അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു
"അവൻ ടയിർപ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോൻ കടന്ന്, ദെക്കാപ്പൊളീസ് പ്രദേശത്തുകൂടെ ഗലീലിക്കടൽത്തീരത്തേക്കുപോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവന്റെമേൽ കൈകൾ വയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി, അവന്റെ ചെവികളിൽ വിരലുകളിട്ടു. തുപ്പലുകൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു. സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോട് പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നർത്ഥം. ഉടനെ അവന്റെ ചെവികൾ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ, എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു. അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്ക് സംസാരശക്തിയും നൽകുന്നു." (മർക്കോസ് 7:31-37)
വിചിന്തനം
യേശുവിന്റെ പ്രവൃത്തികൾ കാണുന്നവരിലും അവിടുത്തെ വചനം ശ്രവിക്കുന്നവരിലും ഉണ്ടാകുന്ന പ്രതികരണം എന്താണെന്ന് സുവിശേഷത്തിൽ പലയിടങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. ചുരുക്കംചിലർ കുറ്റം വിധിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചിരുന്നുവെങ്കിലും, ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങൾ അവിടുത്തെ സംസാരത്തിലും പ്രവൃത്തിയിലും വിസ്മയിക്കുകയും, മഹത്തായ കാര്യങ്ങൾ അവരുടെ ഇടയിൽ ചെയ്യുന്ന ദൈവത്തിൽ ആവേശം കൊള്ളുകയും ചെയ്തിരുന്നു. അവർ യേശുവിനു നൽകിയിരുന്ന പ്രശംസകളുടെ ഒരു സംക്ഷിപ്തരൂപം ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്നുണ്ട്. ബധിരനും ഊമനുമായ ഒരു മനുഷ്യനെ സുഖപ്പെടുത്തിയ ഈശോയെക്കുറിച്ച് അവിടെ ഉണ്ടായിരുന്നവർ പറയുന്നത്, "അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു" എന്നാണ്.
വലിയ അത്ഭുതങ്ങൾ മാത്രമല്ല യേശു മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ കാര്യങ്ങളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി നന്നായി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി, അധികമാരും ശ്രദ്ധിക്കാത്ത നസറത്ത് എന്ന ഒരു കൊച്ചുപട്ടണത്തിലാണ് ഈശോ ഈ ഭൂമിയിലെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അത്ഭുതങ്ങൾ ചെയ്ത് നാടെങ്ങും ചുറ്റിസഞ്ചരിക്കുന്ന ഈശോയെ മാത്രമല്ല ഗലീലിത്തീരത്തുള്ള ജനങ്ങൾ അറിഞ്ഞിരുന്നത്. യൌസേപ്പിതാവിനെയും മാതാവിനെയും സഹായിക്കുകയും, മരംകൊണ്ട് ഉരുപ്പടികൾ ഉണ്ടാക്കുകയും, അവരുടെ വീടുകളിലും പണിയായുധങ്ങളിലുമെല്ലാം ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്തിരുന്ന ഈശോയും അവർക്ക് അന്യനല്ലായിരുന്നു. എല്ലാക്കാര്യങ്ങളും ഈശോ നല്ലതുപോലെ ചെയ്യുന്നുവെന്ന ജനങ്ങളുടെ പ്രതികരണം തീർച്ചയായും ഈശോയുടെ അതുവരെയുള്ള എല്ലാ ജീവിതഘട്ടങ്ങളെക്കുറിച്ചും അവർക്കുള്ള അഭിപ്രായമായിരിക്കണം. എല്ലാ രീതിയിലും ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ എല്ലാ പ്രവൃത്തികളും നമ്മുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി ചെയ്യുന്നതിൽ നാം ഉത്സുകരാണോ?
ശാരീരികവും മാനസികവുമായ അപര്യാപ്തതകൾ ഇല്ലാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം ജോലി അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്ക്കും പരിപാലനത്തിനും കഠിനാധ്വാനം ചെയ്യുന്നവർ മുതൽ മറ്റുള്ളവരുടെ സേവനത്തിനായി ജീവിതം സമർപ്പിച്ചവർ വരെ എല്ലാവരും ജോലി ചെയ്യുന്നവരാണ്. ലക്ഷക്കണക്കിനുപേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന ബഹുരാഷ്ട്ര സംരംഭത്തിന്റെ പ്രാധാന ഉദ്യോഗസ്ഥൻ മുതൽ പകലന്തിയോളം ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങളിൽ വ്യാപൃതയായിരിക്കുന്ന വീട്ടമ്മവരെയുള്ള എല്ലാവരും ചെയ്യുന്ന പ്രവൃത്തിയുടെ പേര് ജോലി എന്നുതന്നെയാണ്. എന്നാൽ, പ്രതിഫലത്തിന്റെയും സാമൂഹിക പ്രസക്തിയുടെയും ചെയ്യുന്നതിനാവശ്യമായ യോഗ്യതകളുടെയും മറ്റും അടിസ്ഥാനത്തിൽ നമ്മുടെ ലോകം ജോലികളെ വലുതും ചെറുതുമായി തരംതിരിക്കുന്നുണ്ട്. ഈ തരംതിരിവുമൂലം പലപ്പോഴും ചില ജോലികളെ പ്രാധാന്യമർഹിക്കുന്നതായും മറ്റു ചിലതിനെ അപ്രധാനമായും നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. അത്തരത്തിലുള്ള നമ്മുടെ ചിന്താഗതിയിലെ തെറ്റ് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് നസ്രത്തിലെ പണിശാലയിൽ അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി കഠിനാദ്ധ്വാനം ചെയ്തിരുന്ന ഈശോയാണ്.
അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ജോലികൾ, അവയെ ലോകം ഏതുവിധത്തിൽ വീക്ഷിച്ചാലും, ദൈവത്തിന്റെ മുൻപിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണെന്നു നമ്മൾ മനസ്സിലാക്കണം. ദൈവം നമുക്ക് ദാനമായിത്തന്ന ഓരോ ദിവസത്തെയും നമ്മുടെ പ്രവൃത്തികൾ, ആ ദിവസത്തിന്റെ അന്ത്യത്തിൽ ദൈവത്തിനു ഒരു സ്നേഹബലിയായി അർപ്പിക്കാൻ നമുക്കാവണം. അതിനു മുന്നോടിയായി, ആ ദിവസത്തിലെ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യാൻ നമുക്കാവണം. നാം ഏറ്റെടുത്തിരിക്കുന്ന ജോലി നമ്മുടെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തി ആത്മാർത്ഥതയോടും സത്യസന്ധമായും സമയനിഷ്ടമായി ചെയ്യുന്പോഴാണ് അത് നന്നായിച്ചെയ്യുന്ന ജോലിയായി മാറുന്നത്. വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രവൃത്തികളിലൂടെ തന്റെ ജോലിയെ ദൈവത്തിനുമുന്പിൽ സമർപ്പിക്കുന്ന ഏതൊരു വ്യക്തിയും, തന്റെ കരങ്ങൾകൊണ്ട് നസ്രത്തിൽ കഠിനാധ്വാനം ചെയ്ത യേശുക്രിസ്തുവിനോടൊപ്പം അവിടുത്തെ രക്ഷാകരപ്രവൃത്തിയിൽ ഭാഗഭാക്കാവുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പഠിപ്പിക്കുന്നുണ്ട്.
ജോലിയോടുള്ള നമ്മുടെ മനോഭാവം നമ്മെ സ്നേഹിക്കുന്ന ദൈവത്തോടുള്ള നമ്മുടെ പ്രതികരണത്തിന്റെ മറ്റൊരു വശം തന്നെയാണ്. ദൈവം നമുക്ക് നല്കിയിരിക്കുന്ന കഴിവുകൾ നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി നല്ല രീതിയിൽ ഉപയോഗിക്കുന്പോൾ അതിലൂടെ മഹത്വപ്പെടുന്നത് ദൈവമാണ്. ലോകം നിസ്സാരമെന്നും പരിഗണന അർഹിക്കാത്തതും എന്ന് എഴുതിത്തള്ളുന്ന ജോലികൾപ്പോലും ദൈവസന്നിധിയിൽ വിലയേറിയതാണ്. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും ലഭിക്കുന്നില്ല എന്ന കാരണത്താൽ നമ്മുടെ ജോലികളിൽ ഉപേക്ഷ വിചാരിക്കാതിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ലോകം സ്വീകരിച്ചാലും തിരസ്കരിച്ചാലും, നമ്മുടെ പ്രവൃത്തികൾ ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നതിനായി, എല്ലാക്കാര്യങ്ങളും നന്നായിചെയ്യുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
അന്നന്നത്തെ അപ്പത്തിനായി കഠിനാധ്വാനം ചെയ്ത്, എല്ലാ തൊഴിൽമേഖലകളെയും വിശുദ്ധീകരിച്ച കാരുണ്യവാനായ ഈശോയെ, എന്റെയും അങ്ങെന്നെ ഭരമേൽപ്പിച്ചവരുടെയും ഉപജീവനത്തിനായി ജോലിസാധ്യതകൾ തുറന്നുതരുകയും, അതു ചെയ്യുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരുകയും ചെയ്യുന്നതിനെപ്രതി ഞാൻ അങ്ങയോടു നന്ദി പറയുന്നു. ജോലി ഇല്ലാതെ വലയുന്ന എല്ലാ സഹോദരങ്ങളെയും അവിടുത്തെ കരുണക്കായി സമർപ്പിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ ഏറ്റെടുത്തിരിക്കുന്ന ജോലികൾ വിശ്വസ്ഥതയോടെ ചെയ്ത് അങ്ങയെ മഹത്വപ്പെടുത്താൻ, എന്നിലെ അലസതയും ഉദാസീനതയും എടുത്തുമാറ്റി, ഉത്സാഹവും തീഷ്ണതയും തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ