്മെ കള്ളം പറയുന്നതിനും ഒളിച്ചുവയ്ക്കുന്നതിനും സ്വാർത്ഥരാകുന്നതിനും പിടിച്ചെടുക്കുന്നതിനും നിരാശരാകുന്നതിനും അവഗണിക്കുന്നതിനും എല്ലാം പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, സുവിശേഷത്തിൽ ഈശോ ആവർത്തിച്ചുപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് "ഭയപ്പെടേണ്ട" എന്നത്. ഭയപ്പെടേണ്ട എന്ന് ഈശോ പറയുന്പോൾ അതിനർത്ഥം നമ്മിലെ സന്തോഷത്തേയും സമാധാനത്തെയും ഹനിക്കുകയും, നമ്മെ അപകടപ്പെടുത്തുന്നവയുമായ യാതൊന്നും ഈ ലോകത്തിൽ ഇല്ല എന്നല്ല; തീർച്ചയായും നമ്മെ അപായപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി ശക്തികളും സാഹചര്യങ്ങളും ഈ ലോകത്തിൽ സദാ സന്നിഹിതമാണ്. എന്നാൽ, ഈശോ പറയുന്നത് അവയെ ഭയപ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ്. നമുക്ക് അവയോടുള്ള ഭയം നമ്മെ ആക്രമിക്കുന്നതിൽനിന്നും അവയെ തടയുന്നില്ല. എല്ലാ വിപത്തുകളിൽനിന്നും നമ്മെ കാത്തുപരിപാലിക്കുന്നത് സർവശക്തനായ ദൈവം ഒരാൾ മാത്രമാണ്. ഈശോ നമ്മോടു ആവശ്യപ്പെടുന്നത്, പരാജയങ്ങളും കഷ്ടതകളും ഉണ്ടാകുന്പോൾ ഭയംകൊണ്ട് മനസ്സിനെ നിറയ്ക്കാതെ, വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കാനാണ്.

ഇന്നത്തെ വചനഭാഗത്തിൽ, ജായ്റോസിന്റെ ഭയത്തിന്റെ ആഴം അറിയണമെങ്കിൽ അയാൾ ചെയ്ത പ്രവൃത്തിയുടെ വില നമ്മൾ മനസ്സിലാക്കണം. യഹൂദരുടെ ഇടയിൽ ഒരു സിനഗോഗ് അധികാരിയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. സാധാരണ ജനങ്ങൾക്കിടയിൽ പ്രിയപ്പെട്ടവനെങ്കിലും യഹൂദപ്രമാണികൾ ഈശോയെ വെറുപ്പോടും അവജ്ഞയോടുമാണ് വീക്ഷിച്ചിരുന്നത്‌. അങ്ങിനെയൊരു സാഹചര്യത്തിൽ, യേശുവിന്റെ കാൽക്കൽവീണ് സഹായം ആവശ്യപ്പെട്ട ജായ്റോസ് വളരെ സാഹസികമായ ഒരു പ്രവൃത്തിയാണ്‌ ചെയ്തത് - സമുദായത്തിലെ തന്റെ നിലയെക്കാളും തന്റെ മകളുടെ ജീവനു അയാൾ വിലകല്പിച്ചു. തന്റെ സന്പത്തിനോ സ്ഥാനമാനങ്ങൾക്കോ തന്റെ മകളെ സുഖപ്പെടുത്താനാവില്ലെന്നു തിരിച്ചറിഞ്ഞ അയാൾ യേശുവിന്റെ സമീപിച്ചതുവഴി യഹൂദപ്രമാണികളുടെയിടയിൽ അനഭിമതനായിതീർന്നിരിക്കണം. അതുകൊണ്ടുതന്നെ, മകളുടെ മരണം എല്ലാ അർത്ഥത്തിലും അയാളെ തളർത്തിക്കാണണം. മകൾ മരിച്ചു, ഒപ്പം സമൂഹത്തിലെ സ്വാധീനവും നഷ്ടപ്പെട്ടു. ജായ്റോസിന്റെ തികച്ചും സങ്കീർണ്ണമായ മാനസീകാവസ്ഥ മനസ്സിലാക്കിയാണ് യേശു അയാളോട് "ഭയപ്പെടേണ്ടാ" എന്നു പറയുന്നത്. സാധാരണ രീതിയനുസരിച്ച്, മകളുടെ മരണവാർത്തകേട്ട് വിഷണ്ണനായ പിതാവിനോട് "ഭയപ്പെടേണ്ടാ" എന്നല്ല "സങ്കടപ്പെടേണ്ടാ" എന്നായിരുന്നുവല്ലോ പറയേണ്ടിയിരുന്നത്.

ഭയവും അതിന്റെ ഫലമായുള്ള ആകുലതകളുമെല്ലാം മനുഷ്യജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. സർവശക്തനായ ദൈവത്തോടൊപ്പം ആയിരിക്കുന്ന അവസരങ്ങളിൽപോലും നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ നമ്മെ വേദനിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇതറിയുന്ന ദൈവം ഇന്നും നമ്മോട് ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്, "ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക". ഭയം ഒന്നിനും ഒരു പരിഹാരമല്ല; എന്നാൽ, ദൈവത്തിലുള്ള വിശ്വാസം നമ്മുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരവും പരിഹാരവുമാണ്. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല" (ഹെബ്രായർ 11:6). പരീക്ഷകളും തകർച്ചകളും ഉണ്ടാകുന്പോൾ നമ്മൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുന്നുവോ, അതോ ദൈവത്തിൽനിന്നും അകന്നുപോകുന്നുവോ എന്നു തീരുമാനിക്കുന്നത് നമ്മിലെ വിശ്വാസത്തിന്റെ ആഴമാണ്. വിശ്വാസത്തിൽ വളർച്ച പ്രാപിച്ച്, നമ്മുടെ എല്ലാ ജീവിതാവസ്ഥകളിലും ദൈവത്തിന്റെ സ്നേഹം അനുഭവിച്ചറിയുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, ആഴിയേക്കാൾ അഗാധവും ആകാശത്തേക്കാൾ വിശാലവുമായ അവിടുത്തെ സ്നേഹം എന്റെ വേദനകളിൽ എനിക്ക് ആശ്വാസദായകമായി മാറുന്നതിനായി എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. രക്ഷാകരമായ അവിടുത്തെ സ്നേഹത്താൽ എന്നെ സ്പർശിക്കണമേ, എന്റെ മുറിവുകളുണക്കി എന്നെ സുഖപ്പെടുത്തണമേ, എന്റെ ആത്മാവിനു പുതുജീവനേകി, അങ്ങയെ മഹത്വപ്പെടുത്തുന്ന ഒരു പുതിയ സൃഷ്ടിയാക്കി എന്നെ മാറ്റേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!